Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും

ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേട്ടാൽ ഞെട്ടരുത്, ഒരു ചക്കക്ക് കിട്ടിയ വില ഒന്നരലക്ഷം. സ്വർണ ചക്കയൊന്നുമല്ല, ആവേശം കയറി ലേലം നടന്നപ്പോൾ കിട്ടിയ തുകയാണ്. ബോംബെ ലേലം എന്നറിയപ്പെടുന്ന വിധത്തിൽ ഉള്ള കൂട്ടലേലം വിളിയാണ് എഡിൻബറ സീറോ മലബാർ സഭയുടെ കീഴിൽ ഉള്ള സെന്റ് അൽഫോൻസാ ആൻഡ് അന്തോണി പള്ളിയിൽ നടന്നത്. ലേലത്തിന്റെ വെറും 29 സെക്കൻഡ് മാത്രം ദൈർഘ്യം ഉള്ള വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിശദംശങ്ങൾ തേടി ബ്രിട്ടീഷ് മലയാളിയിൽ നിന്നും ലേലം നിയന്ത്രിച്ച വ്യക്തിയെ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യം പുറത്തു പോകുന്നതിൽ പള്ളിക്കാർക്ക് വലിയ താല്പര്യം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പള്ളിക്കാരുടെ മനസ്സറിയാതെ എഡിൻബറയിൽ നിന്നും നിരവധി മലയാളികൾ ഈ ചക്ക വിശേഷം എന്തുകൊണ്ട് ബ്രിട്ടീഷ് മലയാളി വാർത്തയാക്കുന്നില്ല എന്ന് അന്വേഷിച്ചിരുന്നു.

ഒടുവിൽ ഇവരും പലരും ഇക്കാര്യം പള്ളി അധികൃതരുമായി ചോദിച്ചപ്പോഴും നെഗറ്റീവ് പബ്ലിസിറ്റിക്ക് സാധ്യതയുണ്ടാവുന്നതിനാൽ വിശദാംശങ്ങൾ പുറത്തു വിടേണ്ട എന്ന നിലപാടിലേക്ക് എത്തുക ആയിരുന്നു. എന്നാൽ ഇതിനകം വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു. ഇതോടെ പള്ളിക്കാർ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ചക്കക്ക് ലഭിച്ചത് 1400 പൗണ്ട്(140960.72രൂപ) ആന്നെന്നും ഈ തുക നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്നും അറിയിച്ചു പോസ്റ്റ് ചെയ്തിരിക്കുകയാണ്.

എന്നാൽ ഒരു ചക്കയുടെ പേരിൽ നടന്നത് അനാവശ്യ പണപ്പിരിവ് ആണെന്ന മട്ടിൽ വിമർശവും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. കോവിഡിന് ശേഷം ആരാധനാലയങ്ങൾക്ക് പൊതുവെ വിദേശത്തുണ്ടായ വരുമാന ചോർച്ച മറികടക്കാനുള്ള ചില ശ്രമം മാത്രമായി ഇതിനെ കണ്ടാൽ മതിയെന്നാണ് പ്രധാന വിമർശം. എന്നാൽ മുൻപും മുട്ടയും മറ്റും വൻതുകയ്ക്ക് ലേലം പോയിട്ടുള്ളത് യുകെയിലെ വിശ്വാസികൾക്കിടയിൽ അപൂർവമല്ല. പെരുന്നാൾ വേളകളിലും മറ്റും ഇത്തരം ലേലങ്ങൾ പതിവുമാണ്. ലേലം നിയമാനുസൃതമായ നാട്ടിൽ വിമർശനമൊക്കെ എല്ലാക്കാര്യത്തിലും രണ്ടഭിപ്രായം ഉള്ളവരുടെ നിലപാട് മാത്രമായി കണ്ടാൽ മതിയെന്നാണ് ഇവർക്ക് ലഭിക്കുന്ന മറുപടിയും.

അതേസമയം ചക്കക്ക് തീ പിടിച്ച വിലയെത്തുന്നത് പുതിയ സംഭവം ഒന്നുമല്ല .ശരാശരി അമ്പതു പൗണ്ടിന് വിറ്റുപോകുന്ന ചക്ക ലണ്ടനിലെ ഓപ്പൺ മാർക്കറ്റുകളിൽ 160 പൗണ്ടിന്(16109.80 രൂപ) വരെ വില്പന നടന്നത് ബിബിസിയും മറ്റും പ്രധാന വാർത്തയാക്കിയതാണ് ബിബിസി പ്രസിദ്ധീകരിച്ച ചക്ക പടം ഒരു ലക്ഷത്തിൽ അധികം പേരാണ് ഷെയർ ചെയ്തു വൈറലാക്കിയത്. അന്ന് ബിബിസി ബ്രസിലീലിൽ നിന്നും ലണ്ടനിൽ എത്തിയ ചക്കയുടെ വിശേഷങ്ങളാണ് പങ്കിട്ടത്. ഇതിൽ കൗതുകം പൂണ്ടു എന്താണ് ആ മാജിക് പഴത്തിൽ ഒളിഞ്ഞിരിക്കുന്നത് എന്ന അന്വേഷണവുമായി ദി ഗാർഡിയൻ സ്‌പെഷ്യൽ ഫീച്ചർ നൽകിയതും കഴിഞ്ഞ ചക്ക സീസണിൽ സംഭവിച്ചതാണ്. ഇപ്പോൾ കൂടുതലായി മലയാളികളും ദക്ഷിണ ഇന്ത്യക്കാരും യുകെയിൽ എത്തിയതോടെ മറ്റൊരു ചൂടൻ ചക്കകാലം യുകെയിൽ പിറക്കും എന്ന സൂചനയാണ് എഡിൻബറ പള്ളി ലേലം നൽകുന്നതും.

സാധാരണ ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ചക്കയാണ് മലയാളികൾ വാങ്ങുന്ന ഏഷ്യൻ കടകളിൽ വില്പനക്ക് വരുന്നത്. ഗുണമേറിയ മലേഷ്യൻ ചക്ക പത്തു പൗണ്ടിന് വരെ വിൽക്കുബോൾ നിലവാരം കുറഞ്ഞ ഫിലിപ്പീൻസ് ചക്ക നാലര പൗണ്ടിനും കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായിരുന്നു. ശ്രീലങ്കൻ ചക്കകൾ കഴിഞ്ഞ സീസണിൽ ആറുമുതൽ ഏഴു വരെ പൗണ്ടിനാണ് വിറ്റുപോയിരുന്നത്. നാലോ അഞ്ചോ കിലോ തൂക്കമുള്ള ചക്കകൾ 30 മുതൽ 40 പൗണ്ട് വരെയുള്ള നിരക്കിലും കടകളിൽ മുറിക്കാതെ വാങ്ങാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ചുളകൾ പ്രത്യേക പായ്ക്കറ്റിലാക്കി മൂണും നാലും പൗണ്ടിന് വാങ്ങാൻ കഴിയുന്നതോടെ അടക്കാനാകാത്ത ചക്ക കൊതി ഉളവർക്കും താൽക്കാലിക ആഗ്രഹം തീർക്കാൻ അവസരമുണ്ട് എന്നതും കൗതുകമാണ്.ഇതിനൊപ്പം ഫ്രോസൺ ചെയ്ത ചക്കയും ചക്കക്കുരുവും ഇടിയൻ ചക്കയും ഏതു സീസണിലും യുകെയിൽ ലഭ്യവുമാണ്.

അതിനിടെ ചക്ക മാനിയ മലയാളികൾക്കിടയിൽ മാത്രമല്ല ബ്രിട്ടീഷ്‌കാരിലും പടരുകയാണ് എന്ന് തെളിയിച്ചു നാല് പ്രധാന സൂപ്പർ സ്റ്റോറിലും ചക്ക ചേർത്ത ബാര്ബിക്യു പിസകൾ ചൂടപ്പം പോലെയാണ് കഴിഞ്ഞ വർഷം വില്പനക്ക് എത്തിയത്. അമേരിക്കയിൽ തുടങ്ങിയ ഈ പിസ കച്ചവടം ലോകമെങ്ങും ആരാധകരെ കണ്ടെത്തിയതോടെ എത്ര ലഭിച്ചാലും കടകളിൽ തികയില്ലെന്ന അവസ്ഥയിലാണ് വില്പന ചൂടുപിടിച്ചത്. ചൂട് കാലത്തു വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന ചിന്തയിൽ ടെസ്‌കോയിലും മറ്റും ഈ ചക്ക പിസ ആദായ വില്പനയും നടത്തിയിരുന്നു. ക്ലബ് കാർഡ് വിലയായ രണ്ടര പൗണ്ടിന് ആണ് കഴിഞ്ഞ വർഷം പിസ കച്ചവടം നടന്നത്. ഇതിന്റെ യഥാർത്ഥ വില 3.75 പൗണ്ട് ആയിരുന്നു.

ചക്ക ചേർത്ത ബർഗറും മറ്റും തിരഞ്ഞെടുത്ത കടകളിൽ യുകെയിൽ ലഭ്യമാണ് .അതിനിടെ ചക്കയുടെ രൂക്ഷഗന്ധം കാരണം ബ്രസീലിൽ ചക്ക ധാരാളം ഉണ്ടെങ്കിലും വിദേശ വിപണി കണ്ടെത്താനുള്ള ശ്രമാണ് ഈ രാജ്യം ഇപ്പോൾ നടത്തുന്നത്. ഏറെക്കാലമായി കേരളത്തിലെ സർക്കാരുകൾക്ക് മുന്നിൽ ഇത്തരം നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും മലേഷ്യയും തായ്വാനും ഒക്കെ ചക്കയുടെ പേരിൽ കോടികൾ വിദേശത്തു നിന്നും കൊയ്തെടുക്കുമ്പോൾ അതിലൊരു വിഹിതം പങ്കു പറ്റാൻ കഴിയുന്ന കേരളം അതിനു ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത. ഗുണമേന്മ കൂടിയ മേനോൻ വരിക്ക, സിന്ദൂര വരിക്ക തുടങ്ങി ഒട്ടേറെ ചക്ക ഇനങ്ങൾ കേരളത്തിൽ പ്രശസ്തി നേടിയെങ്കിലും അതിന്റെ വാണിജ്യ സാധ്യത ഇനിയും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP