Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

രണ്ടു പകലും ഒരു രാത്രിയും നീണ്ട ദുരിതയാത്ര; അമ്മയുടെ അന്ത്യകർമ്മം ചെയ്യാൻ പുറപ്പെട്ട കുടുംബം അടക്കം ഡൽഹിയിൽ കുടുങ്ങി; തോന്നിയ പോലെ കോവിഡ് പ്രോട്ടോകോൾ വന്നപ്പോൾ കൈക്കുഞ്ഞുങ്ങൾ അടക്കം വിഷമത്തിലായത് നൂറോളം യാത്രക്കാർ; ആരും തിരിഞ്ഞു നോക്കിയില്ല, പിടിച്ചു നിർത്തിയത് മലയാളികളെ മാത്രം; ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ സംഭവിച്ചത്

രണ്ടു പകലും ഒരു രാത്രിയും നീണ്ട ദുരിതയാത്ര; അമ്മയുടെ അന്ത്യകർമ്മം ചെയ്യാൻ പുറപ്പെട്ട കുടുംബം അടക്കം ഡൽഹിയിൽ കുടുങ്ങി; തോന്നിയ പോലെ കോവിഡ് പ്രോട്ടോകോൾ വന്നപ്പോൾ കൈക്കുഞ്ഞുങ്ങൾ അടക്കം വിഷമത്തിലായത് നൂറോളം യാത്രക്കാർ; ആരും തിരിഞ്ഞു നോക്കിയില്ല, പിടിച്ചു നിർത്തിയത് മലയാളികളെ മാത്രം; ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ സംഭവിച്ചത്

കെ ആർ ഷൈജുമോൻ

ലണ്ടൻ: മിനിഞ്ഞാന്ന് രാത്രി എയർ ഇന്ത്യ 112 വിമാനം പുറപ്പെട്ടത് തന്നെ ശകുനപ്പിഴയോടെ. ഒരു മണിക്കൂറോളം വൈകി പുറപ്പെട്ട വിമാനം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത് ഇന്നലെ രാവിലെ പതിനൊന്നു മണിക്ക്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ള നൂറോളം പേരുള്ള മലയാളി യാത്രക്കാർ ഇമിേ്രഗഷൻ നടപടിക്കായി എത്തിയപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി. കൊച്ചി വിമാനത്തിൽ പോകാനുള്ളവർ മാറിനിൽക്കണമെന്നു ഉഗ്രശാസന. വിമാനം വൈകിയതിനാൽ 11.10 നല്ല കണക്ഷൻ ഫ്ളൈറ്റ് നഷ്ടമായി എന്നുറപ്പായി. അതുകാരണം ഉള്ള എന്തെകിലും ക്രമീകരണം ആയിരിക്കും എന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ അവരുടെ തലയിലേക്ക് ഇടിത്തീ പോലെ ഒരു വാർത്ത ആണെത്തിയത് . ''യുകെ വിമാനത്തിൽ വന്നവർ മുഴുവൻ ഏഴു ദിവസം ഡൽഹിയിൽ ക്വറന്റീനിൽ കഴിയണം. ഓരോ യാത്രക്കാരും വീണ്ടും പിസിആർ ടെസ്റ്റ് ചെയ്യണം. റിസൾട് വരാൻ പത്തുമണിക്കൂർ വരെ സമയം എടുത്തേക്കാം, അതിനായി ലോഞ്ചിൽ ഇരിക്കുന്ന സമയത്തിനുള്ള യൂസേഴ്‌സ് ഫീ അടക്കം 3400 രൂപയും അടക്കണം''. ഇത്തരത്തിൽ ഉഗ്രശാസനകൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. എന്നാൽ പണം അടച്ചാലും ഏതാനും ദിവസത്തെ അത്യാവശ്യ കാര്യങ്ങളാക്കായി പുറപ്പെട്ട തങ്ങൾ ഏഴു ദിവസം ഡൽഹിയിൽ കഴിയണം എന്ന് പറയുന്നത് ഒരു തരത്തിലും യാത്രക്കാർക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല.

മർക്കട മുഷ്ടിയുമായി എയർപോർട്ട് പൊലീസ്, ഒന്നും ചെയ്യാനില്ലെന്നു കേരളത്തിലെ രാഷ്ട്രീയക്കാർ

തങ്ങൾ കുടുങ്ങി എന്നുറപ്പായ യാത്രക്കാർ ബഹളം വയ്ക്കാൻ ആരംഭിച്ചു. സ്ഥിതിഗതികൾ വഷളാകുന്നു എന്ന് കണ്ടതോടെ പലരും നാട്ടിലേക്കും യുകെയിലേക്കും വിളി തുടങ്ങി. യുകെയിൽ ഉള്ളവർ വെപ്രാളപ്പെട്ട് തലങ്ങും വിലങ്ങും മന്ത്രിമാരെയും എംപിമാരെയും ഡൽഹി ഭരണകൂടത്തിൽ പിടിപാടുള്ളവരെയും ഒക്കെ വിളിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം ലണ്ടൻ - കൊച്ചി വിമാനത്തിനായി രൂപമെടുത്ത ജനകീയ സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ് ഒരു ഹെല്പ് ലൈൻ ഡെസ്‌ക് പോലെ പ്രവർത്തനം ആരംഭിച്ചു. ഡൽഹിൽ ഉള്ള മാധ്യമപ്രവർത്തകർ വഴിയാണ് പ്രധാനമായും ഈ ഹെൽപ്പ് ഡെസ്‌ക് വഴി യുകെ മലയാളികളിൽ വിവരമെത്തിയത്. ഇത്തരം സാഹചര്യങ്ങൾ ഉണർന്നു പ്രവർത്തിക്കാൻ ബാധ്യതയുള്ള യുകെ മലയാളികൾക്ക് വേണ്ടി കേരള സർക്കാരിന്റെ മുഖമായി പ്രത്യക്ഷപ്പെടുന്ന ലോക് കേരള സഭ അംഗങ്ങളെയൊന്നും വിഷയത്തിൽ ഇടപെട്ട് കണ്ടതുമില്ല.

പക്ഷെ പ്രതീക്ഷ കളയാതെ യുകെയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെ ഓരോ ഫോൺകോളും പതിവ് പോലെ കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനിൽ ചെന്നെത്തി നിന്നു. പതിവ് പോലെ ഇത്തരം അത്യാവശ്യ സന്ദർഭങ്ങളിൽ പറയാനുള്ള റെക്കോർഡ് ശബ്ദം പോലെയുള്ള ന്യായീകരണങ്ങൾ സർക്കാരിൽ നിന്നും പ്രതിപക്ഷ നേതാക്കളിൽ നിന്നും മുറപോലെ എത്തി തുടങ്ങി. എന്തെങ്കിലും സാങ്കേതിക ന്യായം പറയാൻ അറിയുന്നവർ അതിലും മിടുക്കു കാട്ടി. എന്നാൽ ഭരണകേന്ദ്രത്തിലെ ഒരു മിടുക്കൻ കേരളത്തിൽ രാത്രിയായപ്പോഴും യുകെയിൽ നിന്നും വിളിച്ച പാർട്ടി അനുഭാവിയോട് ചോദിച്ചത് ഡൽഹിയിൽ കുടുങ്ങിയിരിക്കുന്ന ആരുടെയെങ്കിലും നമ്പർ നൽകണമെന്ന്. അതിനർത്ഥം മുഴുവൻ വാർത്ത ചാനലുകളും ലൈവ് ആയി എയർപോർട്ടിൽ നിന്നും വിഷയം റിപ്പോർട്ട് ചെയ്തിട്ടും ഉത്തരവാദപ്പെട്ടവർ അതൊന്നും അറിഞ്ഞതേയില്ല.

യാത്രക്കാരും പറയുന്നു, ആരും സഹായത്തിനെത്തിയില്ല

ഭരണ സിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ വാക്കുകൾ അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ഡൽഹി എയർപോർട്ടിൽ നിന്നും പുലർച്ചെയും ലഭിക്കുന്ന വിവരം. അതായതു തൊട്ടരികെ കേരള ഹൗസ് എന്ന പേരിൽ കേരളത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനം ഉണ്ടായിട്ടും വിളിപ്പാടകലെ നിന്നും ഒരാൾ പോലും എത്തിനോക്കിയില്ല. മലയാളി ക്ഷേമത്തിനായി ലക്ഷങ്ങൾ നൽകി മുൻ എംപിക്ക് റസിഡന്റ് കമ്മീഷണർ പദവി നൽകിയിട്ട് അദ്ദേഹവും ഇപ്പോൾ കേരളത്തിൽ താനെയാണെന്നാണ് സൂചന. എയർപോർട്ട് സംഭവം അറിയിക്കാൻ വിളിച്ചവർക്ക് അദ്ദേഹം ഫോൺ എടുക്കുന്നില്ല എന്നും മറുപടി കിട്ടി. ഇതിനിടയിൽ അദ്ദേഹത്തെ മറ്റൊരു വിഷയത്തിൽ ചാനൽ ചർച്ചയിൽ കണ്ടതായും യുകെ മലയാളികൾ ഫേസ്‌ബുക്കിൽ കുറിച്ചത് പ്രവാസി സമൂഹത്തോട് ആപത് ഘട്ടത്തിൽ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മക്കു ഒന്നാന്തരം തെളിവുമായി.

ഏതെങ്കിലും ഉത്തരവാദപ്പെട്ടവർ തങ്ങൾക്കു വേണ്ടി സംസാരിക്കാൻ എത്തിയിരുനെങ്കിൽ ഇത്രയും വിഷമം ഇല്ലായിരുന്നു എന്നാണ് മാഞ്ചസ്റ്റർ സ്വദേശിയായ യാത്രക്കാരൻ പറഞ്ഞത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് എംപി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇടപെട്ടാണ് ഒടുവിൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായതെന്ന് പറയുമ്പോഴും ആരും തങ്ങളെ വിളിച്ചു പോലുമില്ലെന്നാണ് യാത്രക്കാർക്ക് വേണ്ടി ലെസ്റ്ററിൽ നിന്നും യാത്ര ചെയ്ത ഒരു വിദ്യാർത്ഥിനി പറഞ്ഞത്. തങ്ങളുടെ കൂട്ടത്തിൽ ആരെയെങ്കിലും വിളിച്ചു കാര്യങ്ങൾ തിരക്കണമായിരുന്നു എന്നും യാത്രക്കാർ ഒരുപോലെ പരാതി പറയുന്നു.

അമ്മയെ കാണാൻ പുറപ്പെട്ട മകൻ, അനിശ്ചിതത്വവും നീണ്ടപ്പോൾ തന്നെ കാക്കേണ്ടെന്നു മറുപടി

ഏക മകനാണ്. അമ്മയുടെ അന്ത്യകർമ്മത്തിൽ എങ്കിലും പങ്കെടുക്കണം എന്ന ആഗ്രഹത്തോടെ കിട്ടിയ വിമാനത്തിൽ പുറപ്പെട്ടതാണ്. തനിക്കു സമയത്തിന് നാട്ടിൽ എത്താൻ കഴിഞ്ഞേക്കില്ല എന്നായപ്പോൾ സഹായം തേടി നിലവിളിയുടെ ശബ്ദത്തിലാണ് അദ്ദേഹത്തിന്റെ വോയ്സ് റെക്കോർഡ് മെസേജ് യുകെ മലയാളികളെ തേടിയെത്തിയത്. അതോടെ എങ്ങനെയും ഏവരെയും നാട്ടിലെത്തിക്കാൻ കഴിയുന്നവരൊക്കെ ശ്രമം തുടങ്ങി. എന്നാൽ മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയതല്ലാതെ ഒന്നും നടന്നില്ല. മലയാളികളോട് എന്തും ആകാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഗോസായി ഭാവം ഉദ്യോഗസ്ഥരിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ സ്ത്രീകൾ മുൻകൈ എടുത്തു തങ്ങൾ ഒരു കാരണവശാലും ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ആകെ ആശയക്കുഴപ്പമായി. ഇതിനിടയിൽ യാത്രക്കാർ , അതും യുകെയിൽ നിന്നും എത്തുന്നവർ മാത്രം അനുസരിക്കേണ്ട കോവിഡ് പ്രോട്ടോകോളുകൾ ഡൽഹി സർക്കാരും ഡൽഹി എയർപോർട്ട് അധികൃതരും മത്സരിച്ചു പ്രസിദ്ധീകരിച്ചു തുടങ്ങി.

എന്നാൽ ഇതൊക്കെ ഇവിടെ എത്തുമ്പോളാണോ പറയുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല. ഒടുവിൽ അമ്മയെ കാണാൻ പുറപ്പെട്ട മകനെ തേടി കോട്ടയത്ത് നിന്നും നിരന്തരം വിളികൾ വന്നതോടെ ഇനി കാക്കണ്ട , നിങ്ങൾ ചടങ്ങു നടത്തിക്കൊള്ളൂ എന്നദ്ദേഹം നിലവിളിയോടെ പറഞ്ഞത് കൂടി നിന്നവരുടെയെല്ലാം സങ്കടമായി മാറി. അവസാനം ഇന്നലെ അർധരാത്രിയോടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത വിമാനത്തിൽ പോകാം എന്നായതോടെ ഇന്ന് രാവിലെയുള്ള വിമാനത്തിൽ ഈ കുടുംബത്തെ അയക്കാൻ മറ്റുള്ളവരും സ്വയം ഒഴിഞ്ഞു കൊടുക്കുക ആയിരുന്നു. ഇന്ന് രാവിലെ 11.10 നു പുറപ്പെടുന്ന ഈ വിമാനം രണ്ടേകാലിനാണ് കൊച്ചിയിൽ എത്തുക. തുടർന്ന് കോവിഡ് ടെസ്റ്റും കഴിഞ്ഞു അദ്ദേഹത്തിന് വീട്ടിലെത്തി അമ്മയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാകുമോ എന്ന് വ്യക്തമല്ല.

ഡൽഹിക്കാരെ രക്ഷിക്കാനെന്ന് കെജ്രിവാൾ, ഹോട്ടലുകാരെ രക്ഷിക്കാനാണോ എന്ന് യാത്രക്കാർ

കോവിഡ് പിടിവിടുന്ന യുകെയിൽ നിന്നും എത്തുന്നവർ ഡൽഹിയിൽ ഒരാഴ്ച തങ്ങണം എന്ന നിർബന്ധ ബുദ്ധി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തു വിടുന്നത് ഡൽഹി വിമാനം എത്തുന്നതിനു തൊട്ടു മുൻപ്. ഇതെന്തു ന്യായം എന്ന് യാത്രക്കാർ ചോദിച്ചതിന് ആർക്കും ഉത്തരമില്ലായിരുന്നു. ഡൽഹിക്കാരെ രക്ഷിക്കാനാണ് ഈ നടപടിയെന്നു തുഗ്ലക്ക് ന്യായം പിന്നീട് മുഖ്യമന്ത്രി അവതരിപ്പിച്ചു. എന്നാൽ ഓരോ ദിവസവും ആയിരക്കണക്കിന് രൂപ വാടകയുള്ള മുറി കെട്ടിയേല്പിച്ചു ഹോട്ടലുകാർക്കു കച്ചവടത്തിനുള്ള കള്ളക്കളി ആയിരുന്നു ഇന്നലെ നടന്നതെന്നും യാത്രക്കാരും ആരോപിക്കുന്നു.

സമാന തരത്തിൽ ഉള്ള ആരോപണം ഡിസംബർ 23 നു പുറപ്പെട്ട ഹീത്രോ - കൊച്ചി വിമാനത്തിലെ യാത്രക്കാർക്കും ഉണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് റിസൾട്ടിനായി ഹോട്ടൽ മുറിയിൽ കാത്തിരിപ്പു നടത്തിയതിനു 6000 രൂപവരെയാണ് അന്ന് യാത്ര ചെയ്തവർ നൽകേണ്ടി വന്നത്. നൂറുകണക്കിന് യാത്രക്കാർക്കായി കളമശേരി കോവിഡ് സെന്ററിൽ മാത്രമാണ് ടെസ്റ്റ് നടത്തിയത്. എന്നാൽ ഈ ടെസ്റ്റ് രണ്ടോ മൂന്നോ സ്ഥാലത് നടത്തിയിരുന്നെകിൽ സമയ ലാഭവും യാത്രക്കാർക്ക് പണലാഭവും ഉണ്ടാകുമായിരുന്നെന്നു അന്ന് യാത്ര ചെയ്തവരും മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. പുര കത്തുമ്പോൾ തന്നെ വാഴ വെട്ടാൻ നമ്മുടെ നാട്ടിൽ ഉള്ളവർക്ക് നന്നായി അറിയാം എന്നാണ് രസികനായ ലണ്ടനിൽ നിന്നുള്ള ഒരു യാത്രക്കാരൻ ചൂണ്ടിക്കാട്ടിയത് .

വേർതിരിവ് മലയാളികളോട് മാത്രം, കാരണം വ്യക്തമല്ല

ഇന്നലെ ലാൻഡ് ചെയ്ത വിമാനത്തിൽ ആകെ യാത്രക്കാർ 250. അതിൽ മലയാളികൾ 96. ശേഷിക്കുന്ന 154 യാത്രക്കാരും കാബിൻ ക്രൂവും പുഷ്പം പോലെ കടന്നു പോയപ്പോൾ മലയാളി സംഘം മാത്രമാണ് പ്രയാസത്തിൽ അകപ്പെട്ടത്. മറ്റുള്ളവർക്കു ഡൽഹി സർക്കാരിന്റെ നിയമം ബാധകമാകാതിരുന്നത് എന്തുകൊണ്ട്? ഈ ചോദ്യം യാത്രക്കാർ തമ്മിൽ തമ്മിൽ ചോദിച്ചതല്ലാതെ കേരളത്തിൽ നിന്നും ഒരാൾ പോലും ഡൽഹി ഭരണകൂടത്തോട് ചോദിക്കാൻ തയാറായില്ല . ഒരുപക്ഷെ കോവിഡ് അടങ്ങും വരെ യുകെ മലയാളികൾ കേരളത്തിൽ എത്താൻ നോക്കിയാൽ ഇത്തരം പ്രയാസങ്ങൾ കൂടി അനുഭവിക്കാൻ തയ്യറായിക്കോള്ളൂ എന്ന രഹസ്യ സന്ദേശമാണോ കേരള സർക്കാർ നല്കാൻ ഉദ്ദേശിക്കുന്നതെന്നു ക്ഷുഭിതനായി ചെറുപ്പക്കാരായ യാത്രക്കാർ ലൈവ് വിഡിയോകൾ വഴി ചോദിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പാസ്പോർട്ടും ലഗ്ഗേജ്ജും പിടിച്ചു വച്ചിരിക്കുന്നത് എന്തിനു എന്ന് ചോദിച്ചു പലവട്ടം യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം വരെയുണ്ടായി. ഈ ഘട്ടത്തിൽ എല്ലാം എയർപോർട്ട് പൊലീസ് ധിക്കാരപരമായ പെരുമാറ്റമാണ് യാത്രക്കാരോട് കാട്ടിയതു. ഒടുവിൽ ഇന്നലെ രാത്രി വൈകയാണ് യാത്രക്കാർക്ക് പാസ്‌പോര്ട് കൈമാറ്റം ചെയ്തത് .

വാർത്തകളോട് അമര്ഷവുമായി മലയാളികൾ

എയർപോർട്ടിൽ സമര തുല്യ സാഹചര്യം ഉടലെടുത്തതോടെ ദേശീയ മാധ്യമങ്ങളും കേരളത്തിൽ നിന്നുള്ള ചാനൽ സംഘങ്ങളും എയർപോർട്ടിൽ എത്തി ലൈവ് വാർത്തകൾ നൽകിക്കൊണ്ടിരുന്നു. ഈ വാർത്തകൾ നൽകിയ ചലനം മൂലമാണ് ഡൽഹി കുടുങ്ങിയ 96 മലയാളികളും ഇന്ന് വൈകിട്ടോടെ എങ്കിലും വീട്ടിൽ എത്തിചെരുക. അതിനിടെ ചാനലുകൾ നൽകിയ വാർത്തകളുടെ യുട്യൂബ് ലിങ്കിനു താഴെ എത്തിയ കേരളത്തിൽ നിന്നുള്ളവരുടെ കമന്റുകൾ ആയിരുന്നു ഏറെ രസകരം . പതിവ് പോലെ ഇത്തവണയും പ്രവാസികൾ അവർക്കു മുന്നിൽ കുറ്റക്കാരായി മാറി . എന്തിനു ഇങ്ങോട്ടു ഇപ്പോൾ വരുന്നു എന്നത് തുടങ്ങി തരംതാണ ഭാഷയിൽ ഉള്ള കമന്റുകൾ വരെ എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാരെ തേടിയെത്തി .

പ്രവാസി കഷ്റ്റപെടുന്ന പണത്തിന്റെ ഓഹരി പറ്റുന്നവരായാലും ഉറ്റവരെയും ഉടയവരെയും അവസാനമായി കാണാൻ എത്തുന്നവരോട് പോലും മലയാളി സമൂഹത്തിന്റെ പെരുമാറ്റം ഏതു വിധത്തിൽ ആണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഡൽഹി എയർപോർട്ട് സംഭവ വികാസങ്ങൾ . പ്രളയവും ദുഃഖവും ദുരിതവും ഉണ്ടാകുമ്പോൾ ഒക്കെ നാട്ടിലുള്ളവരെ സ്വന്തവും ബന്ധവും ഒന്നും നോക്കാതെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരോടാണ് ഒരവസരം കിട്ടുമ്പോൾ വാക്കുകൾ കൊണ്ട് ആഴമുള്ള മുറിവുകൾ തീർക്കാൻ മലയാളികളിൽ ഒരു വിഭാഗം ശ്രമിക്കുന്നതെന്നത് ഇത്തവണയും ആവർത്തിക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP