Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോളിവുഡിലെയും ബോളിവുഡിലെയും കഥകളുടെയും കാഴ്‌ച്ചകളുടെയും സംഗമകേന്ദ്രം; മുംബൈയുടെ സ്വന്തം പാനി പൂരിയും പാവ് ബജി രുചിയും മണവും ചോരാതെ ആസ്വദിക്കാം; ദുബായ് തീം പാർക്കിലെ വിശേഷങ്ങൾ ഇങ്ങനെ

ഹോളിവുഡിലെയും ബോളിവുഡിലെയും കഥകളുടെയും കാഴ്‌ച്ചകളുടെയും സംഗമകേന്ദ്രം; മുംബൈയുടെ സ്വന്തം പാനി പൂരിയും പാവ് ബജി രുചിയും മണവും ചോരാതെ ആസ്വദിക്കാം; ദുബായ് തീം പാർക്കിലെ വിശേഷങ്ങൾ ഇങ്ങനെ

ദുബായ്: ഹോളിവുഡിലെയും ബോളിവുഡിലെയും കഥകളുടെയും കാഴ്‌ച്ചകളുടെയും സംഗമകേന്ദ്രമായി ലോകത്തിലെ ആദ്യത്തെ ബോളിവുഡ് തീം പാർക്ക് ദുബായിൽ തുറന്നു. ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ടിനോട് അനുബന്ധിച്ചാണ് ബോളിവുഡ് പാർക്ക്‌സ് ആരംഭിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഹോളിവുഡ് സിനിമകളുടെയും ഹിറ്റ് ചാർട്ടിൽ മുന്നിലെത്തിയ ബോളിവുഡ് സിനിമകളുടെയും പ്രമേയത്തിൽ തയാറാക്കിയ ഗെയിമുകളിലും ഉല്ലാസ റൈഡുകളിലും ആഘോഷിക്കാം.

ബോളിവുഡ് ബൊളവാഡ്, മുംബൈ ചൗക്ക്, റസ്റ്റിക് റവീൻ, റോയൽ പ്ലാസ, ബോളിവുഡ് ഫിലിം സ്റ്റുഡിയോസ് എന്നിങ്ങനെ അഞ്ച് സോണുകളാക്കിയാണ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഷോലെ, ദബാംഗ്, രാവൺ, ക്രിഷ്, ലഗാൻ എന്നീ ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട റൈഡുകളും ത്രീ ഡി ഷോകളും ഫോർ ഡി തീയറ്റർ റൈഡുകളും ഒരുക്കിയിട്ടുണ്ട്.

വ്യത്യസ്ത പ്രമേയങ്ങളിലുള്ള വിവിധ അഡ്വഞ്ചർ പാർക്കുകൾ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുള്ള ഗൾഫ് മേഖലയിലെ ഏറ്റവും വലുപ്പമേറിയ സംരംഭമാണ് ദുബായ് പാർക്സ് ആൻഡ് റിസോർട്സ്. ബോളിവുഡ് പശ്ചാത്തലത്തിലുള്ള ലോകത്തെ തന്നെ ആദ്യ തീം പാർക്കും ഇതാണ്. ലോക്കൽ ട്രെയിൻ, മുംബൈയിലെ ബെസ്റ്റ് ബസ്, ബോളിവുഡ് സിനിമാ സ്റ്റുഡിയോകൾ, തിയറ്ററുകൾ എന്നിവയും അതോടു ബന്ധപ്പെട്ട ഗെയിമുകളും ഒരുക്കിയിരിക്കുന്നു.

പാനി പൂരി, പാവ് ബജി തുടങ്ങി മുംബൈയുടെ രുചിയും മണവുമെല്ലാം ആസ്വദിക്കാം. സമാനരീതിയിൽ ഹോളിവുഡിന്റെ ഊർജവും ആ പ്രമേയത്തിലുള്ള പാർക്കിൽ ആസ്വദിക്കാം.ഹോളിവുഡ് ഗെയിമുകളുടെ കൂടാരമായ മോഷൻ ഗേറ്റ്, ബോളിവുഡ് പാർക്ക് എന്നിവ കഴിഞ്ഞാൽ ലെഗാ ലാൻഡ് ആണ് അടുത്ത ആകർഷണം. ലോകാദ്ഭുതങ്ങളുടെയും ദുബായ്യുടെ തലയെടുപ്പായ കെട്ടിടങ്ങളുടെയും മാതൃകയും അവയുടെ പ്രമേയത്തിൽ കുട്ടികൾക്കുള്ള ഗെയിമുകളുമാണ് അതിന്റെ സവിശേഷത.

കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുള്ള അവസരമാണ് ഇവിടെ. 850 പേർക്ക് ഇരിക്കാവുന്ന രാജ്മഹൽ തിയറ്ററാണ് ബോളിവുഡ് പാർക്കിലെ മറ്റൊരു ആകർഷണം. ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ കരകൗശല വസ്തുക്കളും മറ്റും വാങ്ങാനുള്ള അവസരവുമുണ്ട്. ബോളിവുഡ് പാർക്കിൽ എത്തുന്നവർക്ക് അഞ്ച് സ്റ്റേജുകളിലായി ഇന്ത്യൻ നൃത്തം ആസ്വദിക്കാം. നൃത്തം അഭ്യസിക്കാനുള്ള ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

മൂന്നു പാർക്കുകളെയും ബന്ധിപ്പിച്ചു കൃത്രിമ നദിയും കടന്നുപോകുന്നു. റിവർ ലാൻഡ് എന്നു പേരുള്ള അതിന്റെ തീരത്ത് ഒരുക്കിയിട്ടുള്ള ഗെയിമുകളും തീം റസ്റ്ററന്റുകളും വേറിട്ട അനുഭവമാണ്. നാലാമത്തെ പാർക്കായ സിക്സ് ഫ്ലാഗ്സ് ദുബായ് 2019ൽ തുറക്കും.

2020ലെ ദുബായ് എക്സ്പോ വേളയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേന്ദ്രമായി ഇതിനെ മാറ്റാനാണു ദുബായ് പാർക്സ് ആൻഡ് റിസോർട്സ് അധികൃതരുടെ പദ്ധതി. അടുത്ത വർഷം 67 ലക്ഷം സഞ്ചാരികൾ എത്തുമെന്നാണു കണക്കുകൂട്ടലെന്നു ദുബായ് പാർക്സ് ആൻഡ് റിസോർട്സ് സിഇഒ റാഇദ് കജൂർ അൽ നുഐമി പറഞ്ഞു.

നാലു മണിക്കൂർ വിമാനയാത്രയുടെ അകലം മാത്രമുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽനിന്നും കേരളത്തിൽനിന്നും വൻതോതിൽ സഞ്ചാരികൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു. 18,000 തൊഴിലാളികൾ മൂന്നുവർഷം തുടർച്ചയായി ജോലിചെയ്താണു നിർമ്മാണം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP