Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ ഇ എൽ ടി എസ് ഇല്ലാതെ തന്നെ എത്തി പഠിച്ചശേഷം ജോലി ചെയ്യുന്ന കെയറർ വിസ പ്രഖ്യാപിച്ച് അയർലൻഡ്; വഴിതുറക്കുന്നത് അനേകം മലയാളികൾക്ക്; ഏജന്റുമാരുടെ ചതിയിൽ വീഴാതെ അയർലൻഡിൽ പോവാൻ അവസരം

ഐ ഇ എൽ ടി എസ് ഇല്ലാതെ തന്നെ എത്തി പഠിച്ചശേഷം ജോലി ചെയ്യുന്ന കെയറർ വിസ പ്രഖ്യാപിച്ച് അയർലൻഡ്; വഴിതുറക്കുന്നത് അനേകം മലയാളികൾക്ക്; ഏജന്റുമാരുടെ ചതിയിൽ വീഴാതെ അയർലൻഡിൽ പോവാൻ അവസരം

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: ആരോഗ്യ സംരക്ഷണ രംഗത്തെ നിയമന കാര്യത്തിൽ കാര്യമായ നയംമാറ്റം വരുത്തിയിരിക്കുകയാണ് ഐറിഷ് സർക്കാർ. ജീവനക്കാർ ഏറ്റവും അത്യാവശ്യമായ മേഖലയിൽ യൂറോപ്യൻ യൂണിയനിലേയും യൂറോപ്യൻ എക്കണോമിക് ഏരിയയിലേയും രാജ്യങ്ങൾക്ക് പുറമേ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടി ഉൾക്കൊള്ളിക്കുവാൻ വേണ്ടിയാണ് ഇപ്പോൾ ഈ മാറ്റം വരുത്തിയിരിക്കുന്നത്. ജൂൺ 14 മുതൽ നിലവിൽ വന്ന പുതിയ നിയമം ജീവനക്കാർക്ക് ക്ഷാമമുള്ള ആരോഗ്യ സംരക്ഷണ മേഖല, നഴ്സിങ് ഹോം മേഖലകളെ സംരക്ഷിക്കാനാണ് എന്നാണ് ഐറിഷ് സർക്കാർ പറയുന്നത്.

ക്രിട്ടിക്കൽ സ്‌കിൽ, ഇനെലിജിബിൾ ഒക്ക്യൂപേഷൻ ലിസ്റ്റ് എന്നീ പട്ടികകൾ അടിസ്ഥാനമാക്കിയുള്ള തൊഴിൽ നിയമന സംവിധാനമാണ് അയർലൻഡ് പിന്തുടരുന്നത്. തത്സമയ സാഹചര്യങ്ങളും തൊഴിൽ വിപണിയിലെ നിലവാരവും, തൊഴിലാളികളുടെ ആവശ്യകതയും അതുപോലെ മറ്റു അനുബന്ധ വിഷയങ്ങളും പഠിച്ച് രണ്ടുവർഷത്തിലൊരിക്കൽ ഇതിൽ മാറ്റങ്ങൾ വരുത്താറുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റം പ്രോത്സാഹിപ്പിക്കുമ്പോഴും ഐറിഷ് തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കാത്ത പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ആരോഗ്യ രംഗത്ത് നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം ഏറെയുണ്ട്. യൂറോപ്യൻ തൊഴിൽ വിപണിയിൽ നിന്നുള്ള നിയമനങ്ങൾ മാത്രം കൊണ്ട് ഇത് നികത്താനാവില്ല. ഇത് പരിഹരിക്കുവാനാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ ഇനെലിജിബിൾ ഒക്ക്യൂപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യും. വൃദ്ധരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, ഹെൽത്ത് കെയർ മേഖലയിൽ തൊഴിലവസരങ്ങളും വർദ്ധിക്കുകയാണ്. കൂടുതൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ നിയമിക്കേണ്ടതായുണ്ട്. കോവിഡ് സാഹചര്യത്തിൽ ഈ ആവശ്യകത വളരെയേറെ വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.

2018- ലെ കണക്കുകൾ പ്രകാരം 2031 ആകുമ്പോഴേക്കും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ 59 ശതമാനം വർദ്ധനവും 85 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ 95 ശതമാനം വർദ്ധനവുമാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല പരിചരണം ആവശ്യമായവരുടെ എണ്ണം 10,000 ത്തോളം വർദ്ധിക്കുകയും ചെയ്യും. ഇതിനനുസരിച്ച് ജീവനക്കാരെ കണ്ടെത്തേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നതിനാണ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും ചുരുങ്ങിയത് പ്രതിവർഷം 27,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാൻ ഇനി ഐ ഇ എൽ ടി എസ്സോ സമാനമായ പരീക്ഷകളോ പാസ്സാകണമെന്നില്ല. ആരോഗ്യ സംരക്ഷണ രംഗത്തെ പ്രാഥമിക യോഗ്യതയുമായി നിങ്ങൾക്ക് അയർലൻഡിൽ എത്തി ജോലി ചെയ്യാനാകും. ജോലിക്കിടയിൽ പഠിച്ചും പരിശീലനം നടത്തിയും രണ്ടു വർഷത്തിനു ശേഷം ക്യൂ ക്യൂ എൽ ലെവൽ 5 യോഗ്യത നേടണമെന്നുമാത്രം. ഇതിനുള്ള പരിശീലനം സൗജന്യമായോ അല്ലെങ്കിൽ വളരെ കുറഞ്ഞ ഫീസ് മാത്രംവാങ്ങിയോ തൊഴിൽ ദാതാക്കൾ നൽകും.

ഹെൽത്ത് കെയർ വർക്കർമാർക്കൊപ്പം ഡയറ്റീഷ്യൻ, സോഷ്യൽ വർക്കർ, ഒക്കുപ്പേഷനൽ തെറാപിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപിസ്റ്റ് എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഡിപ്പാർട്ട്മെന്റ് ഓഫ് എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്മെന്റിനായിരിക്കും ഈ ഉത്തരവ് നടപ്പിലാക്കുവാനുള്ള പൂർണ്ണ ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അവരുമായി ബന്ധപ്പെട്ട് ഇതിന്റെ പൂർണ്ണ വിവരങ്ങൾ നേടാവുന്നതാണ്.

നേരത്തേ, ബ്രെക്സിറ്റ് പൂർത്തിയാക്കിയ ഉടനെ ഫിഷർമെൻ വിസ എന്നപേരിൽ വ്യാജവിസ ചമച്ച് നിരവധി പേരെ കെണിയിൽ വീഴ്‌ത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. അത്തരത്തിലുള്ള തട്ടിപ്പുകാർക്ക് മറ്റൊരു ചാകരയായി ഈ പുതിയ നിയമം മാറരുത്. അതുകൊണ്ടുതന്നെ ഏജന്റുമാരുടെ ഇടപെടൽ ഒഴിവാക്കി നിങ്ങൾ നേരിട്ട് ഇടപാടുകൾ നടത്തുന്നതായിരിക്കും നല്ലത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ എഴുത്തയച്ച് നേടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP