Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന് അനുമതി നിഷേധിച്ചത് മുൻസിപ്പൽ ചെയർമാൻ; അനുമതി നൽകില്ലെന്ന് മുൻസിപ്പാലിറ്റി ശഠിച്ചപ്പോൾ വെള്ളത്തിലായത് യുവ സംരംഭകരുടെ 50 ലക്ഷത്തോളം രൂപ; പ്രതിസന്ധിക്കിടെ ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി വിധി ആശ്വാസമായി; കോടതി വിധിയുണ്ടായിട്ടും ചെറുവിരൽ അനക്കാതെ മുൻസിപ്പാലിറ്റി; കേരളത്തിൽ വ്യവസായത്തിന് മുതൽ മുടക്കി കണ്ണീരുകുടിച്ചു യുവസംരംഭകരായ പ്രസാദ് ജോണും കവിതയും; സംരംഭകരെ പുറംതള്ളുന്ന പരവൂർ മോഡൽ ഇങ്ങനെ

കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന് അനുമതി നിഷേധിച്ചത് മുൻസിപ്പൽ ചെയർമാൻ; അനുമതി നൽകില്ലെന്ന് മുൻസിപ്പാലിറ്റി ശഠിച്ചപ്പോൾ വെള്ളത്തിലായത് യുവ സംരംഭകരുടെ 50 ലക്ഷത്തോളം രൂപ; പ്രതിസന്ധിക്കിടെ ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി വിധി ആശ്വാസമായി; കോടതി വിധിയുണ്ടായിട്ടും ചെറുവിരൽ അനക്കാതെ മുൻസിപ്പാലിറ്റി; കേരളത്തിൽ വ്യവസായത്തിന് മുതൽ മുടക്കി കണ്ണീരുകുടിച്ചു യുവസംരംഭകരായ പ്രസാദ് ജോണും കവിതയും; സംരംഭകരെ പുറംതള്ളുന്ന പരവൂർ മോഡൽ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അനുവാദം നൽകിയിട്ടും ലൈസൻസും കെട്ടിട നിർമ്മാണ അനുമതിയും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കുടിവെള്ള ബോട്ട്‌ലിങ് യൂണിറ്റിനു അനുമതി നിഷേധിച്ച് കൊല്ലം പരവൂർ മുൻസിപ്പാലിറ്റി. ബോട്ട്‌ലിങ് പ്ലാന്റിന് ലൈസൻസ് നൽകാൻ പരവൂർ ഹൈക്കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞു നാല് മാസം പിന്നിട്ടിട്ടും ഒരു നടപടിയും മുൻസിപ്പാലിറ്റി കൈക്കൊണ്ടിട്ടില്ല. ഹൈക്കോടതി വിധിക്ക് പുല്ലുവില പോലും കൽപ്പിക്കാതെയാണ് ബോട്ട്‌ലിങ് പ്ലാന്റ് പ്രശ്‌നത്തിൽ ഒരു മുൻസിപ്പാലി മുന്നോട്ടു പോകുന്നത്. മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പും മുൻസിപ്പൽ സെക്രട്ടറിയും കൗൺസിലറും ചേർന്നാണ് പ്രോജക്റ്റ് മുടക്കുന്നത് എന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. കൺവെൻഷൻ സെന്ററിനു ആന്തൂർ മുൻസിപ്പാലിറ്റി രാഷ്ട്രീയ കാരണങ്ങൾ മൂലം അനുമതി നിഷേധിച്ചപ്പോൾ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. സിപിഐ ഉയർത്തിയ എതിർപ്പ് കാരണം ഒരു വർക്ക്ഷാപ്പ് തുടങ്ങാൻ കഴിയാതെ വന്നപ്പോൾ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. സംരംഭകരെ ഇതിലേ ഇതിലെ എന്ന് പറഞ്ഞു അധികാരത്തിൽ വന്ന നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തന്നെയാണ് വിവാദമായ രണ്ടു ആത്മഹത്യകളും നടന്നതും.

സർക്കാർ വാക്ക് വിശ്വസിച്ച് കേരളത്തിൽ മുതൽ മുടക്കിയാൽ എന്ത് സംഭവിക്കും എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് പരവൂർ മുനിസിപ്പാലിറ്റിയുടെ നടപടിയും. എഞ്ചിനീയർമാരായ രണ്ടു സംരംഭകരാണ് പരവൂർ മുൻസിപാലിറ്റിയുടെ നടപടി കാരണം കണ്ണീരു കുടിക്കുന്നത്. സംരംഭകരിൽ ഒരാളായ പ്രസാദ് ജോൺ മുംബൈയിലും കവിത ബംഗളൂരുമാണ്. ഓരോ തവണയും ബോട്ട്‌ലിങ് പ്ലാന്റുമായി ബന്ധപ്പെട്ടു കേരളത്തിലേക്ക് പറന്നെത്തേണ്ട അവസ്ഥയാണ് ഇപ്പോൾ ഇവർ നേരിടുന്നത്. ആശ്വാസദായകമായി വന്ന ഹൈക്കോടതി വിധി കൂടി മുഖവിലയ്ക്ക് എടുക്കാതെ മുൻസിപ്പാലിറ്റി മുന്നോട്ടു പോകുന്നത് ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുകയുമാണ്.

മുൻസിപ്പാലിറ്റിയുടെ നിഷേധാത്മക നിലപാട് കാരണം രണ്ടു വർഷം മുൻപ് ആരംഭിച്ച ബോട്ട്‌ലിങ് പ്ലാന്റിന്റെ ജോലികൾ യുവസംരംഭകർക്ക് മുന്നോട്ടു നീക്കാൻ കഴിഞ്ഞിട്ടില്ല. അൻപത് ലക്ഷത്തിലേറെ മുതൽ മുടക്കിയിട്ടും പ്ലാന്റ് ശൈശവാവസ്ഥയിൽ തന്നെ തുടരുന്നത് കാരണം ഗത്യന്തരമില്ലാതെയാണ് സംരഭകർ ഹൈക്കോടതിയെ സമീപിച്ചത്. ജനുവരിയിൽ തന്നെ ഒരു മാസത്തിനുള്ളിൽ ഇവർക്ക് ലൈസൻസ് അനുവദിക്കണമെന്ന് ഹൈക്കോടതി പരവൂർ മുൻസിപ്പാലിറ്റിക്ക് ഉത്തരവ് നൽകി. ഇപ്പോൾ സമയപരിധി കഴിഞ്ഞു നാലു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഈ കാര്യത്തിൽ മുൻസിപ്പാലിറ്റി സ്വീകരിച്ചിട്ടില്ല. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സംരംഭകർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിൽ ബോട്ട്‌ലിങ് പ്ലാന്റ് തുടങ്ങാൻ അനുമതി തേടിയപ്പോൾ പരവൂർ ആണ് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി നിർദ്ദേശിച്ചത്. അതിനാലാണ് ഇവർ പരവൂരിൽ പോയി സ്ഥലം എടുക്കുകയും പ്രോജക്റ്റ് ജോലികൾ ആരംഭിക്കുകയും ചെയ്തത്. പക്ഷെ മുൻസിപ്പൽ ഇടപെടൽ കാരണം ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

ജനകീയ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് കുടിവെള്ള ബോട്ട്‌ലിങ് യൂണിറ്റിനു പരവൂർ മുൻസിപ്പാലിറ്റി അനുമതി നൽകാതിരിക്കുന്നത്. പക്ഷെ ഈ ജനകീയ എതിർപ്പിനു പിന്നിൽ മുൻസിപ്പൽ ചെയർമാനും കൂട്ടരുമാണെന്നാണ് സംരംഭകർ ഉയർത്തുന്ന ആക്ഷേപം. കുടിവെള്ള പ്ലാന്റിന് സമീപത്ത് ചെയർമാന്റെ ബന്ധുക്കളുണ്ട്. പ്ലാന്റിന് വേണ്ടി വെള്ളം എടുത്താൽ പരിസരത്ത് വെള്ളം കുറയുമെന്നാണ് ആക്ഷേപം. ഇതിന്റെ പേരിലാണ് ചെയർമാൻ അനുമതി നിഷേധിക്കുന്നത് എന്നാണ് സംരഭകർ പറയുന്നത്. ചെറുകിട പ്ലാന്റ് ആയതിനാൽ ഇത്തരം ഒരു പ്രശ്‌നം ആ പരിസരത്ത് വരുന്നില്ലെന്ന് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി തന്നെ ഇവർക്ക് സർട്ടിഫൈ ചെയ്തിട്ടുണ്ട്. സംരംഭകരുടെ ആവശ്യാർത്ഥം ശാസ്ത്രീയമായി ഈ കാര്യം പരിശോധിച്ചാണ് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അനുമതി നൽകിയത്. ഇത്തരം പ്രശ്‌നങ്ങളിൽ ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയുടെ സർട്ടിഫൈ ചെയ്ത് നൽകിയാൽ അനുമതി നൽകുന്നതാണ് പൊതുവേയുള്ള രീതി. പക്ഷെ വ്യക്തിപരമായ താത്പര്യം ചെയർമാന് നിലനിൽക്കുന്നതിനാൽ ചെയർമാനും സെക്രട്ടറിയും കൂടി അനുമതി നിഷേധിക്കുകയാണ് എന്നാണ് സംരംഭകർ പറയുന്നത്. ഹൈക്കോടതി ഉത്തരവിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി നൽകാത്തതും ഇതിനു ഉദാഹരണമായി സംരഭകർ ചൂണ്ടിക്കാട്ടുന്നു

2018 ജനുവരിയിലാണ് ചെറുകിട കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന്റെ ജോലികൾ പരവൂരിൽ ആരംഭിക്കുന്നത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയെ സമീപിച്ചപ്പോൾ അവർ നൽകിയ ലിസ്റ്റിൽ നിന്നാണ് ഇവർ തിരുവനന്തപുരത്ത് തൊട്ടടുത്ത് കിടക്കുന്ന സ്ഥലം എന്ന നിലയിൽ പരവൂർ തിരഞ്ഞെടുത്തത്. ഒരു വശത്ത് പാടവും വീടുകൾ കുറവായ പ്രദേശവും നോക്കിയാണ് പരവൂരിൽ ഇവർ സ്ഥലം സ്വന്തമായി വാങ്ങിയത്. കായലും കടലും അടുത്ത് കിടക്കുന്നതിനാൽ ഇവിടെ വെള്ളത്തിനു പ്രശ്‌നം കാണില്ലെന്ന് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി ഇവരെ അറിയിച്ചിരുന്നു. അഥോറിറ്റിയുടെ അനുമതി തേടിയാണ് അഥോറിറ്റി നിർദ്ദേശിച്ച സ്ഥലത്ത് ഇവർ സ്ഥലം വാങ്ങിയത്. പക്ഷെ മുനിസിപ്പൽ ചെയർമാന് വ്യക്തിപരമായ താത്പര്യങ്ങൾ വന്നതിനാൽ അനുമതി നിഷേധിക്കപ്പെട്ടു. അതുകൊണ്ട് തന്നെ പ്ലാന്റ് തുടങ്ങിയ അതേ രീതിയിലാണ് നിലനിൽക്കുന്നത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റി ടെസ്റ്റുകൾ നടത്താൻ വന്നപ്പോൾ നാട്ടുകാർ ജോലി തടസപ്പെടുത്തി. പൊലീസ് സഹായത്തോടെയാണ് ടെസ്റ്റുകൾ പൂർത്തീകരിച്ചത്. ഇപ്പോൾ ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അനുമതി നൽകിയിട്ടും മുൻസിപ്പാലിറ്റി അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ കെട്ടിടം പണിയാനോ അനുബന്ധ ജോലികൾ തീർക്കാനോ സംരഭകർക്ക് കഴിഞ്ഞിട്ടില്ല. എന്ത് വന്നാലും അനുമതി നൽകില്ലെന്നാണ് പരവൂർ മുൻസിപാലിറ്റി ചെയർമാൻ കെ.പി.കുറുപ്പ് പറഞ്ഞത് എന്നാണ് സംരംഭകയായ കവിത മറുനാടനോട് പറഞ്ഞത്. ജനകീയ എതിർപ്പ് കുറുപ്പിന്റെ സൃഷ്ടിയാണ്. എതിർപ്പുകളെക്കുറിച്ച് കവിത പറയുന്നത് ഇങ്ങനെ:

അനുമതി നിഷേധിക്കുന്നത് മുൻസിപ്പൽ ചെയർമാൻ; കാറ്റിൽ പറത്തുന്നത് ഹൈക്കോടതി വിധി: കവിത

സ്വന്തമായി സ്ഥലം വാങ്ങിയ ശേഷമാണ് കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ഇറങ്ങിയത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയെ സമീപിച്ചപ്പോൾ അവർ നൽകിയ ലിസ്റ്റ് പ്രകാരം തിരുവനന്തപുരത്തിനു ഏറ്റവും അടുത്ത സ്ഥലമായ പരവൂർ ആണ് തിരഞ്ഞെടുത്തത്. രണ്ടു വർഷമായി ഞങ്ങളുടെ പണം അവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. 2018 ലാണ് ഞങ്ങൾ ജോലി തുടങ്ങിയത്. ഇപ്പോൾ കെട്ടിടം കെട്ടാൻ പോലും ഞങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ചിലരെ മുൻ നിർത്തി മുൻസിപ്പാലിറ്റി പ്രതിരോധ ദുർഗം തീർത്തിരിക്കുകയാണ്. മെഷീന് നൽകിയ അഡ്വാൻസ് തുക കൂടി കൂട്ടിയാൽ 50 ലക്ഷത്തോളം രൂപ ഞങ്ങൾ അവിടെ നിക്ഷേപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇനി ബിൽഡിങ് കെട്ടണം. മെഷീനറികൾ വരുത്തണം. തുടങ്ങിയ പ്രധാന ജോലികൾ ബാക്കി കിടക്കുന്നു. പ്രാഥമിക നിക്ഷേപം മാത്രമാണ് അരക്കോടിയിലേറെ തുക വകയിരുത്തിയത്. പ്രോജക്ടുമായി മുന്നോട്ടു പോകുന്നതിന്നിടെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാൻ കഴിയുമോ അങ്ങനെയെല്ലാം പരവൂർ മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പ് ചെയ്തിട്ടുണ്ട്.

അനുമതിക്ക് വേണ്ടി മുംബയിൽ നിന്നും ബംഗളൂര് നിന്നും ഞങ്ങൾ പറവൂരിലേക്ക് വരുകയാണ്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റി നൽകിയ ലിസ്റ്റ് പ്രകാരമാണ് ഞങ്ങൾ അവിടെ സ്ഥലം എടുത്തത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റി ഹൈഡ്രോളജിക്കൽ ടെസ്റ്റ് നടത്തി. കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് സ്ഥാപിക്കാൻ കഴിയുന്ന സ്ഥലമാണ് എന്ന് ഇവർ സർട്ടിഫൈ ചെയ്തു. ഈ സർട്ടിഫിക്കറ്റ് വാങ്ങിച്ച ശേഷം ഇത് മുൻസിപ്പാലിറ്റി ഓഫീസിൽ നൽകി അനുമതി തേടി. എന്നാൽ മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പ് ഉടക്കിട്ടു. ലൈസൻസ് തരാതെ ആ സമയം മുതൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. അപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പറവൂർ മുൻസിപ്പാലിറ്റിക്ക് ഓർഡർ നൽകി. മുൻസിപ്പാലിറ്റി വ്യാവസായിക അടിസ്ഥാനത്തിൽ പെർമിറ്റ് നൽകുന്നതിനു പകരം റെസിഡൻഷ്യൽ ഉപയോഗത്തിനുള്ള പെർമിറ്റ് ആണ് നൽകിയത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാം എന്ന സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള പെർമിറ്റ് നല്കാം എന്ന് പറഞ്ഞു. ട്യൂബ് വെൽ എടുത്തു. ട്യൂബ് വെൽ എടുക്കുന്ന സമയത്ത് അവിടെ ജനകീയ പ്രതിഷേധം വന്നു. ഈ പ്രതിഷേധം കുറുപ്പിന്റെ നേതൃത്വത്തിലാണ് നടന്നത്. പരിശോധന നടക്കാതിരിക്കാൻ വേണ്ടിയാണ് ഇവർ അങ്ങനെ പ്രതിഷേധം സംഘടിപ്പിച്ചത്. കുറുപ്പിന്റെ ബന്ധുക്കൾ ആ പ്രദേശത്തുണ്ട്. അതിനാലാണ് കുറുപ്പിന്റെ നേതൃത്വത്തിൽ അവിടെ പ്രതിഷേധം വന്നത്. പ്രദേശത്തുള്ള ആളുകൾക്ക് വെള്ളം കിട്ടില്ലെന്നാണ് ഇവർ പ്രചാരണം നടത്തിയത്. ഈ പ്രതിഷേധം താത്കാലികമായി പ്രോജക്ടിന്റെ വഴി മുടക്കി. ലൈസൻസ് നൽകാൻ മുൻസിപ്പാലിറ്റി മടിച്ചപ്പോൾ ഞങ്ങൾ ഹൈക്കോടതിയുടെ സഹായം തേടി.

120 മീറ്റർ ഡെപ്തിലാണ് ട്യൂബ് വെൽ എടുക്കേണ്ടിയിരുന്നത്. ഞങ്ങൾ 81 മീറ്ററിൽ മാത്രമാണ് എടുത്തത്. പാറയായതിനാൽ എടുക്കാൻ കഴിയില്ല. ഞങ്ങൾക്ക് ഗ്രൌണ്ട് വാട്ടർ അഥോറിറ്റിക്ക് യീൽഡ് ടെസ്റ്റ് നടത്തേണ്ടതുണ്ടായിരുന്നു. ഈ ടെസ്റ്റ് നടത്തുന്ന സമയത്ത് ഞങ്ങളുടെ റിക്വസ്റ്റ് പ്രകാരം, ഈ പ്രോപ്പർറ്റിയിൽ തന്നെ ഒരു ഓപ്പൺ വെൽ ഉണ്ട്. ആ ഓപ്പൺ വെല്ലും ഏറ്റവും മുകളിലുള്ള ഓപ്പൺ വെല്ലും തമ്മിൽ ഞങ്ങൾ ഒരു ടെസ്റ്റ് നടത്തി. ഈ ട്യൂബ് വെല്ലിൽ നിന്നും വെള്ളം എടുക്കുന്ന സമയത്ത് ഓപ്പൺ വെല്ലിൽ നിന്നും വെള്ളം കുറയുന്നുണ്ടോ എന്നറിയാൻ ഞങ്ങൾ തന്നെ അപേക്ഷ നൽകിയാണ് ടെസ്റ്റ് നടത്തിയത്. മറ്റുള്ളവരെ ഉപദ്രവിക്കേണ്ടതില്ല എന്നതിനാലാണ് ഈ ടെസ്റ്റ് നടത്തിയത്. ഞങ്ങളുടെ ട്യൂബ് വെല്ലിൽ നിന്നും വെള്ളം എടുത്ത് കഴിഞ്ഞപ്പോൾ മുകളിലെ വെല്ലിൽ നിന്നും ഒരു തുള്ളിവെള്ളം പോലും കുറയുന്നില്ല. അത് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഈ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് നൽകിയിട്ടുണ്ട്.

ദിവസം 17500 ലിറ്റർ വെള്ളം എടുക്കാൻ കഴിയും എന്ന രീതിയിലാണ് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി സർട്ടിഫൈ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻഒസി നൽകണം എന്ന് പറഞ്ഞ് ഞങ്ങൾ മുൻസിപ്പാലിറ്റിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. അവർ എൻഒസി നൽകിയില്ല എന്ന് മാത്രമല്ല എൻഒസി നൽകില്ല എന്ന് പറഞ്ഞു ആ അപേക്ഷയിൽ എഴുതി നൽകുകയും ചെയ്തു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഞങ്ങൾക്ക് അനുകൂല വിധി നൽകി. കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് വ്യാവസായിക അടിസ്ഥാനത്തിൽ അനുവദിക്കാൻ ലൈസൻസ് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ കെട്ടിടം കെട്ടാനുള്ള അനുമതി പോലും മുൻസിപ്പാലിറ്റി നൽകിയിട്ടില്ല. ബിൽഡിങ് പെർമിറ്റ് നൽകില്ല എന്നാണ് അവർ പറയുന്നത്. മുൻസിപ്പാലിറ്റി ചെയർമാൻ കുറുപ്പും മുൻസിപ്പൽ സെക്രട്ടറിയും വാർഡ് കൗൺസിലറും കൂടിയാണ് അനുമതി നിഷേധിക്കുന്നത്. ഹൈക്കോടതി വിധി പ്രകാരം സർട്ടിഫിക്കറ്റുകൾ എല്ലാം മുൻസിപ്പാലി നൽകേണ്ടതാണ്. പക്ഷെ ഇതുവരെ ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ല. മുൻസിപ്പാലിറ്റി ലംഘിക്കുന്നത് ഹൈക്കോടതി ഉത്തരവാണ്. ഞങ്ങൾക്ക് ബോട്ട്‌ലിങ് പ്ലാന്റ് സ്ഥാപിക്കാൻ എല്ലാ അനുമതിയും ഹൈക്കോടതി ഉത്തരവ് പ്രകാരം നൽകേണ്ടതാണ്. ഇപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം ഞങ്ങൾ അനുമതിക്ക് അപേക്ഷ നൽകിയപ്പോൾ മാർച്ചിൽ എങ്കിലും അവർ അനുമതി നൽകേണ്ടതായിരുന്നു. മനഃപൂർവം മുൻസിപ്പാലിറ്റി അനുമതി നൽകാതിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് വന്നിട്ട് തന്നെ ഇപ്പോൾ നാല് മാസമായിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ കോടതി അലക്ഷ്യം ഫയൽ ചെയ്തിരിക്കുകയാണ്- കവിത പറയുന്നു:

അനുമതി നൽകേണ്ടതില്ലെന്നു മുൻസിപ്പാലിറ്റിയുടെ തീരുമാനം: കെ.പി.കുറുപ്പ്

കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന് അനുമതി നൽകാൻ കഴിയില്ല. അനുമതി നൽകേണ്ടതില്ലെന്നു പരവൂർ മുൻസിപ്പാലിറ്റി തീരുമാനം എടുത്തിട്ടുണ്ട്- മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പ് മറുനാടനോട് പറഞ്ഞു. നാട്ടുകാരുടെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രോപ്പർ ചാനലിൽ അവരുടെ അപേക്ഷ പോലും വന്നിട്ടില്ല. കുടിവെള്ള ക്ഷാമം ഉള്ള മേഖലയാണിത്. കുടിവെള്ള ക്ഷാമം ഉള്ളപ്പോൾ വെള്ളം കച്ചവടം ചെയ്യാൻ ജനങ്ങൾ സമ്മതിക്കില്ല. വലിയ എതിർപ്പാണ് നിലവിൽ ഉള്ളത്. അവർ സമീപിച്ചെങ്കിലും പ്ലാന്റിന് അനുമതി നൽകേണ്ടതില്ല എന്ന് മുൻസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു. പ്ലാന്റിന് അനുമതി നൽകേണ്ടതില്ലെ എന്നത് മുനിസിപ്പാലിറ്റിയുടെ തീരുമാനമാണ്. അനുമതി നൽകിയാൽ ജനകീയ പ്രതിഷേധം മുൻസിപ്പാലിറ്റി നേരിടേണ്ടി വരും. ശിവൻകുട്ടി അടക്കം പലരും ശുപാർശ ചെയ്തതാണ്. പക്ഷെ ഞങ്ങൾ വഴങ്ങിയില്ല. ഇവരോട് ഞങ്ങൾ പറഞ്ഞതാണ് പ്ലാന്റുമായി മുന്നോട്ടു പോകരുതെന്ന്. അത് വലിയ പ്രശ്‌നങ്ങൾ വരും എന്നും അവരോട് പറഞ്ഞിട്ടുണ്ട്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയെ സ്വാധീനിച്ചാണ് അവർ അനുമതി വാങ്ങിയത്. ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട് എന്ന കാര്യം അറിഞ്ഞിട്ടില്ല. അവർ ഉത്തരവുമായി നേരിട്ട് വരട്ടെ. അപ്പോൾ നോക്കാം-കുറുപ്പ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP