Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

അമേരിക്കയിൽ ഭാര്യയുമൊത്ത് കറങ്ങുന്ന ഉത്തപ്പ ആർക്ക് വേണ്ടി പാഡണിയണമെന്ന് ഇനിയും തീരുമാനമെടുക്കുന്നില്ല; ഇന്നിങ്‌സ് തുടങ്ങാൻ മുൻ ടെസ്റ്റ് താരം വാസിം ജാഫർ എത്താനും സാധ്യത; ജെജെ സിംഗിന് എൻഒസി നൽകാതെ പഞ്ചാബിന്റെ ഇരുട്ടടിയും; ക്യാപ്ടനെ തേടിയുള്ള കേരളാ ക്രിക്കറ്റിന്റെ യാത്ര തുടരുന്നു

അമേരിക്കയിൽ ഭാര്യയുമൊത്ത് കറങ്ങുന്ന ഉത്തപ്പ ആർക്ക് വേണ്ടി പാഡണിയണമെന്ന് ഇനിയും തീരുമാനമെടുക്കുന്നില്ല; ഇന്നിങ്‌സ് തുടങ്ങാൻ മുൻ ടെസ്റ്റ് താരം വാസിം ജാഫർ എത്താനും സാധ്യത; ജെജെ സിംഗിന് എൻഒസി നൽകാതെ പഞ്ചാബിന്റെ ഇരുട്ടടിയും; ക്യാപ്ടനെ തേടിയുള്ള കേരളാ ക്രിക്കറ്റിന്റെ യാത്ര തുടരുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിനായി ഈ രഞ്ജി സീസണിൽ റോബിൻ ഉത്തപ്പ പാഡണിയുമോ എന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇപ്പോൾ അമേരിക്കയിലുള്ള ഉത്തപ്പ ഓഗസ്റ്റ് മാസത്തോടെ മാത്രമേ തന്റെ അന്തിമ തീരുമാനമറിയിക്കുകയുള്ളു. എന്നാൽ ഈ മാസം മുതൽ സീസൺ ആരംഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഉത്തപ്പയ്ക്ക് വേണ്ടി കാത്തിരിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് കെസിഎ ഭാരവാഹികൾ. അതേ സമയം ഉത്തപ്പ എത്തിയിലെങ്കിൽ പകരക്കാരനായി മുൻ ഇന്ത്യൻ ഓപ്പണറും മുബൈ രഞ്ജി ടീമിന്റെ നായകനുമായിരുന്നു വസീം ജാഫറിനെ എത്തിക്കാനാണ് ബോർഡിന്റെ നീക്കമെന്നും കെസിഎയിലെ ഒരു ഉന്നതൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

ഐപിഎല്ലിൽ തകർത്തടിച്ച റോബിൻ ഉത്തപ്പയ്ക്ക് മറ്റ് ടീമുകളിൽ കളിക്കാനുള്ള എൻഒസി കർണ്ണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകിയതിന് പിന്നാലെ തന്നെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഉൾപ്പടെയുള്ളവർ റോബിൻ ഉത്തപ്പയ്ക്കായി രംഗത്തുണ്ട്. ഓഗസ്റ്റ് പകപതിയോടെ തിരിച്ചെത്തിയേഷം മറ്റ് ടീമിനായി കളിക്കാൻ റോബിൻ ഉത്തപ്പ തീരുമാനിച്ചാൽ അത് കേരളത്തന് തിരിച്ചടിയാകും. ഉത്തപ്പയെ ലഭിച്ചില്ലെങ്കിൽ സീസൺ തുടങ്ങിയ ശേഷം മറ്റ് ടീമുകളിൽ കളിച്ച മികവുറ്റ താരങ്ങളെ കേരളത്തിന് ലഭിക്കുകയുമില്ല. ഇതാണ് വസീം ജാഫറിനെപ്പോലെയുള്ള ഒരു താരത്തെ സമീപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ ഭാര്യയുമൊത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ഉത്തപ്പ. ഹോളിഡേ കഴിഞ്ഞ ശേഷമേ ഉത്തപ്പ ഏത് ടീമിൽ കളിക്കുകയെന്ന് തീരുമാനിക്കൂ. ഈ സാഹചര്യത്തിലാണ് ടിസി മാത്യുവിന്റെ നേതൃത്വത്തിൽ വാസിം ജാഫറെ എത്തിക്കാൻ നീക്കം സജീവമായത്.

റോബിൻ ഉത്തപ്പ എത്തിയില്ലെങ്കിൽ പഞ്ചാബ് ബാറ്റ്സ്മാൻ ജീവൻ ജ്യോത് സിങ്ങിനെ കേരളത്തിന്റെ ജഴ്സിയണിയിക്കാനായിരുന്നു പദ്ധതി. എന്നാൽ ഉത്തപ്പയുടെ കാര്യം തീരുമാനമാകാതിരുന്ന സാഹചര്യത്തിൽ ജീവൻജ്യോത് സിങ് പഞ്ചാബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കേരള ടീമിന്റെ പരിശീലകനായി സൂപ്പർ കോച്ച് ഡേവ് വാട്മോർ എത്തിയതിന് പിന്നാലെയാണ് റോബിനെ എത്തിക്കാൻ ശ്രമിച്ചത്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നേടിയ താരമായറോബിൻ ഈ സീസണിലും മികച്ച ഫോം തന്നെയാണ് പ്രകടിപ്പിച്ചത്. സൂപ്പർ കോച്ചിന് പിന്നാലെ സൂപ്പർ ക്യാപ്റ്റനും എത്തിയാൽ ഇത് കേരള ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റുമെന്ന കണക്ക് കൂട്ടലുമാണ് 31കാരനായ റോബിനെ എത്തിക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണവും.

റോബിൻ ഉത്തപ്പയ്ക്ക് പകരക്കാരനായി ബോർഡ് ഇപ്പോൾ ആലോചിക്കുന്ന വസീം ജാഫറിനെ പക്ഷെ ദീർഘകാലം ഉപയോഗിക്കാനാകില്ല. നാൽപ്പതിനോട് അടുത്ത് പ്രായമുണ്ട് വസീം ജാഫറിന് ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ജാഫർ 34.10 ശരാശരിയിൽ 1944 റൺസ് നേടിയിട്ടുണ്ട്. 5 സെഞ്ചുറികളും 11 അർധ ശതകങ്ങളുമാണ് ജാഫറിന്റെ സമ്പാദ്യം. വെസ്റ്റിൻഡീസിനെതിരെ നേടിയ 212 റൺസാണ് ഉയർന്ന സ്‌കോർ. രാജ്യാന്തര ക്രിക്കറ്റിനെ അപേക്ഷിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വലിയ അനുഭവ സമ്പത്താണ് ജാഫറിന് ഉള്ളത്. ഇത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് ബോർഡ് കരുതുന്നത്. മുംബൈക്ക് വേണ്ടി 222 മത്സരങ്ങളിൽ നിന്നും 50.88 ശരാശരിയിൽ 51 സെഞ്ചുറികളും 81 അർധ ശതകങ്ങളും ജാഫർ നേടിയിട്ടുണ്ട്. 1996ൽ 18ാം വയസ്സിലാണ് ജാഫർ മുംബൈ ടീമിലെത്തിയത്.

കേരള ടീമിലെത്താൻ ഉത്തപ്പ ചോദിച്ചിരുന്നത് ലക്ഷങ്ങളാണ്. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ റോഹൻ പ്രേമാണ് കേരളത്തെ നയിച്ചത്. ഏകദിനത്തിൽ സച്ചിൻ ബേബിയും. സാധാരണ സീസണിന്റെ തുടക്കത്തിൽ തന്നെ ക്യാപ്ടനെ നിശ്ചയിക്കുകയാണ് പതിവ്. എന്നാൽ റോബിൻ ഉത്തപ്പയുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിനാൽ ക്യാപ്ടനെ പ്രഖ്യാപിച്ചിട്ടില്ല. പാതി മലയാളിയായ റോബിനുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായ ടിസി മാത്യു പലവട്ടം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ റോബിനെ കർണ്ണാടക കളിപ്പിച്ചില്ല. ഇതിന്റെ വേദനയുമായാണ് കർണ്ണാടകം വിടാൻ റോബിൻ തീരുമാനിച്ചത്. ഇത് മലയാള ബന്ധങ്ങളുള്ള റോബിനെ കേരളത്തിലെത്തിക്കുമെന്ന തോന്നലുണ്ടാക്കി. ഇതിനെടയാണ് വിദർഭ ഉത്തപ്പയെ സ്വന്തമാക്കാൻ എത്തിയത്. ഇതോടെ ഡിമാൻഡും കൂടി.

കഴിഞ്ഞ രഞ്ജി സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരമായി റോബിൻ. ഫോമിലേക്ക് മടങ്ങിയെത്തിയതോടെയാണ് റോബിന് വേണ്ടി വിദർഭയും രംഗത്ത് വന്നത്. ഇപ്പോൾ കേരളാ ക്രിക്കറ്റ് അസോസിയേഷൻ റോബിനുമായി ബന്ധപ്പെടുന്നുണ്ട്. താരം വിദേശത്താണെന്നാണ് സൂചന. ഇപ്പോഴും ശുഭ പ്രതീക്ഷയിലാണ് കേരളം. റോബിന് എന്തും ചെയ്തു കൊടുക്കാം. എന്നാൽ അമിത് വർമ്മയുടെ ആവശ്യം കേരളത്തിനില്ല. സഞ്ജു വി സാംസൺ, റോഹൻ പ്രേം, സച്ചിൻ ബേബി, തുടങ്ങി ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ അമിത് വർമ്മ കേരളത്തിന് ബാധ്യതയാകും. ഈ സാഹചര്യത്തിലാണ് മറ്റൊരു അന്യസംസ്ഥാനക്കാരനെ കൂടി ബാറ്റ്‌സ്മാനായി കളിപ്പിക്കാൻ മടിക്കുന്നത്. മലയാളിയായ സുനിൽ സാമിനെ കേരളത്തിൽ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. തമിഴ്‌നാടിന്റെ രഞ്ജി ടീമംഗമായ സുനിൽ സാമും കേരളത്തിന്റെ പരിഗണനയിലാണ്.

മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി ഉത്തപ്പക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകിയിരുന്നു. ഇതോടെ കർണാടക ടീമുമായി 15 വർഷത്തോളം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചു. 2002ൽ 17-ാം വയസിലാണ് ഫസ്റ്റ്ക്ല ാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ അന്നുമുതൽ കർണാടകയ്ക്കായാണ് പാഡണിഞ്ഞത്. താരവുമായി കരാർ നീട്ടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല. കഴിഞ്ഞ രഞ്ജി സീസണിൽ കർണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കർണാടക ടീം വിടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കരുൺ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടക ടീമിൽ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.

130 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 8793 റൺസ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014/15 സീസണിൽ കർണാടക രഞ്ജി ചാമ്പ്യന്മാരായതും ഉത്തപ്പയുടെ മികവിലായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. പത്താമത് സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കെ.സി.എ. മുൻ പ്രസിഡന്റ് കെ.സി. മാത്യു ഉത്തപ്പയുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. കേരളത്തിനു വേണ്ടി കളിക്കാൻ ഉത്തപ്പ അന്നു താൽപര്യം പ്രകടിപ്പിച്ചിരുന്നു. പത്താമത് സീസണിൽ നൈറ്റ്റൈഡേഴ്സിനു വേണ്ടി 388 റണ്ണെടുക്കാൻ ഉത്തപ്പയ്ക്കായി. മലയാളം അറിയാവുന്ന ഓപ്പണർക്കു വേണ്ടി കെ.സി.എ. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഉത്തപ്പയുടെ പേര് ഉയർന്നു വന്നത്.

മൂന്ന് അന്യസംസ്ഥാന താരത്തെ ഒരു സീണണിൽ കളിപ്പിക്കാൻ കേരളത്തിന് കഴിയും. ഡേവ് വാട്മോറാണ് ഇത്തവണ കേരളത്തിന്റെ പരിശീലകൻ. വാട്മോർ എല്ലാ കളികൾക്കും കേരളത്തിനൊപ്പം ഉണ്ടായിരിക്കും എന്നും കെസിഎ ഉറപ്പിച്ചിട്ടുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റി വച്ച് വാട്മോർ മുഴുവൻ സമയ പരിശീകരനാകാമെന്ന് ്സന്നദ്ധ അറിയിച്ചതിനെ പ്രതീക്ഷയോടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാണുന്നത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത്തവണ 3 അന്യസംസ്ഥാന താരങ്ങളെ അണിനിരത്തിയിട്ടും ടെസ്റ്റ്. ഏകദിന, ട്വന്റി ട്വിന്റെ ഫോർമാറ്റിലെല്ലാം കേരളത്തിന് സമ്പൂർണ്ണ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് വമ്പൻ താരങ്ങളെ അടുപ്പിക്കാൻ കേരളം ശ്രമിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP