Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റുഡന്റ് വിസ എടുത്ത് 97 ൽ ജേക്കബ് ലണ്ടനിൽ എത്തിയത് എം ബി എ പഠിച്ചു മടങ്ങാൻ; ടോണി ബ്ലെയർ തുറന്നിട്ട അവസരത്തിന്റെ ആകാശത്തേക്ക് എടുത്തുചാടിയപ്പോൾ പൊടുന്നനെ ശത കോടീശ്വരനായി; ബ്രിട്ടീഷ് രാജ്ഞി ഒടുവില പത്മശ്രീക്ക് തുല്യമായ പുരസ്‌കാരം നൽകിയപ്പോൾ ആദരിക്കപ്പെട്ടത് മലയാളികളുടെ ഇച്ഛാശക്തി തന്നെ; ജേക്കബ് തുണ്ടിയിലിനെ അറിയാം

സ്റ്റുഡന്റ് വിസ എടുത്ത് 97 ൽ ജേക്കബ് ലണ്ടനിൽ എത്തിയത് എം ബി എ പഠിച്ചു മടങ്ങാൻ; ടോണി ബ്ലെയർ തുറന്നിട്ട അവസരത്തിന്റെ ആകാശത്തേക്ക് എടുത്തുചാടിയപ്പോൾ പൊടുന്നനെ ശത കോടീശ്വരനായി; ബ്രിട്ടീഷ് രാജ്ഞി ഒടുവില പത്മശ്രീക്ക് തുല്യമായ പുരസ്‌കാരം നൽകിയപ്പോൾ ആദരിക്കപ്പെട്ടത് മലയാളികളുടെ ഇച്ഛാശക്തി തന്നെ; ജേക്കബ് തുണ്ടിയിലിനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 1997 മേയിൽ ടോണി ബ്ലെയർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ കേരളത്തിൽ ആരും അതിനെ ഗൗരവമായി എടുത്തില്ല. എന്നാൽ ഇന്ത്യാക്കാർ അടക്കമുള്ള വിദേശികൾക്ക് മുൻപിൽ ബ്രിട്ടന്റെ വാതിൽ തുറന്നിട്ട ടോണിയുടെ തീരുമാനം ഉപയോഗിക്കാൻ മിടുക്ക് കാട്ടിയവരൊക്കെ ഇപ്പോൾ ജീവിതത്തിൽ കരകയറി. അവരിൽ ചില ശതകോടീശ്വരന്മാരായി മാറി. നഴ്സുമാർക്കായി എൻ എച്ച് എസ് ആശുപത്രികളും വിദ്യാർത്ഥികൾക്കായി യു കെ യൂണിവേഴ്സിറ്റികളും തുറന്നിട്ടപ്പോൾ വേണ്ടപോലെ ഉപയോഗിച്ചവരാണ് രക്ഷപ്പെട്ടത്.

നഴ്സുമാർ ജോലിക്കായി യു കെയിലേക്ക് പറന്നതുപോലെ തന്നെ അനേകം മലയാളി വിദ്യാർത്ഥികൾ പഠിക്കാനും പോയി. പഠനത്തിനൊപ്പം ജോലി ചെയ്തവരും ഏറെ ആയിരുന്നു. അവരിൽ ചിലർ റിക്രൂട്ട്മെന്റിലേക്കും മറ്റു ചില വിദ്യാഭ്യാസ ബിസിനസ്സിലേക്കുമൊക്കെ എടുത്തുചാടി വിജയിച്ചു. പിന്നീട് പടിപടിയായി നിന്ത്രണങ്ങൾ വൗന്നതിന് മുൻപ് ജീവിതം കരുപ്പിടിപ്പിച്ചവർ ഏറെയാണ്. അക്കൂട്ടത്തിൽ തികച്ചും വ്യത്യസ്തമായ വഴിയിലൂടെ യാത്ര ചെയ്തു വിജയം എത്തിപ്പിടിച്ച മിടുക്കനായിരുന്നു ജേക്കബ് തുണ്ടിയിൽ എന്ന ബിസിനസ്സ് ടൈക്കൂൺ.

കൊല്ലത്തായിരുന്നു ജേക്കബിന്റെ ജനനം. തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളിലെ പഠനം പൂർത്തിയാക്കി കൊല്ലം ടി കെ എം എഞ്ചിനീയറിങ് കോളേജിൽ നിന്നും എഞ്ചിനീയറിങ് ബിരുദവുമെടുത്താണ് ഇന്റർനാഷണൽ ഫിനാൻസിൽ എം ബി എ ചെയ്യുവാനായി ജേക്കബ് യു കെയിൽ എത്തുന്നത്. ജേക്കബ്ബിന്റെ ജീവിതത്തിലെ വഴിത്തിരിവും അതായിരുന്നു.

1997-ലാണ് എം ബി എ പഠനത്തിനായി ജേക്കബ് യു കെയിൽ എത്തുന്നത്. പഠനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് തന്നെ മടങ്ങണമെന്ന ഉദ്ദേശമായിരുന്നു ജേക്കബ്ബിന്. കൊല്ലത്ത് കശുവണ്ടി ഉദ്പന്നങ്ങളുടെ വ്യാപാരമായിരുന്നു ജേക്കബ്ബിന്റെ പിതാവ് ജോൺ മാത്യൂവിന്. ജേക്കബ്ബിന് 17 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. പിന്നീട് പിതാവിന്റെ വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടു പോയിരുന്നത് ജേക്കബ്ബും മാതാവും ഒന്നിച്ചായിരുന്നു. ബിസിനസ്സുമായുള്ള ഈ അത്മബന്ധം തന്നെയാണ് എഞ്ചിനീയറിങ് ബിരുദധാരിയെ ഫിനാൻസിലേക്ക് ആകർഷിച്ചതും.

ഏതായാലും പഠനം പൂർത്തിയായ ഉടനെ ബി ടി യിൽ നേരിട്ട് ജോലിക്ക് കയറി. തുടർന്ന്, ലോയ്ഡ്സ്, എച്ച് എസ് ബി സി, ബാങ്ക് ഓഫ് സ്‌കോട്ട്ലാൻഡ്, അക്സെഞ്ചർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് തുടങ്ങിയ വൻകിട സ്ഥാപനങ്ങളിലും ജോലിചെയ്തു. ഇക്കാലത്ത് റിയോയിലെ ഒരു ബീച്ചിൽ ചെലവഴിച്ച ഒരു ഒഴിവുദിനമാണ് ജേക്കബ്ബിന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായത്. ബീച്ചിൽ ഏകനായിരുന്ന് കടൽക്കാറ്റ് ആസ്വദിക്കുന്ന ജേക്കബ്ബിന്റെ മുന്നിലേക്ക് കരിക്ക് വിൽക്കുന്ന ഒരു തെരുവു കച്ചവടക്കാരനാണ് ജേക്കബ്ബിന്റെ ജീവിതത്തെ മാറ്റിമറിക്കാൻ എത്തിയത്.

ആ കരിക്ക് ജേക്കബ്ബിനെ കൊണ്ടുപോയത് ബാല്യകാലത്തെ ഗൃഹാതുര സ്മരണകളിലേക്കായിരുന്നു. വീട്ടിൽ തെങ്ങുകയറാൻ എത്തുന്ന തെങ്ങുകയറ്റക്കാരന്റെ പുറകെ കരിക്കിനായി നടന്നിരുന്ന ബാല്യകാലം. ആർത്തിയോടെ മോന്തിക്കുടിച്ചിരുന്ന ഇളം കരിക്ക്വെള്ളം. എല്ലാം ജേക്കബ്ബിന്റെ മനസ്സിലേക്ക് ഓടിയെത്തി, നനുത്ത ഓർമ്മകളായി. തേങ്ങ എന്നും ഒരു ദൗർബല്യമായിരുന്ന ബാല്യം മനസ്സിൽ നിന്നും വിട്ടൊഴിയാതെ, ഒഴിവുകാലം കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് കൊക്കോഫിന ''ദി കോക്കനട്ട് എക്സ്പേർട്ട്സി''ന് ജന്മമമേകുകയായിരുന്നു. അപ്പോഴും പാർട്ട് ടൈമിൽ ബി ടിയിൽ ജോലി ചെയ്തിരുന്നു.

ബി ബി സിയിൽ സംപ്രേഷണം ചെയ്തിരുന്ന ഡ്രാഗൺസ് ഡെൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതായിരുന്നു ജേക്കബ്ബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ബിസിനസ്സിൽ പണം നിക്ഷേപിക്കാൻ തയാറുള്ള അഞ്ച് ശതകോടീശ്വരന്മാരോട്, തങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ പങ്കുവയ്ക്കാൻ, വളർന്നുവരുന്ന ബിസിനസ്സ് കാർക്ക് മൂന്ന് മിനിറ്റ് സമയം നൽകുന്നതായിരുന്നു ആ റിയാലിറ്റി ഷോ. ആ ഷോയുടെ അവസാനത്തിൽ രണ്ട് ശതകോടീശ്വരന്മാരാണ് ജേക്കബ്ബിന്റെ ബിസിനസ്സിൽ മുതൽകുടക്കാൻ തയ്യാറായത്.

പിന്നെ തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല ജേക്കബ്ബിന്. ഇന്ന് കൊക്കോഫിനയ്ക്ക് 32 ഉദ്പന്നങ്ങളാണ് ഉള്ളത്. ലോകമാകമാനം 28 രാജ്യങ്ങളിൽ സജീവ സാന്നിദ്ധ്യവും. ഭക്ഷ്യമേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം തന്നെ കൊക്കോഫിനയ്ക്ക് ലഭിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലും കൊക്കോഫിനയെ കുറിച്ചുള്ള ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബിസിനസ്സ് ചെയ്യുവൻ താൻ എന്നും ആഗ്രഹിച്ചിരുന്നു എന്നും താൻ അത് ആസ്വദിക്കുന്നു എന്നും പറയുന്ന ജേക്കബ്ബ് അത് ഒരു കാരണം മാത്രം കൊണ്ടാണ് ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചതെന്നും പറയുന്നു.

മറ്റുപലരേയും പോലെ കോവിഡ് പ്രതിസന്ധിക്കാലത്ത് ജേക്കബ്ബിനും കൊക്കോഫിനയ്ക്കും കഷ്ടകാലമായിരുന്നു. കൊക്കോഫിന ഉദ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള അസംസ്‌കൃത പദാർത്ഥങ്ങളുടെ ലഭ്യതയായിരുന്നു ഏറെ വലച്ചത്. ഉദ്പന്നങ്ങൾ ഏറെയും നിർമ്മിക്കുന്നത് യു കെയിലാണെങ്കിലും അതിനുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ വരുന്നത് പലയിടങ്ങളിൽ നിന്നായാണ്. ലോക്ക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഇവ കൊണ്ടുവരുന്നതിൽ ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. മാത്രമല്ല, സർക്കാർ നിർദ്ദേശമനുസരിച്ച് നിരവധി ചില്ലറവില്പനശാലകൾ അടച്ചിടേണ്ടതായും വന്നു.

എന്നാൽ, പ്രതിസന്ധികളിൽ തളരാതെ, പ്രതിസന്ധികളെ അവസരമാക്കി മാറ്റാൻ കഴിവുള്ള ജേക്കബ്ബ് ഇവിടെയും താൻ വ്യത്യസ്തനാണെന്ന് തെളിയിച്ചു. ഷോപ്പുകൾ അടച്ചിതിനാൽ, തന്റെ ഉപഭോക്താക്കൾക്ക് തന്റെ ഉദ്പന്നങ്ങൾ കിട്ടാതിരിക്കരുതെന്ന് നിർബന്ധമായിരുന്നു ഇദ്ദേഹത്തിന്. അങ്ങനെയാണ് ഓൺലൈൻ ഷോപ്പിംഗിലേക്ക് കൊക്കോഫിന കടക്കുന്നത്. 4000 ശതമാനത്തിന്റെ വർദ്ധനയാണ് ഓൺലൈൻ ഷോപ്പിംഗിൽ ദൃശ്യമായത്. അങ്ങനെ ഒരു രാത്രികൊണ്ട്, ഇ കോമേഴ്സ് രംഗത്തും കൊക്കോഫിന ശക്തമായ സാന്നിദ്ധ്യമായി മാറി.

ഇത്, സ്ഥാപനത്തിന്റെ അടിസ്ഥാന ഘടനയിലും ജീവനക്കാരുടെ കടമകളിലും വളരെയേറെ മാറ്റങ്ങൾ കൊണ്ടുവന്നു. പുതിയ സാഹചര്യത്തിനനുസരിച്ച്, നിലവിലുള്ള ജീവനക്കാരെ തന്നെ പുനർവിന്യസിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ വിവിധ സാധ്യതകൾ വിപുലമായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൊക്കോഫിന ഇപ്പോഴും മുന്നേറ്റം തുടരുകയാണ്. അതുപോലെ പൂട്ടിയിടേണ്ടി വന്ന സ്റ്റോറുകളെ സംബന്ധിച്ച് സർക്കാർ വിവിധ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു എന്ന് ജേക്കബ്ബ് നന്ദിയോടെ സ്മരിക്കുന്നു.

അവസരങ്ങൾക്കായി കാത്തുനിൽക്കാതെ, അവയെ തേടിപ്പിടിക്കാൻ കാണിച്ച ധൈര്യമാണ് ജേക്കബ് തുണ്ടിയിലിനെ ഇന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ എം ബി ഇപുരസ്‌കാരം വരെ എത്തിച്ചത്. അവസരങ്ങൾ തേടിപ്പിടിക്കുക മാത്രമല്ല, സ്ഥിരോത്സാഹത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള കഴിവും കൊക്കോഫിനയുടെ വളർച്ചയിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ നേരിടേണ്ടി വന്നപ്പോഴൊക്കെ കൂടുതൽ ശക്തിയോടെ തിരിച്ചു വന്നിട്ടുള്ള ജേക്കബ്ബും കൊക്കോഫിനയും, കൊറോണ ലോക്ക്ഡൗണിനു ശേഷവും ചരിത്രം ആവർത്തിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP