Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൊൻകുന്നത്തെ 25,000 സ്‌ക്വയർ ഫീറ്റിന്റെ വീടും ലണ്ടനിലെ ഏഴു കോളേജുകളും ദുബായിലെയും കൊച്ചിയിലേയും ബിസിനസുകളും അനാഥമായി; 147 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു മരണത്തോട് മല്ലിട്ട ശേഷം വിധിക്കു കീഴടങ്ങിയ ജീയോമോന് ഇനി ജന്മാനാട്ടിൽ അന്ത്യവിശ്രമം; തുടക്കത്തിലേ കോവിഡ് പിടിപെട്ട ലണ്ടനിലെ മലയാളി ബിസിനസുകാരനെ മരണം വിളിച്ചത് 45ാം വയസിൽ

പൊൻകുന്നത്തെ 25,000 സ്‌ക്വയർ ഫീറ്റിന്റെ വീടും ലണ്ടനിലെ ഏഴു കോളേജുകളും ദുബായിലെയും കൊച്ചിയിലേയും ബിസിനസുകളും അനാഥമായി; 147 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു മരണത്തോട് മല്ലിട്ട ശേഷം വിധിക്കു കീഴടങ്ങിയ ജീയോമോന് ഇനി ജന്മാനാട്ടിൽ അന്ത്യവിശ്രമം; തുടക്കത്തിലേ കോവിഡ് പിടിപെട്ട ലണ്ടനിലെ മലയാളി ബിസിനസുകാരനെ മരണം വിളിച്ചത് 45ാം വയസിൽ

മറുനാടൻ മലയാളി ബ്യൂറോ

പൊൻകുന്നം:  147 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ബ്രിട്ടനിലെ യുവ വ്യവസായി പന്തിരുവേലിൽ ജിയോമോൻ ജോസഫിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. സംസ്‌കാരം ഇന്നലെ 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളിയിൽ നടന്നു. ബ്രിട്ടനിൽ വലിയ വ്യവസായ ലോകം കെട്ടിപ്പടുത്തപ്പോഴും സ്വന്തം നാടിനെ നെഞ്ചോടു ചേർത്ത ജിയോമോന് ജന്മനാട അശ്രുപൂജകളോടെയാണ് വിടനൽകിയത്. കോവിഡ് ബാധിച്ചിരുന്നെങ്കിലും കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് ഈ യുവ പ്രവാസിയുടെ മരണത്തിന് ഇടയാക്കിയത്.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു സംസ്‌ക്കാര ശുശ്രൂഷകൾ നടന്നത്. കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ടാണ് മൃതദേഹ ശുശ്രൂഷകൾ നടന്നത്. ഇക്കഴിഞ്ഞ മാർച്ച് 29നു കോവിഡ് ബാധിതനായാണ് അദ്ദേഹം ലണ്ടൻ ക്വീൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

തുടർന്ന് രോഗനില വഷളായതിനെ തുടർന്ന് കേന്ദ്ര സർക്കാർ കൂടി ഇടപെട്ടതിനെ തുടർന്ന് എക്‌മോ വെന്റിലേറ്റർ സൗകര്യമുള്ള പാപ്വർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നീണ്ട അഞ്ചു മാസത്തെ ആശുപത്രി വാസത്തിൽ ഒരിക്കൽ പോലും ജീമോൻ തിരിച്ചു വരവിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല. കോവിഡ് ബാധിതരിൽ ഏറ്റവും കൂടുതൽ കാലം ആശുപത്രിയിലും വെന്റിലേറ്ററിലും കഴിഞ്ഞവരിൽ ഒരാളുമാണ് ജിയോമോൻ.

വിദ്യാർത്ഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്. ബ്രിട്ടനിൽ കോവിഡ് മൂലം മരിക്കുന്ന പതിനേഴാമത്തെ മലയാളിയാണ് ജിയോമോൻ. കോവിഡ് രോഗവ്യാപനം ആരംഭിച്ചതിനു ശേഷം ബ്രിട്ടനിൽ മുപ്പതോളം മലയാളികൾ മരിച്ചെങ്കിലും എല്ലാവരുടെയും മൃതദേഹം ഇവിടെത്തന്നെ സംസ്‌ക്കരിക്കുകയായിരുന്നു. വിമാനസർവീസ് ഇല്ലാതിരുന്നതായിരുന്നു ഇതിന് പ്രധാന കാരണം.

യുകെ കോളേജ് ഓഫ് ബിസിനസ്സ് ആൻഡ് കംപ്യുറ്റിങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴിൽ ആറു കോളേജുകൾ വരെ സ്വന്തമാക്കിയ ജിയോമോന്റെ ബിസിനസ് ജീവിതം അത്ഭുത ദ്വീപിലെ കാഴ്ചകൾ പോലെയാണ് സാധാരണക്കാർക്ക് തോന്നിയത്. വിവിധ രാജ്യക്കാരായ നൂറുകണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒക്കെയായി വിരലിൽ എണ്ണാവുന്ന വർഷങ്ങൾ കൊണ്ടാണ് ജിയോമോന്റെ കോളേജുകൾ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ വേഗ വളർച്ച നേടിയ പ്രവാസി ബിസിനസ് സംരംഭങ്ങൾ തന്നെ വിരളമാണ്.

കൂടുതൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുവാൻ ഉള്ള തയ്യാറെടുപ്പുകളും ജിയോ മോന്റെ സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ടു പതിറ്റാണ്ടായി യുകെയിൽ തുടർന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യൻ പാസ്പോർട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ടു തന്നെയാണ് ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നതും.

എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റുഡന്റ് വിസയിലാണ് ലണ്ടനിൽ എത്തിയത്. അതിന് ശേഷം സ്വന്തം നിലയിൽ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവടു വച്ചത്. സ്വന്തം പ്രയത്നത്താൽ കോളേജുകൾ തുടങ്ങി. ഏഴു കോളേജുകൾ യുകെയിൽ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയിൽ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിനു യുകെയിൽ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളികൾക്ക് നഷ്ടമായത്.

ലണ്ടനിലായിരുന്നു തുടക്കത്തിൽ ചികിൽസ. കേന്ദ്രമന്ത്രി വി മുരളീധരൻ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വർത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളർന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയിൽ ആയതു കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവൻ നിലനിർത്താനായത്. ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയിൽ ജീമോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ സ്ഥിരീകരിക്കുന്നത്. എന്നാൽ ആന്തരിക അവയവ പ്രവർത്തനങ്ങൾ ഇതിനകം ഏറെ തകരാറിൽ ആയിക്കഴിഞ്ഞിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷയിലായിരുന്നു.

പക്ഷെ ദീർഘനാളായി ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗിയിൽ ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകൾ നടത്തിയ മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു. തുടർന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ വിച്ഛേദിച്ചു ജീമോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. അതിനിടെ ജീമോന്റെ ജീവൻ രക്ഷിക്കാൻ സമാനതകൾ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രിൽ ആദ്യവാരം നടന്നത്. അദ്ദേഹത്തെ പാപ്വർത്ത് ആശുപത്രിയിൽ എത്തിച്ച് എക്മോ സംവിധാനമുള്ള ചികിത്സ ഏർപ്പെടുത്താൻ ലണ്ടൻ ഹൈക്കമ്മിഷൻ, കേരള സർക്കാർ എന്നിവരൊക്കെ സമ്മർദ്ദം ചെലുത്തിയിരുന്നു. ഒടുവിൽ ഡൽഹിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ പോലും വേണ്ടി വന്നു. പക്ഷെ ഇതിനിടയിൽ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത്.

ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീമോൻ വിദേശ യാത്ര കഴിഞ്ഞെത്തിയ ഉടൻ ആണ് രോഗബാധിതനാകുന്നത്. മാത്രമല്ല കോവിഡ് പടർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജീമോനെ പോലെ അനേകം ലണ്ടൻ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു. ഒടുവിൽ വിഷുദിന തലേന്ന് ജീമോൻ പാപ്വർത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകൾ പരക്കുകയായിരുന്നു. യുകെ മലയാളികൾ മാത്രമല്ല, ഓസ്‌ട്രേലിയയിലും അമേരിക്കയിലും ഗൾഫിലും ഒക്കെ പ്രാർത്ഥന ഗ്രൂപ്പുകളിൽ നിന്നും അദ്ദേഹത്തന്റെ ജീവൻ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങൾ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ്.

ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അദ്ധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസയത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP