Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസിന്റേയും ബാലസുബ്രഹ്മണ്യത്തിന്റേയും വീട്ടിൽ രണ്ട് പൊലീസുകാർ ഇപ്പോഴും പണിക്ക് നിൽക്കുന്നു; പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറുടെ ഒത്താശയോടെ ഇഷ്ടക്കാർക്ക് വേണ്ടി ഡിജിപി പോലും അറിയാതെ അവിടേയും ഇവിടേയും നിയമനം; പരാതി ലഭിച്ച വിജിലൻസ് ഡയറക്ടർ രഹസ്യ അന്വേഷണം തുടങ്ങി

മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസിന്റേയും ബാലസുബ്രഹ്മണ്യത്തിന്റേയും വീട്ടിൽ രണ്ട് പൊലീസുകാർ ഇപ്പോഴും പണിക്ക് നിൽക്കുന്നു;    പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറുടെ ഒത്താശയോടെ ഇഷ്ടക്കാർക്ക് വേണ്ടി ഡിജിപി പോലും അറിയാതെ അവിടേയും ഇവിടേയും നിയമനം; പരാതി ലഭിച്ച വിജിലൻസ് ഡയറക്ടർ രഹസ്യ അന്വേഷണം തുടങ്ങി

അർജുൻ സി വനജ്

കൊച്ചി: വിരമിച്ച മുൻ ഡിജിപിയായ ജേക്കബ് പൊന്നൂസിന്റെ വസതിയിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർ വീട്ടുജോലി ജോലി ചെയ്യുന്നതായി റിപ്പോർട്ട്. 2012 സെപ്റ്റബർ മുതലാണ് ഇന്റെലിജൻസിലെ രണ്ട് ഉദ്യോഗസ്ഥർ സർവ്വീസിൽ നിന്ന് വിരമിച്ച ജേക്കബ് പുന്നൂസിന്റെ തിരുവനന്തപുരത്തെ വസതിയിൽ ജോലി ചെയ്ത് വരുന്നത്.

യാതൊരു ഉത്തരവുമില്ലാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. കേരളത്തിൽ അടുത്തിടെ നടന്ന കായിക മാമാങ്കത്തിന്റെ സംഘാടകരിൽ ഒരാളായ ജേക്കബ് പുന്നൂസിനെതിരെ, എന്നാൽ നാളിതുവരെ ഉദ്യോഗസ്ഥരുടെ സേവനം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടില്ല. ഇത്തരം വഴിവിട്ട നിയമനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പൊലീസ് ഹെഡ്കോട്ടേഴ്സിലെ ഡ്യൂട്ടി ഓഫീസറായ സതീഷ് ചന്ദ്രൻ നായരാണെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.

അതേസമയം, ജേക്കബ് പുന്നൂസിന് ശേഷം പൊലീസ് മേധാവിയായി എത്തിയ കെഎസ് ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടുജോലി ചെയ്തത് സംബന്ധിച്ച് ദുരൂഹതയേറുകയാണ്. വിജിലൻസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ മുൻകൂർ അനുമതിയില്ലാതെ എവിടെയും പരിശോധിക്കാനുള്ള നിയമസാധുത, പൊലീസ് മേധാവിക്കായി ഇവർ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നാണ് സംശയിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച് വകുപ്പ്തല അന്വേഷണം ആരംഭിച്ചു. ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസെന്റ് എം പോൾ വിജിലൻസ് ഡയറക്ടറായി ഇരിക്കുന്ന സമയത്തു മുതലാണ് ബാലസുബ്രഹ്മണ്യം ഇവരെ വീട്ടു ജോലിക്കായി ഉപയോഗിച്ചത്.

അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടിൽ ഉത്തരവ് ഒന്നും ഇല്ലാതെ ജോലി ചെയ്തിരുന്ന വിജിലൻസ് തിരുവനന്തപുരം സെപ്ഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ്  ഒന്നിലെ എഎസ്ഐ, തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ എന്നിവരെ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചു. കഴിഞ്ഞവർഷം പൊലീസ് ആസ്ഥാനത്തേക്ക് ഡ്യൂട്ടിക്ക് മാറിയ ഇവർ എങ്ങനെ മുൻ പൊലീസ് മേധാവിയുടെ വീട്ടുജോലിക്കാർ ആയെന്നതിലാണ് അന്വേഷണം നടക്കുന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.

പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ ബാലസുബ്രഹ്മണ്യത്തിന്റെ വീടുപണിക്ക് നിയമിക്കാൻ ഒത്താശ ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി ഓഫീസറായ സതീഷ് ചന്ദ്രൻ നായരാണ് ഇതിൽ സംശയിക്കപ്പെടുന്നയാൾ. കഴിഞ്ഞ ആറു വർഷമായി പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറായി സതീഷ് ചന്ദ്രൻ നായർ തുടരുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരേ സ്ഥലത്ത് 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്ന നിയമമുള്ളപ്പോഴാണ് തുടർച്ചയായ് 6 വർഷവും ഡ്യൂട്ടി ഓഫീസറായി സതീഷ് ചന്ദ്രൻ തുടരുന്നത്.

മാറി മാറി വരുന്ന ഡിജിപിമാരുമായി സൗഹൃദം സ്ഥാപിക്കുന്ന ഇയാളാണ് ഇത്തരം വഴിവിട്ട ഡ്യൂട്ടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാത്രമല്ല, സ്റ്റേഷണറി സാധനങ്ങൾ വാങ്ങുന്നതടക്കമുള്ള വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും, ഇതിന്റെ മറവിൽ വലിയ സാമ്പത്തിക നേട്ടം സതീഷ് ചന്ദ്രൻ നായർ ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് പൊലീസ് ആസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.

പൊലീസ് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം പൊലീസ് കംപ്ലെയ്ന്റ് അതോററ്റിയിൽ അംഗമായി തുടരുകയാണ് ബാലസുബ്രഹ്മണ്യം.വിരമിച്ച ഉദ്യോഗസ്ഥർക്ക് യാതൊരുവിധ പൊലീസ് സേവനം നൽകാൻ നിയമമില്ല. മാത്രമല്ല അത്തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനവുമാണ്. സാധാരണ പൊലീസുകാർ എന്നതിനുമപ്പുറം വിജിലൻസിലെ ഉദ്യോഗസ്ഥർ എന്നത് മറ്റുചില അഴിമതി സാധ്യതകളാണ് തുറന്നിടുന്നത്.

വിജിലൻസ് ഉദ്യോഗസ്ഥരെ വീട്ടുപണിക്ക് ഉപയോഗിച്ചതിനെതിരെ ശക്തമായ നടപടിയെടുക്കാനും അന്വേഷണം വേഗത്തിലാക്കാനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇല്ലാത്തത് മൂലം വിജിലൻസിന്റെ കീഴിൽ കേസുകൾ കെട്ടികിടക്കുമ്പോഴാണ് ഇത്തരം ഒരു വഴിവിട്ട നിയമനം എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ വിജിലൻസിന്റെ ശേഷി പരിശോധനയിലാണ് വഴിവിട്ട ഈ നിയമനം പുറത്തായത് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP