Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈറ്റ് ചാണ്ടി വിലപേശുന്നത് നെഹ്റു ട്രോഫി വള്ളംകളി സമയത്ത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഉന്നത നേതാക്കളെ റിസോർട്ടിൽ എത്തിച്ച് കുടിച്ച് കൂത്താടുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന് റിപ്പോർട്ട്; ചതിക്കുഴിയിൽ വീണവരിൽ ഉന്നതനായ ഒരു ബിജെപി നേതാവടക്കം നിരവധി പേർ; തോമസ് ചാണ്ടിയെ തൊടാൻ ഇരട്ടച്ചങ്കൻ അറയ്ക്കുന്നത് എന്തുകൊണ്ട്?

കുവൈറ്റ് ചാണ്ടി വിലപേശുന്നത് നെഹ്റു ട്രോഫി വള്ളംകളി സമയത്ത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഉന്നത നേതാക്കളെ റിസോർട്ടിൽ എത്തിച്ച് കുടിച്ച് കൂത്താടുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന് റിപ്പോർട്ട്; ചതിക്കുഴിയിൽ വീണവരിൽ ഉന്നതനായ ഒരു ബിജെപി നേതാവടക്കം നിരവധി പേർ; തോമസ് ചാണ്ടിയെ തൊടാൻ ഇരട്ടച്ചങ്കൻ അറയ്ക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വീമ്പു പറച്ചിൽ. ഇത് കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടിയുടെ പണക്കൊഴുപ്പു കണ്ടിട്ടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ശതകോടീശ്വരന്റെ കാശിനോടുള്ള ആർത്തിയല്ല രാഷ്ട്രീയ നേതൃത്വങ്ങളെ കുഴക്കുന്നത്. അതിനപ്പുറം ചില തെളിവുകൾ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്ന് പലരും ഭയക്കുന്നു. ഈ നേതാക്കളുടെ ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിയെ പുറത്താക്കുന്നതിൽ അന്തിമ നിലപാട് എടുക്കാൻ പിന്നോട്ട് വലിക്കുന്നതിന് കാരണമെന്നാണ് സൂചന. തോമസ് ചാണ്ടിയുടെ ആതിഥേയത്വം വഹിച്ച നേതാക്കളെല്ലാം ഇപ്പോൾ ഭയപ്പാടിലാണ്.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസിൽ പല ഉന്നത നേതാക്കളും താമസിക്കാറുണ്ട്. നെഹ്റു ട്രോഫിക്കാലത്ത് ആലപ്പുഴയിലെത്തുന്ന രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥ പ്രമുഖരുടേയും സേഫ് പ്ലേസാണ് ലേക്ക് പാലസ്. അവിടെ കാശ് കൊടുക്കാതെ താമസിക്കുന്നവരുമുണ്ട്. ഇവർക്ക് എല്ലാ വിധ സൗകര്യവും അവിടെയുണ്ടാകും. ഈ സൗകര്യങ്ങൾ ഉപയോഗിച്ച നേതാക്കളുടെ എല്ലാം വീഡിയോ തോമസ് ചാണ്ടിയുടെ കൈയിലുണ്ട്. ബിജെപി ദേശീയ നേതാവടക്കം പല പ്രമുഖരും ഇങ്ങനെ കുരുങ്ങിയിട്ടുണ്ട്. മദ്യപിച്ച് കൂത്താടുന്നത് അടക്കമുള്ള വിഡീയോ ദൃശ്യങ്ങളാണ് തോമസ് ചാണ്ടിയുടെ കൈയിലുള്ളതെന്നാണ് സൂചന. ഈ ദൃശ്യങ്ങൾ തോമസ് ചാണ്ടി പുറത്തുവിടുമോ എന്ന ഭയം രാഷ്ട്രീയ നേതൃത്വത്തിനും ഉണ്ട്. പാർട്ടി ഭേദമന്യേ എല്ലാവരും ഇതിൽ കുടുങ്ങും. അതുകൊണ്ടാണ് തോമസ് ചാണ്ടിയുടെ രാജിവങ്ങാൻ മുഖ്യമന്ത്രി മടിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി മടിച്ചിരുന്നു. എന്നാൽ എൻസിപി ദേശീയ നേതൃത്വം തോമസ് ചാണ്ടിക്ക് വേണ്ടി രംഗത്ത് വന്നു. ഇതിന് പിന്നിലും വീഡിയോ കളിയുണ്ടെന്നാണ് സൂചന. പാർട്ടി തോമസ് ചാണ്ടിക്ക് പിന്നിൽ ഉറച്ചു നിൽക്കുന്നതും അതുകൊണ്ടാണ്. തോമസ് ചാണ്ടിയുടെ ഹോട്ടലിൽ അന്തിയുറങ്ങിയവരെല്ലാം തോമസ് ചാണ്ടി വീഡിയോ പുറത്തുവിടുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. നേരത്തെ പല പീഡനക്കേസിലും ലേക് പാലസ് ഹോട്ടലിന്റെ പേര് ചർച്ചയായിട്ടുണ്ട്. കളിരൂർ കേസിലും ഉയർന്ന് കേട്ടത് ലേക് പാലസ് ബന്ധങ്ങളായിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയെ അവസാന നിമിഷം വരെ കൈവിടാതിരിക്കാനുള്ള സി.പി.എം തീരുമാനം. എന്നാൽ കോടതി വിധി എതിരായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും തോമസ് ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൈയേറ്റ വിഷയത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാക്കാനാണ് തോമസ് ചാണ്ടിയുടെ ശ്രമം.

ഇതെല്ലാം മനസ്സിലാക്കിയാണ് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ നേതൃത്വവും രംഗത്ത് വരുന്നത്. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു കഴിഞ്ഞു. തോമസ് ചാണ്ടി അധികാരദുർവിനിയോഗം നടത്തി. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ റവന്യൂ മന്ത്രി ശുപാർശ നൽകിയിട്ടുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞു. എൽ ഡി എഫ് സർക്കാരിൽ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് ചാണ്ടിയും സിപിഐ സംസ്ഥാന നേതൃത്വവും തുറന്ന പോരിലേക്ക് കടന്ന സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന ജനജാഗ്രതാ യാത്രയ്ക്കിടെ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വേദിയിലിരിക്കെ തോമസ് ചാണ്ടി നടത്തിയ പരാമർശങ്ങളും വെല്ലുവിളികളും വിവാദമായിരുന്നു. ഇത് സിപിഎമ്മിനെയും വെട്ടിലാക്കുന്നുണ്ട്. ഇടത് മുന്നണിയോഗത്തിൽ സിപിഐ ഇക്കാര്യം ഉയർത്തുമെന്നും സൂചനയുണ്ട്. ഇതോടെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ അനുനയിപ്പിക്കാൻ നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്.

അതിനിടെ തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെട്ടേക്കമെന്നും സൂചനകൾ പുറത്തുവന്നു. എൻസിപി സംസ്ഥാന സമിതിയിൽ എതിർപ്പ് ശക്തമായതും സിപിഐ നിലപാട് കടുപ്പിച്ചതും ജനജാഗ്രതാ യാത്രയിൽ സർക്കാരിനെ വെല്ലുവിളിച്ചതും ചാണ്ടിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. അടുത്ത എൽഡിഎഫ് യോഗത്തിൽ രാജി ആവശ്യം സിപിഐ ഉന്നയിക്കും. എൽഡിഎഫ് തീരുമാനത്തെ എതിർക്കില്ലെന്നാണ് എൻസിപി സംസ്ഥാന നേതാക്കൾ നൽകുന്ന സൂചന. രണ്ടംഗങ്ങൾ മാത്രമുള്ള എൻസിപിയെ സംരക്ഷിക്കുന്ന നിലപാടിനോട് സിപിഎമ്മിലും അതൃപ്തി ഉയർന്നിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന മാർത്താണ്ഡം കായലിലെ 42 ബ്ലോക്ക് തോമസ് ചാണ്ടി കൈയേറിയതും പാർട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കൈയേറ്റത്തെ സംരക്ഷിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ. ഈ സാഹചര്യത്തിലും വീഡിയോ പേടിയിലാണ് ഇടതുപക്ഷത്തെ പ്രധാന നേതാക്കളിൽ പലരും.

എൽഡിഎഫിന്റെ ജനജാഗ്രതാ യാത്രകൾ സമാപിക്കുന്നതോടെ തോമസ് ചാണ്ടിയുടെ കാര്യം മുന്നണി ചർച്ചയ്‌ക്കെടുക്കും. ആറിനു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും പത്തിനു സിപിഐ നിർവാഹക സമിതിയും ചേരുന്നുണ്ട്. രണ്ട് യോഗങ്ങളും ചാണ്ടിക്ക് നിർണായകമാണ്. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദവും ദേശീയതലത്തിൽ കോൺഗ്രസുമായി ഇടതു പ്രസ്ഥാനങ്ങളുണ്ടാക്കേണ്ട ബന്ധവും സി.പി.എം, സി.പി.െഎ ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നുമുണ്ട്. തോമസ് ചാണ്ടിയെ അനാവശ്യമായി സംരക്ഷിക്കുന്നത് മുന്നണിയും സർക്കാറും അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നുവെന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ടാക്കിയിട്ടുണ്ടെന്നാണ് മിക്ക ജില്ലകളിലെയും സമ്മേളനങ്ങളിൽ ഉയർന്ന ആരോപണം.

മന്ത്രി ഭൂമി കൈയേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും റിപ്പോർട്ടും നിരന്തരം പുറത്തുവരുേമ്പാഴും സി.പി.എം നേതൃത്വം മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് ചർച്ച ഉയരുന്നത്. പരസ്യമായി വെല്ലുവിളിക്ക് തോമസ് ചാണ്ടി തയാറായത് സർക്കാറിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചു. കാര്യമായ പ്രയോജനമൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്ന ചോദ്യമാണ് പല സി.പി.എം സമ്മേളനങ്ങളിലും പ്രതിനിധികൾ ഉന്നയിക്കുന്നത്. റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി നേരിട്ട് വകുപ്പി?െന്റ കാര്യങ്ങൾ നടത്തുന്നുവെന്ന പരാതിയാണ് സി.പി.െഎ സമ്മേളനങ്ങളിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP