Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാമ്പുകടി ഏറ്റ് അഞ്ചലിൽ വീട്ടമ്മ മരിച്ചുവെന്ന് ആദ്യ വാർത്ത; സംശയങ്ങളുമായി മറുനാടൻ പിറകെ പോയപ്പോൾ തെളിഞ്ഞത് സർപ്പദോഷത്തിൽ പൊതിഞ്ഞ മൂർഖന്റെ കടി; വിസ്മയയ്ക്ക് സംഭവിച്ചത് സംവിധാനങ്ങളുടെ വീഴ്ചയുടെ പരിണിത ഫലം; സർക്കാർ ഏജൻസികൾക്ക് കണ്ണു വന്നാൽ എല്ലാം തീരുമെന്ന് വിജയസേനൻ; ഉത്രയുടെ അച്ഛന് പറയാനുള്ളത്

പാമ്പുകടി ഏറ്റ് അഞ്ചലിൽ വീട്ടമ്മ മരിച്ചുവെന്ന് ആദ്യ വാർത്ത; സംശയങ്ങളുമായി മറുനാടൻ പിറകെ പോയപ്പോൾ തെളിഞ്ഞത് സർപ്പദോഷത്തിൽ പൊതിഞ്ഞ മൂർഖന്റെ കടി; വിസ്മയയ്ക്ക് സംഭവിച്ചത് സംവിധാനങ്ങളുടെ വീഴ്ചയുടെ പരിണിത ഫലം; സർക്കാർ ഏജൻസികൾക്ക് കണ്ണു വന്നാൽ എല്ലാം തീരുമെന്ന് വിജയസേനൻ; ഉത്രയുടെ അച്ഛന് പറയാനുള്ളത്

ആർ പീയൂഷ്

കൊല്ലം: വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയിൽ ഒതുക്കി തീർക്കാതെ അതിന് പിന്നിലെ യഥാർത്ഥകാരണങ്ങൾ കണ്ടെത്തി ഭർത്താവ് കിരൺകുമാറിന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ആവശ്യം ശക്തം. ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമവും സ്ത്രീധന പീഡനവും മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ നിഷ്പ്രയാസം കേസിൽ നിന്നും തലയൂരി വീണ്ടും ജോലിയിൽ പ്രവേശിക്കും. അഞ്ചലിലെ ഉത്രാ കൊലക്കേസു പോലെ ശക്തമായ അന്വേഷണം ആവശ്യമാണ്.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് അന്വേഷണ സംഘം ഉത്രയുടെ ഭർത്താവ് സൂരജിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. കൊല ചെയ്യുവാനായി ഇന്റർനെറ്റിലടക്കം വിവരങ്ങൾ തേടിയിരുന്നതായുള്ള സെർച്ച് ഹിസ്റ്ററിയും മറ്റും പൊലീസ് അന്വേഷിച്ച് കണ്ടെത്തി. കൂടാതെ ഗാർഹിക പീഡനം അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.

പണം ആവശ്യപ്പെട്ട് സൂരജ് മർദ്ദിച്ചിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. ആദ്യം ആത്മഹത്യ എന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസ് മറുനാടൻ മലയാളിയാണ് ദുരൂഹതയുണ്ട് എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ മാതാപിതാക്കൾ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് സൂരജ് അഴിക്കുള്ളിലായത്. സർപ്പദോഷമുള്ള ഉത്രയെ പാമ്പു കടിച്ചുവെന്നത് വെറും കഥയായി. സ്വത്തിന് വേണ്ടി സൂരജും കുടുംബവും നടത്തിയ ക്രൂരത പുറം ലോകത്ത് എത്തി.

ഇതേ രീതിയിൽ ശാസ്താംനടയിലെ വിസ്മയയുടെ മരണവും അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ ലഭിക്കും. ആത്മഹത്യ എന്ന നിഗമനത്തിൽ നിന്നും പൊലീസ് പിന്മാറണം. മുൻപ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പ്രതി കിരൺ തന്നെ സമ്മതിച്ചു കഴിഞ്ഞു. അന്ന് രാത്രിയിലും അതിന് മുൻപും എന്ത് സംഭവിച്ചു എന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തിയാൽ ഒരു പക്ഷേ ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞപോലെ ഈ കേസിലും സത്യം പുറത്ത് വരും.

അതിനായി കേസന്വേഷണത്തിനായി പുതിയൊരു ടീമിനെ രൂപീകരിക്കണം. മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറായ കിരണിന് നിയമ വശങ്ങളെല്ലാം അറിയാവുന്നതിനാൽ തെളിവ് നശിപ്പിക്കാൻ വളരെ എളുപ്പമാണ്. സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലചെയ്തതുപോലെ കിരണും സ്വാഭാവികമായ ഒരു തൂങ്ങിമരണം എന്ന രീതിയിൽ വരുത്തി തീർത്തതാണോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

കൂടാതെ കിരണിന്റെ മാതാപിതാക്കൾ അന്ന് രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു എന്ന് മാധ്യമങ്ങളുടെ മുന്നിൽ സമ്മതിച്ചിട്ടുള്ളതാണ്. അവർക്കും ഈ മരണത്തിൽ പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇവരെയും വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ മരണത്തിന് പിന്നിലെ ദുരൂഹതകൾ മറനീക്കി പുറത്തു വരികയുള്ളൂ. അതേ സമയം സംഭവത്തിൽ ഉത്രയുടെ പിതാവ് വിജയസേനൻ പ്രതികരണവുമായി രംഗത്തെത്തി. നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.

വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തരം സംഭവങ്ങൾ നടന്നു കഴിയുമ്പോൾ മാത്രമാണ് ഇടപെടുന്നത്. ആ രീതി മാറ്റി വിവാഹം കഴിഞ്ഞ ദമ്പതികളെ ആറുമാസം കൂടുമ്പോൾ കമ്മീഷന് മുന്നിൽ വിളിച്ചു വരുത്തി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ എന്നു ചോദിക്കുകയും കൗൺസിലിങ് നടത്തുകയോ ചെയ്യുക. അങ്ങനെയുള്ളപ്പോൾ ഇവരുടെ മേൽ എപ്പോഴും സർക്കാർ ഏജൻസികളുടെ കണ്ണുണ്ട് എന്ന തോന്നൽ വരികയും അതിക്രമങ്ങൾ ഇല്ലാതാവുകയും ചെയ്യും-വിജയസേനൻ പറയുന്നു.

പലർക്കും പൊലീസിനോട് എല്ലാം തുറന്ന് പറയാനുള്ള മടിയാണുള്ളത്. എല്ലാവർക്കും അർഹിക്കുന്ന നീതി ലഭിക്കാതിരിക്കുന്ന സാഹചര്യവും ഉണ്ട്. അങ്ങനെയുള്ളപ്പോൾ ഇത്തരം കമ്മീഷനുകൾ അവരെ കേൾക്കാൻ തയ്യാറാവണം. അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കണം. അല്ലാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞതിന് ശേഷം അവിടെ എത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെ എന്നും വിജയസേൻ ചോദിക്കുന്നു.

ശാസ്താംകോട്ടയിൽ നടന്ന സംഭവത്തിൽ പൊലീസ് തന്റെ മകളുടെ കൊലക്കേസ് അന്വേഷിച്ചതുപോലെ കൃത്യമായ അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെങ്കിൽ ശിക്ഷവാങ്ങി നൽകി വിസ്മയയുടെ കുടുംബത്തിന് നീതി വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP