Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

സൗദി അറേബ്യയിൽ കൊറോണ ബാധിച്ച് ഇന്ന് മരിച്ചത് മൂന്ന് വിദേശികൾ ഉൾപ്പെടെ അഞ്ചുപേർ; രാജ്യത്തെ ആകെ മരണസംഖ്യ 21 ആയി; 64 പേർ സുഖം പ്രാപിച്ചു എന്നും ആ​കെ രോഗബാധിതരുടെ എണ്ണം 1885 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയം

സൗദി അറേബ്യയിൽ കൊറോണ ബാധിച്ച് ഇന്ന് മരിച്ചത് മൂന്ന് വിദേശികൾ ഉൾപ്പെടെ അഞ്ചുപേർ; രാജ്യത്തെ ആകെ മരണസംഖ്യ 21 ആയി; 64 പേർ സുഖം പ്രാപിച്ചു എന്നും ആ​കെ രോഗബാധിതരുടെ എണ്ണം 1885 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ 19 ബാധിച്ച് ഇന്ന്​ മരിച്ചത് അഞ്ചുപേർ. രാജ്യത്ത്​ ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 21 ആയി. പുതുതായി 64 പേർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 328 ആയി ഉയർന്നു. 165 പേർക്ക് പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആ​കെ രോഗബാധിതരുടെ എണ്ണം 1885 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസ​മ്മേളനത്തിൽ അറിയിച്ചു.

മൂന്ന്​​​ വിദേശി പൗരന്മാരും രണ്ട്​​ സൗദി പൗരന്മാരുമാണ്​ ഇന്ന്മരിച്ചത്​. രണ്ട്​ വിദേശികളും ഒരു സ്വദേശിയും മദീനയിലും മറ്റൊരു വിദേശി ദമ്മാമിലും ഒരു സ്വദേശി ഖമീസ്​ മുശൈത്തിലുമാണ്​ മരിച്ചത്​. രോഗമുക്തരൊഴികെ ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്​. 30 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലും​. ഇന്ന്​ രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ മക്കയിലാണ്​, 48 പേർ.

മദീനയിൽ 46ഉം ജിദ്ദയിൽ 30ഉം ഖഫ്​ജിയിൽ ഒമ്പതും റിയാദിൽ ഏഴും ഖമീസ്​ മുശൈത്തിൽ ആറും ഖത്വീഫിൽ അഞ്ചും ദഹ്​റാനിലും ദമ്മാമിലും നാലുവീതവും അബ്​ഹയിൽ രണ്ടും അൽഖോബാർ, റാസതനൂറ, അഹദ്​ റഫീദ, ബിഷ എന്നിവിടങ്ങിൽ ഒരോന്ന്​ വീതവും കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ കോവിഡ്​ ബാധിത രാജ്യങ്ങളിൽ നിന്ന്​ സൗദിയിൽ തിരിച്ചെത്തിയതും ബാക്കിയുള്ളവർക്ക്​ നേരത്തെ രോഗം ബാധിച്ചവരിൽ നിന്ന്​ പകർന്നതുമാണ്​.

വൈറസ് ബാധയെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. മക്ക, മദീന എന്നീ നഗരങ്ങൾ പൂർണമായും 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന നിയമം ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ നിലനിൽക്കും. പുതിയ പ്രഖ്യാപനമനുസരിച്ച്​ മക്ക, മദീന നഗരാതിർത്തിക്കുള്ളിൽ പുറത്തുനിന്നും ആർക്കും പൂർണസമയവും പ്രവേശനം ഉണ്ടാവില്ല. ഈ നഗരങ്ങളിലുള്ളവർക്ക് അതിർത്തി വിട്ട് പുറത്തുപോവാനും അനുവാദമില്ല. എന്നാൽ നേരത്തെ ഇറങ്ങിയ ഉത്തരവിൽ പൊതു, സ്വകാര്യ മേഖലകളിലെ സുപ്രധാന വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് നൽകിയ ഇളവുകൾ അതേപടി നിലനിൽക്കും. അത്തരം ആളുകൾക്ക് പുതിയ നിയമവും ബാധകമല്ല.

മക്കയിലെയും മദീനയിലെയും താമസക്കാർക്ക് രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്ന് വരെ കർഫ്യുവിൽ നേരിയ ഇളവുണ്ട്. അത്യാവശ്യമുള്ള മെഡിക്കൽ, ഭക്ഷണം എന്നിവക്ക്​ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്ക് ഏറ്റവും അടുത്തുള്ള സ്ഥാപനങ്ങളിൽ പോകാവുന്നതാണ്. എ.ടി.എം ഉപയോഗത്തിനായും ഇവർക്ക് പുറത്തിറങ്ങാവുന്നതാണ്. എന്നാൽ ഈ ആവശ്യങ്ങൾക്കും കുട്ടികളുമായി പുറത്തിറങ്ങാൻ പാടില്ല. ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ ലഭ്യമാവുന്ന സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷനുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ മാത്രമേ താമസകെട്ടിടങ്ങളുടെ പരിസരങ്ങളിൽ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കൂടുതൽ ആളുകളുമായുള്ള വാഹനങ്ങളും നിരത്തിലിറക്കുന്നതിന് നിരോധമുണ്ട്.

പരമാവധി അവശ്യ വസ്തുക്കളായ ഭക്ഷണം, മരുന്ന് മുതലായവ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഓർഡർ നൽകണമെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള ഈ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണമെന്നും അഭ്യന്തര മന്ത്രാലയം നഗരങ്ങളിലുള്ള മുഴുവൻ സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു.

അതേസമയം, ഈ വർഷത്തെ ഹജ്ജ് കർമത്തിന് സൗദി അറേബ്യ എല്ലാ നിലയ്ക്കും സന്നദ്ധമാണെന്നും തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാണെന്നും സൗദി അറേബ്യയുടെ ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻതിൻ വ്യക്തമാക്കി. ലോകം സമാനതകളില്ലാത്ത വിപത്തുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിടുന്നതിന് ക്ഷമയോടെ കാത്തിരിക്കാൻ ലോകത്തുള്ള എല്ലാ മുസ്‌ലിങ്ങളോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സാഹചര്യം അനുകൂലമായി വന്നാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വിഷയത്തിൽ ഗുണപരമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. വിശുദ്ധ കഅബാലയത്തിനു മുന്നിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഹജ്ജ് സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്. നിലവിൽ നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന 1200 വിദേശ ഉംറ തീർത്ഥാടകരെ സൗദി അറേബ്യ സംരക്ഷിക്കുന്നുണ്ട്. പണമടച്ചെങ്കിലും ഉംറയ്ക്ക് വരാൻ കഴിയാത്ത എല്ലാവരുടെയും പണം തിരിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP