Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെയിറ്റിങ് ഷെഡിൽ വെണ്ടയ്ക്ക അക്ഷരത്തിൽ പദ്ധതി നടപ്പാക്കിയ എംപിയുടെ പേര് എഴുതി വയ്ക്കാമോ? പറ്റില്ലെന്ന് വിവരാവകാശ രേഖ; എതെങ്കിലുമൊരു മൂലയിൽ ശിലയിലോ തകിടിലോ വിശദാംശങ്ങൾ എഴുതി സ്ഥാപിക്കാം; വെയിറ്റിങ് ഷെഡിനേക്കാൾ വലുതായി ഉണ്ടാക്കിയ ആളുടെ പേര് എഴുതുന്നവർ അറിയാൻ

വെയിറ്റിങ് ഷെഡിൽ വെണ്ടയ്ക്ക അക്ഷരത്തിൽ പദ്ധതി നടപ്പാക്കിയ എംപിയുടെ പേര് എഴുതി വയ്ക്കാമോ? പറ്റില്ലെന്ന് വിവരാവകാശ രേഖ; എതെങ്കിലുമൊരു മൂലയിൽ ശിലയിലോ തകിടിലോ വിശദാംശങ്ങൾ എഴുതി സ്ഥാപിക്കാം; വെയിറ്റിങ് ഷെഡിനേക്കാൾ വലുതായി ഉണ്ടാക്കിയ ആളുടെ പേര് എഴുതുന്നവർ അറിയാൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു പദ്ധതി പൂർത്തിയാക്കിയാൽ അതിന് ഫണ്ട് അനുവദിച്ച ജനപ്രതിനിധിയുടെ പേര് വെണ്ടയ്ക്കാ മുഴുപ്പിൽ അവിടെ എഴുതി വയ്ക്കുന്നതും ഫൽക്സ് ബോർഡ് സ്ഥാപിക്കുന്നതും നാട്ടുനടപ്പാണ്. ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനെന്നും പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ലേ പദ്ധതി തയാറാക്കിയതെന്നും പലർക്കും തോന്നും. അതിന് ആധികാരികമായ ഒരു മറുപടി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. നടപ്പാക്കിയ ജനപ്രതിനിധിക്ക് അങ്ങനെ എഴുതി വയ്ക്കാനുള്ള അവകാശം അനുവദിച്ച് നൽകിയിട്ടുണ്ട്. പക്ഷേ, പദ്ധതിയെപ്പോലും ചെറുതാക്കുന്ന വിധത്തിലല്ല. അതിന്റെ ഏതെങ്കിലുമൊരു മൂലയ്ക്ക്.

പത്തനംതിട്ട റിങ് റോഡിന്റെ സൈഡിൽ സ്റ്റേഡിയം ജങ്ഷനിലായി ആന്റോ ആന്റണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് ഒരു വെയിറ്റിങ് ഷെഡ് സ്ഥാപിച്ചു. അതിന് മുകളിലായി വെണ്ടയ്ക്ക മുഴുപ്പിൽ ആന്റോ ആന്റണി എംപിയുടെ പേര് എഴുതി വച്ചിട്ടുണ്ട്. ഇങ്ങനെ എഴുതി വയ്ക്കാൻ എംപിക്ക് അവകാശമുണ്ടോ എന്ന് ആരാഞ്ഞ് വിവരാവകാശ പ്രവർത്തകൻ കല്ലറക്കടവ് സ്വദേശി ബി. മനോജ് ജില്ലാ പ്ലാനിങ് ഓഫീസിൽ വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നൽകി.

നടപ്പാക്കിയ എംപിക്ക് പദ്ധതിയിൽ പേര് വിവരം എഴുതി വയ്ക്കാം എന്നായിരുന്നു മറുപടി. പക്ഷേ, അതിന് ചില മാനദണ്ഡങ്ങളുണ്ട്. 2016 ജൂണിൽ കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പുറത്തിറക്കിയിട്ടുള്ള എംപിഎൽഎഡിസ്(എംപിമാരുടെ പ്രാദേശിക വികസന പദ്ധതി) മാർഗരേഖ പ്രകാരമാണ് ഇങ്ങനെ എഴുതുന്നത്. മാർഗരേഖയുടെ 3.22 ഖണ്ഡികയിലാണ് കല്ലിന്റെയോ മെറ്റലിന്റെയോ ഫലകത്തിൽ പദ്ധതിയുടെ പേര്, ചെലവഴിച്ച തുക, പദ്ധതി ആരംഭിച്ച വർഷം, പൂർത്തീകരിച്ച വർഷം, ഉദ്ഘാടനം ചെയ്ത തീയതി, പദ്ധതി നിർദ്ദേശിച്ച എംപിയുടെ പേര് എന്നിവ രേഖപ്പെടുത്തി സ്ഥിരമായി സ്ഥാപിക്കണം എന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്.

ആന്റോ ആന്റണി എംപി റിങ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന വെയിറ്റിങ് ഷെഡ് 2019-20 വർഷത്തെ എംപിഎൽഎഡി പ്രകാരമുള്ളതാണ്. 10,53,571 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പക്ഷേ, വെയിറ്റിങ് ഷെഡിൽ വെണ്ടയ്ക്ക മുഴുപ്പിൽ എംപിയുടെ പേര് മാത്രമാണുള്ളത്. മാർഗരേഖ പ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ ഫലകം സ്ഥാപിച്ചിട്ടില്ലെന്ന് മനോജ് പറയുന്നു. എംപിക്ക് വെണ്ടയ്ക്ക മുഴുപ്പിൽ പേരെഴുതി വയ്ക്കാനും കഴിയില്ല. ഈ നിയമലംഘനത്തിനെതിരേ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് മനോജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP