Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് നെഗറ്റീവാണെന്നതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണമെന്ന ചട്ടപ്രകാരം എത്തിയ രണ്ടു പേർക്ക് വിമാനം ഇറങ്ങിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു; മൈക്രോ ഹെൽത്ത് ലാബ് ഉൾപ്പെടെ നാലെണ്ണത്തിനെ കരിമ്പട്ടികയിൽ പെടുത്തി യുഎഇയുടെ അപ്രതീക്ഷിത തീരുമാനം; വലഞ്ഞത് കൈയിലുള്ള കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് അറിയാത്ത പാവം പ്രവാസികൾ; ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ മാത്രം ദുബായിൽ പ്രവേശനം

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് നെഗറ്റീവാണെന്നതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണമെന്ന ചട്ടപ്രകാരം എത്തിയ രണ്ടു പേർക്ക് വിമാനം ഇറങ്ങിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു; മൈക്രോ ഹെൽത്ത് ലാബ് ഉൾപ്പെടെ നാലെണ്ണത്തിനെ കരിമ്പട്ടികയിൽ പെടുത്തി യുഎഇയുടെ അപ്രതീക്ഷിത തീരുമാനം; വലഞ്ഞത് കൈയിലുള്ള കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് അറിയാത്ത പാവം പ്രവാസികൾ; ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ മാത്രം ദുബായിൽ പ്രവേശനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോവിഡ് പരിശോധന നടത്തിയ ലാബിന്റെ അംഗീകാരം ദുബായ് ഭരണകൂടം റദ്ദാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 120-ലധികം പേരുടെ യാത്ര മുടങ്ങി. കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബിന്റെ അംഗീകാരമാണ് ദുബായ് റദാക്കിയത്. ഡൽഹിയിലെ രണ്ട് ലാബുകളെയും ജയ്പുരിലെ ഒരു ലാബിനെയും ഇതോടൊപ്പം കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

ദുബായിലെത്തി ജോലിയിൽ പ്രവേശിക്കാനുള്ളവരടക്കമുള്ളവരുടെ യാത്രയാണ് മുടങ്ങിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ ചില യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ദുബായ് ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ദുബായിൽ എത്തണമെന്നാണ് പുതിയ ചട്ടം.

ഇതുകാരണം ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. വിമാനക്കമ്പനിയിൽനിന്ന് യഥാസമയം അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. മൈക്രോ ഹെൽത്ത് ലാബിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.

തലേന്ന് രാത്രി ഫേസ്‌ബുക്കിലാണ് വിലക്ക് സംബന്ധിച്ച് വിമാനക്കമ്പനിയുടെ അറിയിപ്പ് ലഭിച്ചതെന്നും പലരും ഇത് അറിഞ്ഞില്ലെന്നും യാത്രക്കാർ പറഞ്ഞു. ലാബ് അധികൃതരോട് ഇക്കാര്യം ആരാഞ്ഞപ്പോൾ വിമാനത്താവളത്തിൽ എത്താനും പ്രശ്‌നം പരിഹരിക്കുമെന്നും അറിയിച്ചു. എന്നാൽ പരിഹാരം ഉണ്ടായില്ല. ഇതോടെ രാവിലെ എത്തിയ യാത്രക്കാർ വൈകുന്നേരം മൂന്നുവരെ വിമാനത്താവളത്തിൽ കാത്തിരുന്നാണ് മടങ്ങിയത്.

വിമാന ടിക്കറ്റ് ആവശ്യാനുസരണം മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകാമെന്നും കോവിഡ് പരിശോധന മറ്റൊരു ലാബിൽ വീണ്ടും നടത്തണമെന്നും വിമാനക്കമ്പനി അധികൃതർ യാത്രക്കാരെ അറിയിച്ചു. എന്നാൽ വീണ്ടും നടത്തുന്ന പരിശോധനയുടെ ചെലവ് വിമാനക്കമ്പനി വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ജയ്പൂരിലെ സൂര്യം ലാബ്, മൈക്രോ ഹെൽത്ത്, ഡോ. പി. ബാസിൻ പാത്ത് ലാബ് ഡൽഹി, നോബിൾ ഡൈഗ്‌നോസ്റ്റിക് സെന്റർ ഡൽഹി എന്നിവയുടെ അംഗീകാരമാണ് ദുബായ് സർക്കാർ റദ്ദാക്കിയത്.

സ്‌പൈസ് ജെറ്റിന്റെ കോഴിക്കോട്-ദുബായ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരാണ് വെട്ടിലായത്. തിങ്കളാഴ്ച പുലർച്ചെ 3.55-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാർ ചെക്ക്-ഇൻ ചെയ്യുന്ന സമയത്താണ് ഈ ലാബുകളിൽ പരിശോധിച്ച സർട്ടിഫിക്കറ്റ് കൈവശമുള്ളവരോട് മാറിനിൽക്കാൻ വിമാനക്കമ്പനി ആവശ്യപ്പെട്ടത്. തുടർന്ന് ഈ ലാബുകൾക്ക് ദുബായിൽ അംഗീകാരം നഷ്ടമായതിനാൽ യാത്ര ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാൽ ആറുമണിക്കുള്ള ഇൻഡിഗോ വിമാനം ഇത്തരം ലാബുകളിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ യാത്രക്കാരുമായി യാത്ര തിരിച്ചു. 12 മണിയോടെ ഒരു തടസ്സവുമില്ലാതെ ഇതിലെ യാത്രക്കാർ ദുബായിൽ പുറത്തിറങ്ങിയതായി സന്ദേശമെത്തി. രാത്രി വൈകിയിറങ്ങിയ ഉത്തരവറിയാതെ എത്തിയവരെന്ന പരിഗണനയിലാണ് ഇൻഡിഗോ യാത്രക്കാരെ ഇറങ്ങാൻ അനുവദിച്ചത്. യാത്ര മുടങ്ങിയവർ മറ്റേതെങ്കിലും ലാബിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ഇവർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകും.

ഇതുകാരണം കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലായി നിരവധി പേരുടെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർമുമ്പ് നെഗറ്റീവാണെന്നതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കേണ്ടതുണ്ടെന്നായിരുന്നു മുൻ തീരുമാനം.

ഇത്തരത്തിൽ സർട്ടിഫിക്കറ്റുമായി എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ജയ്പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്നും ദുബായിലെത്തിയ രണ്ട് യാത്രക്കാർക്ക് അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് എയർഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

ഞായറാഴ്ച വൈകീട്ടാണ് ദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നിർദ്ദേശം ലഭിച്ചത്. സാധ്യമായ എല്ലാ രീതിയിലും യാത്രക്കാർക്ക് അറിയിപ്പ് നൽകിയിരുന്നെന്ന് എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP