Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?

ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിന് പിന്നിൽ ദുരൂഹതകൾ ഏറുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് കൊലപാതകത്തിന് കാരണം. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസിയായ ഡിആർഡിഎ പോലും ചില സംശയങ്ങൾ മുന്നോട്ട് വയ്ക്കുമ്പോൾ കൃത്യമായ കാരണം കണ്ടു പിടിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന സംശയങ്ങളാണ് പൊലീസിന് മുമ്പിലുള്ളത്. കൊല്ലം കമ്മീഷണറായ മെറിൻ ജോസഫുമായി വഫ ഫിറോസിനുള്ള ആത്മബന്ധവും പൊലീസിനെ ഇതിന് പ്രേരിപ്പിക്കുന്നു. ഡിആർഡിഎ എന്തെങ്കിലും അസ്വാഭാവിക കണ്ടെത്തുമോ എന്ന സംശയമാണ് ഇതിന് പിന്നിൽ. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗതയിൽ വണ്ടി ഓടിച്ചുവെന്നതാണ് കേസ്. എന്നാൽ കാർ വഫയാണോ ഓടിച്ചതെന്ന സംശയം ഇപ്പോഴും അന്വേഷകർക്കുണ്ട്.

തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയാണ് കവടിയാർ മുതൽ വെള്ളയമ്പലം വരെ. രാജ്ഭവനും മന്ത്രിമന്ദിരങ്ങളും ഉള്ള റോഡ്. ഇവിടെ സിസിടിവി ക്യാമറ പ്രർത്തിച്ചിരുന്നില്ലെന്നത് ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് തെളിവുകൾ അപ്രത്യക്ഷമായതെന്നതാണ് ഉയരുന്ന സംശയം. ഹൈക്കോടതിയുടെ വിമർശനത്തിന് പോലും ഇത് ഇടയാക്കും. പത്രപ്രവർത്തക യൂണിയനും ബഷീറിന്റെ മരണത്തിൽ അസ്വാഭാവികത കാണുന്നു. ക്രൂരമായ കൊലപാതകമായി തന്നെ ഇത് അവർ മനസ്സിലാക്കുന്നു. കവടിയാറിൽ നിന്നും ബഷീർ മ്യൂസിയത്തെ അപകട സ്ഥലത്ത് എത്തുന്നത് വരെയുള്ള വീഡിയോയിൽ സത്യമുണ്ടെന്നാണ് ഏവരും കരുതുന്നത്. ഈ വീഡിയോ അപ്രത്യക്ഷമാക്കിയത് ഗൂഢാലോചന മറയ്ക്കാനാണെന്നാണ് ഉയരുന്ന സൂചന. വഫയ്ക്കും മെറിനുമായി അടുത്ത ബന്ധമുണ്ട്. വഫയുടെ വീട്ടിൽ പലപ്പോഴും മെറിൻ ജോസഫ് എത്തിയതായി പൊലീസിന് വിവരവും കിട്ടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിൽ വഫ പറഞ്ഞതിൽ പലതും സംശയങ്ങൾ കൂട്ടുകയും ചെയ്തു. കിട്ടിയ വിവരങ്ങളും അഭിമുഖവുമായി യാതൊരു ബന്ധവുമില്ല.

വഫയും ശ്രീറാമും രാത്രി മുതൽ ഒരുമിച്ചുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. അപകടത്തിന് ശേഷം അതിവേഗ തിരക്കഥകൾ ഒരുങ്ങി. ഇതിന് കാരണം മുൻകൂട്ടിയുള്ള ഗൂഢാലോചനയാകാമെന്നാണ് സംശയം. ഹണി ട്രാപ്പ് പോലുള്ള കുടുക്കിൽ ശ്രീറാം പെട്ടിരുന്നോ എന്നും പൊലീസിലെ ഉന്നതർക്ക് സംശയമുണ്ട്. ശ്രീറാമിന്റെ ഇമേജ് തകർക്കുകയും ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിനുമുള്ള നീക്കങ്ങൾ നടന്നോ എന്നാണ് പരിശോധിക്കുന്നത്. അതായത് ഹണി ട്രാപ്പിൽ കുടുങ്ങിയ വേദനയിൽ ശ്രീറാം കൂടുതലായി മദ്യപിച്ചു. മദ്യപാന സ്വഭാവം തിരിച്ചറിഞ്ഞ് ഇതിന് പ്രോത്സാഹനവും നടന്നു. കവടിയാറിലെ വിവേകാന്ദ പാർക്കിൽ നിന്ന് രാത്രി പന്ത്രണ്ടരയോടെ ശ്രീറാമിന് ലിഫ്റ്റ് കൊടുത്തുവെന്നാണ് വഫയുടെ മൊഴി. ഇത് നിലനിൽക്കാൻ വേണ്ടിയാണ് ക്യാമറ തെളിവുകൾ ഇല്ലെന്ന് പറയുന്നതെന്ന സംശയവും സജീവം. ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിൽ കാർ യാത്രയും ലിഫ്റ്റ് കൊടുക്കലും തെളിഞ്ഞേനെ. ഈ തെളിവുകൾ ഉന്നത ഇടപെടലിലൂടെ നഷ്ടമായതാണെന്ന സംശയം സജീവമാണ്.

ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നതിന് കാരണം വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ പിടിവാശിയുമാണ്. ശ്രീറാമിനെ നിരന്തരം തള്ളി പറയുന്ന മുഖ്യമന്ത്രി ശ്രീറാമിന്റെ ഇമേജ് തകർക്കലാണ് ലക്ഷ്യമിടുന്നത്. കിംസ് ആശുപത്രിയിലേക്ക് ശ്രീറാമിനെ അയച്ചതും രക്തം ഒരു കാരണവശാലും കൊടുക്കാതിരിക്കാനുള്ള കളികൾ നടത്തിയതുമെല്ലാം പൊതു സമൂഹത്തിൽ ശ്രീറാമിനെ കള്ളനാക്കുകയാണ് ചെയ്തത്. കേസിൽ നിന്ന് രക്ഷപ്പെട്ടാലും പഴയ പുലിമുരുകൻ ഇമേജ് നഷ്ടമായി കഴിഞ്ഞു. മദ്യപാനത്തിനൊപ്പം പെൺസുഹൃത്തുകൂടി അർദ്ധ രാത്രി ചർച്ച ചെയ്യുമ്പോൾ തകർന്നടിഞ്ഞത് ശ്രീറാമിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാണ്. ഇനി ഭരണ വർഗ്ഗം പറയുന്നിടത്ത് ഒപ്പിടുന്ന ഉദ്യോഗസ്ഥനായി ശ്രീറാമിന് മാറേണ്ടി വരും. കീ സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തിയാൽ ചോദിക്കാൻ മാധ്യമ ലോകവും എത്തില്ല. ഇതെല്ലാം മനസ്സിൽ വച്ചുള്ള ഹണി ട്രാപ്പ് ഓപ്പറേഷനൊടുവിൽ സംഭവിച്ച ട്വിസ്റ്റാകാം അപകടമെന്നാണ് വിലയിരുത്തൽ.

ശ്രീറാമുമായി ഉള്ളതായി വഫ വിശദീകരിക്കുന്ന ബന്ധവും സംശയത്തിന് ആക്കം കൂട്ടുന്നു. ഷോയ്ക്കിടയിലെ പരിചയം. പിന്നെ ഒരു വർഷം മുമ്പ് ഓഫീസിൽ കാണുന്നു. അതിന് ശേഷം എസ് എം എസ്. രാത്രി വീട്ടിൽ നിന്ന് പറന്നെത്തി വഫ ശ്രീറാമിനെ കൂട്ടുന്നു. ഇതിന് പിന്നിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വഫ അന്ന് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നത്. മെറിൻ ജോസഫിന്റെ ദരൂഹമായ ഇടപെടലും പ്രശ്‌നമാണ്. ഈ വിഷയത്തിൽ മെറിൻ ജോസഫിനേയും പൊലീസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. മെറിനും വഫയും തമ്മിലെ ബന്ധത്തിലെ ദുരൂഹത മാറ്റാനാണ് ഇത്. കോഴിക്കോട് കമ്മീഷണറായിരിക്കെ നിപ എത്തിയപ്പോൾ മെറിൻ അവിടെ നിന്നും സ്ഥലം മാറി. ഇതിന് പിന്നിൽ കോഴിക്കോട്ടെ ഉന്നതന്റെ സഹായം കിട്ടിയെന്ന കഥയും പൊലീസിൽ ചർച്ചയാണ്. അത്തരം ബന്ധങ്ങൾ കൂടി സംശയത്തിന് പുതു മാനം നൽകുന്നു.

ശ്രീറാമിനെ മദ്യ ലഹരിയിൽ ആക്കി കുഴപ്പത്തിൽ ചാടിക്കാനുള്ള ക്വട്ടേഷൻ ആരെങ്കിലും ആർക്കെങ്കിലും നൽകിയോ എന്നതും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രീറാം വ്യക്തമായി ഒന്നും പറയുന്നുമില്ല. നിലവിൽ താനാണ് കാർ ഓട്ടിച്ചതെന്ന് ശ്രീറാമും പറയുന്നു. കസ്റ്റഡിയിൽ എടുത്ത് പൊലീസ് മുറയിൽ ചോദ്യം ചെയ്യാൻ കഴിയാത്തതു കൊണ്ട് ശ്രീറാമിന് ഈ വാദം മാറ്റേണ്ടിയും വരില്ല. സിസിടിവി ദൃശ്യമില്ലാത്തതു കൊണ്ട് ശാസ്ത്രീയമായും കുറ്റം തെളിയിക്കാനാവില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ഈ കേസിൽ അട്ടിമറി നടക്കുകയും ചെയ്തു. വഫയ്ക്ക് വേണ്ടി സിവിൽ സർവ്വീസ് ലോബി കൃത്യമായ ഇടപെടൽ നടത്തിയെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയെ ഭയന്ന് ഔദ്യോഗിക അന്വേഷണത്തിന് പൊലീസിലും ഭയമുണ്ട്. അതിനാൽ അനൗദ്യോഗിക അന്വേഷണമാണ് നടക്കുന്നത്.

വഫ ഫിറോസ് വർഷങ്ങളായി അബുദാബിയിലായിരുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫയ്ക്ക് പല ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇത് ശരിയാണെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. മൂന്നാർ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്‌ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഈയിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നൽകിയിരുന്നു. മെറിൻ ജോസഫ് ഐപിഎസിനെയാണ് സഹായിച്ചതെന്നാണ് പറഞ്ഞു വയ്ക്കുന്നത്. മെറിനും ശ്രീറാമും സുഹൃത്തുക്കളാണ്. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയം പൊലീസിനുണ്ട്.

വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ദേവികുളം മുൻ സബ് കലക്ടർ കൂടിയായ ശ്രീറാം ഉന്നതപഠനത്തിനുശേഷം സർവീസിൽ തിരിച്ചെത്തിയതിന്റെ ആഘോഷത്തിലായിരുന്നു. സർവേ ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുമ്പ് ഐ.എ.എസ്. ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ അമിതമായി മദ്യപിച്ച ശ്രീറാം, വനിതാസുഹൃത്തിന്റെ കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പൊലീസ് എഫ് ഐ ആരും മറ്റും വിശദീകരിക്കുന്നത്. അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയവർ കാർ ഡ്രൈവറെ തിരിച്ചറിഞ്ഞില്ല. പൊലീസ് എത്തി ശ്രീറാമിനെയും വനിതാസുഹൃത്തിനെയും സ്ഥലത്തുനിന്നു മാറ്റി. ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. സുഹൃത്ത് വഫ ഫിറോസിനെ ഊബർ കാറിൽ വീട്ടിലേക്കയച്ചു.

ദൃക്‌സാക്ഷി മൊഴികൾ അവഗണിച്ച്, കാർ ഓടിച്ചതു വഫയാണെന്നു വരുത്തിത്തീർക്കാനും നീക്കമുണ്ടായി. എന്നാൽ, ദൃക്‌സാക്ഷികൾ ദൃശ്യമാധ്യമങ്ങളിൽ പ്രതികരണവുമായെത്തിയതോടെ പൊലീസ് വെട്ടിലായി. പിന്നീട് പൊലീസ് കർശനനടപടിയിലേക്കു കടന്നു. അപ്പോഴും ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധിച്ചില്ല. ഇതെല്ലാം സംശയത്തിന് ഇട നൽകുന്നുണ്ട്. അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയും സംഭവത്തിൽ നിർണായകമായിരുന്നു. മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്നായിരുന്നു വഫ നൽകിയ രഹസ്യമൊഴി.

വഫ ഫിറോസ് മുൻപ് ടെലവിഷൻ ഷോകളിൽ പങ്കെടുത്ത് ശ്രദ്ധേയയായിരുന്നു. ഇതിൽ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ വഫ പങ്കെടുത്ത വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായിരുന്ന നീരവിന് പിറന്നാൾ ആശംസകൾ നേരാനായി തിരഞ്ഞെടുത്ത യുവതികളിൽ ഒരാൾ വഫയായിരുന്നു. പിറന്നാൾ ആശംസ നേർന്നുകൊണ്ട് നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ വീഡിയോയിൽ പറയുന്നു. ഞാൻ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോൽപ്പിക്കാൻ കഴിയില്ല'. അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞിരുന്നു. അതിനിടെ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു സർക്കാർ ഹൈക്കോടതിയിൽ വാദമുയർത്തി. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലെ വാദത്തിലാണ് സ്റ്റേറ്റ് അറ്റോണി ഇക്കാര്യം ബോധിപ്പിച്ചത്. ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ വെള്ളിയാഴ്ചത്തേക്കു മാറ്റി; ശ്രീറാമിനു നോട്ടിസ് അയച്ചു.

സുഹൃത്ത് വഫയാണു വാഹനമോടിച്ചതെന്നു ശ്രീറാം പറയുന്നു. എന്നാൽ വഫ മജിസ്‌ട്രേട്ടിനു നൽകിയ മൊഴിയിൽ ശ്രീറാം വാഹനമോടിച്ചെന്നാണുള്ളത്. ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്‌തെങ്കിലും ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കു പോയതു തെളിവു നശിപ്പിക്കാനാണെന്നും ബോധിപ്പിച്ചു. ശ്രീറാമിനെതിരെ തെളിവായി വഫയുടെ മൊഴി സർക്കാർ ചൂണ്ടിക്കാട്ടി. വാഹനമിടിച്ചയാൾക്കൊപ്പം ശ്രീറാമിനും പരുക്ക് ഉണ്ടായിരുന്നതിനാൽ ജീവൻ രക്ഷിക്കാനാണു നോക്കിയതെന്നും കാർ ഓടിച്ചതു വഫയാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ട് വഫയുടെ രക്തസാംപിൾ പരിശോധിച്ചെന്നും സർക്കാർ ബോധിപ്പിച്ചു. ഇത്തരം കേസുകളിലെ നടപടികൾക്കു മാനദണ്ഡമുണ്ടാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. തിരുവനന്തപുരത്ത് മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു. അങ്ങനെ ആകെ പ്രശ്‌നത്തിലാണ് ഈ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP