Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായ് കെഎംസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നു പി കെ അൻവർ നഹയെ മാറ്റി എളേറ്റിൽ ഇബ്രാഹിമിനെ നിയമിച്ചത് പാണക്കാട് തങ്ങൾ; കൊടപ്പനയ്ക്കൽ തറവാട് നേരിട്ട് ഇടപെട്ട നിയമനമായിട്ടും അസ്വസ്ഥതയും അസ്വാരസ്യവും പുകഞ്ഞു; ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിലും; വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാണക്കാട് അടിയന്തര യോഗം ചേർന്ന് ലീഗ് നേതാക്കൾ; പ്രവാസി ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയിലെ ഭിന്നിപ്പ് പൊട്ടിത്തെറിയിലേക്ക്

ദുബായ് കെഎംസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നു പി കെ അൻവർ നഹയെ മാറ്റി എളേറ്റിൽ ഇബ്രാഹിമിനെ നിയമിച്ചത് പാണക്കാട് തങ്ങൾ; കൊടപ്പനയ്ക്കൽ തറവാട് നേരിട്ട് ഇടപെട്ട നിയമനമായിട്ടും അസ്വസ്ഥതയും അസ്വാരസ്യവും പുകഞ്ഞു; ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിലും; വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാണക്കാട് അടിയന്തര യോഗം ചേർന്ന് ലീഗ് നേതാക്കൾ; പ്രവാസി ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയിലെ ഭിന്നിപ്പ് പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയാണ് കെഎംസിസി ദുബായ് എന്നു വേണമെങ്കിൽ പറയാം. മുസ്ലീലീഗിന്റെ സാമ്പത്തി നട്ടെല്ലായി പ്രവർത്തിക്കുന്നതും ബൈത്തുറഹ്മ വീടു നിർമ്മാണ പദ്ധതി അടക്കം മികച്ച വിധത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഈ സംഘടനയ്ക്കുള്ള പങ്ക് വലുതാണ്. ആയിരക്കണക്കിന് ആളുകളെ സഹായിക്കുന്ന ഈ സന്നദ്ധ സംഘടന ദുബായിൽ എത്തുന്ന ഏതൊരു മലയാളിയുടെയും പ്രിയ സംഘടന കൂടിയാണ്. എന്നാൽ, അടുത്തകാലത്തായി കെഎംസിസി ദുബായിയിൽ നിന്നും പുറത്തുവരുന്നത് അത്ര നല്ല വാർത്തകൾ അല്ല.

അധികാരത്തിന് വേണ്ടി നേതാക്കൾ കടിപിടികൂടുന്ന കാഴ്‌ച്ചയാണ് ഈ സംഘടനയിൽ ഇപ്പോൾ നിലനിൽക്കുന്നത്. ഭിന്നത മൂർച്ഛിച്ച് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ച സംഭവമാണ് പുറത്തായത്. വിഭാഗീയത ആരോപിച്ച് പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതയാണ് ഒടുവിൽ കൂട്ടത്തല്ലിൽ എത്തിയത്. ഇന്ത്യൻ യൂണിയൻ മുസ് ലീഗിന്റെ പ്രവാസലോകത്തെ പോഷക സംഘടനയാണ് കെഎംസിസി. സംഘടനയുടെ ദുബായ് ആസ്ഥാനത്താണു ഭാരവാഹികൾ തമ്മിൽ കൂട്ടത്തല്ല് നടന്നത്. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് അടി നടന്നത്. സംഭവത്തിന്റെ വീഡിയോ യോഗത്തിൽ പങ്കെടുത്തവർ തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായതോടെ നാണക്കേടിലായി ലീഗ് നേതാക്കളും. പ്രശ്‌നം പരിഹരിക്കാൻ വേണ്ടി തീവ്രശ്രമങ്ങൾ തുടരുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളിൽ ചിലരെ നേതൃത്വം മനപ്പൂർവം അവഗണിക്കുന്നു എന്നാരോപിച്ച് അൽ ബറഹയിലിലെ ആസ്ഥാനത്താണ് കൂട്ടയടി നടന്നത്. കഴിഞ്ഞ ആറു മാസമായി ദുബായ് കെഎംസിസിയിൽ അസ്വസ്ഥത നിലനിൽക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദുബായ് കെഎംസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നു പി.കെ.അൻവർ നഹയെ ഒഴിവാക്കി എളേറ്റിൽ ഇബ്രാഹിമിനെയും സെക്രട്ടറിയായി മുസ്തഫ വേങ്ങരയെയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതോടെയാണ് ഇത്. എന്നാൽ, ഈ നിയമനങ്ങൾ അംഗീകരിക്കാൻ ഒരു കൂട്ടം ആളുകൾ തയ്യാറായില്ല.

തിരഞ്ഞെടുപ്പു കൂടാതെയുള്ള ഈ നിയമനത്തിൽ നേതാക്കളിലും പ്രവർത്തകരിലും വലിയൊരു ശതമാനം പേർ അസ്വസ്ഥരായിരുന്നു. ഇരു ചേരികളിലായി നിലയുറപ്പിച്ച ഇവർ മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയിരുന്നു. എന്നാൽ അതെല്ലാം അകത്ത് തന്നെ ഒതുക്കി വയ്ക്കാൻ സാധിച്ചു. ഏകപക്ഷീയമായുണ്ടായ ഈ തീരുമാനത്തിനെതിരെ തുടക്കംമുതൽ വിമത ശബ്ദങ്ങൾ ഉയർന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ ശമിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. എന്നാൽ പല ഘട്ടങ്ങളിലും അഭിപ്രായ ഭിന്നത സംഘർഷങ്ങളിലേക്ക് വഴിവച്ചിരുന്നു.

ചിലരെ നേതൃത്വം അവഗണിക്കുന്നെന്നാണ് ഉയരുന്ന ആരോപണം. ഇത് മൂന്നാം തവണയാണ് സമാന വിഷയത്തിൽ യോഗം അലങ്കോലപ്പെടുന്നത്. അതെ സമയം കെഎംസിസി യോഗത്തിൽ ഇത്തരം ബഹളങ്ങൾ പതിവാണെന്നും അടിപിടി നടന്നിട്ടില്ലെന്നും ബഹളം മാത്രമാണ് ഉണ്ടായതെന്നും ഇത് ആരോ ചോർത്തി പത്രങ്ങൾക്കു നൽകിയതാണ് ഇഷ്യൂ ആയതെന്നു ഒരു കെഎംസിസി പ്രതിനിധി പറഞ്ഞു. ഗൗരവം മനസിലാക്കിയിട്ടും പ്രശ്‌ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നു കാര്യമായ ശ്രമം നടക്കാത്തത് കൂട്ടത്തല്ലിലെത്താൻ കാരണമായെന്ന് ഭാരവാഹികളിൽ ചിലർ തുറന്നുപറയുന്നു. പ്രശ്‌നം ഇനിയും പരിഹരിച്ചില്ലെങ്കിൽ വരും യോഗങ്ങളിലും കലഹമുണ്ടാകുമെന്നാണ് ആശങ്ക.

അതിനിടെ കെഎംസിസിയിലെ കൂട്ടത്തല്ല് വാർത്ത ആയതോടെ തർക്കവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾ പാണക്കാട്ട് അടിയന്തരയോഗം ചേർന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ചർച്ച ചെയ്യാനാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ യോഗം ചേർന്നത്. പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നാണ് കെഎംസിസി. നാട്ടിലും ഗൾഫിലുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സിഡിഎ)യുടെ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP