Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തർ എയർവെയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിക്കറ്റുകൾ റദ്ദാക്കും; യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹവഴി പോരുന്നവരെ ബാധിക്കില്ല; എമിറേറ്റ്‌സും എത്തിഹാദും അടക്കമുള്ള വിമാനങ്ങളിൽ ദോഹ വഴി ബുക്ക് ചെയ്തവരും കുഴങ്ങും; ഖത്തറിനെ അറബ് രാഷ്ട്രങ്ങൾ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുമ്പോൾ തിരിച്ചടി ഭയാനകമാകും

ഖത്തർ എയർവെയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിക്കറ്റുകൾ റദ്ദാക്കും; യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹവഴി പോരുന്നവരെ ബാധിക്കില്ല; എമിറേറ്റ്‌സും എത്തിഹാദും അടക്കമുള്ള വിമാനങ്ങളിൽ ദോഹ വഴി ബുക്ക് ചെയ്തവരും കുഴങ്ങും; ഖത്തറിനെ അറബ് രാഷ്ട്രങ്ങൾ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുമ്പോൾ തിരിച്ചടി ഭയാനകമാകും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ സൗദിയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ വിച്ഛേദിച്ചതോടെ നാട്ടിലേക്ക് വരുന്നവരുടെ കാര്യത്തിൽ സർവത്ര ആശയക്കുഴപ്പം. നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസ് ഖത്തർ എയർവേസ് നിർത്തിവെച്ചു. ഇന്ന് മുതൽ സൗദിയിലേക്ക് വിമാന സർവീസുണ്ടായിരിക്കില്ലെന്ന് ഖത്തർ എയർവേസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. ഇതോടെ ഇന്ത്യയിലേക്ക് വരാനും ടിക്കറ്റ് ബുക്ക് ചെയ്തവരുൾപ്പെടെ വിഷമത്തിലായിരിക്കുകയാണ്.

വിമാന സർവീസുകൾ കൂടി റദ്ദാക്കിയതോടെ, മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതൽ വഷളാകുന്നുവെന്നതും ഇവിടങ്ങളിലേക്കും തിരിച്ചും ബിസിനസ് ആവശ്യത്തിനും മറ്റും നിരന്തരം യാത്രചെയ്തുവന്ന നൂറുകണക്കിന് മലയാളി വ്യവസായികളേയും ഉദ്യോഗസ്ഥരേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഖത്തറിലെ മലയാളി സമൂഹത്തിന് പുറമെ നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലെയും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇത് പ്രതിസന്ധിയാകുന്നുവെന്നാണ് വിവരങ്ങൾ. ഖത്തർ എയർവേയ്‌സിൽ നിന്ന് ഇന്ത്യയിലേക്ക പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത നാലു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിക്കറ്റുകൾ റദ്ദാക്കും. അതേസമയം, യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹ വഴി നാട്ടിലേക്ക് പോകുന്നവരെ ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചേക്കില്ലെന്നാണ് സൂചനകൾ. പല വിമാനക്കമ്പനികളും പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോൾ സൗദിയുടെ ഭാഗത്തുനിന്നുൾപ്പെടെ ഉണ്ടായ നടപടികൾ വെറും തെറ്റിദ്ധാരണ മൂലമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചുവെങ്കിലും പ്രശ്‌നം ഉടനൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് സൂചനകൾ. ഖത്തറിൽ നിന്നുള്ള സന്ദർശകർ രണ്ടാഴ്ചക്കകം തിരിച്ചു പോകണമെന്ന് സൗദി യു എ ഇ ബഹ്റൈൻ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ബഹ്റൈനിൽ നിന്ന് ഖത്തരി നയതന്ത്ര പ്രതിനിധികൾ 48 മണിക്കൂറിനകം ഖത്തറിലേക്ക് തിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകൾ അവസാനിപ്പിക്കുന്നതാണ് ഏറെ ആശങ്കയുണ്ടാക്കിയിട്ടുള്ളത്. യുഎഇ വിമാനക്കമ്പനികളായ എത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, സൗദിയിലെ സൗദി എയർലൈൻസ്, ബഹ്‌റൈന്റെ ഗൾഫ് എയർ തുടങ്ങിയവയാണ് സർവീസുകൾ നിർത്തിവച്ചു. ഇതോടെ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്ത ആയിരക്കണക്കിനുപേരുടെ യാത്ര ദുരിതത്തിലായി. അതേസമയം, ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് സർവീസ് നടത്തില്ലെന്നും ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുമെന്നും ഖത്തർ എയർവേയ്‌സും അറിയിച്ചിട്ടുണ്ട്.

അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എത്തിഹാദ് എയർവെയ്‌സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് വ്യക്തമാക്കി. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദിവസവും നാലോളം സർവീസുകളാണ് എത്തിഹാദിന് ദോഹയിൽ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ നിർത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.
ഖത്തറിലെ തീർത്ഥാടകരെ എത്തിക്കുന്നതിന് വിലക്കേർപ്പേടുത്തിയിട്ടില്ല. അതിനിടെ, വിമാനസർവീസുകൾ നിർത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കും. ഖത്തർ എയർവെയ്‌സ് സൗദിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചിട്ടുണ്ട്.

ദുബായിൽനിന്ന് ദോഹയിലേക്കു സർവീസ് നടത്തുന്ന ഫ്‌ളൈ ദുബായിയും ചൊവ്വാഴ്ച മുതൽ സർവീസ് നിർത്തിവെയ്ക്കുമെന്ന് വ്യക്തമാക്കി. ദുബായിൽ നിന്ന് ദോഹയിലേക്കുള്ള അവസാന എമിറേറ്റ്‌സ് സർവീസ് പുലർച്ചെ 2.30ന് ആയിരിക്കും സർവീസ് നടത്തുക.

ഭീകരവാദികൾക്ക് പിന്തുണ നൽകുന്നു എന്നാരോപിച്ച് അഞ്ച് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, യെമൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചത്. യെമനിലെ അറബ് സഖ്യസേനയിൽ നിന്നും ഖത്തറിനെ ഒഴിവാക്കുകയും ചെയ്തു. ഖത്തർ പൗരന്മാർ എത്രയും വേഗം രാജ്യം വിട്ടു പോകണമെന്ന് സൗദിയും യുഎഇയും ബഹ്‌റൈനും ആവശ്യപ്പെട്ടു. തീരുമാനം ഖേദകരവും നീതീകരിക്കാനാകാത്തതുമാണന്ന് ഖത്തർ പ്രതികരിച്ചു.

എത്തിഹാദിലും എമിറേറ്റ്‌സിലും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് ഇരുകമ്പനികളുടെ വക്താക്കൾ അറിയിച്ചു. എത്തിഹാദിന് അബുദാബി-ദോഹ റൂട്ടിൽ എട്ട് സർവീസുകളാണ് ദിവസേന ഉള്ളത്. ദുബായ്-ദോഹ റൂട്ടിൽ എമിറേറ്റ്‌സിന് ദിവസവും 14 സർവീസുകളുണ്ട്. ഫ്‌ലൈ ദുബായ് ദിവസേന 12 സർവീസുകളാണ് ഈ റൂട്ടിൽ നടത്തുന്നത്.വിമാനസർവീസുകൾ നിർത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന. അതേസമയം ഖത്തർ എയർവെയ്‌സ് സൗദിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു.
എമിറേറ്റ്‌സ്, സൗദി, ഗൾഫ് എയർ, ഈജിപ്ത് എയർ എന്നീ വിമാനക്കമ്പനികളും സർവീസ് നിർത്തുന്നതായാണ് വിവരം. അതേസമയം ഖത്തറിലെ തീർത്ഥാടകരെ എത്തിക്കുന്നതിന് വിലക്കേർപ്പേടുത്തിയിട്ടില്ല.

അടുത്തിടെ സൗദിയിൽ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് പ്രമുഖ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടായിരിക്കുന്നത്. ഇത് ഭാവിയിൽ വലിയ പ്രതിസന്ധിയായി വളരുമെന്നാണ് സൂചന. ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിനൊപ്പം എണ്ണവിലയിൽ പിടിമുറുക്കാനുള്ള നീക്കമാണ് അമേരിക്ക നടത്തിയതെന്നും അതിന് സൗദിയുടെ നേതൃത്വത്തിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങൾ കൂട്ടുനിൽക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP