Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വരുന്നു; ജോലി ചെയ്യുന്നവരിൽ കൂടുതൽ ഇരകളായതു പുരുഷന്മാർ; ടാക്സി, ബസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ, ഷെഫ് എന്നിവരുടേത് ഉയർന്ന മരണ നിരക്ക്; ഈ രംഗത്തും കെയർ ഹോമിലും ജോലി ചെയ്യു ന്നവർ മുൻകരുതൽ എടുക്കണമെന്ന് മുന്നറിയിപ്പ്; സാമൂഹ്യ വ്യാപനമെന്ന മരണ കെണിയിൽ യുകെ മലയാളികൾ വീണില്ലെന്നു സൂചന

കോവിഡിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വരുന്നു; ജോലി ചെയ്യുന്നവരിൽ കൂടുതൽ ഇരകളായതു പുരുഷന്മാർ; ടാക്സി, ബസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ, ഷെഫ് എന്നിവരുടേത് ഉയർന്ന മരണ നിരക്ക്; ഈ രംഗത്തും കെയർ ഹോമിലും ജോലി ചെയ്യു ന്നവർ മുൻകരുതൽ എടുക്കണമെന്ന് മുന്നറിയിപ്പ്; സാമൂഹ്യ വ്യാപനമെന്ന മരണ കെണിയിൽ യുകെ മലയാളികൾ വീണില്ലെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒടുവിൽ കഴിഞ്ഞ രണ്ടു മാസമായി യുകെയിൽ കോവിഡ് മൂലം മരിച്ചവരുടെ കണക്കുകളിൽ നിന്നും ചില സൂചനകളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്ത് വന്നിരിക്കുന്നു. മരിച്ചവരിൽ ജോലി ചെയ്തിരുന്ന ആളുകളുടെ കണക്കെടുക്കുമ്പോൾ പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ തന്നെ സാമൂഹ്യമായി ഏറ്റവും അധികം ആളുകളുമായി ബന്ധപ്പെടേണ്ടി വരുന്ന ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരാണ് മരിച്ചവരിൽ അധികവും.

ഈ മൂന്നു മേഖലയിലും ആയിരക്കണക്കിന് മലയാളി പുരുഷന്മാരും ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഭാഗ്യവശാൽ ഇതുവരെ മലയാളികളിൽ മരിച്ചവരിൽ ഈ രംഗത്ത് ജോലി ചെയ്തിരുന്ന ആരും തന്നെയില്ല എന്നതാണ് ലഭ്യമായ വിവരം. എന്നാൽ ഈ രംഗത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ നിശ്ചയമായും മുൻകരുതൽ എടുക്കണമെന്ന മുന്നറിയിപ്പും കൂടിയാണ് ഇപ്പോൾ മുന്നിൽ എത്തുന്നത്. എന്നാൽ നിലവിൽ ഈ രംഗത്തു നിന്നും ഇരകളായി മലയാളികൾ ഇല്ലാത്തതും ആശ്വാസമാണ്. അതിനർത്ഥം സാമൂഹ്യ വ്യാപനത്തിന്റെ പിടിയിൽ നിന്നും യുകെ മലയാളികൾ ഏറെക്കുറെ മോചിതർ ആയിരുന്നുവെന്നു തന്നെയാണ്.

ടാക്സി ഡ്രൈവർമാർ എന്നിവരുടെ കണക്കിൽ ഒരു ലക്ഷം പേരിൽ 36.4 എന്ന മരണ നിരക്കാണ് പുറത്തു വരുന്നത്. ഇത് ബസ് ഡ്രൈവർമാരിൽ എത്തുമ്പോൾ 26.4 ശതമാനായി കുറയുന്നുണ്ട്. എന്നാൽ ഷെഫുമാരുടെ കണക്കെടുക്കുമ്പോൾ 35.9 ആണ് മരണ നിരക്ക്. ലണ്ടനിൽ മരിച്ച ഒരു മലയാളിയാണ് ഇതുവരെ ഷെഫുമാരുടെ കൂട്ടത്തിൽ കോവിഡ് ബാധിച്ച പട്ടികയിൽ ഉൾപ്പെടുന്നത്. കടകളിലും മറ്റും ജോലി ചെയ്യുന്നവരിൽ 19.8 ശതമാനവും കോവിഡ് മരണത്തിന് ഇരയായിട്ടുണ്ട്. പുരുഷന്മാരിൽ ഇങ്ങനെ ഒരു കണക്കു ലഭിക്കുമ്പോൾ സ്ത്രീകളിൽ മരിച്ചവരിൽ പ്രത്യേക ഒരു തൊഴിൽ ചെയ്യുന്നവർ എന്ന നിലയിൽ ഒരു സൂചന ലഭിക്കുന്നില്ല എന്നാണ് സർക്കാർ വെളിപ്പെടുത്തുന്നത്. എന്നാൽ കെയർ, സേവന മേഖലയിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ മരണപ്പട്ടികയിൽ മുന്നിൽ ഉണ്ടെന്ന സൂചനയും ലഭ്യമാണ്. ഈ പട്ടികയിൽ ഏഷ്യൻ, ആഫ്രിക്കൻ വംശജർ എന്ന കൂടുതൽ സൂക്ഷ്മമായ കണക്കുകൾ നിലവിൽ ലഭ്യമല്ല.

ആശുപത്രികൾ പൊതുവെ സുരക്ഷിതം

യുകെ മലയാളികൾ ഏറെ ആശങ്കയോടെ കണ്ടിരുന്നത് ആശുപത്രികളിൽ നിന്നും കോവിഡ് രോഗം മലയാളികളുടെ വീട്ടിലേക്കു എത്തും, അതുവഴി മരണവും കടന്നുവരുമെന്നാണ്. ആ ആശങ്ക തികച്ചും ന്യായവും ആയിരുന്നു. എന്നാൽ ഫലത്തിൽ സംഭവിച്ചത് മറിച്ചാണ്. ഇതുവരെ ലഭ്യമായ കണക്കിൽ യുകെ മലയാളികൾക്കിടയിൽ ആശുപത്രി സേവനത്തിനിടയിൽ മരിച്ചത് രണ്ടു നഴ്‌സുമാരാണ്. പതിനായിരക്കണക്കിന് യുകെ മലയാളി നഴ്‌സുമാർ യുകെയിൽ ഉള്ള സാഹചര്യത്തിൽ പൂർണമായും ആശ്വാസം പകരുന്ന കണക്കാണിത്. ഈ രണ്ടു പേർക്കും വേറെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നതും കോവിഡ് മരണത്തെ കൂടുതൽ യാഥാർഥ്യ ബോധ്യത്തോടെ നേരിടാൻ യുകെ മലയാളികളെ പ്രാപ്തമാക്കുകയാണ്.

ആശുപത്രികളിൽ പിപിഇ കിറ്റുകൾ ലഭ്യമല്ലെന്ന വ്യാപകമായ പരാതികൾ ഉണ്ടായിരുന്നെങ്കിലും പൊതുവെ ശാസ്ത്രീയമായ രീതികൾ അവലംഭിക്കുന്ന എൻഎച്ച്എസിലെ സാഹചര്യം ജീവനക്കാരെ മരണക്കെണിയിൽ എത്തിക്കുന്നതിൽ ഒരു പരിധി വരെ സഹായമായി എന്നും ഇപ്പോൾ സർക്കാർ പുറത്തു വിട്ട ഇനം തിരിച്ച കണക്കിന്റെ വെളിച്ചത്തിൽ കണ്ടെത്താനാകും. നൂറു കണക്കിന് ബസ് ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ, സെക്യൂരിറ്റിക്കാർ എന്നിവർ മരിച്ചു വീണപ്പോൾ നേരിട്ട് രണ്ടേകാൽ ലക്ഷം രോഗികളെ നേരിട്ട് കൈകാര്യം ചെയ്ത എൻഎച്ച്എസിൽ 200 പേരിൽ താഴെ മാത്രമാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. ഒരു പക്ഷെ മനുഷ്യ സാധ്യമായ എല്ലാ തരത്തിലും പ്രവർത്തിക്കാൻ സജ്ജമായ ഒരു സിസ്റ്റം എൻഎച്ച്എസിൽ ഉണ്ടായതും ജീവനക്കാരുടെ മരണം കൈവിട്ടു പോകാത്ത തരത്തിൽ പിടിച്ചു നിർത്താൻ സഹായകമായിട്ടുണ്ടാകാം.

മരണക്കെണിയായതു കെയർ ഹോമുകൾ

കോവിഡ് വ്യാപന കാലത്തു കാര്യമായി ആരും ശ്രദ്ധിക്കപ്പെടാതെ പോയ രംഗമാണ് കെയർ ഹോമുകൾ. രോഗികൾ നേരിട്ട് എത്തുന്നത് ആശുപത്രിയിൽ ആയതിനാൽ എല്ലാ കണ്ണുകളും എൻഎച്ച്എസിലേക്ക് ആയിരുന്നു. സ്വാഭാവികമായും മലയാളികളും കെയർ ഹോമുകളെ വെറുതെ വിടുക ആയിരുന്നു. അതിനു വലിയ വിലയാണ് യുകെ മലയാളി സമൂഹം നൽകേണ്ടി വന്നിരിക്കുന്നത്. ഇതുവരെ യുകെ മലയാളികളെ വിട്ടു പോയ 12 മരണങ്ങളിൽ നേരിട്ടും പരോക്ഷമായും കെയർ ഹോമിൽ നിന്നും രോഗബാധ ഉണ്ടായത് അഞ്ചു പേർക്കാണ്. ജീവനക്കാർ ആയതു വഴിയോ പങ്കാളി കെയർ ഹോമിൽ ജോലി ചെയുന്നത് വഴിയോ ആണ് ഈ മരണങ്ങൾ യുകെ മലയാളികളെ തേടി എത്തിയത്. എൻഎച്ച്എസിൽ ഉണ്ടായതിന്റെ ഇരട്ടിയിലേറെ മലയാളികൾ കെയർ ഹോമുകളിൽ നിന്നും കോവിഡ് ബാധയിൽ ജീവൻ നഷ്ടമായി. രോഗം ബാധിച്ചവരിലും ഇതേ അനുപാതത്തിൽ തന്നെയാണ് കണക്കുകൾ എന്ന് വിവിധ നഗരങ്ങളിൽ നിന്നും മലയാളികൾ നൽകുന്ന സൂചനകൾ.

ആശുപത്രികളിൽ അപകടകരമായ വിധത്തിൽ മലയാളികളെ എത്തിച്ചത് കെയർ ഹോമുകൾ തന്നെയാണ്. വെന്റിലേറ്റർ സഹായത്തിൽ ജീവൻ തിരിച്ചു പിടിച്ചു വീടുകളിലേക്ക് മടങ്ങിയ മലയാളികളും കെയർ ഹോമിൽ നിന്നും തന്നെയാണ് കൂടുതൽ. ഇപ്പോൾ വെന്റിലേറ്ററിൽ അടക്കം ചികിത്സയിൽ കഴിയുന്നവരും കെയർ ഹോം ജീവനക്കാർ ഏറെയാണ്. അശാസ്ത്രീയമായ കോവിഡ് വ്യാപന, പ്രതിരോധ മാർഗമാണ് കെയർ ഹോമുകളിൽ എന്നതാകാം ഇതിനു കാരണം. ഭൂരിഭാഗം കെയർ ഹോമുകളും ജോലിക്കു ചെന്നില്ലെങ്കിൽ വേതനം നൽകില്ല എന്ന സാഹചര്യത്തിൽ പ്രമേഹവും ഹൃദയ സംബന്ധമായ അസുഖത്തിന് മരുന്നു കഴിക്കുന്നവരും ഒക്കെ റിസ്‌ക് എടുത്തു ജോലിക്കു എത്തിയതാണ് കെയർ ഹോമുകളിലും നഴ്‌സിങ് ഹോമുകളിലും ജോലി ചെയുന്ന മലയാളികളെ രോഗക്കിടക്കയിൽ വീഴ്‌ത്തിയത്.

ഇനിയെന്ത്? വീട്ടിൽ ഇരിക്കണോ ജോലി ചെയ്യണോ?

യുകെ മലയാളികളിൽ നല്ല പങ്കിനും സ്വന്തം ജീവനെ കുറിച്ച് കരുതലും ജാഗ്രതയും ഉള്ളവർ തന്നെയാണ്. കോവിഡിനെ കുറിച്ചുള്ള പൊതു ഭയം സ്വയം ഏറ്റെടുത്തു നൂറുകണക്കിന് മലയാളികളായ ബസ് ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും ഇപ്പോൾ ജോലി ചെയ്യുന്നില്ല. ഇതിൽ ടാക്സി വിഭാഗത്തിൽ ജോലി ചെയ്യുന്നവർ സ്വയം തൊഴിൽ ആണെന്ന കാരണത്താൽ സർക്കാർ നൽകുന്ന ആനുകൂല്യത്തിന് അർഹരുമാണ്. എന്നിട്ടും തങ്ങൾ സുരക്ഷിതരാണ് എന്ന ധാരണയിൽ ടാക്സിയുമായി വഴിയിൽ ഇറങ്ങിയ മലയാളികൾ കുറവല്ല. ഇവർ ചെയ്തത് ശരിയായ കാര്യമല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി കുറേപ്പേർ രോഗികൾ ആകുകയും പലർക്കും ആശുപത്രി ചികിത്സ തേടേണ്ടിയും വന്നിരിക്കുകയാണ്.

ഈ രംഗത്ത് ജോലി ചെയ്യുന്നവർ കൂടുതൽ രോഗ സാധ്യത ഉള്ളവരാണ് എന്ന് സർക്കാർ തന്നെ വെളിപ്പെടുത്തിയതിനാൽ രോഗ വ്യാപനം ഉയർന്നു തന്നെ നിൽക്കുന്ന ഈ സാഹചര്യത്തിൽ നിർബന്ധമായും വീട്ടിൽ ഇരിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് പുറത്തു വന്നിരിക്കുന്ന കണക്കുകൾ. ഇത്തരക്കാരിൽ പ്രമേഹമോ മറ്റു രോഗങ്ങളോ ഉണ്ടെങ്കിൽ ഒരു കാരണവശാലും ജോലി ചെയ്യരുത് എന്ന ഓർമ്മപ്പെടുത്താലും സർക്കാരിന്റെ കണക്കുകൾ അടിസ്ഥാനമാക്കി പറയാനാകും. ഇതേ മാനദണ്ഡം തന്നെയാണ് കെയർ ഹോമുകളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതും. ജോലി ചെയ്യാതെ ജീവിക്കാൻ സാധ്യമല്ലെന്ന സാഹചര്യം ആണെങ്കിൽ കെയർ ഹോമുകൾ ഉപേക്ഷിച്ച് അതേ ജോലി തന്നെ എൻഎച്ച്എസിൽ ചെയ്തു കൂടായെന്ന ചോദ്യവും ഉയർത്താൻ സമയമായിരിക്കുന്നു. ഇതിനു ഒറ്റ കാരണമേയുള്ളൂ, നിലവിലെ സാഹചര്യത്തിൽ കെയർ ഹോമുകളേക്കാൾ സുരക്ഷിതമാണ് എൻഎച്ച്എസ് ആശുപത്രികൾ എന്ന സത്യം.

മലയാളികൾക്കിടയിലെ കോവിഡ് രോഗികളുടെയും മരിച്ചവരുടെയും കണക്കെടുപ്പിലും എൻഎച്ച്എസ് ജീവനക്കാർ താരതമന്യേ കൂടുതൽ സുരക്ഷിതർ ആണെന്ന കാര്യമാണ് ഇപ്പോൾ കെയർ ഹോം, നഴ്‌സിങ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഓർമ്മിക്കേണ്ടതും. കെയർ ഹോമുകളിൽ തന്നെ കെയർ അസിസ്റ്റന്റുമാരായി ജോലി ചെയ്തവരാണ് നിലവിൽ രോഗബാധിതരായ മലയാളികളിൽ നല്ല പങ്കും എന്നതും ബ്രിട്ടീഷ് മലയാളി ലഭ്യമായ സ്രോതസുകൾ അടിസ്ഥാനപ്പെടുത്തി നടത്തുന്ന മറ്റൊരു വെളിപ്പെടുത്തലാണ്. ഒരു പക്ഷെ നഴ്‌സിങ് വിഭാഗം ജീവനക്കാരോളം ശ്രദ്ധ പിപിഇ ഉപയോഗത്തിലും മറ്റും കെയർ അസിസ്റ്റന്റ് ജീവനക്കാർ നൽകുന്നുണ്ടാവില്ല എന്നതും രോഗികളുടെ വ്യക്തി ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായികളായി എത്തുന്നതിലൂടെ കൂടുതൽ അടുത്തിടപഴകുന്ന ജോലി സാഹചര്യവും ആകാം കെയർ അസിസ്റ്റന്റ് ജോലി ചെയ്യുന്നവരെ കൂടുതൽ വേഗത്തിൽ കീഴ്പ്പെടുത്താൻ കോവിഡ് വൈറസിന് സാധ്യമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP