Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202329Sunday

പുൽവാമ ഭീകരാക്രമണത്തിൽ ജന്മനാടിനോടുള്ള സ്‌നേഹം രോഷാഗ്നിയാക്കി ബ്രിട്ടനിലെ ഇന്ത്യക്കാർ; കാശ്മീരിന് പ്രത്യേക അവകാശം കൊടുക്കുന്ന ആർട്ടിക്കിൾ 370 പിൻവലിക്കാൻ വൻ ക്യാമ്പെയ്ൻ; കുറഞ്ഞ മണിക്കൂറുകളിൽ തന്നെ പ്രചരണത്തിൽ ഒപ്പിട്ട് രണ്ടര ലക്ഷം പേർ; മാഞ്ചസ്റ്ററിലും ലണ്ടനിൽ ഗാന്ധി പ്രതിമക്ക് മുന്നിലും കൊട്ടാരത്തിനു മുന്നിലും ദേശസ്‌നേഹ മുദ്രാവാക്യങ്ങളുമായി അണിനിരന്ന് വൻ ജനാവലി; പാക്കിസ്ഥാനോടുള്ള ബ്രിട്ടന്റെ മൃദു സമീപനത്തിനെതിരെയും ജനരോഷം പുകയുന്നു; പാക് വംശജരുടെ കടകൾ ഉപേക്ഷിക്കാനും

പുൽവാമ ഭീകരാക്രമണത്തിൽ ജന്മനാടിനോടുള്ള സ്‌നേഹം രോഷാഗ്നിയാക്കി ബ്രിട്ടനിലെ ഇന്ത്യക്കാർ; കാശ്മീരിന് പ്രത്യേക അവകാശം കൊടുക്കുന്ന ആർട്ടിക്കിൾ 370 പിൻവലിക്കാൻ വൻ ക്യാമ്പെയ്ൻ; കുറഞ്ഞ മണിക്കൂറുകളിൽ തന്നെ പ്രചരണത്തിൽ ഒപ്പിട്ട് രണ്ടര ലക്ഷം പേർ; മാഞ്ചസ്റ്ററിലും ലണ്ടനിൽ ഗാന്ധി പ്രതിമക്ക് മുന്നിലും കൊട്ടാരത്തിനു മുന്നിലും ദേശസ്‌നേഹ മുദ്രാവാക്യങ്ങളുമായി അണിനിരന്ന് വൻ ജനാവലി; പാക്കിസ്ഥാനോടുള്ള ബ്രിട്ടന്റെ മൃദു സമീപനത്തിനെതിരെയും ജനരോഷം പുകയുന്നു; പാക് വംശജരുടെ കടകൾ ഉപേക്ഷിക്കാനും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഒളിഞ്ഞിരുന്നെത്തിയ അക്രമിയുടെ മുന്നിൽ ജീവൻ ഹോമിച്ചവർ ഉൾപ്പെടെ തുടർച്ചയായ ദിവസങ്ങളിലെ ആക്രമത്തിൽ 44 ധീര ജവാന്മാരെ ഇന്ത്യക്കു നഷ്ടമായതിൽ രാജ്യത്തിനൊപ്പം വിദേശ മണ്ണിലും പ്രതിഷേധം പുകയുന്നു. സ്വാഭാവികമായും കാശ്മീർ വിഘടനവാദത്തിനു പലവിധത്തിൽ ഊർജ്ജം ലഭിക്കുന്ന ബ്രിട്ടനിൽ ഇന്ത്യക്കാരുടെ വികാര വിക്ഷുദ്ധമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് ജനത സാക്ഷികളായത്.

സോഷ്യൽ മീഡിയ വഴി ഉയർന്ന പ്രതിഷേധം കഴിഞ്ഞ ദിവസം ലണ്ടനിൽ പാക് എംബസിക്കു മുന്നിൽ നൂറുകണക്കിന് ഇന്ത്യക്കാരുടെ സാന്നിധ്യം വഴി ശ്രദ്ധ നേടിയപ്പോൾ തുടർ ദിവസങ്ങളിൽ പാർലമെന്റ് സ്‌ക്വയർ, ബക്കിങ്ഹാം പാലസ് പരിസരം, ലണ്ടൻ ഗാന്ധി പ്രതിമയുടെ മുൻവശം, പ്രധാന മന്ത്രിയുടെ വീടിനു മുൻവശം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ എല്ലാം വൻ ജനസഞ്ചയമായി എത്തിയാണ് ഇന്ത്യക്കാർ പ്രതിഷേധത്തിൽ പങ്കുചേർന്നത്.

അതിനിടെ, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു നാൾ മുൻപ് ആരംഭിച്ച ഓൺ ലൈൻ പരാതിയിൽ ഇതിനകം രണ്ടര ലക്ഷത്തോളം പേർ ഒപ്പിട്ടു കഴിഞ്ഞു. കാശ്മീരിന് നൽകിയ പ്രത്യേക പദവി വഴി ഇന്ത്യക്കു ദുഃഖവും കണ്ണീരും മരണവും മാത്രമാണ് പ്രതിഫലമായി ലഭിച്ചിട്ടുള്ളതെന്നു പരാതി തയ്യാറാക്കിയവർ ചൂണ്ടിക്കാട്ടുന്നു. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.

ചെയ്ഞ്ച് ഡോട് ഓർഗിലാണ് പ്രതിഷേധ ക്യാമ്പെയ്ൻ നടക്കുന്നത്. ലിങ്ക് ചുവടെ:
https://www.change.org/p/president-of-india-campaign-to-abolish-article-370 

ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം എന്നും ഈ ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ എംപിമാരുടെയും മറ്റും നേതൃത്വത്തിൽ തുടർച്ചയായി ബ്രിട്ടനിൽ കാശ്മീർ വിഷയം പാക്കിസ്ഥാന് അനുകൂലമായി ചർച്ച ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധം പുകയുകയാണ്. ഏതാനും ആഴ്ച മുൻപ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി നേരിട്ടെത്തിയാണ് പാർലിമെന്റിൽ ടോറിയെന്നോ ലേബറെന്നോ വ്യത്യസമില്ലാതെ മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ കാശ്മീർ വിരുദ്ധ കോൺഫ്രൻസ് നടന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോൾ എംപിമാരുടെ സ്വതന്ത്ര പ്രവർത്തനത്തിൽ ഇടപെടാൻ പ്രയാസമുണ്ട് എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.

നാലു പതിറ്റാണ്ട് മുൻപ് ബ്രിട്ടീഷ് മണ്ണിൽ രൂപം കൊണ്ട് ഇന്ത്യയുടെ സ്വൈര്യം കെടുത്തിയ ജെകെഎൽഎഫ് ഭീകര സംഘടനയുടെ പ്രവർത്തനം അടുത്തിടെയായി ബ്രിട്ടനിൽ വീണ്ടും ജീവൻ വയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ അസ്വസ്ഥമാണ്. ഇത്തരം കാര്യങ്ങളിൽ സമയാസമയം ഇന്ത്യയിൽ നിന്നും പ്രതിഷേധം ബ്രിട്ടനെ അറിയിക്കാറുണ്ടെങ്കിലും പാക്കിസ്ഥാനോടുള്ള മൃദു നയം മാറ്റാൻ ബ്രിട്ടൻ ഒരുക്കമല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

ഇതുകൂടി മനസ്സിൽ വച്ചാണ് ഇന്ത്യൻ വംശജർ ഇപ്പോൾ ബ്രിട്ടന്റെ പലഭാഗങ്ങളിൽ പ്രതിഷേധം ഉയർത്തുന്നത്. ലണ്ടനിൽ കേന്ദ്രീകരിച്ചിരുന്ന പ്രതിഷേധം ഇപ്പോൾ മാഞ്ചസ്റ്റർ അടക്കമുള്ള ഇന്ത്യൻ സ്വാധീന മേഖേലകളിലും പടരുകയാണ്. ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധം നടത്തിയ ഇന്ത്യൻ സമൂഹം ബക്കിങ്ഹാം പാലസിൽ രാജ്ഞിയുടെ മുന്നിൽ എത്തിയപ്പോൾ വന്ദേമാതരം വിളികളുമായാണ് വികാര പ്രകടനം നടത്തിയത്.

ലണ്ടന്റെ മറ്റു ഭാഗങ്ങളിൽ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനാളുകളാണ് തെരുവുകളിൽ പ്രകടനം നടത്തിയത്. ഇന്ത്യ കാട്ടുന്ന ദയ ഒരിക്കലും വീക്നെസ് ആയി കരുതരുത് എന്ന മുന്നറിയിപ്പും പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. ഈ പ്രതിഷേധങ്ങൾ തുടരാൻ ഉള്ള കരുത്തു ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു ഉണ്ടെന്നും വിവിധ സംസ്ഥാനക്കാരുടെ കൂട്ടായ്മകൾ ചേർന്ന് നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കുന്നവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നടന്ന കൂട്ടായ്മായിൽ നൂറ്കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധ നേടിയത്. വിവിധ ഇന്ത്യൻ സംസ്ഥാനക്കാരുടെ കൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ആയിരത്തിലേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന മാഞ്ചസ്റ്ററിൽ നടന്ന പ്രതിഷേധ റാലികളിൽ മലയാളി സാന്നിധ്യം കാര്യമായി മലയാളി സാന്നിധ്യം ഉണ്ടായില്ല. മാഞ്ചസ്റ്ററിൽ ഗീത ഭവൻ കേന്ദ്രീകരിച്ചു നടന്ന പരിപാടിയിൽ കുട്ടികളും പ്രായമായവരും ഒരേമനസോടെയാണ് പങ്കെടുത്തത്. ഒന്നിച്ചു നിൽക്കാം എന്നതായിരുന്നു മാഞ്ചസ്റ്ററിൽ ഉയർന്ന പൊതു മുദ്രാവാക്യം.

ഒരു ഘട്ടത്തിൽ ബ്രിട്ടനിലെ പാക് വംശജരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ഇന്ത്യക്കാർ അവസാനിപ്പിക്കണമെന്നും ഇത്തരം കടകളിൽ വിൽപ്പനക്ക് എത്തുന്ന സാധനങ്ങൾ കരിച്ചന്ത വഴി എത്തുന്നതാണെന്നും ഇത് പരോക്ഷമായി ഭീകരർക്ക് ധനസഹായം നൽകുന്നതിന് തുല്യമാണെന്നും റാലിയെ അഭിസംബോധന ചെയ്തവർ ചൂണ്ടിക്കാട്ടി.

ചെറിയ ലാഭം ഉണ്ടാകും എന്ന കാരണത്താലാണ് പൊതുവെ ഇന്ത്യക്കാർ ഇത്തരം കടകൾ കയറുന്നത്. എന്നാൽ സ്വന്തം സഹോദരന്റെ സ്ഥാപനം എന്ന വിശ്വാസവുമായാണ് പാക്കിസ്ഥാനികൾ ഈ കടകളിൽ എത്തുന്നത്. ഈ വ്യത്യാസമാണ് തിരിച്ചറിയപ്പെടേണ്ടത് . ഇന്ത്യൻ കടകളിൽ എത്തുന്ന പാക്കിസ്ഥാൻ വംശക്കാരുടെ എണ്ണം കുറവാണെന്നും യോഗത്തിൽ പരാമർശമുണ്ടായി.

പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ പൊതുവികാര പ്രകടനങ്ങളിൽ മലയാളികളുടെ ഒറ്റപ്പെടൽ ശ്രദ്ധിക്കപെടുന്നുണ്ട്. നോർത്ത് വെസ്റ്റ് തെലുങ്ക് സംഘം, മുംബൈ ദേശി ഗ്രൂപ്, യുകെ തെലുങ്ക് ഹിന്ദു അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് ഇന്ത്യൻ സൊസൈറ്റി, കരുണാദിയ അനിവാസി കന്നഡിഗര ഒക്കൂട്ട, ഹിന്ദു സ്വയം സേവക് സംഘം, മറാത്തി സമാജ് ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ തമിഴ് സംഘം, ജൈന സമാജം മാഞ്ചസ്റ്റർ, ഇന്ത്യൻ അസോസിയേഷൻ മാഞ്ചസ്റ്റർ, ഇന്ത്യൻ സീനിയർ സിറ്റിസൺ സെന്റർ മാഞ്ചസ്റ്റർ എന്നീ സംഘടനകളാണ് മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനു ഏകോപനം നടത്തിയത്. ഈ കൂട്ടായ്മകളിൽ ഉള്ളവർക്ക് മലയാളി സംഘടനകളെ കുറിച്ച് കാര്യമായി അവബോധം ഇല്ലെന്നും സംഘാടനത്തിൽ മലയാളികളുടെ അസാന്നിധ്യം വ്യക്തമാക്കുന്നതായിയിരുന്നു.

കൂറ്റൻ പതാകകൾ റോഡിൽ നെടുകെ വിരിച്ചു പിടിച്ചു സ്ത്രീകൾ അടക്കമുള്ള വലിയ സംഘങ്ങൾ ഇന്ത്യൻ ദേശഭക്തി ഗാനങ്ങൾ പാടിയാണ് പിറന്ന നാടിനോടുള്ള കൂറ് കാട്ടാൻ എത്തിയത്. റാലികൾ കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം പൊലീസ് എത്തി കാഴ്‌ച്ചക്കാരായി മാറിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ കാര്യമായി ഉയർത്താതിരിക്കാനും ഇന്ത്യക്കാരുടെ വികാരത്തിനൊപ്പമാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജരും എന്ന് തെളിയിക്കുകയായിരുന്നു റാലിയുടെ പ്രധാന ഉദ്ദേശം. എന്നാൽ പാക്കിസ്ഥാൻ കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഓർമ്മപ്പിക്കാനും റാലിക്കെത്തിയവർ മറന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP