Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലു പോലെ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി; ഫ്ളക്സ് ബോർഡ് ഒടിച്ച് കാലുകൾ അടിച്ചൊടിച്ചു; തല പൊട്ടിച്ചും കുരുതിക്കളമാക്കി; ഫയലുകളെല്ലാം വാരിയെറിഞ്ഞും വലിച്ചു കീറിയും നശിപ്പിച്ചു; വയർലസ് സെറ്റുകൾ അടിച്ചു തകർത്തും ജീപ്പുകൾ മറിച്ചിട്ടും ആക്രോശം; വനിതാ പൊലീസുകാരേയും വെറുതെ വിട്ടില്ല; വിഴിഞ്ഞത്തുണ്ടായത് വലിയ രഹസ്യാന്വേഷണ വീഴ്ച; പൊളിഞ്ഞത് എഡിജിപി അജിത് കുമാറിന്റെ ഏകോപനം

കടലു പോലെ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി; ഫ്ളക്സ് ബോർഡ് ഒടിച്ച് കാലുകൾ അടിച്ചൊടിച്ചു; തല പൊട്ടിച്ചും കുരുതിക്കളമാക്കി; ഫയലുകളെല്ലാം വാരിയെറിഞ്ഞും വലിച്ചു കീറിയും നശിപ്പിച്ചു; വയർലസ് സെറ്റുകൾ അടിച്ചു തകർത്തും ജീപ്പുകൾ മറിച്ചിട്ടും ആക്രോശം; വനിതാ പൊലീസുകാരേയും വെറുതെ വിട്ടില്ല; വിഴിഞ്ഞത്തുണ്ടായത് വലിയ രഹസ്യാന്വേഷണ വീഴ്ച; പൊളിഞ്ഞത് എഡിജിപി അജിത് കുമാറിന്റെ ഏകോപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടലുപോലെ പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു പ്രതിഷേധക്കാർ. ലിജോ പി മണി എന്ന എസ് ഐയായിരുന്നു പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥർ. പൊലീസുകാരുടെ കാലുകളെ പട്ടികല്ലു കൊണ്ട് അടിക്കുകയായിരുന്നു പ്രതിഷേധക്കാർ. നിരവധി വനിതാ പൊലീസുകാരും സ്‌റ്റേഷനിലുണ്ടായിരുന്നു. അവരെല്ലാം അക്രമത്തിന് മുമ്പിൽ ഭയന്ന് വിറച്ചു. സ്ത്രീകളടക്കമുള്ള മത്സ്യ തൊഴിലാളികളായിരുന്നു പ്രതിഷേധത്തിന് എത്തിയത്. നിരവധി പൊലീസുകാർക്ക് തലയ്ക്ക് പരിക്കേറ്റു. 17 പേർക്കാണ് ഗുരുതര പരിക്കുണ്ടായത്. വിഴിഞ്ഞത്ത് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്താൽ ഇത്തരത്തിലൊരു അക്രമം ഉണ്ടാകുമെന്ന് തിരിച്ചറിയാൻ പൊലീസിലെ രഹസ്യാന്വേഷണ സംവിധാനങ്ങൾക്കും കഴിഞ്ഞില്ല. വയർലെസ് സെറ്റുകൾ അടിച്ചു തകർത്തു. സ്റ്റേഷനിലെ ഫയലുകൾ എല്ലാം അക്രമികൾ നശിപ്പിച്ചു. അങ്ങനെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിലെ പ്രവർത്തനം പോലും പ്രതിസന്ധിയിലാക്കുന്നതാണ് അക്രമം.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 15 പ്ലാറ്റൂൺ ബറ്റാലിയൻ പൊലീസ് വിഴിഞ്ഞത്തുണ്ടാകണമെന്ന നിർദ്ദേശവും നടപ്പായില്ല. ഇതിനൊപ്പം നൂറിൽ അധികം ലോക്കൽ പൊലീസും. വിഴിഞ്ഞത്ത് പ്രതിഷേധം ഉണ്ടായാൽ നേരിടാൻ വേണ്ട പൊലീസിനെ ഒരുക്കുന്നതിലും വീഴ്ച പറ്റി. ഒരു പ്ലാറ്റൂണിൽ 35ഓളം പൊലീസുകാരാണുള്ളത്. അതായത് ആയിരത്തിൽ അധികം പൊലീസ് വിഴിഞ്ഞത്തുണ്ടാകണമെന്നായിരുന്നു നിർദ്ദേശം. ഇതൊന്നും നടന്നിരുന്നില്ലെന്നതാണ് ഈ അക്രമം വ്യക്തമാക്കുന്നത്. സമരക്കാരെ കർശനമായി നേരിടരുതെന്ന് നേരത്തെ പൊലീസിന് കർശന നിർദ്ദേശമുണ്ടായിരുന്നു. പരമാവധി സംയമനം പാലിക്കാനായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ നേരിട്ടായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചത്.

പ്രതികളെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിൽ തന്നെ സൂക്ഷിച്ചതും വലിയ വീഴ്ചയാണ്. തിരുവനന്തപുരത്തുകാരനാണ് എഡിജിപി അജിത് കുമാർ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായിരുന്നു. വിഴിഞ്ഞത്തെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തി. എന്നിട്ടും ക്രമസമാധാന ചുമതല നോക്കുന്ന അജിത് കുമാറിന് പ്രതികളെ വിഴിഞ്ഞത്ത് സൂക്ഷിച്ചാൽ എന്തു സംഭവിക്കുമെന്ന് തിരിച്ചറിയാൻ കഴിയാതെ പോയി. പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചും സ്ഥിതിഗതികൾ മുൻകൂട്ടി മനസ്സിലാക്കുന്നതിൽ അമ്പേ പരാജയമായി. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനെതിരേ സമരം ചെയ്യുന്നവർ പൊലീസ് സ്റ്റേഷൻ വളയുകയായിരുന്നു.

ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികൾ എത്തിയത്. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. കസ്റ്റഡിയിൽ എടുത്തവരെ എന്തിനാണ് ഇത്രയധികം സമയം വിഴിഞ്ഞത്ത് സൂക്ഷിച്ചതെന്ന് ആർക്കും അറിയില്ല. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 35 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ 17 പേർക്ക് ഗുരുതര പരിക്കുണ്ട്.

ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പൊലീസ് പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെൽറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികർ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പൊലീസും ഈ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്റ്റേഷനിൽ തുടരാൻ പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് പൊലീസും ഇവരും തമ്മിൽ സംഘർഷം രൂപപ്പെടുകയായിരുന്നു.

പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകൾ ആക്രമിക്കുകയും വാൻ തടയുകയും ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെ ഉൾപ്പെടെയുള്ള ജീപ്പുകളാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു. സംഘർഷം രൂപപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നന്ദാവനം എ.ആർ. ക്യാമ്പിൽനിന്ന് 200 പൊലീസുകാരെ സ്ഥലത്തേക്ക് അയച്ചു. എന്നാൽ അവർ അവിടേക്ക് എത്തുമ്പോഴേക്കും ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാർ സ്റ്റേഷനിലെ ഒരു ഷെഡ് തകർത്തു. ഒരു ഫ്ളെക്സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പൊലീസുകാരുടെ തലയ്ക്ക് അടിച്ചു. കാലിലും അടിച്ചു. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുറമുഖനിർമ്മാണത്തിന് പാറയുമായെത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടർന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് ഇരുവിഭാഗം ജനങ്ങൾ ഏറ്റുമുട്ടിയത്. മണിക്കൂറുകൾനീണ്ട സംഘർഷത്തിൽ തുറമുഖപദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. 21 പേർക്ക് പരിക്കേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP