Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിൽ അച്ചന്റെ ധ്യാനം കൂടാൻ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി മരണത്തോട് മല്ലിട്ടപ്പോഴും രഹസ്യമാക്കി വച്ചതു ലക്ഷങ്ങളുടെ ധ്യാന കച്ചവടം പൊളിയാതിരിക്കാനോ? ലക്ഷങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിക്കുന്ന അട്ടപ്പാടിയിലെ ധ്യാന ഗുരുവിനെതിരെ യുകെ മലയാളികൾ രംഗത്ത്

പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിൽ അച്ചന്റെ ധ്യാനം കൂടാൻ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി മരണത്തോട് മല്ലിട്ടപ്പോഴും രഹസ്യമാക്കി വച്ചതു ലക്ഷങ്ങളുടെ ധ്യാന കച്ചവടം പൊളിയാതിരിക്കാനോ? ലക്ഷങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിക്കുന്ന അട്ടപ്പാടിയിലെ ധ്യാന ഗുരുവിനെതിരെ യുകെ മലയാളികൾ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഫാ. സേവ്യർഖാൻ വട്ടായിൽ ലോകം അറിയപ്പെടുന്ന മലയാളിയായ കത്തോലിക്കാ സുവിഷേഷകനാണ്. അട്ടപ്പാടിയിൽ സെഹിയോൻ മിനിസ്ട്രി എന്ന ധ്യാനകേന്ദ്രം നടത്തുന്ന ഈ വൈദികൻ സന്ദർശിക്കാത്ത ലോക രാഷ്ട്രങ്ങൾ ഇല്ല. ഇന്ത്യയിൽ എവിടെ വട്ടായിൽ അച്ചൻ എത്തിയാലും ഒരു ലക്ഷം പേരെങ്കിലും തടിച്ചു കൂടാറുണ്ട്. വിദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബ്രിട്ടണിലും എല്ലാ വർഷം തോറും ധ്യാന പ്രസംഗങ്ങളുമായി പോകുന്ന വട്ടായിൽ അച്ചൻ സുവിശേഷ പ്രസംഗത്തിന്റെ കാര്യത്തിൽ ലോക നേതാക്കൾക്കൊപ്പമാണ്.

എന്നാൽ ഇന്നലെ ബ്രിട്ടണിലെ നോട്ടിങ്ഹാമിൽ ഉണ്ടായ ദുരന്തം വട്ടായിൽ അച്ചന്റെ   ധാർമികതയ്‌ക്കെതിരെയുള്ള ചോദ്യമായി ഉയർത്തുകയായാണ് യുകെ മലയാളികൾ. 40 ലക്ഷം രൂപ വാടക കൊടുത്ത് ബുക്ക് ചെയ്ത നോട്ടിങ്ഹാമിലെ എഫ്എം അരീനയിൽ ധ്യാനം നടത്താനായി പോയതായിരുന്ന ഫാദർ സേവ്യർഖാൻ. ധ്യാനത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു കുടുംബം കുഞ്ഞിനെ കാറിൽ നിന്നും ഇറക്കിയ ശേഷം വണ്ടി പുറകോട്ട് എടുക്കുമ്പോൾ കുഞ്ഞ് മുമ്പോട്ട് ഓടി അപകടത്തിൽ പെട്ട് മരണമടയുക ആയിരുന്നു. കോട്ടയം മാമൂട് സ്വദേശിയായ ജോമിലിയുടേയും കൂത്താട്ടുകുളം പാലകുഴപുത്തൻപുരയിൽ സെൽജിന്റേയും മകൾ രണ്ടര വയസ്സുള്ള എവ്‌ലിനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാവിലെ എട്ടുമണിക്ക് നടന്ന ഈ ദുരന്തം ഒരു ദിവസം മുഴുവൻ നീണ്ട ഈ ധ്യാനത്തിൽ പറയാൻ വട്ടായിൽ അച്ചൻ വിസമ്മതിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എണ്ണായിരത്തോളം യുകെ മലയാളികളാണ് ധ്യാനത്തിന് എത്തിയത്. ധ്യാനം കഴിഞ്ഞു വീട്ടിൽ എത്തിയ ശേഷം മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി വായിക്കുമ്പോഴാണ് പലരും ഈ ദുരന്തം അറിയുന്നത്. പ്രാർത്ഥിച്ച് രക്ഷ പ്രാപിക്കാം എന്ന് പഠിപ്പിക്കുകയും അത് പഠിപ്പിക്കാൻ എത്തിക്കുകയും ചെയ്ത വൈദികനും സംഘവും എന്തുകൊണ്ടാണ് ഇത് രഹസ്യമാക്കി വച്ചത് എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. അപകടത്തിൽ പരിക്കേറ്റ കുട്ടിക്കായി സമൂഹ പ്രാർത്ഥന പോലും നടന്നില്ല. അതെങ്കിലും വട്ടായിൽ അച്ചൻ ചെയ്യണമായിരുന്നുവെന്നാണ് അഭിപ്രായം ഉയരുന്നത്. ധ്യാന ചടങ്ങിൽ നിന്ന് ദുരന്തമറിഞ്ഞ് ആളുകൾ വീട്ടുകാർക്ക് മാനസിക പിന്തുണ നൽകാൻ പോയാലോ എന്ന ഭയമാകാം എല്ലാം രഹസ്യമാക്കി വച്ചതെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. ഇത് സോഷ്യൽ മീഡിയിയിൽ പരസ്യമായി പ്രകടിപ്പിക്കുകയാണ് ബ്രിട്ടണിലെ മലയാളി സമൂഹം.

പതിനായിരം പേരെ പങ്കെടുപ്പിച്ച ധ്യാനത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ല എന്ന പരാതിയും ഉയർന്നുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറയുന്ന എഫ് എം അരീനയിലെ പരിപാടികളിൽ വളന്റിയർമാരുടെ കുറവ് സംബന്ധിച്ചാണ് പ്രധാന പരാതി. കൺവെൻഷൻ സെന്ററിനു മുന്നിൽ അപകടം നടന്നപ്പോൾ വളണ്ടിയർമാർ ഉണ്ടായിരുന്നില്ല എന്നും പ്രദേശവാസിയായ വനിത് കരേൻ മെറ്റ്കഫ് ഫേസ്‌ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ഇതേത്തുടർന്ന് ഇത്തരം കാര്യങ്ങളും അന്വേഷണ പരിധിയിൽ പൊലീസ് ഉൾപ്പെടുത്തും എന്ന് മറുനാടൻ മലയാളിക്ക് സൂചന ലഭിച്ചു. ഇതിനായി സകല വിവരവും പൊലീസിനു കൈമാറുമെന്നും ആരീനയുടെ പുറം കാഴ്ചകളും സദാ സമയം ക്യാമറ പകർത്തുന്നുണ്ടെന്നും ഇവ പൊലീസിനു കൈമാറുമെന്നും ആരീനയുടെ വക്താവായ ഷാരോൺ ലോർദഡൻ മാദ്ധ്യമങ്ങൾക്ക് നല്കിയ കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ സംഘാടകരും കേസിൽപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.

പതിനായിരത്തോളം വിശ്വാസികളാണ് ഇന്നലെ നോട്ടിങ്ങ്ഹാം അരീനയിൽ ദൈവിക കൃപ തേടി എത്തിയത്. അവരിൽ ഒരാളായിരുന്നു മഹാദുരന്തം ഏറ്റ് വാങ്ങിയ ക്രൂവിൽ താമസിക്കുന്ന സെൽജിയും ജൊമിലയും. എന്നാൽ എന്തുകൊണ്ട് ഈ മഹാദുരന്തം ആ വലിയ മലയാളി സമൂഹത്തിന്റെ മുൻപിൽ സംഘാടകർ മറച്ചു പിടിച്ചു? ധ്യാനം കൂടി വീട്ടിൽ തിരിച്ചെത്തിയ ശേഷം മാത്രം ഞെട്ടിക്കുന്ന ദുരന്തം അറിഞ്ഞ് മലയാളികൾ അടക്കം യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഉന്നയിക്കുന്ന ചോദ്യമാണ് ഇത്. അഭിഷേകാഗ്‌നി സംഘാടകരും സെഹിയോൻ യുകെ സംഘടകരും ദൈവ സന്നിധിയിൽ കുറ്റക്കാരാണ് എന്ന് വിശ്വസിക്കുന്നവരാണ് പ്രസ്ഥാനവുമായി സ്ഥിരമായ സഹകരിക്കുന്നവർ പോലുമെന്ന് ഇന്നലെ ഇതുമായി ബന്ധപ്പെട്ട നടന്ന സോഷ്യൽ മീഡിയ ചർച്ചകൾ വ്യക്തമാക്കുന്നു. പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുന്നതിലൂടെ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തികരുതെന്നാണ് ഉയരുന്ന ചോദ്യം.

പ്രതിഷേധം പരസ്യമാക്കി യുകെ മലയാളികൾ

ധ്യാത്തിന് ചെല്ലുമ്പോൾ പൊലീസ് വാഹനവും ആബുലൻസും ഒക്കെ കണ്ടെന്നും എന്നാൽ ഇത്തരം ഒരു ദുരന്തത്തെക്കുറിച്ച് ആലോചിച്ച് പോലുമില്ലെന്നും വൈകുന്നേരം വരെ ധ്യാനം തുടർന്നിട്ടും ഒരു വരി പോലും ഇതേക്കുറിച്ച് അവിടെ ചർച്ച ഉണ്ടായില്ലെന്നതുമാണ് എല്ലാവരെയും വേദനിപ്പിക്കുന്നത്. കൂട്ടമായി പ്രാർത്ഥിച്ചാൽ നടക്കാത്ത അത്ഭുതങ്ങൾ ഒന്നുമില്ലെന്ന് വിശ്വസിക്കുന്ന സംഘാടകർ എന്തുകൊണ്ട് ഈ കുരുന്ന് ജീവന് വേണ്ടി ഒരു വാക്ക് പോലും ഉച്ഛരിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. ''ക്രിസ്തീയ വിശ്വാസം അനുസരിച്ച് ഹൃദയം കൊണ്ട് വിളിച്ചാൽ മല പോലും മാറും. അപ്പോൾ എന്തു കൊണ്ട് ആ കുരുന്നിന് വേണ്ടി ഒരു വാക്കു പോലും പ്രാർത്ഥിക്കാൻ ഇവർ തയ്യാറായില്ല. ഒരു വാക്ക് പറഞ്ഞാൽ ഞങ്ങൾ എല്ലാവരും കരഞ്ഞ് പ്രാർത്ഥിക്കുമായിരുന്നില്ലേ'' തുടക്കം മുതൽ സെഹിയോൻ പ്രാർത്ഥനാ സംഘത്തിന്റ ഭാഗമായി പ്രവർത്തിക്കുന്ന ഒരു യുവതി മറുനാടൻ മലയാളിയോട് പറഞ്ഞു

ഇതേ വികരമാണ് യുകെയിലെ മലയാളി സമൂഹത്തിന്റെ സോഷ്യൽ മീഡിയ ഒന്നടക്കം കീഴടക്കിയത്. 'കൺവെൻഷനിൽ പങ്കെടുക്കാൻ അരീനയുടെ മുമ്പിൽ എത്തിയപ്പോൾ പൊലീസ് വാഹനവും ആൾക്കൂട്ടവും കണ്ടെങ്കിലും അത് കൺവെൻഷന് എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എത്തിയ പൊലീസുകാരാണെന്നാണ് കരുതിയത്. വീട്ടിലെത്തിയ ശേഷമാണ് ഞെട്ടിക്കുന്ന ഈ ദുരന്തവാർത്ത അറിഞ്ഞത്. എനിക്ക് വിശ്വസിക്കാനായില്ല. കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ഒരു കുടുംബത്തിന് കൺെവെൻഷൻ സെന്ററിന് മുമ്പിൽ വച്ച നേരിട്ട അപകടം എന്തിന് സംഘാടകർ മറച്ചു വച്ചു എന്നു മനസിലാകുന്നില്ല. അവിടെ കൂടിയ ജനക്കൂട്ടത്തെ ഈ വിവരം അറിയിച്ചെങ്കിൽ ഞങ്ങൾ ഒന്നിച്ച് ആ കുഞ്ഞിന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം നഷ്ടമായി എന്നു മാത്രമേ എനിക്ക് പറയാനുള്ളു!!!' ബെഡ്‌ഫോർഡിൽ താമസിക്കുന്ന ജോമോൻ മാമൂട്ടിൽ ഇങ്ങനെയാണ് പ്രതികരിച്ചത്.

എത്ര ആയാലും പഠിക്കില്ല. ധ്യാനവും ആൾ ദൈവങ്ങളും മനുഷ്യനെ അന്ധനാക്കി. ദൈവത്തിനോട് പ്രാർത്ഥിക്കാൻ എന്തിനൊരു ഇടനിലക്കാരൻ അല്ലെങ്കിൽ ഇടനിലക്കാരി. മനുഷ്യനെ ഈശ്വരനിലേക്ക് അടുപ്പിക്കുന്ന വേദി മാത്രമാവട്ടെ മതം രശ്മി പ്രകാശ് എന്ന യുവ കവിയത്രിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ധ്യാനഗുരുക്കന്മാരുടെ പൊയ്മുഖം തുറന്ന് കാട്ടാൻ ഈ സംഭവം കാരണമാവട്ടെ എന്നായിരുന്ന ലിവർപൂളിലെ ടോം ജോസിന്റെ പ്രതികരണം. ജേക്കബ് കോയിപ്പള്ളി എന്ന യുകെ മലയാളിയാണ് ഇത് സംബന്ധിച്ച ചർച്ച ആദ്യം തുടങ്ങി വച്ചത്. അഭിഷേകാഗ്‌നി കൺവൻഷന്റെ കച്ചവട താൽപ്പര്യം ചൂണ്ടിക്കാട്ടിയിരുന്നു കോയിപ്പള്ളിയുടെ നിശിതമായ വിമർശനം. ''ഇത്രയും വലിയൊരു അത്യാഹിതം നടന്നിട്ടും കൂടിയ ആയിരക്കണക്കിന് വിശ്വാസികളോട് ആ കുഞ്ഞിനു വേണ്ടി,ആ പിഞ്ചു ജീവന് വേണ്ടി ഒന്നു പ്രാർത്ഥിക്കാൻ അത്ഭുത പ്രവർത്തികളുടെ മൊത്ത വ്യാപാരക്കാർ എന്നവകാശപ്പെടുന്ന ഇതിന്റെ നടത്തിപ്പുകാർ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്? ഈ ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു കോയിപ്പള്ളിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങിയത്.

ജ്ഞാനക്കണ്ണിലൂടെ ഭൂലോകത്തെ എല്ലാവരുടെയും രഹസ്യങ്ങളറിയുന്ന അത്ഭുത ധ്യാന ഗുരുവിന്റെ ധ്യാനാഘോഷത്തിൽ തന്നെ നടന്ന ഈ ദാരുണ സംഭവം എന്തു കൊണ്ടാണ് തന്റെ പ്രത്യേക ശക്തി മൂലം കുഞ്ഞിന്റെ ജീവന് സംരക്ഷണം നൽകാതിരുന്നത്? അത്ഭുതങ്ങളുടെ മുതലാളിയായ ധ്യാന ഗുരുവിനെ അറിയിച്ചില്ല എന്നാണ് നടത്തിപ്പുകാരുടെ ആദ്യ മറുപടി. എന്ന് വച്ചാൽ അറിയിച്ചിരുന്നെങ്കിൽ ആ കുഞ്ഞിനെ രക്ഷപ്പെടുത്താമായിരുന്നു എന്നോ? എന്തു കൊണ്ട് ഒന്ന് കണ്ണടച്ചാൽ പതിനായിരങ്ങളുടെ രഹസ്യങ്ങൾ കൺ മുന്നിൽ തെളിയുന്ന അത്ഭുതക്കാരായനടത്തിപ്പുകാർക്ക് ഈ അത്യാഹിതം മുൻകൂട്ടിക്കാണാൻ കഴിഞ്ഞില്ല എന്ന് സംശയം ന്യായമല്ലേ? അല്ല, ദുരന്തം നടന്നിട്ടും അവർ എന്തേ ഒന്ന് പ്രാർത്ഥിക്കാൻ ശ്രമിച്ചില്ല? അത്ഭുതം നടന്നില്ലെങ്കിൽ അത്ഭുത പ്രവർത്തന വിപണിയിലെ വിലയിടിയുമെന്ന ഭയം... ആ തിരിച്ചറിവ്, അതല്ലേ കാരണം? അതല്ല, ധ്യാനം മുടങ്ങാതിരിക്കാൻ മാത്രമേ ശ്രദ്ധിച്ചുള്ളൂ എന്നതാണ് ന്യായമെങ്കിൽ തങ്ങൾക്ക് കച്ചവടത്തെക്കാൾ വലിയ ഉദ്ദേശമില്ല എന്ന് സമ്മതിച്ചേ തീരൂ.

കഷ്ടം.! അത്ഭുതങ്ങൾക്കായി വ്യക്ത്യാരാധന നടത്തുന്ന മനുഷ്യർ എന്താണ് കൺമുന്നിൽ നടക്കുന്ന സത്യത്തെ തിരിച്ചറിയാത്തത്? കപട സന്യാസികളുടെയും ധ്യാനക്കച്ചവടക്കരുടെയും കൺകെട്ടിൽ മയങ്ങി, അവരുടെ കപടതയെ ആരാധിക്കാൻ പോയ ഒരു കുടുംബം നഷ്ടമാക്കിയത് അവരുടെ പിഞ്ചോമനയെയാണ്. വീണു പൊലിഞ്ഞ ആ മാലാഖക്കുട്ടി ഒരു സാക്ഷ്യമാണ്. പണമുള്ള മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ലക്ഷങ്ങൾ മുടക്കി പറന്നു നടന്ന്, അത്ഭുത രോഗ ശാന്തിയുടെയും വിടുതലുകളുടെയും പ്രഖ്യാപനങ്ങളുമായി ഈ അത്ഭുത പ്രവർത്തന മൊത്ത വ്യാപാരികൾ കപടതയുടെ മൊത്ത വ്യാപാരികളായ ദുരാത്മാക്കളാണെന്ന സാക്ഷ്യം.

നാളെ തങ്ങളുടെ ഉടായിപ്പ് വിശദീകരണങ്ങളുമായി വരുന്ന അത്ഭുതത്തെ മൊത്ത വ്യാപാരക്കച്ചവടക്കരോട് ഒന്നേ പറയാനുള്ളൂ... ദുഷ്ട ശക്തികളേ നിങ്ങളുടെ വിജയം എല്ലാക്കാലവും തുടരില്ല. സത്യവും നന്മയും ജയിക്കുന്ന നല്ലകാലം വരാൻ സമയമെടുത്തേക്കാം, പക്ഷെ അതുണ്ടാകും. രണ്ടു വയസ്സ്‌കാരിയായ മോളുടെ മാതാപിതാക്കളോട് ദുഃഖം പങ്കു വച്ചു കൊണ്ട് പറയട്ടെ, ഈ പിഞ്ചുകുഞ്ഞിന്റെ ദാരുണ അന്ത്യം അതിന്റെ, ഈ ദുഷ്ട ശക്തികളുടെ അന്ത്യമടുത്തു എന്നതിന്റെ സൂചനയാണ്. അവരുടെ കാപട്യം വെളിവാക്കാൻ ഒരു നിമിത്തം. ദുഷ്ട ശക്തികളുടെ അന്ത്യം കുറിക്കുന്ന വരാനിരിക്കുന്ന, വൻദുരന്തങ്ങളുടെ ആരംഭം.

സാമാന ചിന്ത വളരെ ശക്തമാണ്. അഭിഷ്‌കാഗ്‌നിയിൽ പങ്കെടുക്കുകയും സെഹിയോൻ യുകെയുടെ ഭാഗമായി തുടരുകയും ചെയ്യുന്നവർ പോലും അവിശ്വസനീയമായാണ് ഇതിനോട് പ്രതികരിച്ചത്. ഗ്ലോസ്റ്ററിൽ നിന്നുള്ള അജിമോൻ ഇടക്കര എഴുതുന്നു:

ഇന്ന് നോട്ടിങ്ങ്ഹാം ബൈബിൾ കൺവൻഷൻ കഴിഞ്ഞുള്ള മടക്ക യാത്രയിൽ ഈ കുഞ്ഞു മാലാഖയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന മനമുരുകിയുള്ള പ്രാർത്ഥന ആയിരുന്നു ഞങ്ങളുടെ ബസിലെ എല്ലാവരുടെയും മനസ്സിൽ. സ്വർഗ്ഗത്തിലെ അപ്പച്ചന്റെമടിയിൽ ഈ കുഞ്ഞു മാലാഖ ഇടം പിടിച്ചു കഴിഞ്ഞു എന്നറിയാം, എങ്കിലും ആ മാതാപിതാക്കളുടെ ദുഃഖം, പ്രത്യേകിച്ച് ആ നശിച്ച നിമിഷത്തിൽ ്രൈഡവിങ് സീറ്റിൽ ഉണ്ടായിരുന്ന പിതാവ് ഈ അവസ്ഥ എങ്ങനെ താങ്ങും? ആ പിതാവിനും കുടുംബത്തിനും ഈ ദുരവസ്ഥ സഹിക്കാനുള്ള ശക്തി നൽകണമേ, ഈശോയേ. രാവിലെ നടന്ന ഈ സംഭവം പൊതു ജനത്തിനെ പത്യക്ഷമായോ പരോക്ഷമായോ അറിയിക്കുകയോ കൺവൻഷൻ സമയത്ത് പ്രാർത്ഥന സഹായം പരസ്യമായി അഭ്യർത്ഥിക്കുകയോ ചെയ്യാത്തതെന്താണാവോ?

സോജി അച്ചനും വട്ടായിയിൽ അച്ചനും ആർച്ച് ബിഷപ്പും പതിനഞ്ചോളം അച്ചന്മാരും പ്രാർത്ഥന ഗുരുക്കന്മാരടക്കം ആയിരകണക്കിന് വിശ്വാസികളും തിങ്ങി നിറഞ്ഞ കൺവൻഷനിൽ, ചെറുതും വലുതുമായ നൂറായിരം കാര്യങ്ങൾ സമർപ്പിച്ചു പ്രത്യേകം പ്രാർത്ഥിക്കുന്ന പതിവുമുള്ളപ്പോൾ ഇത്ര ഗൗരവമേറിയ ഒരു സംഭവം നടന്നിട്ടു, എന്തുകൊണ്ടു പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയോ മറ്റു പരിഹാര പ്രാർത്ഥനകളോ അവിടെ പരസ്യമായി. നടത്തിയില്ലാ, ഞങ്ങൾ എത്തുന്നതിനു (9.15 നു) മുൻപ് അങ്ങനെ എന്തെങ്കിലും നടന്നതായി ആരും പറഞ്ഞുമില്ലാ. എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണോ? (അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും എനിക്കത് ഈ അവസ്ഥയിൽ ദഹിക്കുകയുമില്ലാ) എന്തായാലും .. അത്ഭുതങ്ങൾ, രോഗശാന്തികൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കൺ വൻഷൻ നഗറിൽ നിന്ന് ഇക്കാര്യം അറിയാതെ പ്രാർത്ഥന നടത്തി തിരികെ പോന്നതിൽ വ്യക്തിപരമായി ആത്മ നൊമ്പരവും ശക്തമായ അമർഷവും പ്രതിഷേധവും തോന്നുന്നു .

വെന്റിലേറ്റർ എടുത്തു മാറ്റിയത് ഫാദർ ആശുപത്രിയിൽ എത്തിയ ശേഷം

രാവിലെ എട്ടരയോട് കൂടിയാണ് യുകെ മലയാളികളെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ദുരന്തം അരങ്ങേറിയത്. വട്ടായിലച്ചന്റെ ധ്യാനത്തിനായി നോട്ടിങ്ങ്ഹാം എഫ്എം അരീനയിലേക്ക് കുടുംബ സമേതമെത്തിയതായിരുന്നു സെൽജിയുടെ കുടുംബം. കുടുംബത്തെ അരീനയ്ക്ക് സമീപമുള്ള ബൊലെറൊ സ്‌ക്വയറിൽ ഇറക്കിയ ശേഷം പാർക്ക് ചെയ്യാനായി പിന്നോട്ടെടുത്തപ്പോഴാണ് ഇവ്‌ലിൻ കാറിനടിയിൽപെട്ടത്. അമ്മയുടെ കൈയിൽ നിന്നും ഇറങ്ങി ഓടവേയാണ് കുഞ്ഞ് കാറിനടിയിൽപെട്ടത്. നിലവിളിയോടെ ഇവ്‌ലിന്റെ അമ്മ കുഞ്ഞിനെ വാരിയെടുത്തെങ്കിലും കുഞ്ഞിന് അനക്കമില്ലായിരുന്നെന്നാണ് സൂചന. തുടർന്നാണ് കൺവെൻഷന് എത്തിയവർ ആമ്പുലൻസ് വിളിച്ചത്. ഞൊടിയിടയിൽ തന്നെ പാഞ്ഞെത്തിയ പാരാമെഡിക്കൽ സംഘം കുഞ്ഞിന് പ്രഥമിക ശ്രുശ്രൂഷകൾ നല്കിയ ശേഷം നിമിഷ നേരം കൊണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇവ്‌ലിന്റെ സംസ്‌കാരം സംബന്ധിച്ചുള്ള് അന്തിമതീരുമാനം കുടുംബം എടുത്തിട്ടില്ലെന്നാണ് സൂചന. അതേസമയം നടപടികൾ പൂർത്തിയാക്കി മൃതദേഹം ക്രൂവിൽ എത്തിച്ചു സംസ്‌കരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മൃതദേഹം ഇപ്പോൾ നോട്ടിങ്ഹാം ക്യൂൻസ് മെഡിക്കൽ സെന്ററിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. നോട്ടിങ്ഹാമിലെ സീറോ മലബാർ ചാപ്ലിൻ ഫാ ബിജു കുന്നക്കാട്ട്, മറ്റു വൈദികർ എന്നിവർ ആശുപത്രിയിൽ എത്തി പ്രത്യേകം പ്രാർത്ഥനകൾ നടത്തിയിരുന്നു. ജോമിലിയുടെയും, സെൽജിയുടെയും ബന്ധുക്കളും വിവരം അറിഞ്ഞ് എത്തിയിട്ടുണ്ട്. സെൽജിയുടെയും ജോമിലിയുടെയും ഏക മകളായിരുന്നു എവ്‌ലിൻ. ജെറിക്ക്, ജെർമിൽ എന്നിവരാണ് എവ്‌ലിന്റെ ജേഷ്ഠന്മാർ.

കൺവൻഷനിൽ എത്തിയവരിൽ ബഹു ഭൂരിപക്ഷവും ഇതിനകം കൺവൻഷൻ ഹാളിൽ നിറഞ്ഞിരുന്നതിനാൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് സംഭവത്തിന് സാക്ഷികളായത്. ഉദ്ദേശിച്ചതിലും അൽപ്പം വൈകിയതിനാൽ അമ്മയെയും മക്കളെയും കൺവൻഷൻ വേദിയുടെ മുറ്റത്ത് ഇറക്കി തൊട്ടരികെയുള്ള എൻസിപി പാർക്കിങ് ഗ്രൗണ്ടിൽ കാറുമായി പോകാൻ ശ്രമിച്ച സ്റ്റോക്ക് ഓൺ ട്രെന്റിന് സമീപം ഉള്ള ക്രൂവിലെ സെൽജി തന്റെ പൊന്നോമാനയുടെ ശരീരത്തിലൂടെയാണ് നിസാൻ ക്വഷ്‌കി കാർ കയറി ഇറങ്ങിയത് എന്ന് തിരിച്ചറിയാതെയാണ് ചാടി ഇറങ്ങി ചോരയിൽ കുളിച്ച കുഞ്ഞിനെ വാരിയെടുത്തത്. ''കർത്താവേ, എന്റെ കുഞ്ഞിനെ തിരികെ തരൂ'' എന്ന് അലറി വിളിച്ചു കരഞ്ഞ സെൽജിന്റെ സമീപത്തേക്ക് ഓടിയെത്തിയ ആർക്കും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഈ സമയം തന്നെ കൺവൻഷന് എത്തിയ യുവാക്കൾ ആബുലൻസ് സഹായം തേടിയിരുന്നു.

മിനിറ്റുകൾക്കകം തന്നെ ആംബുലൻസ് നോട്ടിങ്ങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് പായുക ആയിരുന്നു. അതേ സമയം കൺവൻഷനിൽ പങ്കെടുത്തിരുന്നവർ ഇതൊന്നും അറിയുന്നുമുണ്ടയിരുന്നില്ല. ആരോ അറിയിച്ചതനുസരിച്ച് കൺവൻഷൻ ചുമതലയുള്ള ഫാദർ സോജി ഓലിക്കൽ ഉടൻ ആശുപത്രിയിലെത്തി. കൂടെ അനേകം മലയാളികളും. അപകടം നടന്ന ഉടൻ ബ്രിട്ടീഷ് മലയാളി വാർത്ത നൽകിയതോടെ വളരെ കുറച്ചു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ക്രൂവിൽ നിന്നും മിക്ക മലയാളികളും ഉച്ചയോടെ തന്നെ നോട്ടിങ്ങ്ഹാമിൽ എത്തിയിരുന്നു. ഈ സമയമത്രയും വിദഗ്ധ ഡോക്ടർമാരുടെ സംഘം കുഞ്ഞു എവ്‌ലിന്റെ ജീവൻ പിടിച്ചു നിർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും നിഷ്ഫലമാക്കി, ഡോക്ടർമാരുടെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി എവ്‌ലിന്റെ മരണം സംഭവിച്ചതായി വൈകുന്നേരത്തോടെ സ്ഥിരീകരിക്കപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ കുഞ്ഞു സംഭവ സ്ഥലത്ത് വച്ച് തന്നെ അനക്കം നഷ്ടമായ നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് ജീവൻ രക്ഷ ഉപകരണ സഹായത്തോടെ ജീവൻ നിലനിർത്തിയ ഡോക്ടർമാർ ഉച്ചയോടെ തന്നെ പ്രതീക്ഷ കൈവിട്ടിരുന്നു. ഇക്കാര്യം കുടുംബ അംഗങ്ങളോട് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ അഭിഷേകാഗ്‌നി കൺവൻഷനിൽ മുഖ്യ കാർമ്മികനായ ഫാ. സേവ്യർ ഖാൻ വട്ടയിലിന്റെ കടുത്ത വിശ്വാസികളായ സെൽജിയും ജോമിലിയും കുഞ്ഞു ജീവിതത്തിലേക്ക് മടങ്ങി വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു. ധ്യാനം സമാപിച്ച ശേഷം ഫാദർ സേവ്യർ ഖാൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് കുഞ്ഞു എവ്‌ലിന്റെ ശരീരത്തിൽ നിന്നും വെന്റിലേറ്റർ എടുത്തു മാറ്റാൻ ഡോക്ടർമാർ തയ്യാറായത്.

ഒന്നാം പേജിൽ വാർത്ത നൽകി ബിട്ടീഷ് പത്രങ്ങൾ, പ്രാധാന്യത്തോടെ നൽകി ബിബിസി

ഓരോ ജീവനും വില നൽകുകയും ഓരോ അപകടവും കാര്യ കാരണം സഹിതം അന്വേഷിക്കുകയും ചെയ്യുന്ന ബ്രിട്ടണിൽ എവ്‌ലിന്റെ മരണം വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ഡെയ്‌ലി മെയിലും മിററും അടങ്ങുന്ന ബ്രിട്ടണിലെ ദേശീയ പത്രങ്ങൾ ഒന്നാം പേജിൽ തന്നെയാണ് ഈ ദുരന്തം റിപ്പോർട്ട് ചെയ്തത്.

പേര് വിവരമോ ചിത്രങ്ങളോ അവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നടുക്കുന്ന ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ടുകൾ ഈ പത്രങ്ങളിൽ ഉണ്ട്. നോട്ടിങ്ങ്ഹാമിൽ നിന്നിറങ്ങുന്ന നോട്ടിങ്ങ്ഹാം പോസ്റ്റാണ് ആദ്യം ഈ ദുരന്തം റിപ്പോർട്ട് ചെയ്തത്. പിന്നീടാണ് ദേശീയ പത്രങ്ങളും ബിബിസിയും ഐറ്റിവിയും ഒക്കെ റിപ്പോർട്ട് ചെയ്യുന്നത്.

വിശദാംശങ്ങൾ നൽകാതെ അപകടവിവരം മാത്രമാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡുകൾ അന്വേഷണാർഥം അടച്ചിരിക്കുകയാണെന്നും ദൃക്‌സാക്ഷികളോട് മുന്നോട്ടുവരണം എന്നും ബിബിസി വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നു. സമാനമായി തന്നെയാണ് മിററും വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയുടെയോ മാതാപിതാക്കളുടെയും വിവരങ്ങൾ വെളിപ്പെടുത്താതെയും ഇവർ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതെന്ന് വിവരിക്കാതെയുമാണ് മിററും വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 8.10 തോടെയാണ് അപകടം നടന്നെതെന്ന് മിറർ പറയുമ്പോഴും അച്ഛൻ പിന്നോട്ടെടുത്ത കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പറയുന്നില്ല. അതേസമയം അപകടം നടന്ന ഉടൻ തന്നെ ആമ്പുലൻസും പൊലീസും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും ദുരന്തം വിശദമായി തന്നെ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. നോട്ടിങ്ങ്ഹാം അരീനയുടെ സമീപത്തെ ബോലെറോ സ്‌ക്വയറിൽ രാവിലെയാണ് അപടകം നടന്നതെന്നും നിസാൻ കാറാണ് അപടകം ഉണ്ടാക്കിയതെന്നും പത്രത്തിൽ പറയുന്നു. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് ക്യുൻസ് മെഡിക്കൽ സെന്ററിൽ ഉച്ചയോടെയാണ് മരിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡെയിലി മെയിൽ വിശദമാക്കുന്നു. പൊലീസ് ഫൊറെൻസിക് ഓഫീസർമാർ സ്ഥലത്തെത്തിയതും പൊലീസ് അന്വേഷണവും എല്ലാം ഡെയിലി മെയിലിൽ പ്രതിപാദിക്കുന്നുണ്ട്.

ഇന്നലെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ നടന്ന എഫ്എം അരീനയുടെ വക്താവിന്റെ വിശദീകരണവും ഡെയിലി മെയിൽ ചേർത്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും സ്ഥലത്തുണ്ടായിരുന്ന സിസിടിവി കാമറകൾ പരിശോധിക്കുമെന്നും അരീനയുടെ വക്താവ് ഷാരോൺ ലോർഡാൻ ഡെയിലി മെയിലിനോട് പറഞ്ഞു. ഫേസ്‌ബുക്കിൽ ആൾക്കാർ കുറിച്ച പ്രതികരണവും വാർത്തയിൽ ചേർക്കാൻ ഡെയിലി മെയിൽ മറന്നിട്ടില്ല. കുഞ്ഞു മരിച്ചതറിഞ്ഞ് പലരും വേദനയോടെ ഫേസ്‌ബുക്കിൽ കുറിച്ച വരികളും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP