Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നിരവധി മലയാളികളടക്കം മുന്നൂറു യാത്രക്കാരുമായി ദുബായിൽ അപകടത്തിൽ പെട്ട വിമാനം കട്ടപ്പുറത്തു കയറ്റാൻ മാറ്റിവച്ചത്; വയസൻ വിമാനം പറന്നത് മാറ്റം ചെയ്ത എഞ്ചിനുമായി: കോടികൾ ലാഭമുണ്ടാക്കി കൊടുത്തിട്ടും എമിറേറ്റ്‌സിന് മലയാളികളോട് പുച്ഛം എന്നതിന് മറ്റെന്ത് തെളിവ് വേണം?

നിരവധി മലയാളികളടക്കം മുന്നൂറു യാത്രക്കാരുമായി ദുബായിൽ അപകടത്തിൽ പെട്ട വിമാനം കട്ടപ്പുറത്തു കയറ്റാൻ മാറ്റിവച്ചത്; വയസൻ വിമാനം പറന്നത് മാറ്റം ചെയ്ത എഞ്ചിനുമായി: കോടികൾ ലാഭമുണ്ടാക്കി കൊടുത്തിട്ടും എമിറേറ്റ്‌സിന് മലയാളികളോട് പുച്ഛം എന്നതിന് മറ്റെന്ത് തെളിവ് വേണം?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ എമിറേറ്റ്‌സിന് ഏറ്റവും അധികം ലാഭമുണ്ടാക്കി കൊടുക്കുന്ന സെക്ടറുകളിൽ ഒന്നാണ് കേരളം. കരിപ്പൂരും തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമായി ആഴ്‌ച്ചയിൽ അനേകം സർവ്വീസുകൾ നടത്തുന്ന എമിറേറ്റ്‌സ് ഒരു ട്രിപ്പിൽ പോലും ഒരു സീറ്റുപോലും ഒഴിഞ്ഞു പറക്കാറില്ലായെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിന്റെ നാനാഭാഗത്തും നിന്ന് എത്തുന്ന മലയാളികളും ഗൾഫ് മലയാളികളും എമിറേറ്റ്‌സിനെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം സുരക്ഷയും കൃത്യതയും തന്നെ. പക്ഷെ, എന്നിട്ടും ഏറ്റവും പഴഞ്ചൻ വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് അയക്കുന്നതെന്ന പരാതി സജീവമാണ്. തിരുവനന്തപുരത്തു നിന്നും ദുബായിലെത്തി വിമാനം അപകടത്തിൽ പെട്ട ദിവസം ഈ വിഷയം മറുനാടൻ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു. ആ റിപ്പോർട്ട് ശരിവെക്കുകയാണ് ആ അപകടത്തെ കുറിച്ച് ഇന്നലെ പുറത്തുവന്ന പ്രഥമ വിവര റിപ്പോർട്ട്.

ഗൾഫിലെയും യുകെയിലെയും മലയാളികളടക്കം മുന്നൂറു യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും ദുബൈയിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനം മൂക്ക് കുത്തി വീണു തീ പിടിച്ചു നശിക്കാനിടയായ അപകടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് 33 ദിവസം കഴിഞ്ഞു പുറത്തു വന്നപ്പോൾ മലയാളി യാത്രക്കാർക്ക് പഴഞ്ചൻ വിമാനം നൽകുന്നു എന്ന സ്ഥിരം പരാതി വീണ്ടും ചർച്ചയാവുകയാണ്.

ഇന്നലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മലയാള മാദ്ധ്യമങ്ങൾ അപകട സമയം വീശിയ കാറ്റിനെ പ്രതി സ്ഥാനത്തു നിർത്തി റിപ്പോർട്ട് ചെയ്‌തെങ്കിലും വിദേശ മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തിയത് പൈലറ്റിന്റെ പിഴവിലേക്ക്. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശ്രദ്ധിച്ചാൽ ഒരു കാര്യം കൂടി വ്യക്തമാകുന്നുണ്ട്, മൂന്നു പതിറ്റാണ്ടിന്റെ സേവന ചരിത്രമുള്ള എമിറേറ്റ്‌സിന്റെ 251 വിമാനങ്ങളിൽ ഏറ്റവും പഴക്കം ചെന്ന വിമാനമായിരുന്നു തിരുവനന്തപുരം ദുബായ് റൂട്ടിൽ പറന്നിരുന്നത് എന്നാണ്.

എമിറേറ്റ്‌സിലെ വിമാനങ്ങളുടെ ശരാശരി ആയുസ് 5. 9 വർഷം എന്ന കണക്കു ലഭ്യമാകുമ്പോളാണ് എമിറേറ്റിസിന് വേണ്ടി 13 വർഷം പറന്ന ഈ വയസൻ വിമാനം മലയാളികൾക്ക് വേണ്ടി അവസാനകാലത്തു യാത്ര നടത്തിയിരുന്നത്. മാത്രമല്ല, വിമാനത്തിന്റെ രണ്ടു എഞ്ചിനുകളും ഒരു വർഷം മുൻപ് മാറ്റി വച്ചതുമാണ്. ഇത് തെളിയിക്കുന്നത് അപകടത്തിൽ പെട്ട വിമാനം കണ്ഠം ചെയ്യാൻ കാലം കഴിഞ്ഞത് തന്നെയെന്നാണ്.

ഈ പ്രായം പിന്നിട്ട വിമാനം കട്ടപ്പുറത്തു കയറ്റാൻ പ്രായമായ വിമാനം കണ്ഠം ചെയ്തു മലയാളികൾക്ക് വേണ്ടി എമിറേറ്റ്‌സ് പറത്തുക ആയിരുന്നു എന്ന ആരോപണമാണ് അന്വേഷണ റിപ്പോർട്ടിലൂടെ തെളിയുന്നത്. റോൾസ് റോയ്‌സിന്റെ രണ്ടു എഞ്ചിനുകളിൽ ഒന്ന് കഴിഞ്ഞ വര്ഷം സെപ്റ്റംബർ ഏഴിനും രണ്ടാമത്തേത് ഈ വർഷം ഫെബ്രുവരി 23 നുമാണ് അപകടത്തിൽ പെട്ട വിമാനത്തോട് കൂട്ടിച്ചേർത്തത്.

എമിറേറ്റ്‌സ് വിമാന നിരയിലേക്ക് 13 വർഷം മുൻപ് 2003 മാർച്ച് 28 നു എത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. കാലപ്പഴക്കത്തെ തുടർന്ന് വിമാനം രണ്ടു വർഷം മുൻപ്, 2014 ജൂലൈ 10 നു വീണ്ടും രജിസ്റ്റർ ചെയ്താണ് അവസാനകാലത്തു പറന്നിരുന്നത്. 

അതേ സമയം കമാൻഡർ പൈലറ്റും കോ പൈലറ്റും 7000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയം ഉള്ളവരായിട്ടും രൂക്ഷമല്ലാത്ത കാറ്റിൽ നിന്നും വിമാനത്തെ രക്ഷിക്കാൻ സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഈ നിഗമനത്തിൽ വിമാനത്തിന്റെ പഴക്കം പെർഫോമൻസിനെ ബാധിച്ചിരിക്കാം എന്ന നിഗമനത്തിനു ശക്തി കൂട്ടുകയാണ്. മാത്രമല്ല, പ്രാഥമിക റിപ്പോർട്ടിൽ കാറ്റ് ഉണ്ടായിരുന്നു എന്നല്ലാതെ ഇക്കാര്യത്തിന് ഊന്നൽ നൽകുന്നുമില്ല. അതേ സമയം വിമാനം ലാൻഡിങ്ങിന് ശ്രമിച്ചിട്ട് വീണ്ടും ഉയരാൻ ശ്രമം നടത്തിയ കാര്യം വ്യക്തമായി പറയുന്നുണ്ട്.

ഇത്തരം സാഹചര്യം നേരിട്ട ലുഫ്താൻസ വിമാനം കഴിഞ്ഞ വർഷം ഹാംബർഗ് വിമാനത്താവളത്തിൽ നിന്നും അടിയന്തിരമായി രക്ഷപ്പെട്ടതും കഴിഞ്ഞ വർഷം തന്നെ മെയിൽ ബ്രിട്ടനിലെ ബിർമിങ്ഹാം വിമാനത്താവളത്തിൽ രൂക്ഷമായ കാറ്റിൽ ആടിയുലഞ്ഞു തോംസൺ വിമാനം ലാൻഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ കാറ്റു തിയറിയെ മറികടക്കുന്നതാണ് വിമാനത്തിന്റെ പ്രായവും പെർഫോമൻസും പൈലറ്റിന്റെ പിഴവും ഒത്തു ചേർന്നുള്ള അപകട സാധ്യത. യൂറോപ്പിലെ മിക്ക വിമാനത്താളങ്ങളിലും രൂക്ഷമായ ടൈൽ വിൻഡ് അതിജീവിച്ചാണ് മിക്കപ്പോഴും വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും. ഇത്തരം സാഹചര്യങ്ങളിൽ വിമാനം വീണ്ടും ടേക് ഓഫ് നടത്തിയാണ് വിദഗ്ധ പൈലറ്റുമാർ വിമാനത്തെ സുരക്ഷിതമായി വീണ്ടും ലാൻഡ് ചെയ്യിക്കുന്നത്.

ദുബായിൽ അപകടത്തിൽ പെട്ട ബോയിങ് 777 നിരയിലെ 7 വിമാനങ്ങൾ റിട്ടയർ ചെയ്തിട്ടും 13 വർഷം പ്രായമായ തിരുവനതപുരം ദുബായ് വിമാനം ശരാശരി പ്രായത്തിലും ഇരട്ടി പിന്നിട്ടിട്ടും പറക്കുക ആയിരുന്നു. ഈ നിരയിലെ എമിറേറ്റ്‌സ് വിമാനങ്ങളുടെ ശരാശരി പ്രായം ആറര വർഷമാണ്. അധികം പഴക്കമുള്ള വിമാനം പറത്താത്ത എമിറേറ്റ്‌സ് കേരളത്തിലേക്ക് പഴയ വിമാനങ്ങൾ അയക്കുന്നു എന്നതിന് സാധൂകരണം നൽകുന്നതാണ് ഓഗസ്റ്റ് മൂന്നിലെ അപകടം. ദുബായ് അപകടത്തിൽ ഓട്ടോ പൈലറ് മോദിൽ ഇട്ടു ലാൻഡിങ്ങിന് ശ്രമിച്ച ശേഷം പിൻ ചക്രങ്ങൾ താഴ്‌ത്തുകയും വീണ്ടും ടേക് ഓഫ് ശ്രമം നടത്താൻ ആയി ചക്രങ്ങൾ ഉള്ളിലേക്ക് വലിച്ച ശേഷം അതിനു കഴിയാതെ വിമാനം മൂക്ക് കുത്തുകയും ഈ സാഹചര്യത്തിൽ ചക്രങ്ങൾ വീണ്ടും താഴ്‌ത്താൻ താമസം നേരിട്ട് ഉരഞ്ഞിറങ്ങുകയും ചെയ്ത കാര്യം റിപ്പോർട്ടിൽ വ്യക്തമാണ്.

മാത്രമല്ല, ഈ ഘട്ടത്തിൽ വിമാനത്തിലെ ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിങ് സംവിധാനത്തിൽ നിന്നും DONT SINK, DONT SINK എന്ന മെസേജ് കോക്പിറ്റിൽ സ്വീകരിച്ചതിനും റെക്കോർഡ് ഉണ്ട്. എന്നാൽ അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത വിധത്തിലേക്ക് ബോയിങ് 777 -31 H A 6 EMW എന്ന വിമാനം എത്തിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അപകട സമയത്തെ വിമാനത്തിന്റെ അവസ്ഥ വിവരിക്കുന്ന റിപ്പോർട്ടിലെ രണ്ടാം പേജിൽ വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്. അതിനിടെ വിമാനം പറത്തിയ രണ്ടു പൈലറ്റുമാർക്കും അന്താരഷ്ട്ര നിയമം അനുശാസിക്കുന്ന തരത്തിൽ വിശ്രമം ലഭിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അപകടം ഉണ്ടാകുന്നതിനു ഒരാഴ്ച മുൻപ് രണ്ടു പേരും യഥാക്രമം 13, 19 മണിക്കൂർ വീതമാണ് ജോലി ചെയ്തിരിക്കുന്നത്. അപകടത്തിന് 24 മണിക്കൂർ മുൻപ് മറ്റു വിമാനം പറത്തിയിട്ടുമില്ല.

എയർപോർട്ടിൽ അപകട സമയം ശക്തമായ കാറ്റ് ഉണ്ടായി എന്ന പ്രചാരണം എമിറേറ്റ്‌സിന്റെ ബ്രാൻഡിങ് ഇമേജിനെ ബാധിക്കാതിരിക്കാൻ ഉള്ള ബോധപൂർവമായ ശ്രമം ആയും കരുതാൻ പ്രാഥമിക അന്വേഷ്ണ റിപ്പോർട്ട് തന്നെയാണ് ആധാരമാകുന്നത്. ഈ റിപ്പോർട്ട് പ്രകാരം അപകടം നടക്കുന്നതിനു പത്തു മിനിറ്റു മുൻപ്, അതായതു രാവിലെ എട്ടു മണി മുതൽ 8. 27 മിനിറ്റ് വരെ 16 വിമാനങ്ങൾ സുഗമമായി ലാൻഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല 8. 29 മുതൽ 8. 31 വരെ രണ്ടു വിമാനങ്ങൾ 'ഗോ അറൗണ്ട്' ശ്രമിക്കുകയും മറ്റു രണ്ടെണ്ണം അപകടത്തിന് തൊട്ടു മുൻപ് ലാൻഡിങ് നടത്തുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് 8. 37 നാണു തിരുവനന്തപുരത്തു നിന്നെത്തിയ വിമാനം അപകടത്തിൽ പെടുന്നത്. പൈലറ്റിന് പിഴവ് സംഭവിച്ചു എന്ന് ഈ റിപ്പോർട്ടിനെ ആധാരമാക്കി വാൾ സ്ട്രീറ്റ് ജേണൽ അടക്കമുള്ള വിദേശ മാദ്ധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശ പ്രകാരം വീണ്ടും ടേക് ഓഫ് നടത്താൻ വേണ്ടി എഞ്ചിന് പവർ നൽകാൻ പൈലറ്റ് താമസിച്ചതിനാൽ ഉയരാൻ കഴിയാതെ വിമാനം മൂക്ക് കുത്തുക ആയിരുന്നു എന്നാണ് റിപ്പോർട്ട് പഠിക്കുമ്പോൾ വ്യക്തമാകുന്നത്. മാത്രമല്ല, വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായി എന്ന സൂചനയും ലഭ്യമല്ലാത്തതിനാൽ പൈലറ്റിന്റെ ത്വരിത ഗതിയിലുള്ള നടപടി തടസ്സപ്പെട്ടത് മാത്രമാണ് അപകടത്തിലേക്ക് നയിച്ചതിൽ പ്രധാന കാരണമായി മാറുന്നത് എന്നും കണ്ടെത്താം. ഇക്കൂടെ ഉദ്ദേശിച്ച വേഗത്തിൽ വിമാനത്തിന് വീണ്ടും ഉയരാൻ തടസ്സമായത് വിമാനത്തിന്റെ കാലപ്പഴക്കമാണോ എന്നതും അന്തിമ റിപ്പോർട്ടിൽ വ്യക്തമായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP