Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവധിക്കു നാട്ടിൽ പോകാനിരുന്ന സിബിയെയും കോവിഡ് തട്ടിയെടുത്തു; ഭാര്യയും കുഞ്ഞുങ്ങളും ഐസലേഷനിൽ കഴിയുമ്പോൾ സിബി മടങ്ങിയത് അന്ത്യയാത്ര പറയാതെ; അഞ്ചാമത്തെ മരണവും സംഭവിച്ചതോടെ ആശങ്കയും ശക്തമായി; എല്ലാ പട്ടണങ്ങളിലും മലയാളികൾ രോഗികളായിക്കൊണ്ടിരിക്കുന്നു; ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നത് ആറു മലയാളികൾ

അവധിക്കു നാട്ടിൽ പോകാനിരുന്ന സിബിയെയും കോവിഡ് തട്ടിയെടുത്തു; ഭാര്യയും കുഞ്ഞുങ്ങളും ഐസലേഷനിൽ കഴിയുമ്പോൾ സിബി മടങ്ങിയത് അന്ത്യയാത്ര പറയാതെ; അഞ്ചാമത്തെ മരണവും സംഭവിച്ചതോടെ ആശങ്കയും ശക്തമായി; എല്ലാ പട്ടണങ്ങളിലും മലയാളികൾ രോഗികളായിക്കൊണ്ടിരിക്കുന്നു; ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നത് ആറു മലയാളികൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: കോവിഡ് രോഗത്തിൽ നിന്നും മോചനം ലഭിക്കാതെ യുകെ മലയാളികൾക്കിടയിൽ നിന്നും ഒരാൾ കൂടി വിടങ്ങിയിരിക്കുന്നു. കൊറോണയോടു അവസാന നിമിഷം വരെ പൊരുതിയാണ് കൂത്താട്ടുകുളം സ്വദേശിയായ സിബി മാണി നിര്യതനായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡെർബി ഹോസ്പിറ്റലിൽ കൃത്രിമ ശ്വസന സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന് രണ്ടു നാൾ മുന്നേ ഹൃദയാഘാതം ഉണ്ടായതോടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഇനിയെന്തെങ്കിലും അത്ഭുതം നടക്കേണ്ടി വരും എന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. സിബിയുടെ ഭാര്യയും കുഞ്ഞുങ്ങളും ഐസൊലേഷനിൽ തുടരുന്ന സാഹചര്യത്തിൽ അന്ത്യയാത്ര പോലും ചൊല്ലുവാൻ കഴിയാതെയാണ് സിബി മടങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിസഹായത കാണുവാൻ ത്രാണിയിലെന്നു കുടുംബം വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.

അടുത്ത അവധിക്കു നാട്ടിൽ എത്തി എല്ലാവരെയും കാണാൻ ഇരിക്കവെയാണ് സിബിയെ ആ യാത്ര ഒഴിവാക്കി മരണം തട്ടി എടുത്തിരിക്കുന്നത്. ഏറെ നാളായി ഡെർബിയിൽ താമസിക്കുന്ന സിബി മലയാളി സമൂഹത്തിനു ഏറെ പരിചിതൻ കൂടിയാണ്. കുടുംബം ഐസലേഷനിൽ കഴിയുന്നതിനാൽ ആവും വിധം സഹായങ്ങൾ പ്രദേശത്തെ മലയാളി സമൂഹം ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തെ നേരിൽ കണ്ടു ആശ്വസിപ്പിക്കാൻ കഴിയാത്ത നിസ്സഹായതയാണ് മലയാളി അസോസിയേഷൻ പ്രവർത്തകരും പങ്കിടുന്നത്. ഫോണിലൂടെ പറയാൻ കഴിയുന്ന വാക്കുകളുടെ പരിമിതി കൂടി തിരിച്ചറിയുകയാണ് സിബിയുടെ കുടുംബ സുഹൃത്തുക്കൾ. മരണം നാട്ടിൽ ബന്ധുക്കളെ ഉടൻ തന്നെ അറിയിച്ചിരുന്നു. ഏതാനും മാസം മുൻപ് സിബിയും മക്കളും നാട്ടിൽ വന്നു പോയ ഓർമ്മകളാണ് ബന്ധുക്കൾ ഇപ്പോൾ പങ്കിടുന്നത്. അവസാനമായി ഒന്ന് കാണാൻ പറ്റിയില്ലെങ്കിലും ഓർമ്മകളിൽ സൂക്ഷിക്കാൻ ഉള്ള അവസാന വരവിലെ യാദൃശ്ചികതയാണ് ഇപ്പോൾ കുടുംബത്തിനു കൂട്ടിനുള്ളത്.

അതിനിടെ വിവിധ നഗരങ്ങളിൽ ഐസിയുവിലും മറ്റും ജീവൻ രക്ഷാ ഉപകരണ സഹായത്തോടെ ജീവൻ നിലനിർത്തുന്നവരുടെ സ്ഥിതിയിൽ കാര്യമായ മാറ്റം ഇല്ലാതെ തുടരുന്നു എന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ലണ്ടനിലും പോർട്‌സ്മൗത്തിലും കെന്റിലും വിഞ്ചസ്റ്ററിലും ന്യൂകാസിലും ഒക്കെ ഗുരുതര നിലയിൽ മലയാളികൾ ചികിത്സ തേടിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. വിവിധ നഗരങ്ങളിലായി ഇരുപതോളം മലയാളികൾ ഗുരുതരമല്ലാത്ത വിധത്തിലും ചികിത്സ തേടുന്നുണ്ട്. എന്നാൽ യുകെയിലെ എല്ലാ പട്ടണങ്ങളിലും തന്നെ വീടുകളിൽ സ്വയം ഐസലേറ്റ് ചെയ്തു കഴിയുന്നത് നൂറു കണക്കിന് കുടുംബങ്ങളാണ്. ഒരാഴ്ചത്തെ വിശ്രമം കൊണ്ട് കുട്ടികൾ വേഗം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ മുതിർന്നവർക്ക് രണ്ടാഴ്ചയിലേറെ സമയം വേണ്ടി വരുന്നു എന്നാണ് രോഗം പിടികൂടിയവർ പറയുന്നത്.

വൈറസിനെ അതിജീവിച്ച ലണ്ടൻ മലയാളിയുടെ വാക്കുകൾ കേൾക്കൂ

കൊവിഡ് രോഗം പിടികൂടിയെങ്കിലും രോഗത്തെ അതിജീവിച്ച ലണ്ടനിലെ ഒരു മലയാളിയുടെ വീഡിയോ യൂട്യൂബിൽ വൈറലാവുകയാണ്. ലണ്ടൻ ബ്രൂണെൽ യൂണിവേഴ്സിറ്റിയിലെ എൻവയോൺമെന്റ് ആൻഡ് ഹ്യൂമൺ ഹെൽത്ത് സയന്റിസ്റ്റായ ഡോ. അജി പീറ്ററാണ് രോഗം ഭേദമായ ആ മലയാളി. രണ്ടാഴ്ചയോളമാണ് അദ്ദേഹത്തെ രോഗം അലട്ടിയത്. അതിനു മുമ്പ് തലവേദനയിലൂടെയാണ് ഡോക്ടർക്ക് രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്. മൂന്നു ദിവസം മരുന്നു കഴിച്ചെങ്കിലും കുറവ് ഒന്നും കണ്ടില്ല. മാത്രമല്ല, ശരീര വേദനയും തുടങ്ങിയിരുന്നു. നാലഞ്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ പനിയും ചുമയും വന്നു. അപ്പോൾ തന്നെ് കൊവിഡ് 19 ആണെന്ന് ബോധ്യപ്പെടുകയും ആശുപത്രിയെ ബന്ധപ്പെട്ട് ഉറപ്പാക്കുകയും ചെയ്തു. പിന്നെ 14 ദിവസത്തെ ഐസൊലേഷനിൽ ആയിരുന്നു. മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോൾ ശ്വാസം മുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങി. രണ്ടു ദിവസം ശ്വാസം മുട്ടൽ ഉണ്ടായിരുന്നുവെങ്കിലും അസുഖം പതുക്കെ കുറയാൻ തുടങ്ങി. അപ്പോഴേക്കും ഭാര്യയ്ക്കും ഇതുപോലുള്ള ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി.

എങ്കിലും ഡോക്ടറുടെ അത്ര ആരോഗ്യസ്ഥിതി മോശമായില്ല. ടീനേജ് പ്രായത്തിലുള്ള മക്കൾ രണ്ടു പേർക്കും രണ്ടു മൂന്നു ദിവസം ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതു മാറി. എന്നാൽ ഏഴു വയസായ ഏഴു വയസുള്ള ഇളയ മകൾക്ക് ഒൻപതു ദിവസത്തോളം കഠിനമായ പനി ഉണ്ടായിരുന്നു. സാധാരണ പനി മാറുവാൻ കൊടുക്കുന്ന പാരസെറ്റാമോൾ ഒന്നും ഫലിച്ചില്ല. പിന്നെ രക്തം വരുവാൻ തുടങ്ങി. അപ്പോൾ തന്നെ ആംബുലൻസ് വിളിച്ചു. കൊവിഡ് 19 സ്പെഷ്യൽ യൂണിറ്റ് മകളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും പരിശോധിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് കൊണ്ടുപോയ്ക്കൊള്ളാനും സ്ഥിതി മോശമായാൽ ആംബുലൻസ് വിളിച്ചാൽ മതിയെന്നും പറഞ്ഞു. അങ്ങനെ മകളും പതുക്കെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നു.

അസുഖത്തെ മറികടക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റവും നല്ല മാർഗം നമ്മുടെ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തന്നെയാണെന്ന് ഡോക്ടർ പറയുന്നു. ഇതിൽ ഏറ്റവും നല്ലത്, ഇഞ്ചി, കുരുമുളക്, മഞ്ഞൾ, തേൻ എന്നിവയാണ്. ഇത്രയും കാര്യങ്ങൾ കഴിച്ചാൽ തന്നെ പ്രതിരോധ ശേഷി വർധിക്കുകയും കൊറോണയെ അതിവിദഗ്ധമായി ചെറുക്കുവാൻ സാധിക്കുകയും ചെയ്യും. ഇതു ഒരു ഇംഗ്ലീഷ് ഡോക്ടർ നൽകിയ ഉപദേശമാണ്. ഇതനുസരിച്ച് എന്നും രാവിലെ കുരുമുളക്, മഞ്ഞൾ എന്നിവ തേനുമായി ചേർത്ത് കഴിക്കുകയും ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് നാരങ്ങ ചേർത്ത് കഴിച്ചു. വെള്ളം കുടിക്കുന്നതിനു പകരം ഇതായിരുന്നു കഴിച്ചിരുന്നത്. ഇത് ഏതാണ്ട് ഒരാഴ്ചയോളം തുടർന്നപ്പോഴേക്കും എല്ലാ രോഗലക്ഷണങ്ങളും മാറിയിരുന്നു.

ഇതു കഴിച്ചാൽ കൊവിഡ് മാറുമെന്നും മറ്റു മരുന്നുകളൊന്നും കഴിക്കേണ്ടതില്ല എന്നൊന്നുമല്ല പറയുന്നതെന്ന് ഡോക്ടർ പ്രത്യേകം എടുത്തു പറയുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഡോക്ടറും കുടുംബവും ചെയ്ത കാര്യങ്ങളാണ് ഇവ. പ്രതിരോധ ശേഷി വർധിച്ചതോടെ അസുഖ ലക്ഷണങ്ങൾ മാറുകയും ചെയ്തു. ഇതോടൊപ്പം തന്നെ നല്ല ഭക്ഷണവും കഴിച്ചു. ശുദ്ധമായ പച്ചക്കറികൾ എല്ലാം ചേർത്ത് സൂപ്പാക്കി അതിൽ പയറു വർഗങ്ങളെല്ലാം മിക്സ് ചെയ്താണ് കഴിച്ചത്. ഇതായിരുന്നു മുഖ്യ ഭക്ഷണം. എല്ലാ രോഗ ലക്ഷണങ്ങൾക്കും എല്ലാവർക്കും വരണമെന്നില്ല. ഏതെങ്കിലും ഒരു ലക്ഷണം കണ്ടാൽ തന്നെ സ്വയം ഐസൊലേഷനിൽ കഴിയുക. മുൻകരുതലുകൾ എടുക്കുക. പ്രതിരോധ ശേഷി വർധിപ്പിക്കുക. ആത്മവിശ്വാസം വർധിപ്പിക്കുക. ആരും തന്നെ രോഗത്തെ ഭയപ്പെടാതെ മുന്നോട്ടു പോവുക. ഇവയെല്ലാമാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെന്ന് ഡോക്ടർ പറയുന്നു. 

നിലവിൽ യുകെയിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി കോവിഡ് ടെസ്റ്റ് പരിമിതപ്പെടുത്തിയതിനാൽ ചുമയും പനിയും വന്നവരൊക്കെ തങ്ങൾക്കും കോവിഡ് ബാധിച്ചതായി കണക്കാക്കി 111 സർവീസിൽ രജിസ്റ്റർ ചെയ്തു വീടുകളിൽ കഴിയുകയാണ്. അതിനിടെ കോവിഡ് രോഗികളെ പരിചരിച്ച ഒട്ടേറെ മലയാളി നഴ്സുമാർ ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു വിശ്രമത്തിലാണ്. അനേകം നഴ്സുമാർ ടെസ്റ്റിന് സ്രവം അയച്ചു പരിശോധന ഫലം വരാനുള്ള കാത്തിരിപ്പിലും. തുടക്കത്തിൽ പിപിഇ സംവിധാനങ്ങൾ വേണ്ടത്ര നൽകാതിരുന്ന ആശുപത്രികൾ ജീവനക്കാരെ രോഗികളാക്കി മാറ്റുക ആയിരുന്നു എന്നും മലയാളികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. തുടക്കത്തിലേ അവധാനത മാറി മിക്ക സ്ഥലത്തും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങി എന്നാണ് മലയാളി നഴ്സുമാർ അറിയിക്കുന്നത്. പക്ഷെ അതിനിടയിൽ എത്രപേർ ആവശ്യമില്ലാതെ രോഗികളായി മാറി എന്നതാണ് എൻഎച്ച്എസ് ഇപ്പോൾ നേരിടുന്ന പ്രധാന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP