Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ വീണ്ടും യുകെ മലയാളിക്ക് കാർ സമ്മാനം; ഇത്തവണ 52 ലക്ഷത്തിന്റെ ഓഡി; കൂടെ 73 ലക്ഷം രൂപയും; പ്രാങ്ക് വീരൻ നടത്തിയ മറ്റൊരു തമാശയെന്ന് ഭാര്യ പോലും സംശയിച്ചപ്പോൾ കണ്ണൂർക്കാരനായ യുകെ മലയാളി ഡിക്‌സൺ സേവ്യറിന് ലഭിച്ചതു അമ്പരപ്പിക്കുന്ന വിഷുക്കൈനീട്ടം

ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ വീണ്ടും യുകെ മലയാളിക്ക് കാർ സമ്മാനം; ഇത്തവണ 52 ലക്ഷത്തിന്റെ ഓഡി; കൂടെ 73 ലക്ഷം രൂപയും; പ്രാങ്ക് വീരൻ നടത്തിയ മറ്റൊരു തമാശയെന്ന് ഭാര്യ പോലും സംശയിച്ചപ്പോൾ കണ്ണൂർക്കാരനായ യുകെ മലയാളി ഡിക്‌സൺ സേവ്യറിന് ലഭിച്ചതു അമ്പരപ്പിക്കുന്ന വിഷുക്കൈനീട്ടം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വിഷുക്കാലമായപ്പോൾ അഞ്ചോ പത്തോ പൗണ്ട് കൈനീട്ടം കിട്ടിയാൽ പോലും കണ്ണുതള്ളി പോകുന്നവർക്കിടയിൽ ഒരു ലക്ഷത്തിലധികം പൗണ്ട് സമ്മാനം കിട്ടിയാൽ എങ്ങനെയിരിക്കും? അവിശ്വസനീയം, അമ്പരപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞാലൊന്നും ആ അന്ധാളിപ്പ് തീരില്ല. ഇന്നലെ വെസ്റ്റ് സസെക്സ് പട്ടണമായ ചിചെസ്റ്ററിലെ മലയാളികൾ ഇത്തരമൊരു അന്ധാളിപ്പാണ് അനുഭവിച്ചത്. കാരണം പൊതുവെ ആളുകളെ വിളിച്ചു ''വടിയാക്കുന്ന'' ശീലമുള്ളയാളാണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ ഡിക്‌സൺ സേവ്യർ.

അങ്ങനെ ഒരാൾ നേരം വെളുത്തപ്പോൾ തനിക്കു ഒരു കോടി പത്തു ലക്ഷം രൂപയ്ക്കു തുല്യമായ തുക ബ്രാൻഡ് ന്യൂ കാറടക്കം സമ്മാനം ലഭിച്ചെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ബ്രിട്ടനിലെ ഏറ്റവും പോപ്പുലറായ ഓൺലൈൻ ലോട്ടറിയായ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ടീം അംഗങ്ങൾ കാറുമായി എത്തിയ വീഡിയോ കാട്ടിയിട്ടു പോലും ഡിക്സന്റെ ഭാര്യ ഈ ലോട്ടറിക്കഥ വിശ്വസിച്ചില്ലെന്നു പറഞ്ഞാൽ നാട്ടുകാരുടെ കാര്യം പറയേണ്ടല്ലോ.

അഞ്ചു വർഷത്തെ ശ്രമം, ആരുമറിയാത്ത ലോട്ടറി ഭ്രാന്ത്

കഴിഞ്ഞ അഞ്ചു വർഷമായി താൻ ഈ ഗെയിമിന്റെ പിന്നാലെയാണെന്നു ഡിക്‌സൺ പറയുന്നു. എന്നാൽ തനിക്കു ഇങ്ങനെ ഒരു പിരാന്ത് ഉണ്ടെന്നു ഭാര്യ പോലും അറിഞ്ഞിരുന്നില്ല എന്നാണ് ഡിക്‌സൺ ഇപ്പോൾ പറയുന്നത്. തുടക്കത്തിൽ ഒക്കെ ഒരു തമാശയായി തുടങ്ങിയതാണ്. എന്നാൽ പല മാസങ്ങളിലും നൂറു മുതൽ നൂറ്റമ്പതു പൗണ്ടിന് വരെ നാലു നഴ്‌സിങ് ഹോമുകളുടെ ചുമതലയുള്ള റീജിയണൽ മാനേജർ കൂടിയായ ഡിക്‌സൺ കളിക്കുമായിരുന്നു.

ആദ്യ ഒന്ന് രണ്ടു വർഷങ്ങളിൽ കളിച്ച പണം പോയെന്ന് ഉറപ്പിച്ചപ്പോഴാണ് കഴിഞ്ഞ വർഷം നോട്ടിങ്ഹാം മലയാളിക്ക് ഈ ലോട്ടറിയിൽ ലംബോർഗിനി കാർ ലഭിക്കുന്നത്. ഇതോടെ ഡിക്സന്റെ പ്രതീക്ഷകൾ വീണ്ടും വളർന്നു. തുടർന്നും സജീവമാക്കിയ കളിയിലാണ് ഇപ്പോൾ 50000 പൗണ്ട് മാർക്കറ്റ് വിലയുള്ള ഓഡി എസ് 4 കാറും 70000 പൗണ്ടും(73 ലക്ഷം രൂപ) ഡിക്‌സൺ ജോലി ചെയ്യന്ന സ്ഥലത്തു മിനിഞ്ഞാന്ന് ലോട്ടറി അധികൃതർ എത്തിച്ചത്.

നാട്ടിൽ നിന്നുള്ള മടക്ക യാത്രയിൽ കണ്ണിലുടക്കി, നൂറു കണക്കിന് യുകെ മലയാളികൾക്ക് ജ്വരമായി പടരുന്നു

താൻ ഈ ഗെയിമിനെ കുറിച്ച് അറിയുന്നത് ഒരിക്കൽ നാട്ടിൽ നിന്നും മടങ്ങും വഴി ഹീത്രൂ എയർപോർട്ടിൽ വച്ചായിരുന്നു എന്ന് ഓർമ്മിക്കുകയാണ് ഡിക്‌സൺ. ഗെയിം കളിക്കുന്ന വിധമൊക്കെ കണ്ടു മനസിലാക്കിയപ്പോൾ താൽപര്യം ഉള്ള ആളാണെന്നു മനസിലാക്കിയ ലോട്ടറി ടീം കയ്യോടെ പേരൊക്കെ രജിസ്റ്റർ ചെയ്യിച്ചാണ് ഡിക്‌സണിനെ മടക്കി അയച്ചത്. വീണ്ടും കുറേനാൾ കഴിഞ്ഞു വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കിയ ശേഷം ഈ ഗെയിംനൊപ്പം കൂടുക ആയിരുന്നു.

എന്തായാലും ഇപ്പോൾ ഈ ഗെയിം കളിക്കുന്ന യുകെ മലയാളികളുടെ എണ്ണം നൂറുകണക്കിനല്ല അതിലും ഏറെയാകാനാണ് സാധ്യതയെന്ന് ഡിക്‌സൺ പറയുന്നു. കാരണം ലോട്ടറി ലഭിച്ച വിവരം അറിഞ്ഞതോടെ വിശേഷം പങ്കുവയ്ക്കാനും കളിക്കുന്ന രീതി മനസിലാക്കുന്നതിന്നും വേണ്ടിയൊക്കെ അനേകമാളുകളാണ് വിളിക്കുന്നത്. ഇവരെല്ലാം നിലവിൽ സജീവമായി കളിക്കുന്നവരാണ് താനും.

ശ്രദ്ധിക്കുക, രണ്ടു മില്യൺ പിക്സലിൽ സാധ്യത ഒരു പിക്സലിന്

ഈ കളിയിൽ പ്രാന്ത് കയറി പണം കളഞ്ഞിട്ടു മറ്റുള്ളവരെ പഴിക്കുന്നതിൽ കാര്യം ഇല്ലെന്നാണ് ഡിക്‌സൺ പറയുന്നത്. കാരണം രണ്ടു മില്യൺ പിക്സൽ ഡോട്ടുകളിൽ ആണ് കളി. അതിൽ ഒരു ഡോട്ട് ആണ് നമ്മളെ വിജയി ആക്കി മാറ്റുന്നത്. അതിനാൽ പണം കളഞ്ഞിട്ടു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്നാൽ മറ്റു ലോട്ടറികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ ഒരാൾ വിജയിക്കും എന്ന ഉറപ്പാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റിനെ ആകർഷകമാക്കുന്നത്.

യൂറോ മില്യൺ പോലെയുള്ള ഓൺലൈൻ ലോട്ടറിയിൽ പണം റോൾ ഓവർ ചെയ്യുമ്പോൾ ഈ ഗെയിംൽ ഒരു വിജയി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പ്രധാന വ്യത്യസം. ഏതൊരു ഹോബിയും പോലെ ഒരിക്കൽ കളിച്ചു തുടങ്ങിയാൽ വീണ്ടും കളിക്കാൻ ഉള്ള പ്രചോദനം ഉണ്ടാകും എന്നതിനാൽ മനസിന് നിയന്ത്രണം ഇല്ലാത്തവർ കളിക്കാതിരിക്കുന്നതാകും നല്ലതെന്നും ഡിക്‌സൺ മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിശ്ചയമായും കൂട്ടുകാർക്കു പാർട്ടിയുണ്ട്, കടം വീട്ടൽ ആദ്യ ലക്ഷ്യം

ലോട്ടറി ലഭിച്ച സന്തോഷം ആഘോഷിക്കാൻ ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ചാൽ കഴിവതും വേഗത്തിൽ കൂട്ടുകാർക്കായി പാർട്ടി ഉണ്ടാകുമെന്നു ഡിക്‌സൺ തറപ്പിച്ചു പറയുന്നു. എന്നുവെച്ചു കിട്ടിയ പണം അടിച്ചു പൊളിച്ചു കളയുകയല്ല ലക്ഷ്യം. ഏറ്റവും പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടുന്നു എന്നേയുള്ളൂ. രണ്ടാമതായി കുറച്ചു കടങ്ങളുണ്ട് അതൊക്കെ വീട്ടിയെടുക്കണം. നാട്ടിൽ വീട് വച്ചതും യുകെയിൽ വീടുവാങ്ങിയതും വിലകൂടിയ കാർ വാങ്ങിയതുമെല്ലാം ഒരേ സമയത്തായതിനാൽ അപ്രതീക്ഷിതമായി എത്തിയതാണ് കടങ്ങൾ. അതിനാൽ അതൊക്കെ ഒഴിവാക്കിയെടുക്കാൻ ഈ ലോട്ടറി സഹായകമായി എന്നതാണ് ഡിക്സണ് പറയാനുള്ളത്. മിച്ചം വരുന്ന പണത്തിൽ അർഹത ഉള്ള ആർക്കെങ്കിലും അൽപം സഹായം ചെയ്യാനും സാധിച്ചേക്കും എന്നും ഇദ്ദേഹം കരുതുന്നു.

എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായ ഷീനയാണ് ഡിക്സന്റെ ഭാര്യ. ഏഴു വയസുകാരൻ അഷ്ടനും ഒന്നരവയസുള്ള ജെനീലിയയും അടങ്ങിയതാണ് കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP