Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

ഇന്ത്യൻ സമൂഹം ബഹ്‌റൈൻ സാമ്പത്തിക മേഖലയുടെ നട്ടെല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; കെജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം സമ്മാനിച്ചു

ഇന്ത്യൻ സമൂഹം ബഹ്‌റൈൻ സാമ്പത്തിക മേഖലയുടെ നട്ടെല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; കെജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം സമ്മാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ബഹ്‌റൈൻ: ആരോഗ്യ,വിദ്യാഭ്യാസ, കാർഷിക,ഐ.ടി മേഖലകൾ ഉൾപ്പെടെ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ളത് സുദൃഢ ബന്ധമാണെന്നും ഇന്ത്യൻ സമൂഹം ബഹ്‌റൈന്റെ സാമ്പത്തിക രംഗത്തെ നട്ടെല്ലായി മാറിയെന്നും കേന്ദ പ്രവാസികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇന്ത്യാക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവും പ്രൊഫഷണലിസവും ഒന്നു കൊണ്ട് മാത്രമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിലുള്ള തെന്നും വി.മുരളീധരൻ പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ സമ്മാൻ - 2021 ന് അർഹനായ പ്രവാസി വ്യവസായി കെ.ജി.ബാബുരാജന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ബഹ്‌റൈനിലെ ഗൾഫ് ഹോട്ടലിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.മുരളീധരൻ. 2019 -ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനത്തോടു കൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ മെച്ചപ്പെട്ടു എന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലെ വളർച്ചയ്ക്കും സഹകരണത്തിനും വഴിതെളിച്ചു എന്നും വി.മുരളീധരൻ പറഞ്ഞു. കോവിഡ് - 19 മഹാമാരിയെ തുടർന്ന് വാക്‌സിൻ വിതരണമുൾപ്പെടെ ആരോഗ്യമേഖലയിൽ ബഹ്‌റൈനുമായി ഇന്ത്യ മികച്ച ബന്ധം പുലർത്തി വരുന്നതായും ഡിഫൻസ്, സ്‌പേസ്,വിദ്യാഭ്യാസ മേഖലകളിലും ഈ സഹകരണം ഊട്ടിയുറപ്പിച്ചതായും കേന്ദ്ര മന്ത്രി വെളിപ്പെടുത്തി. ബഹ്‌റൈൻ സർക്കാർ അതിന്റെ വ്യവസായ, ജോലി മേഖലകളിൽ എന്നല്ല, അടിസ്ഥാനപരമായി നിർമ്മാണമേഖകളുൾപ്പെടെ ഇന്ത്യാക്കാരെ സ്വാഗതം ചെയ്യുന്നത് പ്രശംസനീയമാണെന്നും അഭിമാനാർഹമായ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തികമായി മാത്രമല്ല, ധാർമ്മികമായും സാമൂഹികമായിപ്പോലും പാവപ്പെട്ടവരെ സഹായിക്കാൻ നമുക്ക് കഴിയണമെന്നും അശരണരെയും ആലംബഹീനരെയും സഹായിക്കാൻ തന്റെ ബാല്യകാലത്തെ അനുഭവങ്ങളാണ് പ്രേരണയായെതന്നും ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ 2021-ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാര ജേതാവുമായ കെ.ജി.ബാബുരാജൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വൈദ്യുതിയും പൈപ്പുലൈനും എത്താത്ത തിരുവല്ലയിലെ കുറ്റൂർ ഗ്രാമത്തിൽ ജനിച്ച താൻ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ചാണ് ഇതുവരെ എത്തിയതെന്നും ബഹ്‌റൈന്റെ നിർമ്മാണ - പുരോഗമന പ്രക്രിയയിൽ പങ്കാളിയാകാൻ സാധിച്ചത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണെന്നും കെ.ജി.ബാബുരാജൻ പറഞ്ഞു.

വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്നത് ശിവഗിരി മഠം സന്യാസിമാർക്കൊപ്പം നിത്യേന മഠത്തിലെത്തുന്ന നൂറു കണക്കിന് ഭക്തർക്ക് അന്നദാനം നൽകാൻ സാധിക്കുന്നതാണ്. ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുടെ നിസ്വാർത്ഥവും എളിമ നിറഞ്ഞതും ആർഭാടരഹിതവുമായ സാമൂഹ്യ സേവനമാണ് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുള്ളത്. ബാബുരാജൻ പറഞ്ഞു. കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ആംബുലൻസ് നൽകാൻ കഴിഞ്ഞതും ബഹ്‌റൈനിലും ഇന്ത്യയിലുമുള്ള നിർധനരായ ആയിരങ്ങൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യാനും തനിക്ക് സാധിക്കുന്നുണ്ട്. ഈ പുരസ്‌ക്കാരം ശിവഗിരി മഠത്തിനും പൊതു സമൂഹത്തിനും ബഹ്‌റൈനിലെ സമാജങ്ങൾക്കും ക്ലബ്ബുകൾക്കും വിശിഷ്യാ ഇന്ത്യയിലും ബഹ്‌റൈനിലും കോവിഡിനെതിരെ സേവനം നടത്തുന്ന മെഡിക്കൽ-പാര മെഡിക്കൽ മുൻനിര പോരാളികൾക്ക് സമർപ്പിക്കുന്നു എന്നും ബാബുരാജൻ പറഞ്ഞു.

കോവിഡ്- 19 പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് ഇക്കുറി ബഹ്‌റൈനിലെ ഗൾഫ് ഹോട്ടലിലാണ് നടന്നത്. പ്രവാസികൾക്ക് ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും, ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് കെ.ജി.ബാബുരാജന് പുരസ്‌ക്കാരം.

ബഹ്റൈനിലും ഖത്തറിലുമായി പരന്നു കിടക്കുന്ന ഖത്തർ എഞ്ചിനീയറിങ് ലാബ് ബഹ്‌റൈൻ, മറ്റ് ജി.സി.സി സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി.ബാബുരാജൻ ശിവഗിരി മഠം തീർത്ഥാടന കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ്. പുരസ്‌കാര ചടങ്ങിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി തൗഫീക് അഹമ്മദ് അൽ മൻസൂർ, ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്റൈൻ ഷൂറ കൗൺസിൽ അംഗങ്ങൾ, ഇന്ത്യൻ സമൂഹം പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP