Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

ഗാട്വികിന് കുപ്രസിദ്ധി; കാരണമാകുന്നതിൽ എയർ ഇന്ത്യയും; ഞായറാഴ്ചത്തെ കൊച്ചി വിമാനവും അനന്തമായി വൈകി; യുകെയിലെ ഏറ്റവും മോശം പ്രകടനം ഗാട്വിക്ക് വിമാനത്താവളം സ്വന്തമാക്കിയപ്പോൾ മികവിൽ മുന്നിൽ എത്തിയത് ഹീത്രോ തന്നെ; പഴഞ്ചൻ വിമാനങ്ങളുടെ തുടർച്ചയായ വൈകൽ മലയാളികൾക്ക് പേടിസ്വപ്‌നമാകുമ്പോൾ

ഗാട്വികിന് കുപ്രസിദ്ധി; കാരണമാകുന്നതിൽ എയർ ഇന്ത്യയും; ഞായറാഴ്ചത്തെ കൊച്ചി വിമാനവും അനന്തമായി വൈകി; യുകെയിലെ ഏറ്റവും മോശം പ്രകടനം ഗാട്വിക്ക് വിമാനത്താവളം സ്വന്തമാക്കിയപ്പോൾ മികവിൽ മുന്നിൽ എത്തിയത് ഹീത്രോ തന്നെ; പഴഞ്ചൻ വിമാനങ്ങളുടെ തുടർച്ചയായ വൈകൽ മലയാളികൾക്ക് പേടിസ്വപ്‌നമാകുമ്പോൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: യുകെയിൽ വിമാനങ്ങൾ വൈകുന്നതിൽ കുപ്രസിദ്ധി സ്വന്തമാക്കി ഗാട്വിക്ക് എയർപോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ നിന്നും കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പറക്കുന്ന എയർ ഇന്ത്യ ഈ കുപ്രസിദ്ധി ഗാട്വികിനു നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കൃത്യസമയത്തിനു പുറപ്പെട്ട ദിവസങ്ങൾ അപൂർവമാണ് എയർ ഇന്ത്യയുടെ ലിസ്റ്റിൽ. കഴിഞ്ഞ ഒരു വർഷത്തെ കണക്കിൽ ഗാട്വികിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ സമയത്തിൽ ശരാശരി 26 മിനിറ്റ് കാലതാമസം രേഖപ്പെടുത്തിയപ്പോൾ എയർ ഇന്ത്യയുടെ സമയ നഷ്ടം അതിലും വളരെ ഉയരെയാണ്.

പലവട്ടം സർവീസുകൾ കാൻസൽ ചെയ്യേണ്ട ഗതികേടും എയർ ഇന്ത്യയ്ക്ക് സ്വന്തമാണ്. അതിനിടെ പത്തു വർഷത്തിലേറെ പഴക്കമുള്ള വിമാനങ്ങളുമായി ദീർഘ ദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങളെ കുറിച്ച് ഉള്ള പരാതികൾ ഓരോ ദിവസവും കൂടുകയാണ്. പ്രതിദിന നഷ്ടക്കണക്കിൽ നിന്നും എയർ ഇന്ത്യ മോചിതമാകുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം എത്തിയ സാഹചര്യത്തിലും യാത്രക്കാർ ഉയർത്തുന്ന പരാതികളോട് എയർ ഇന്ത്യ മാനേജ്‌മെന്റ് പ്രൊഫഷണൽ സമീപനം കാട്ടുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

സിവിൽ ഏവിയേഷൻ നടത്തിയ പഠനത്തിലാണ് ഗാട്വിക്ക് മോശം എയർപോർട്ടിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. യുകെയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളത്തിൽ ജീവനക്കാരുടെ കുറവും വിമാനങ്ങൾ വൈകാൻ കാരണമാകുന്നുണ്ട്. ഗാട്വിക്കിനു പിന്നാലെ ല്യൂട്ടൻ, മാഞ്ചസ്റ്റർ എയർ പോർട്ടുകളാണ് മോശം പ്രകടനത്തിൽ മുന്നിൽ ഉള്ളത്. എന്നാൽ വെറും 12 മിനിറ്റ് മാത്രം കാലതാമസം വരുത്തുന്ന ബെൽഫാസ്റ്റ് എയർപോർട്ട് ആണ് മികച്ച പ്രകടനത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. സിംഗിൾ റൺവെ എയർപോർട്ട് എന്നതൊരു പോരായ്മയായി തുടരുന്നതാണ് പലപ്പോഴും ഗാട്വികിൽ വിമാനങ്ങൾ തുടർച്ചയായി വൈകാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം യുകെയിലെ 22 കൊമേഴ്സ്യൽ വിമാനത്താവളങ്ങളിൽ ഏതാണ്ട് 1000 വിമാനങ്ങളാണ് കാലതാമസം വരുത്തിയിട്ടുള്ളത്. കാൻസൽ ചെയ്ത വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇതു മൂലം വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വന്നിട്ടുള്ളതെന്ന് വിച്ച്? മാഗസിൻ എഡിറ്ററായ നവോമി ലിച്ച് വ്യക്തമാക്കി. ഇത് അനുവദിക്കാനാവുന്നതല്ല. സമ്മർ ഹോളിഡേ ആരംഭിക്കും മുന്നേ യാത്രക്കാർക്ക് ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് സിഎഎ ഡയറക്ടർ ടിം ജോൺസൺ പറഞ്ഞു.

വിമാനങ്ങൾ വൈകുന്നത് യാത്രക്കാരെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നതാണ്. വിനോദ സഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും ഇതു വലിയ പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. സമ്മർ അവധിക്കാലം അടുക്കവേ വിമാനത്താവളങ്ങളെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതാണ്. ഫ്ലൈറ്റുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ, ഉപഭോക്തൃ നിയമങ്ങൾ പ്രകാരം എയർലൈനുകൾ യാത്രക്കാർക്ക് ശീതളപാനീയങ്ങൾ, ആശയവിനിമയത്തിനുള്ള മാർഗം, ആവശ്യമെങ്കിൽ രാത്രി താമസസൗകര്യം എന്നിവ നൽകേണ്ടതുണ്ട്. യാത്രാ തടസ്സത്തിന്റെ കാരണം ഒരു എയർലൈനിന്റെ നിയന്ത്രണത്തിലാണെങ്കിൽ, കാലതാമസത്തിന്റെ ദൈർഘ്യവും ഫ്ലൈറ്റിന്റെ ദൂരവും അനുസരിച്ച് യാത്രക്കാർക്ക് 520 പൗണ്ട് വരെ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് ട്രാവൽ ഏജന്റ് ചീഫ് എക്സിക്യൂട്ടീവായ ജൂലിയ ലോ ബൂ വ്യക്തമാക്കി.

എയർ ഇന്ത്യ പിന്നെയും വൈകി, അനന്തമായി

ഏതാനും ആഴ്ചകൾക്ക് മുൻപ് വിമാനം എത്താതിരുന്നതിനെ തുടർന്ന് സർവീസ് മുടക്കിയ കൊച്ചി റൂട്ടിൽ അതിനു ശേഷം മിക്ക ദിവസവും അര മണിക്കൂറിലേറെ വൈകിയാണ് പുറപ്പെടുന്നത്. എന്നാൽ ഞായറാഴ്ച രാത്രി എട്ടിന് പുറപ്പെടേണ്ട വിമാനം അനന്തമായി വൈകുകയായിരുന്നു. ഇതേത്തുടർന്ന് ഏറെ അസ്വസ്ഥതയോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്. എപ്പോൾ പുറപ്പെടുമെന്നോ എന്താണ് വൈകാൻ കരണമെന്നോ ഉള്ള വിശദീകരണം ഒന്നും നൽകാൻ പലപ്പോഴും എയർ ഇന്ത്യ ജീവനക്കാർ തയ്യാറാകാത്തതാണ് യാത്രക്കാരുടെ പ്രയാസം വർധിപ്പിക്കുന്നത്.

പക്ഷെ ഈ പ്രയാസം ആ അർത്ഥത്തിൽ കാണാനൊന്നും എയർ ഇന്ത്യ ജീവനക്കാർ തയ്യാറാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഈ പെരുമാറ്റം തുടർന്നാൽ യാത്രക്കാർ കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാനത്തെ യാത്രക്കാർ ഉപേക്ഷിക്കുമോ എന്ന ഭയവും ടിക്കറ്റ് വിൽപന നടത്തുന്ന ഏജൻസികളും പങ്കുവയ്ക്കുന്നു. ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്തിട്ടും എയർ ഇന്ത്യ നടത്തുന്ന പെരുമാറ്റ വൈകല്യം യാത്രക്കാർ എത്രകാലം സഹിക്കും എന്ന ചോദ്യവും പ്രധാനമാണ്.

എന്നാൽ എല്ലാ ദിവസവും തന്നെ ഫുൾ സീറ്റ് യാത്രക്കാരുമായി പറക്കുന്ന വിമാനം എന്ത് ത്യാഗം സഹിച്ചും യാത്രക്കാർ തുടരും എന്ന മനോഭാവമാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഏജൻസികൾ വഴി ബുക്ക് ചെയുന്ന ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനം റദ്ദാകുമ്പോൾ ഏജൻസികൾ പകരം സംവിധാനം ഒരുക്കുമ്പോൾ യാത്രക്കാർ നേരിട്ട് എടുക്കുന്ന ടിക്കറ്റിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് പകരം സംവിധാനം ലഭിക്കാൻ പലപ്പോഴും കാലതാമസം ഉണ്ടാകുന്നു എന്ന പരാതിയും വ്യാപകമാണ്. അതിനിടെ പത്തു വർഷത്തിലേറെ പഴക്കമുള്ള വിമാനങ്ങളുമായി ദീർഘദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യയെ കുറിച്ചുള്ള പരാതികളും അവധിക്കാല യാത്രാവേളയിൽ കൂടുതലാണ്. ഇന്ററാക്ടിവ് സ്‌ക്രീൻ അടക്കം നിശ്ചലമായ അവസ്ഥയിൽ പറക്കേണ്ടി വരുമ്പോൾ പത്തു മണിക്കൂർ യാത്ര ചെറുപ്പക്കാർക്കും കുട്ടികൾക്കും തികച്ചും അരോചകവും അസ്വസ്ഥജനകവുമാണ്.

ഇതേ നിരക്കിൽ മറ്റു വിമാനക്കമ്പനികൾ ടിക്കറ്റുകൾ നൽകുമ്പോൾ നേരിട്ട് പറക്കാം എന്ന കാരണം കൊണ്ട് മാത്രം ഇത്രയും ദുരിതം സഹിക്കണോ എന്നതാണ് കുട്ടികളുടെയും ചെറുപ്പക്കാരുടെയും ചോദ്യം. ഇക്കഴിഞ്ഞ ഞാറാഴ്ച കൊച്ചിയിൽ നിന്നും ഗാട്വികിലേക്ക് വന്ന വിമാനത്തിൽ സെല്ലോ ടേപ്പുകൾ ഒട്ടിക്കാത്ത സീറ്റുകൾ കുറവായിരുന്നു എന്ന് യാത്രക്കാർ ചിത്രങ്ങൾ നൽകി പരാതിപ്പെടുകയാണ്. പുതിയ വിമാനങ്ങൾ എത്തുമ്പോൾ ഈ പരാതികൾ മാറും എന്ന് പറയുന്ന എയർ ഇന്ത്യ വിശ്രമം ഇല്ലാതെ പറന്നു കൊണ്ടിരിക്കുന്ന ദീർഘ ദൂര വിമാനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പോലും കഴിയാത്ത ദുരിത സാഹചര്യമാണ് നേരിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP