Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷ-വനിതാ പൊലീസ് ഓഫീസർമാർക്കുള്ള പിഎസ് സി നോട്ടിഫിക്കേഷൻ വന്നത് രണ്ടു വർഷം മുൻപ്; വനിതകളുടെ മെയിൻ ലിസ്റ്റ് പുറത്തിറങ്ങും മുൻപ് ഗർഭാവസ്ഥ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത് രണ്ടു വനിതാ ഉദ്യോഗാർത്ഥികൾ; കോടതിയെ സമീപിച്ചവരുടെ കായികക്ഷമതാ പരീക്ഷ കഴിയാതെ റാങ്ക് ലിസ്റ്റ് പുറത്തിറക്കില്ലെന്ന് പിഎസ് സിയും; തടസമായി കോവിഡും ലോക്ക് ഡൗണും; നിയമനം കാത്തിരിക്കുന്നത് രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ; വനിതാ പൊലീസിൽ പിഎസ് സി നിയമനങ്ങൾ നിലച്ചിട്ട് മൂന്ന് വർഷം

പുരുഷ-വനിതാ പൊലീസ് ഓഫീസർമാർക്കുള്ള പിഎസ് സി നോട്ടിഫിക്കേഷൻ വന്നത് രണ്ടു വർഷം മുൻപ്; വനിതകളുടെ മെയിൻ ലിസ്റ്റ് പുറത്തിറങ്ങും മുൻപ് ഗർഭാവസ്ഥ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത് രണ്ടു വനിതാ ഉദ്യോഗാർത്ഥികൾ; കോടതിയെ സമീപിച്ചവരുടെ കായികക്ഷമതാ പരീക്ഷ കഴിയാതെ റാങ്ക് ലിസ്റ്റ് പുറത്തിറക്കില്ലെന്ന് പിഎസ് സിയും; തടസമായി കോവിഡും ലോക്ക് ഡൗണും; നിയമനം കാത്തിരിക്കുന്നത് രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ; വനിതാ പൊലീസിൽ പിഎസ് സി നിയമനങ്ങൾ നിലച്ചിട്ട് മൂന്ന് വർഷം

എം മനോജ് കുമാർ

തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും വനിതാ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഒരുമിച്ച് നോട്ടിഫിക്കേഷൻ വന്ന പുരുഷ-വനിതാ പൊലീസ് ഓഫീസർമാരിൽ പുരുഷ പൊലീസ് ഓഫീസർമാർ സർവീസിൽ കയറുകയും റാങ്ക് ലിസ്റ്റ് കാലാഹരണപ്പെടുകയും ചെയ്തിട്ടും വനിതാ പൊലീസ് ഓഫീസർ റാങ്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. കായികക്ഷമതാ പരീക്ഷ പ്രശ്‌നം കോടതി കയറിയതിനാലാണ് വനിതാ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ശാപമോക്ഷം കാത്ത് കഴിയുന്നത്. വനിതാ പൊലീസിൽ അഞ്ഞൂറോളം ഒഴിവുകൾ നിലനിൽക്കുമ്പോഴാണ് രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് രണ്ടു വർഷമായിട്ടും പുറത്ത് വരാതെ അനിശ്ചിതത്വത്തിൽ കുരുങ്ങിയിരിക്കുന്നത്.

കായികക്ഷമതാ പരീക്ഷയ്ക്ക് മുൻപ് 2000 പേരുള്ള ലിസ്റ്റ് വന്നെങ്കിലും അതിൽ ഇരുപതോളം ഉദ്യോഗാർത്ഥികൾ ഫിസിക്കലിനു ഹാജരായില്ല. പ്രസവം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില ഉദ്യോഗാർത്ഥികൾ വിട്ടു നിന്നത്. ഇവർ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യുണലിനെയും പിഎസ്‌സിയെയും സമീപിച്ചു. ഇതോടെ മെയിൻ ലിസ്റ്റ് പുറത്ത് വിട്ടില്ല. ഇവർ കായികക്ഷമതാ പരീക്ഷയ്ക്ക് വന്നാൽ മാത്രമേ മെയിൻ ലിസ്റ്റ് വരുകയുള്ളൂ. ലോക്ക്‌ഡൗൺ, കോവിഡ്, ജീവനക്കാർ ഇല്ലാത്ത പ്രശ്‌നം എന്നൊക്കെ ചൂണ്ടിക്കാട്ടി കായികക്ഷമത പിഎസ് സി വൈകിക്കുമ്പോൾ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. എന്ന് ലിസ്റ്റ് വരും എന്നുപോലും പിഎസ്‌സി പറയുന്നുമില്ല.

കായികക്ഷമതാ പരീക്ഷയ്ക്ക ഹാജരാകാൻ കഴിയാത്തവരുടെ പരീക്ഷ കഴിയട്ടെ എന്നാണ് പിഎസ് സി പറയുന്നത്. ഇതെപ്പോൾ എന്ന ചോദ്യത്തിനു ഉത്തരവുമില്ല. വനിതാ പൊലീസ് ഓഫീസർ പോസ്റ്റിൽ പിഎസ് സി വഴിയുള്ള നിയമനം നിലച്ച് മൂന്നു വർഷം കഴിഞ്ഞെങ്കിലും പ്രശ്‌നത്തിൽ പിഎസ് സി സജീവമായി ഇടപെടുന്നുമില്ല. 2016 ലാണ് മുൻപ് വനിതാ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ ലിസ്റ്റ് 2017-ൽ കാലാവധി കഴിയുകയും ചെയ്തു. ആയിരത്തോളം പേർക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പുതിയ നോട്ടിഫിക്കേഷൻ വന്നത്. ഈ ലിസ്റ്റിൽ നിയമനം നടന്നതുമില്ല. ഗർഭാവസ്ഥയിൽ ആയതിനാൽ വരാൻ കഴിയാത്തതിനാൽ തങ്ങളുടെ കായികക്ഷമത കഴിഞ്ഞു മാത്രമേ ലിസ്റ്റ് ഇടാവൂ എന്നാവശ്യപ്പെട്ടാണ് രണ്ടു ഉദ്യോഗാർത്ഥികൾ കേരള അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യുണലിനെ സമീപിച്ചതോടെയാണ് ലിസ്റ്റിനു ശനിദശ വരുന്നത്. ഇവർക്ക് അനുകൂലമായി ഉത്തരവ് വന്നപ്പോൾ റാങ്ക് ലിസ്റ്റ് ഇടരുത് എന്ന് ഉത്തരവിലില്ലെന്നു ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഫിസിക്കൽ സമയത്ത് ഹാജരാകാൻ കഴിയാത്തവർക്ക് പിന്നീട് ഫിസിക്കൽ നടത്തില്ലെന്ന് പിഎസ് സി നോട്ടിഫിക്കേഷനിൽ തന്നെ പറയുന്നുമുണ്ട്. എന്നിട്ടും കായികക്ഷമതാ പരീക്ഷ ചൂണ്ടിക്കാട്ടി അനന്തമായി ലിസ്റ്റ് പിഎസ് സി വൈകിക്കുകയാണ് എന്നാണു ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. ഇനി കായികക്ഷമതാ പരീക്ഷ അവർക്ക് നടത്തുന്നുണ്ടെങ്കിൽ ഈ ലിസ്റ്റിൽ വിജയിക്കുന്നവരെ ഉൾക്കൊള്ളിക്കട്ടെ. ഈ സമീപനം മുൻപും പിഎസ്‌സി അനുവർത്തിച്ചിട്ടുണ്ട്. അപ്പോൾ രണ്ടു വിഭാഗത്തിനും നീതി ലഭിക്കും. ഇതൊന്നും ചെയ്യാതെ ലിസ്റ്റ് പിഎസ് സി വൈകിക്കുകയാണ് എന്നാണു ഉദ്യോഗാർഥികൾ പറയുന്നത്. പിഎസ് സി- പൊലീസ് അടങ്ങുന്ന ബോർഡ് ആണ് കായികക്ഷമതാ പരീക്ഷ വിലയിരുത്തുന്നത്. കോവിഡ് ആയതിനാൽ ഈ രീതിയിൽ ഒരു ബോർഡ് എപ്പോൾ കൂടും എന്ന് പിഎസ് സി പറയുന്നുമില്ല.

2017-ൽ നോട്ടിഫിക്കേഷൻ വന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ആണ് അനിശ്ചിതത്വത്തിൽ കുരുങ്ങിയിരിക്കുന്നത്. 2018-ലാണ് പുരുഷ-വനിതാ ഓഫീസർമാർക്കുള്ള പരീക്ഷ നടക്കുന്നത്. മൂന്നു ലക്ഷത്തോളം പേരാണ് വനിതാ വിഭാഗത്തിൽ എഴുതിയത്. അതിൽ പതിനായിരം പേർ ഷോട്ട് ലിസ്റ്റിൽ വന്നു. രണ്ടായിരത്തോളം പേർ ഫിസിക്കൽ എന്ന കടമ്പയും കടന്നു. അതിന്നിടയിൽ തിരഞ്ഞെടുക്കപ്പെട്ട ചില ഉദ്യോഗാർത്ഥികൾക്ക് കായികക്ഷമതാ പരീക്ഷയിൽ ഹാജരാകാൻ കഴിഞ്ഞില്ല. ഗർഭാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇവർ പിഎസ്‌സിയെയും അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യുണലിനെയും സമീപിച്ചത്. ഇവരുടെ അപേക്ഷ പിഎസ് സി തള്ളിയപ്പോൾ മാനുഷികമായ കാരണങ്ങളാൽ ട്രിബ്യുണൽ അംഗീകരിച്ചു. രണ്ടു പേരാണ് ട്രിബ്യൂണൽ മുൻപാകെ പോയത്.

ഇപ്പോൾ രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ അപേക്ഷ നല്കിയവരുടെ കായികക്ഷമതാ പരീക്ഷയും കഴിയുന്നത് കാത്തിരിക്കുകയാണ്. അനീതിയാണ് നടന്നത് എന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പുരുഷ പൊലീസ് ഓഫീസർമാരുടെ നിയമനം നടക്കുകയും അതിൽ ഉൾപ്പെട്ടവർ സർവീസിൽ കയറുകയും ചെയ്തു. തങ്ങളുടെ റാങ്ക് ലിസ്റ്റ് പോലും പുറത്ത് വന്നിട്ടില്ല-ഉദ്യോഗാർത്ഥികൾ അമർഷം കൊള്ളുന്നു. പരീക്ഷ മുതൽ ഷോർട്ട് ലിസ്റ്റ് ഇറങ്ങും വരെ പുരുഷ-വനിതാ ഉദ്യോഗാർത്ഥികളുടെ അവസ്ഥ ഒരേ രീതിയിലാണ് പോയത്. ഞങ്ങളുടെ ഷോർട്ട് ലിസ്റ്റ് വന്നിട്ട് ഒരു വർഷവും കഴിഞ്ഞു. പുരുഷ പൊലീസുകാർ സർവീസിൽ കയറി. ഞങ്ങൾ ലിസ്റ്റും കാത്തിരിക്കുന്നു-ഒരു ഉദ്യോഗാർഥി മറുനാടനോട് പറഞ്ഞു.



വനിതാ പൊലീസ് ഓഫീസർമാർക്കൊപ്പം പരീക്ഷ എഴുതിയ പുരുഷ ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ അതിവേഗമാണ് പൂർത്തിയായത്. 2018 നവംബറിൽ വനിതാ ഉദ്യോഗസ്ഥ നിയമനത്തിന്റെ ഫിസിക്കൽ എന്നാണ് പിഎസ് സി അറിയിച്ചത്. അതുപ്രകാരം ഉദ്യോഗാർത്ഥികൾ പരിശീലനം തുടങ്ങുകയും ചെയ്തു. എന്നാൽ ഒരു വർഷം വൈകി 2019 നവംബറിൽ ആണ് കായികക്ഷമതാ പരീക്ഷ നടക്കുന്നത്. 2000 ത്തോളം ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പക്ഷെ മെയിൻ ലിസ്റ്റ് ഇറങ്ങിയില്ല. മൂന്ന് വർഷത്തോളം വിവാഹവും ഗർഭധാരണവും മാറ്റിവച്ചാണ് ഇവർ ജോലിക്ക് ആയി ഒരുങ്ങിയത്.

പക്ഷെ ഗർഭാവസ്ഥ ചൂണ്ടിക്കാട്ടി ചിലർ വിട്ടു നിന്നപ്പോൾ കായികക്ഷമതാ പരീക്ഷ വൈകുകയും അനിശ്ചിതമായി നീണ്ടുപോവുകയും ചെയ്തു. ഇതോടെ മൂന്നു വർഷമായി ലിസ്റ്റും കാത്ത് കഴിയേണ്ട അവസ്ഥയായി മറ്റുള്ളവർക്ക്. എട്ടു മാസമായി ഇവർ ഫിസിക്കലും കഴിഞ്ഞു കാത്തിരിക്കുകയാണ്. ഇവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞിട്ടുണ്ട്. കാത്തിരിപ്പ് നീളുമ്പോൾ ഒരു തീരുമാനവും വരുന്നുമില്ല. ഇതാണ് ഉദ്യോഗാർത്ഥികളെ രോഷം കൊള്ളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP