Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202106Friday

ഉരുൾപൊട്ടൽ ഭീഷണിയുള്ള മൂപ്പൈനാട്ടിൽ ക്വാറി ഖനനത്തിന് അനുമതി നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിയെ രായ്ക്ക്രാമാനം നാടുകടത്തി; പകരം ചുമതലയുള്ളയാൾ അനുമതി നൽകിയത് പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെയും മറികടന്ന്; പരിസ്ഥിതി ലോലപ്രദേശത്ത് ദുരന്ത ഭീതിയിൽ പ്രദേശവാസികൾ

ഉരുൾപൊട്ടൽ ഭീഷണിയുള്ള മൂപ്പൈനാട്ടിൽ ക്വാറി ഖനനത്തിന് അനുമതി നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിയെ രായ്ക്ക്രാമാനം നാടുകടത്തി; പകരം ചുമതലയുള്ളയാൾ അനുമതി നൽകിയത് പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെയും മറികടന്ന്; പരിസ്ഥിതി ലോലപ്രദേശത്ത് ദുരന്ത ഭീതിയിൽ പ്രദേശവാസികൾ

വിഷ്ണു ജെ.ജെ നായർ

കൽപ്പറ്റ: വയനാട് ജില്ലയിലെ പരിസ്ഥിതിലോല പ്രദേശമായ മൂപ്പൈനാട്ടിൽ പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പ് പോലും അവഗണിച്ചു കൊണ്ട് പഞ്ചായത്ത് സെക്രട്ടറി സ്വകാര്യവ്യക്തിക്ക് ഖനനാനുമതി നൽകിയതായി പരാതി. കൽപ്പറ്റ സ്വദേശി ഒ.ഡി. തോമസ് എന്ന വ്യക്തിക്കാണ് പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ പരിസ്ഥിതിലോലവും ദുരന്ത മേഖലയുമായ പ്രദേശത്ത് കരിങ്കൽപാറ ക്വാറിക്ക് അനധികൃതമായി അനുമതി നൽകിയിരിക്കുന്നത്.

1.33.07 ഹെക്ടർ സ്ഥലത്ത് കരിങ്കൽ ക്വാറി നടത്തുന്നതിനായി ഒ.ഡി. തോമസ് കഴിഞ്ഞ ഫെബ്രുവരി 18 നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. മാർച്ച് 10-ാം തീയതി ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഈ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ നിലവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റമുണ്ടാകുകയും ഷിനോജ് മാത്യു എന്ന അസിസ്റ്റന്റ് സെക്രട്ടറിക്ക് സെക്രട്ടറിയുടെ അധികചുമതല നൽകുകയും ചെയ്തു. ഷിനോജ് മാത്യുവിന് സെക്രട്ടറിയുടെ ചാർജ് ലഭിച്ചതോടെ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.

പത്തനംതിട്ടയിലെ മറ്റൊരു വിഷയത്തിൽ ഉണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ജോസഫ് മാത്യുവിന്റെ നിയമോപദേശത്തിന്റെ മറവിലാണ് ഖനനാനുകൂലികൾ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഈ നിയമോപദേശത്തിന്റെ പേരിൽ തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതിയെയും, സ്റ്റാറ്റിയൂട്ടറി ബോഡിയായ ഗ്രാമസഭയെയും, കേന്ദ്ര നിയമത്തിലധിഷ്ഠിതമായ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയേയും വെറും നോക്കുകുത്തിയാക്കുകയാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.

2019-ലെ ഡിഡിഎംഎയുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഈ പ്രദേശത്ത് ക്വാറി ഖനനം പാടില്ലെന്ന് ആക്ഷൻ കൗൺസിലും പരിസ്ഥിതി പ്രവർത്തകരും വ്യക്തമാക്കുന്നു. എന്നാൽ ഡിഡിഎംഎയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഈ ഉത്തരവിന്റെ നഗ്‌നമായ ലംഘനത്തിന് എതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത് 40 ശതമാനത്തിലധികം ചരിഞ്ഞ പ്രദേശമായതിനാൽ ക്വാറി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതവും സമീപവാസികൾക്കുള്ള വെല്ലുവിളിയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിൽപെട്ട നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണെന്നതും ഈ പദ്ധതി പ്രദേശത്ത് നിന്നും സംരക്ഷിത റിസർവ് വനവുമായിട്ടുള്ള ദൂരം വെറും 150 മീറ്ററും ജനവാസമേഖല 100 മീറ്ററിനുള്ളിലുമാണെന്നുള്ളതും ഈ നിയമലംഘനത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

2009 ജൂലൈ 15ന് ഈ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി ഒരു വീട് ഒലിച്ച് പോകുകയും കുഞ്ഞേലി എന്ന വൃദ്ധ കൊലപ്പെടുകയുമുണ്ടായി. ഇതേ കാലഘട്ടത്തിൽ തന്നെ പത്രോസ് എന്നൊരാളും സമാന രീതിയിലുള്ള ദുരന്തത്തിൽ കാണാതായിട്ടുണ്ട്. ഈ വിവരങ്ങളൊക്കെയും മറച്ചു വെയ്ക്കുവാനുള്ള കരുതികൂട്ടിയുള്ള ശ്രമങ്ങൾ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. ഈ വിവരങ്ങളൊക്കെ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

മെയ് 17 ലെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ക്വാറി അനുവദിച്ചതായി സെക്രട്ടറി ഏകപക്ഷീയമായി അറിയിക്കുകയായിരുന്നു. ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ആവശ്യപ്പെട്ടുവെങ്കിലും അതിനെ മറികടന്നാണ് ക്വാറിക്ക് അനുമതി നൽകാനുള്ള സെക്രട്ടറിയുടെ തീരുമാനം. ജൂനിയർ ഉദ്യോഗസ്ഥൻ മാത്രമായ ഷിനോജ് മാത്യു സെക്രട്ടറിയുടെ അഭാവത്തിലുള്ള താൽക്കാലിക ചാർജ് ഉപയോഗിച്ചാണ് ഈ തീരുമാനങ്ങളൊക്കെ എടുക്കുന്നത്.

2019 ൽ തയ്യാറാക്കിയ വയനാട് ജില്ല ഡിസാസ്റ്റർ പ്ലാൻ പ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലൊന്നാണ് മൂപ്പൈനാട്. മാത്രമല്ല മുപ്പൈനാട് പഞ്ചായത്തിൽപ്പെട്ട 7-ാം വാർഡ് മുതൽ ഇപ്പോൾ ക്വാറി നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന 13-ാം വാർഡ് വരെയുള്ള പ്രദേശത്ത് ഭൂമി നിരങ്ങി മാറൽ എന്ന ഭൗമ പ്രതിഭാസം മഴ കാലത്ത് ഉണ്ടാകുന്ന പതിവുണ്ട്. ഈ ആപത്ത് മുൻകൂട്ടി മനസിലാക്കി ഈ വാർഡുകളിലെ ജനങ്ങളെ മാറ്റി താമസിക്കാറുണ്ട്. ഇതൊരു സ്ഥിരം പ്രതിഭാസമാണ്. അത്തരമൊരു പ്രദേശത്ത് ക്വാറി അനുവദിക്കുന്നതിലെ അപകടം ജില്ലാകളക്ടർ അടക്കമുള്ള അധികൃതർക്ക് ഇതുവരെ മനസിലായിട്ടില്ല.

2019-ലെ പ്രകൃതി ദുരന്തത്തിൽ കേരളത്തെ നടുക്കിയ പുത്തുമലയും നിലമ്പൂർ കവളപ്പാറയും മൂപ്പൈനാടിന്റെ സമീപപ്രദേശങ്ങളാണ്. പുത്തുമലയിലേക്ക് ഒരു കിലോമീറ്ററും കവളപ്പാറയിലേക്ക് 5 കിലോമീറ്ററുമാണ് ആകാശദൂരം. കഴിഞ്ഞ വർഷം ഇതേ പഞ്ചായത്തിൽപെട്ട കടച്ചിക്കുന്നിൽ നിയമവിരുദ്ധമായി അനുമതികൾ വാങ്ങി പ്രവർത്തിച്ചു തുടങ്ങിയ ഒരു ക്വാറിയിൽ മണ്ണും കരിങ്കൽപാറയും അടർന്നു വീണ് മാനന്തവാടി സ്വദേശി സിൽവസ്റ്റൺ എന്ന ഡ്രൈവർ കൊലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഡിഡിഎംഎയുടെ ചെയർമാനായ ജില്ല കളക്ടർ ആ ക്വാറി അടച്ചു പൂട്ടിയിരുന്നു. എന്നാൽ വീണ്ടും സമാനമായ ദുരന്തത്തിന് മൂപ്പൈനാട്ടിൽ കളമൊരുങ്ങുമ്പോൾ കളക്ടർ നിശബ്ദനാണ്. അദ്ദേഹം പുതിയൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണോ, ദുരന്തമുണ്ടായികഴിഞ്ഞുമാത്രമെ നടപടിയെടുക്കുകയുള്ളോ എന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP