Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ക്രോമസോമുകളുടെ കുസൃതി ഉയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കി; സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്ന്; 27-ാം വയസ്സിൽ ലണ്ടനിലെ ഷെഫായ അരുൺ എന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എന്തിന്? മകൻ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും അമ്മയുടെയും ജീവിത കഥ

ക്രോമസോമുകളുടെ കുസൃതി ഉയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കി; സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്ന്; 27-ാം വയസ്സിൽ ലണ്ടനിലെ ഷെഫായ അരുൺ എന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എന്തിന്? മകൻ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും അമ്മയുടെയും ജീവിത കഥ

മറുനാടൻ മലയാളി ബ്യൂറോ

സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടം തൊട്ടേബ്രിട്ടനിൽ മലയാളി സാന്നിദ്ധ്യമുണ്ടെങ്കിലും, ഒരു സമൂഹമായി കുടിയേറിപ്പാർക്കാൻ. തുടങ്ങുന്നത് 1960 കളിലാണ് ആദ്യകാലങ്ങളിൽ ജീവിതത്തിന്റെ മരുപ്പച്ച തേടിയെത്തിയവർക്ക് ജീവിതം സുരക്ഷിതമാക്കണമെന്ന ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ പൈതൃകത്തിലും, പാരമ്പര്യമായി കിട്ടിയ മൂല്യങ്ങളിലും മുറുകേ പിടിച്ച്, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും, ദൂരെ സ്വന്തം നാട്ടിൽ ഉള്ള ഉറ്റവരുടെ ജീവിതവും അവർ സുരക്ഷിതമാക്കുവാൻ ശ്രമിക്കുകയായിരുന്നു. നാട്ടിലെ മണ്ണിൽ ആഴത്തിലിറങ്ങിയ വേരുകൾ പറിച്ചുകളയാൻ അവർ ആഗ്രഹിച്ചിരുന്നില്ല.

ബ്രിട്ടീഷ് മണ്ണിൽ സ്ഥിരതാമസമാരംഭിച്ചവരുടെ രണ്ടാം തലമുറയ്ക്ക് പക്ഷെ നമ്മുടെ സംസ്‌കാരവും പൈതൃകവും കൂടുതൽ അടുത്തറിയാനായില്ല. പൂർവ്വികർ കരുതിവച്ച പൈതൃകത്തിനൊപ്പം, വളരുന്ന മണ്ണിന്റെ ആധുനികതയും ഈ തലമ്രുറയുടെ മനസ്സിനെ കലുഷിതമാക്കുകയായിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു തലമുറ പക്ഷെ, മുളച്ചുപൊന്തിയ മണ്ണിനെ സ്വാംശീകരിക്കാനുമാകാതെ ഉഴറി.

എന്നാൽ കാലം പോകുന്തോറും പൈതൃകത്തിന്റെ വേരുകൾ ദുർബലമാകുകയായിരുന്നു. ഇത്, ബ്രിട്ടനിലെ മലയാളികളുടെ കാര്യം മാത്രമല്ല, ഇങ്ങ് കേരളത്തിൽ പോലും, സ്വന്തം പൈതൃകത്തിൽ നിന്നകന്ന് ആധുനികതയെ വരിച്ച ഒരു തലമുറയാണ് ഇന്ന് പൊതുവിൽ കണ്ടുവരുന്നത്. എന്നാൽ, ബ്രിട്ടനെ പോലെ ഒരു വികസിത രാജ്യത്ത് ജീവിക്കുമ്പോൾ മനസ്സിനുള്ളിൽ നടക്കുന്ന സാംസ്‌കാരിക സംഘട്ടനത്തിന് ശക്തി വർദ്ധിക്കും. അതായിരുന്നു അരുൺ വിശ്വംഭരൻ എന്ന 27 വയസ്സുകാരന്റെ ജീവിതത്തിലും സംഭവിച്ചത്.

അത്തരമൊരു സാംസ്‌കാരിക സംഘട്ടനം തന്നെയായിരുന്നു 2018 സെപ്റ്റംബറിൽ അരുണിനെ ആത്മഹത്യയിലേക്ക് നയിച്ചതും. മുലപ്പാലിനൊപ്പം പണ്ടെങ്ങോ അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും അരുണിനെ തന്റെ പൈതൃകത്തോട് അടുപ്പിച്ചു നിർത്തി. എന്നാൽ, തനിക്കുള്ളിലെ ക്രോമസോമുകളുടെ കുസൃതി തന്നിലുയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. തന്റെ സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്നിട്ടായിരുന്നു.

ഒരു ഞെട്ടലോടെ അത് ശ്രവിച്ച അമ്മ പക്ഷെ അത് അംഗീകരിക്കാൻ തയ്യാറായിരുന്നു. പക്ഷെ, അരുണിൽ അപ്പോഴേക്കും കുറ്റബോധം അടിയുറച്ചു കഴിഞ്ഞിരുന്നു.

''എന്റെ സുഹൃത്തുക്കളോട്, എന്റെ മാതാപിതാക്കളോട്, എന്റെ ഉറ്റവരോട്... എല്ലാവരോടും ഞാൻ തെറ്റ് ചെയ്തു. മനപ്പൂർവ്വമായിരുന്നില്ല, പക്ഷെ എന്റെ ലൈംഗികത....'' ആത്മഹത്യയ്ക്ക് മുൻപ് അരുൺ എഴുതിയ കുറിപ്പിലെ വരികൾ, തന്റെ സ്വന്തം വർഗ്ഗത്തോടുള്ള ലൈംഗിക താത്പര്യം അരുണിന് തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്ന് തെളിയിക്കുന്നു. ഈ വിഭിന്ന സംസ്‌കാരങ്ങൾ തമ്മിലുള്ള വടംവലിയിൽ തകരുന്നത് ഇത്തരത്തിലുള്ള ലോല മനസ്സുകളാണ്. അതാണല്ലോ അരുൺ അധികം വൈകാതെ വിഷാദരോഗിയായി മാറിയത്.

നാട്ടിലെ മുത്തശ്ശിക്കും, ബന്ധുക്കാർക്കു ഒക്കെ ഒപ്പം നടക്കുമ്പോൾ, അവർ തന്നെ ഒരു പ്രത്യേക തരത്തിലായിരിക്കും വീക്ഷിക്കുക എന്ന് അരുൺ ഭയന്നിരുന്നതായി മറ്റൊരു കുറിപ്പിൽ പറയുന്നു. സ്വന്തം വ്യക്തിത്വം, സ്വത്വം അതെന്താണെന്ന് മനസ്സിലാക്കാൻ അരുണിന് കഴിയാതെ പോയി. അതായിരുന്നു, മറ്റുവിധത്തിൽ വിജയമായി തീരേണ്ട ജീവിതം പാതിവഴിയിൽ ഒടുക്കുവാൻ കാരണമായത്. ഇത്, ബ്രിട്ടൻ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിപ്പാർത്തിട്ടുള്ള എല്ലാ മലയാളികൾക്കും, അല്ലെങ്കിൽ താരതമ്യേന യാഥാസ്ഥിതിക സമൂഹം നിലനിൽക്കുന്ന എല്ലാ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഒരു പാഠമാകേണ്ട ഒന്നാണ്.

തിരക്കു പിടിച്ച ജീവിതത്തിൽ, കുടുംബാംഗങ്ങൾ പോലും പരസ്പരം മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല എന്നിടത്താണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആരംഭിക്കുന്നത്. അരുണിന്റെ ലൈംഗികത അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നു. പക്ഷെ, അത് അരുണിനെ പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയം അവർക്ക് കിട്ടിയില്ല. ഇത് കുറച്ച് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ, ആവശ്യമായ നടപടികൾ എടുക്കാമായിരുന്നു എന്നാണ് അരുണിന്റെ പിതാവ് ജോസ് വിശ്വംഭരൻ പറയുന്നത്.

സ്വവർഗ്ഗ രതി ഒരു രോഗമല്ലെന്നുള്ളത് ഇന്ന് പരക്കേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പല മതങ്ങളും ഇതിനെ എതിർക്കുമ്പോഴും, ഇത് മനുഷ്യന്റെ ജനിതക ഘടനയിലുണ്ടാകുന്ന ചില വ്യത്യാസങ്ങൾ മൂലം സംഭവിക്കുന്ന ഒന്നാണെന്ന ശാസ്ത്ര സത്യം അംഗീകരിക്കാൻ പൊതു സമൂഹം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടെ ആവശ്യമായത് ശരിയായ കൗൺസിലിങ് ആണെന്നാണ് അരുണിന്റെ മാതാവ് സന്ധ്യ വിശ്വംഭരൻ പറയുന്നത്.

എൽ ജി ബി ടി ക്യൂ കമ്മ്യുണിറ്റി ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ആ ഒരു സത്യം അംഗീകരിച്ചുകൊണ്ടുമാത്രമേ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളു. ഒരു വ്യക്തി, അയാളുടെ മകൻ അല്ലെങ്കിൽ മകൾ ഈ പ്രത്യേക ലൈംഗികതയോട് താത്പര്യമുള്ള വ്യക്തിയാണെന്ന് എത്രയും നേരത്തേ തിരിച്ചറിയുന്നുവോ അത്രയും എളുപ്പം ഇത് കൈകാര്യം ചെയ്യുവാനാകും.

ഇവിടെ പ്രധാനമായും സ്വവർഗ്ഗാനുരാഗികളേയും അവരുടെ മാതാപിതാക്കളേയും ഭയപ്പെടുത്തുന്ന പ്രധാന കാര്യം സമൂഹത്തിന്റെ പ്രതികരണമാണ്. പ്രത്യേകിച്ച്, ദൂരെ നാട്ടിലുള്ള ബന്ധുക്കളുടെ പ്രതികരണം. ഈ ഭയം നീക്കുവാൻ കൗൺസിലിങ് തന്നെ ആവശ്യമാണ്. മാത്രമല്ല, അതിന് ഒരുപക്ഷെ ദീർഘനാളത്തെ കൗൺസിലിംഗും ആവശ്യമായി വന്നേക്കാം. അരുണിന്റെ കാര്യം കുറേക്കൂടി നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ അവൻ ജീവിക്കുമായിരുന്നെന്ന് അരുണിന്റെ പിതാവ് പറയുന്നതും അതുകൊണ്ടുതന്നെയാണ്.

ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയോ, ഇത് ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നതുകൊണ്ട് ഇത് തീരുകയില്ല എന്ന യാഥാർത്ഥ്യം ആദ്യം മാതാപിതാക്കൾ മനസ്സിലാക്കണം. തുറന്ന മനസ്സോടെയുള്ള ഇടപെടൽ തന്നെയാണ് ഇതിനാവശ്യം. ഇതിനായി നിരവധി കൗൺസിലിങ് സെന്ററുകളും ഉണ്ട്. അവരുമായി ബന്ധപ്പെട്ട് പരിഹാരം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുൻപായി സ്വവർഗ്ഗ രതി ഒരു രോഗമോ മാനസിക പ്രശ്നമോ അല്ലെന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP