Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലെ ജനറൽ നഴ്‌സിങ് പഠിച്ച് വിദേശത്ത് ജോലി നേടാമെന്ന മോഹം അവസാനിക്കുന്നു; യുഎഇയിൽ നഴ്‌സിങ് ജോലിയുടെ യോഗ്യതാ മാനദണ്ഡം ബിരുദമായി മാറ്റുന്നതോടെ ജനറൽ നഴ്‌സിങ് ഡിപ്ലോമയുമായി ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടം; ജോലി നഷ്ടപ്പെട്ട മലയാളി നഴ്‌സുമാർ കടുത്ത ആശങ്കയിൽ; കൂടുതൽ പേർക്ക് ജോലി നഷ്ടമാകും; 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്‌സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ

കേരളത്തിലെ ജനറൽ നഴ്‌സിങ് പഠിച്ച് വിദേശത്ത് ജോലി നേടാമെന്ന മോഹം അവസാനിക്കുന്നു; യുഎഇയിൽ നഴ്‌സിങ് ജോലിയുടെ യോഗ്യതാ മാനദണ്ഡം ബിരുദമായി മാറ്റുന്നതോടെ ജനറൽ നഴ്‌സിങ് ഡിപ്ലോമയുമായി ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടം; ജോലി നഷ്ടപ്പെട്ട മലയാളി നഴ്‌സുമാർ കടുത്ത ആശങ്കയിൽ; കൂടുതൽ പേർക്ക് ജോലി നഷ്ടമാകും; 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്‌സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: കേരളത്തിൽ നഴ്‌സിങ് പഠനം നടത്തുന്ന ഓരോരുത്തരുടെയും മനസിലുള്ള പ്രധാന ആഗ്രഹം വിദേശത്ത് മികച്ച ശമ്പളത്തോടെ ജോലി നേടുക എന്നതാണ്. കേരളത്തിൽ നിന്നും പ്ലസ്ടു സയൻസ് ഗ്രൂപ്പ് പഠിച്ച ശേഷം ജനറൽ നഴ്‌സിങ് ഡിപ്ലോമ സ്വന്തമാക്കി ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവർ മലയാളി നഴ്‌സുമാരുടെ അംബാസിഡർമാരായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ സുവർണ കാലത്തിന്റെ അസ്തമയമാണ് ഇപ്പോൾ. യുഎഇയിൽ നഴ്‌സിങ് ജോലിയിൽ നിന്നും ജനറൽ നഴ്‌സുമാരെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുന്നത് പതിവായിരിക്കയാണ് ഇപ്പോൾ. മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ചാണ് യുഎഇയിൽ നൂറുകണക്കിന് നഴ്‌സിങ് ഡിപ്ലോമ നഴ്‌സുമാരെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിരവധിപേർ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലായി.

ബിഎസ്സി നഴ്‌സിങ് ഡിഗ്രിക്കാർക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് ജനറൽ നഴ്‌സിങ് പാസായവർക്ക് വെല്ലുവിളി ആകുന്നത്. യുഎഇയിലെ 90 ശതമാനം ഡിപ്ലോമ നഴ്‌സുമാർക്കും ജോലി നഷ്ടമായി കഴിഞ്ഞു. നവംബർ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവർക്കു കൂടി തൊഴിൽ നഷ്ടപ്പെടുമെന്നു നഴ്‌സുമാർ ആശങ്കയോടെ പറയുന്നു. അടുത്തവർഷം നഴ്‌സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവർക്കു മാത്രമായി നിജപ്പെടുത്താനാണ് യുഎഇ സർക്കാറിന്റെ നീക്കം. ഇത് കേരളത്തിൽ നിന്നുള്ള മലയാളി നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമായി.

കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്ലസ് ടു പഠിച്ച ശേഷം മൂന്നര വർഷത്തെ ജനറൽ നഴ്‌സിങ് ഡിപ്ലോമ കരസ്ഥമാക്കി യുഎഇയിൽ എത്തിയ നഴ്‌സുമാരിൽ ഭൂരിഭാഗവും 15 വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. 2016 മുതൽ 250ലേറെ പേർ ഫുജൈറയിലെ ഒരു അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ തുല്യതാ കോഴ്‌സിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് വർഷത്തെ കോഴ്‌സിന് ശേഷം 2018ൽ ആദ്യ ബാച്ച് പുറത്തിറങ്ങി. ഈ സർട്ടിഫിക്കറ്റിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട് എന്നായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതർ നഴ്‌സുമാരോട് പ്രവേശന സമയത്ത് പറഞ്ഞിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഇതുപയോഗച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന ഉറപ്പും ലഭിച്ചെങ്കിലും ഇതും പാഴാകുകയായിരുന്നു.

ഈ കോഴ്‌സ് പഠിക്കുന്നതിനായി 50,000 ദിർഹത്തോളം ഫീസ് നൽകി രണ്ട് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി നേടിയ സർട്ടിഫിക്കറ്റുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് അതിന് അംഗീകാരമില്ലെന്ന് നഴ്‌സുമാർ അറിയുന്നത്. യൂണിവേഴ്‌സിറ്റിക്ക് അംഗീകാരമില്ലാത്തതാണ് തിരസ്‌കാരത്തിന് കാരണമെന്നു മന്ത്രാലയം അധികൃതരും അറിയിച്ചതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് നഴ്‌സുമാർ.

ഇതിനിടെ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം നിർത്തി കോയമ്പത്തൂർ സ്വദേശികളായ മാനേജ്‌മെന്റ് അധികൃതർ യുഎഇ വിടുകയും ചെയ്തു. സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കില്ലെങ്കിൽ തങ്ങളുടെ പണമെങ്കിലും തിരിച്ചു കിട്ടണമെന്നാണ് നഴ്‌സുമാരുടെ ഇപ്പോഴത്തെ ആവശ്യം. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവിടെ ക്ലാസുകൾ നടത്തിയിരുന്നത്. ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്ത് ക്ലാസിൽ സംബന്ധിക്കാം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ഡിപ്ലോമാ നഴ്‌സുമാർ ഇവിടെ ചേർന്ന് പഠിച്ചിരുന്നു. പലരും ജോലി ഏതുവിധേനയും നിലനിർത്താൻ വേണ്ടിയാണ് പുതിയ സർട്ടിഫിക്കറ്റ് കോഴ്‌സ് പഠി്ച്ചത്. ഇതാകട്ടെ വഞ്ചനയിൽ കലാശിക്കുകയും ചെയ്തു.

അതേസമയം, യുഎഇയിലെ അക്രഡിറ്റഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു നേടുന്ന ഡിപ്ലോമ സർടിഫിക്കറ്റിനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയിട്ടില്ല. കേരളാ നഴ്‌സിങ് കൗൺസിലിനെ മാത്രമേ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അജ്മാൻ ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട കോട്ടയം കുമരകം സ്വദേശിനി ഷിലാ ജസ്റ്റിൻ പറയുന്നു. മഹാരാഷ്ട്രാ നഴ്‌സിങ് കൗൺസിലിന് കീഴിൽ പഠിച്ചു നേടിയ ഡിപ്ലോമാ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2002ലായിരുന്നു ഷില ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.

നഴ്‌സിങ്ങിൽ അടിസ്ഥാന യോഗ്യത ബിഎസ്‌സി ആണെന്ന് യുഎഇ ഗവൺമെന്റ് നിർബന്ധമാക്കിയതോടെ 2018ൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്‌സിങ് പ്രോഗ്രാമിന് ചേർന്നതായിരുന്നു ഷിലു. ഇതു പൂർത്തിയാക്കി തുല്യതാ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമർപ്പിച്ചെങ്കിലും തിരസ്‌കരിക്കപ്പെടുകയായിരുന്നു. 

അതേസമയം പുതിയ നിയമനങ്ങളെ മാത്രമേ കാര്യമായി ബാധിക്കുകയുള്ളൂ. നിലവിൽ ഉള്ളവരിൽ ഭൂരിപക്ഷവും ഡിപ്ലോമക്കാരുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചവരും ജോലി ചെയ്തുകൊണ്ട് വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ പഠിച്ച വരുമാണ് പ്രശ്‌നം നേരിടുന്നത്. പലരും കൃത്രിമമായി ഹാജരിട്ട് റെഗുലർ കോഴ്‌സാണെന്ന് കാണിച്ചു. യുഎഇയിൽ ജോലിയിൽ ഹാജരാക്കുമ്പോൾ തന്നെ കോഴ്‌സിന് ഹാജരാകുന്നതായി രേഖ. ഈ രേഖയുടെ പേരിലാണ് തട്ടിപ്പു നടന്നത്.

അതേസമയം തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്ന യുഎഇയിലെ നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർ ഇന്ത്യൻ അധികൃതർക്ക് പരാതി നൽകി. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവരുടെ പക്കൽ വിഷയം എത്തിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ ജനറൽ നഴ്‌സുമാർ എന്നറിയപ്പെടുന്ന യുഎഇയിലെ 90 ശതമാനം ഡിപ്ലോമാ നഴ്‌സുമാർക്കും ഇതിനകം ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. നവംബർ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവർ കൂടി ജോലിയിൽ നിന്ന് ഒഴിവാകും. ഇവരെല്ലാം ഇനിയെന്ത് ചെയ്യണമെന്നറിയാതെ കടുത്ത മാനസിക സമ്മർദത്തിലാണ്. 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്‌സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ. ഗൾഫ് രാജ്യങ്ങളിൽ നഴ്‌സുമാരായി ജോലിക്കു കയറി നാട്ടിലേക്ക് സമ്പാദ്യം അയക്കുന്ന നിരവധി മലയാളി പെൺകുട്ടികളുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് ഭാവിയിൽ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP