Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ജോലി സ്ഥലത്തു കഴിവതും സംയമനം പാലിക്കുക; മാനേജർമാരോട് ഒരു കാരണവശാലും തർക്കിക്കാൻ നിൽക്കേണ്ടാ; അനേകായിരങ്ങളുടെ ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥാപനങ്ങളിൽ ഇനി പീഡനകാലം; ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു; ബ്രിട്ടണിൽ കോവിഡ് കാലത്തെ കടുംവെട്ടിനു മാനേജ്‌മെന്റുകളുടെ തയ്യാറെടുപ്പ്

ജോലി സ്ഥലത്തു കഴിവതും സംയമനം പാലിക്കുക; മാനേജർമാരോട് ഒരു കാരണവശാലും തർക്കിക്കാൻ നിൽക്കേണ്ടാ; അനേകായിരങ്ങളുടെ ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥാപനങ്ങളിൽ ഇനി പീഡനകാലം; ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു; ബ്രിട്ടണിൽ കോവിഡ് കാലത്തെ കടുംവെട്ടിനു മാനേജ്‌മെന്റുകളുടെ തയ്യാറെടുപ്പ്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: എടുത്തു ചാട്ടക്കാരും തർക്കുത്തരം പറയാൻ വെമ്പൽ ഉള്ളവരും തത്ക്കാലം സൂക്ഷിക്കുക. അപകടം അരികിലുണ്ട്, കോവിഡ് ആയും അതിനൊപ്പമുള്ള മറ്റു സ്ഥിതിവിശേഷങ്ങളായും. അതിനാൽ മാസ്‌ക് മാത്രമല്ല ചുറ്റിനുമുള്ള കാര്യങ്ങളിലും ശ്രദ്ധ നൽകിയേ തീരൂ. ദിവസവും ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം ലോകം എമ്പാടുമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഏതു രംഗത്ത് ജോലി ചെയ്യന്നവരുടെയും ഭാവി അൽപം തുലാസിൽ തന്നെയാണ്.

യുകെ മലയാളികൾ നല്ല പങ്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു, അതിനാൽ താൽക്കാലികമായ തൊഴിൽ സുരക്ഷാ ഉണ്ടെന്നത് ശരി തന്നെ. എങ്കിലും സ്വകാര്യ മേഖലയിലെ അനേകം നഴ്സിങ്, കെയർ ഹോമുകൾ ഏതു നിമിഷവും പ്രതിസന്ധിയിലാകാം എന്ന നിലയിലാണ്. ഇതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും തൊഴിൽ നഷ്ട ഭീഷണി ഉണ്ടെന്നു ചുരുക്കം.

ഓരോ തൊഴിലിടങ്ങളിലും മാനേജ്മെന്റ് തങ്ങളുടെ ശബ്ദം കർക്കശമാക്കുന്നതായാണ് വിവിധ തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന യുകെ മലയാളികൾ വെളിപ്പെടുത്തുന്നത്. മുൻപ് കോർപ്പറേറ്റ് മേഖലയിൽ മാത്രം പ്രകടമായിരുന്ന പ്രൊഡക്ടിവിറ്റി കൺസെപ്റ്റ് കോവിഡാനന്തര കാലത്തു സർവ മേഖലയിലും പ്രകടമാകുന്നു എന്നതാണ് വസ്തുത. എത്ര പ്രഗത്ഭരായാലും ഒരാളും അത്യാവശ്യക്കാരല്ലാതായി മാറിയിരിക്കുന്നു എന്നതാണ് കോവിഡ് തൊഴിൽ രംഗത്ത് സൃഷ്ടിച്ച പ്രധാന മാറ്റം.

കോർപറേറ്റുകൾ തൊഴിലാളികളോട് മാത്രമല്ല ഉപയോക്താക്കളോടും മർക്കട മുഷ്ടി കാട്ടുകയാണ് എന്നതും പ്രധാന മാറ്റമാണ്. കോൾ സെന്ററുകളിലേക്കു വിളിച്ചാൽ ഒരു ചളിപ്പും ഇല്ലാതെയാണ് കോവിഡ് മൂലം നിങ്ങളുടെ കോൾ അറ്റൻഡ് ചെയ്യാൻ ഒരു മണിക്കൂർ താമസം നേരിടും എന്ന റെക്കോർഡ് വോയ്സ് മെസേജ് ഉപയോക്താവിനെ തേടിയെത്തുക. അതോടെ പരാതി പറയാൻ നിൽക്കാതെ തൽക്കാലം സഹിച്ചേക്കാം എന്ന മനോഭാവത്തോടെ ഏതൊരു ഉപയോക്താവും അടുത്ത പണി നോക്കി പോകും എന്നും കമ്പനികൾക്ക് വ്യക്തമാണ്.

മാനേജർമാരോട് തർക്കിക്കാൻ നിൽക്കേണ്ട

പൊതുവെ കണ്ട കാര്യം മുഖത്ത് നോക്കി പറയുന്ന ശീലം ഉള്ള മലയാളികൾ കണ്ട കാര്യത്തോട് ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ബ്രിട്ടീഷുകാരുടെ ശീലം കണ്ടു പഠിക്കാൻ ഉള്ള സമയമാണ് പോസ്റ്റ് കോവിഡ് കാലഘട്ടം. മാനേജർമാർക്കും മറ്റും ഇഷ്ടക്കുറവ് തോന്നുന്ന കാര്യം മുഖത്തടിച്ചു പറയുന്ന മലയാളികൾ ഇനിയുള്ള കാലം തൊഴിൽ രംഗത്തും കാലക്കേടു വിളിച്ചു വരുത്തുകയാണ് എന്നോർക്കണം. ചെറിയ അനിഷ്ടം പോലും ജോലി സ്ഥലത്തു പകരം തീർക്കാൻ ടോപ് മാനേജ്മെന്റിന് സൗകര്യം ഒരുക്കുന്ന സമയമാണ് കോവിഡ് എന്ന് അടുത്ത കാലത്തുണ്ടായ കാര്യങ്ങൾ തെളിയിക്കുന്നു.

തന്റെ ഡ്യൂട്ടി റോട്ടയിൽ ചെറിയ തർക്കവുമായി മാനേജരെ സമീപിച്ച മലയാളി നഴ്സിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചോദിക്കുന്ന സമയത്തു ലഭിച്ചിരുന്ന ഷിഫ്റ്റുകൾ കയ്യോടെ നഷ്ടമായിരിക്കുകയാണ്. ഭർത്താവിന്റെ ഡ്യൂട്ടിയുമായി സദാ ഒത്തുപോയിരുന്ന ഈ നഴ്സിപ്പോൾ രണ്ടു പേരുടെ ജോലിയും കുട്ടികളെ നോട്ടവും ഒത്തുപോകാതെ പെടാപ്പാടു പെടുകയാണ്. കാര്യങ്ങൾ വഷളാക്കിയത് മാനേജരുമായുള്ള ചെറിയ കശപിശ. കാര്യം ഹ്യൂമൻ റിസോഴ്സിലും യൂണിയനിലും എത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നത് ശേഷ കഥ.

രാത്രി ഡ്യൂട്ടി ചെയ്തിരുന്നവരുടെ കഷ്ടകാലം തുടങ്ങി

പൊതുവെ അൽപം ആശ്വാസം ഉണ്ടായിരുന്ന രാത്രി ജോലിക്കാർക്ക് മൊത്തത്തിൽ കഷ്ടകാലമാണ് കോവിഡ് സമ്മാനിക്കുന്നത്. സ്ഥിരം ഷിഫ്റ്റുകൾ ഒക്കെ പലയിടത്തും ഇല്ലാതായി തുടങ്ങി. ഏതു ഷിഫ്റ്റും കവർ ചെയ്യണമെന്ന അവസ്ഥ. പറ്റില്ലെന്ന് പറഞ്ഞാൽ അടുത്ത ജോലി നോക്കിക്കൊള്ളാൻ മറുപടിയും. മുൻ കാലത്തെ പോലെ എങ്കിൽ ശരി എന്ന് ബൈ പറയാൻ തൊഴിലാളിക്ക് ഇപ്പോൾ സാധിക്കില്ല എന്നറിഞ്ഞു തന്നെയാണ് മാനേജ്മെന്റ് മാർക്കട മുഷ്ടി കാട്ടുന്നത്.

മെന്റൽ കെയർ ഹോമിലും മറ്റും സുഖകരമായ ജോലി ചെയ്തിരുന്നവർക്ക് ഇപ്പോൾ ഓരോ മണിക്കൂറും ചെക്കിങ് ആണ് പാരയായി മാറുന്നത്. മൊബൈൽ ഫോൺ ആപ് വഴി ബന്ധിപ്പിച്ച സെൻസർ ഓരോ മുറിയുടെ വാതിൽക്കലും എത്തി രോഗികൾ സുരക്ഷിതരാണ് എന്ന ജോലിയാണ് അധികമായി എത്തിയിരിക്കുന്നത്.

ഇത് കൂടാതെ ജോലിക്കാർ പൊതുവെ ഉറങ്ങാൻ സാധ്യതയുള്ള അർദ്ധ രാത്രി മുതൽ ഉള്ള സമയം ഓരോ മണിക്കൂറും കമ്പനി മാനേജ്മെന്റിലേക്ക് ഇമെയിൽ അയക്കണം. എല്ലാവരും സുരക്ഷിതരാണ് എന്ന ഒറ്റ ലൈൻ സന്ദേശമാണ് ആവശ്യപെടുന്നത്. ഇതിന്റെ ഉദ്ദേശം ജീവനക്കാർ അന്തം വിട്ടു ഇരുന്നു ഉറങ്ങാൻ പാടില്ല എന്നത് തന്നെ. മുൻ കാലങ്ങളിൽ ഇത്തരം പരിഷ്‌കാരങ്ങൾ വരുമ്പോൾ നഖ ശിഖാന്തം എതിർക്കുന്ന ജീവനക്കാർ ഇപ്പോൾ നല്ല അനുസരണ ഉള്ള കുട്ടികൾ ആയി മാറിയതോടെ മാനേജ്മെന്റ് കൂടുതൽ ധികാര നടപടികൾ ആലോചിക്കുകയാണ്.

രാത്രി ജീവനക്കാർ പൊതുവെ ഇരിക്കുന്ന പ്രധാന ഹാളിലും മറ്റും സിസിടിവി സ്ഥാപിച്ചു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ കെയർ ഹോമുകളും അപൂർവ്വമല്ല. ഇത്തരം പരിഷ്‌കാരങ്ങൾക്ക് എതിരെ സി ക്യൂ സി ക്ക് അടക്കം ജീവനക്കർ പരാതി നൽകിയപ്പോൾ ഇതൊന്നും അന്വേഷിക്കാൻ ഇപ്പോൾ തങ്ങൾക്കു വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ കത്തിന്റെ കോപ്പി ലഭിക്കുന്ന മാനേജ്മെന്റുകൾ ജീവനക്കാർക്കുള്ള അടുത്ത പണി എന്തെന്ന ആലോചനയിലും.

കട്ടപ്പണി വന്നത് ഐ ടി രംഗത്ത്

വർക്ക് ഫ്രം ഹോം എന്ന പരിഷ്‌കാരം കോവിഡിന് ഒപ്പം വന്നപ്പോൾ ആദ്യ ആശ്വാസം കഴിഞ്ഞു ഐ ടി ക്കാരെ തേടി മുട്ടൻ പണികൾ എത്തിക്കൊണ്ടിരിക്കുന്നു. തുടക്കത്തിൽ പുതിയ സംവിധാനവുമായി ജീവനക്കാർ ഇണങ്ങുന്നതിന് അൽപം സാവകാശം നൽകിയ കോർപ്പറേറ്റുകൾ ഇപ്പോൾ തനി സ്വഭാവം പുറത്തെടുത്തിരിക്കുന്നു. ആദ്യകാലങ്ങളിൽ ജീവനക്കാർ എന്തു ചെയ്യുന്നുവെന്ന് അധികം കമ്പനികളും ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ജോലികൾ പിന്നോക്കം ആയതോടെ വർക് ഫ്രം ഹോം ജീവനക്കാർ അടുക്കളയിൽ എന്ത് വേവുന്നു എന്ന് നോക്കാൻ പോകുന്നതും അടുത്ത കടയിൽ ഷോപ്പിങ്ങിനു പോകുന്നതും ഒക്കെ കമ്പനികൾ ശ്രദ്ധിക്കാൻ തുടങ്ങി.

ഇതോടെ ഓരോ മിനിറ്റ് ഇടവേളകളിലും കംപ്യുട്ടർ മൗസ് അനങ്ങണം എന്നതായി വ്യവസ്ഥ. ഇതോടെ കുട്ടികളെ കംപ്യുട്ടറിനു മുന്നിൽ പിടിച്ചിരുത്തി മൗസ് ചലിപ്പിച്ച ജീവനക്കാർ ഭാര്യക്കൊപ്പം വീട്ടുമുറ്റത്തെ സ്വിമിങ് പൂളിൽ വരെ എത്തി എന്ന് മനസിലാക്കിയ കമ്പനികൾ ഫേസ് റെക്കഗ്‌നിഷൻ കോളുകൾ പതിവായി വിളിച്ചു തുടങ്ങി. ഉദ്ദേശം ജോലി നടക്കുന്നുണ്ടോ എന്നതല്ല ആൾ കംപ്യുട്ടറിനു മുന്നിൽ ഉണ്ടോ എന്ന ചെക്കിങ് തന്നെ.

ഇതിനേക്കാൾ കടുപ്പമായി അധിക്ഷേപവും ഒച്ചയിടലും കളിയാക്കലും ഒക്കെ നേരിടുകയാണ് ഐ ടി ജീവനക്കാർ. വൻ ശമ്പളം വാങ്ങുന്നവർ എങ്ങനെയും ഒഴിഞ്ഞു പോയാൽ അഞ്ചിലൊന്ന് ശമ്പളത്തിൽ തുടക്കക്കാരെ വച്ച് ആ ജോലി ചെയ്യിപ്പിക്കാം എന്നതാണ് കമ്പനികൾ ലക്ഷ്യമിടുന്ന തന്ത്രം. മുൻ കാലങ്ങളിൽ ഇത്തരം തന്ത്രങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ ഏതു കമ്പനി എത്ര കാലം എന്ന വലിയ ചോദ്യം മുന്നിൽ നിൽക്കെ എന്ത് പറഞ്ഞാലും നിശബ്ദരായി അനുസരിക്കാനുള്ള വിവേകം കാട്ടുകയാണ്.

കാരണം തത്കാലം പിടിച്ചു നിൽക്കാൻ ഒരു ജോലി എന്നതാണ് ഇപ്പോൾ ഏവരുടെയും പ്രധാന ലക്ഷ്യം. എന്ത് ജോലിയും ചെയ്തു ജീവിക്കും എന്ന് പണ്ട് പറഞ്ഞ മുദ്രാവാക്യം പോസ്റ്റ് കോവിഡ് കാലഘട്ടത്തിൽ അത്ര വേഗം നടപ്പിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ചുരുക്കത്തിൽ ഉള്ള ജോലി കളയാതെ നോക്കുക, ''പണി പോയാൽ പണിയാകും '' എന്നതാണ് ഇക്കാലത്തെ കോവിഡ് സന്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP