Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണം വിളമ്പിയവർ ഇപ്പോൾ ഒരു നേരത്തെ അന്നത്തിനായി കേഴുന്നു; അബുദാബിയിൽ ഏഴുമാസത്തിലധികമായി ശമ്പളമില്ലാതെ വലയുന്നത് മലയാളികൾ അടക്കം 400 പേർ ! കമ്പനി ഉടമകൾ മുങ്ങിയതിന് പിന്നാലെ ദുരിതത്തിലായത് അൽവസീത എമിറേറ്റ്‌സ് കാറ്ററിങിലെ ജീവനക്കാർ; വെള്ളം പോലും ലഭിക്കാതെ അനുഭവിക്കുന്നത് നരകയാതന

ഭക്ഷണം വിളമ്പിയവർ ഇപ്പോൾ ഒരു നേരത്തെ അന്നത്തിനായി കേഴുന്നു; അബുദാബിയിൽ ഏഴുമാസത്തിലധികമായി ശമ്പളമില്ലാതെ വലയുന്നത് മലയാളികൾ അടക്കം 400 പേർ ! കമ്പനി ഉടമകൾ മുങ്ങിയതിന് പിന്നാലെ ദുരിതത്തിലായത് അൽവസീത എമിറേറ്റ്‌സ് കാറ്ററിങിലെ ജീവനക്കാർ; വെള്ളം പോലും ലഭിക്കാതെ അനുഭവിക്കുന്നത് നരകയാതന

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ദീർഘകാലം ഭക്ഷണം വിളമ്പിയവർ ഇപ്പോൾ ഭക്ഷണത്തിനായി യാചിക്കുന്നു. കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങികിടക്കുന്നതിനാൽ മലയാളികളടക്കം 400 പേരാണ് അബുദാബിയിൽ ദുരിതത്തിൽ കഴിയുന്നത്. അൽവസീത എമിറേറ്റ് കേറ്ററിങ് സർവീസസിന്റെ ഉടമകൾ മുങ്ങിയതിനെ തുടർന്നാണ് തൊഴിലാളികൾ വഴിയാധാരമായത്. മുസഫ വ്യവസായ മേഖല 40 ലെ ക്യാമ്പിൽ ഇപ്പോൾ നരകയാതന അനുഭവിച്ചാണ് ഇവർ കഴിയുന്നത്. ഒരു നേരത്തെ അന്നം കണ്ടെത്തി ജീവൻ പിടിച്ചു നിർത്താൻ ഇവർപെടാപ്പാട് പെടുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിലധികമായി മികച്ച വിഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയ ഇവർ ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

യാതന അനുഭവിക്കുന്നവരിൽ കമ്പനിക്ക് എതിരായി കേസ് കൊടുത്തവരും രാജി സമർപ്പിച്ചവരും വീസ കാലാവധി കഴിഞ്ഞിട്ടും ഏറെ നാൾ തുടരേണ്ടി വന്നവരുമുണ്ട്.കൊല്ലം മൈനാഗപ്പള്ളി സ്വദേശി ബാബു വാസുദേവൻ 9 വർഷമായി ഇതേ കമ്പനിയിൽ പൊറോട്ട മേക്കറായി ജോലി ചെയ്യുകയാണ്. വീസ കഴിഞ്ഞിട്ട് 9 മാസമായി. 7 മാസത്തെ ശമ്പള കുടിശ്ശികയുണ്ട്. അറബിക് കുക്കായ നിലമ്പൂർ സ്വദേശി ബീരാൻകുട്ടിക്കും ഡ്രൈവർമാരായ മലപ്പുറം സ്വദേശി ആഷിഖിനും ഹൈദരാബാദ് സ്വദേശി നരേഷിനും പറയാനുള്ളത് ഇതേ പരാതി തന്നെ. വീസ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കിടെ കൈവിരലുകൾ മുറിഞ്ഞ തനിക്കും ഒരുസഹായവും നൽകിയില്ലെന്ന് തമിഴ്‌നാട് സ്വദേശി ചിത്തിരവ് പറയുന്നു.

നരേഷ് അടക്കം പകുതിയോളം പേരുടെ കയ്യിൽ കേസിന്റെ വിധിപ്പകർപ്പുണ്ട്. 21,000 ദിർഹം നരേഷിന് കിട്ടാനുണ്ട്. പക്ഷേ കൊടുക്കാൻ കമ്പനിയുടെ പക്കൽ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നാഴ്ചയായി ഭക്ഷണവും കുടിവെള്ളവും നിലച്ചിട്ട്. ഇടയ്ക്ക് വൈദ്യുതിയും വിഛേദിച്ചപ്പോൾ പൊലീസെത്തിയാണ് പുനഃസ്ഥാപിച്ചത്. കമ്പനിയിൽ അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുമ്പോൾ അവരും നിസ്സഹായരാണ്. മാലിന്യംകുന്നുകൂടി ക്യാംപ് പരിസരത്ത് ദുർഗന്ധം വമിക്കുകയാണ്. ഇത് പകർച്ചവ്യാധിക്കിടയാക്കുമോ എന്നാണ് തൊഴിലാളികളുടെ ഭയം. സ്വന്തമായി മാലിന്യം നീക്കം ചെയ്യാമെന്നുവച്ചാൽ പരിസരത്തൊന്നും മാലിന്യപ്പെട്ടിയില്ല.. ക്യാംപിന്റെ വാടക കൊടുക്കാത്തതിനാൽ അഞ്ചു ദിവസത്തിനകം താമസം ഒഴിയണമെന്നാണ് കെട്ടിട ഉടമകളുടെ അന്ത്യശാസനം.

ഇവിടന്ന് ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിവർ.സുഹൃത്തുക്കളുടെയും സമീപവാസികളുടെയും സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ആർക്കെങ്കിലും എന്തെങ്കിലും കിട്ടിയാൽ എല്ലാവരും ചേർന്നു വീതംവച്ചുകഴിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവർക്ക് മരുന്നുവാങ്ങാൻപോലും പണമില്ല. 1363 തൊഴിലാളികളുള്ള കമ്പനിയുടെ അവസ്ഥ മോശമായപ്പോൾ 400 പേർ ദീർഘകാല അവധിക്ക് നാട്ടിൽ പോയി. ശേഷിച്ചവരിൽ 250 പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്. അവശേഷിക്കുന്നവരിൽ 233 പേർ തുടർന്നും ജോലി ചെയ്യാൻ സന്നദ്ധരുമാണ്. രണ്ടു ജോർദാനി സഹോദരന്മാരും ഒരു സ്വദേശിയും പാർട്ണർമാരായ കമ്പനി ലാഭകരമായാണ് പ്രവർത്തിച്ചിരുന്നത്.

മിലിറ്ററി ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയുള്ള കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയതോടെ കരാർ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളക്കുടിശ്ശികയായി. പ്രതിസന്ധി രൂക്ഷമാകുംമുൻപ് ഉടമകൾ 2018 ജൂലൈയിൽ മുങ്ങിയതോടെ ജോലിയില്ലാതെ തൊഴിലാളികൾ പെരുവഴിയിലായി. ഇതേസമയം ബാങ്കുവായ്പയുള്ളതിനാൽ കിട്ടാനുള്ള തുക കിട്ടിയാൽ പോലും എടുക്കാനാവാത്ത സ്ഥിതിയാണെന്നും അതിനാൽ മറ്റെന്തെങ്കിലും പരിഹാരത്തെ പറ്റിയാണ് ആലോചിക്കുന്നതെന്നും കമ്പനി വക്താവ് മനോരമയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP