Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതിമുക്ത ഭരണത്തിൽ വെള്ളം ചേർക്കില്ല! പാർട്ടിയും മന്ത്രിയും പറഞ്ഞാലും അഴിമതിക്കാരൻ അധികാരി ആകേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; റിക്കിന്റെ എം ഡിയായി നിർദേശിക്കപ്പെട്ടത് അഞ്ച് വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ; ശുപാർശ ചെയ്തത് കോഴിക്കോട്ടെ സി.പി.എം നേതാവ്; ശർക്കര കുടത്തിൽ കയ്യിട്ടു വാരാൻ മോഹിച്ച് മലബാറിലെ കരാറുകാരും

അഴിമതിമുക്ത ഭരണത്തിൽ വെള്ളം ചേർക്കില്ല! പാർട്ടിയും മന്ത്രിയും പറഞ്ഞാലും അഴിമതിക്കാരൻ അധികാരി ആകേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; റിക്കിന്റെ എം ഡിയായി നിർദേശിക്കപ്പെട്ടത് അഞ്ച് വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ; ശുപാർശ ചെയ്തത് കോഴിക്കോട്ടെ സി.പി.എം നേതാവ്; ശർക്കര കുടത്തിൽ കയ്യിട്ടു വാരാൻ മോഹിച്ച് മലബാറിലെ കരാറുകാരും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരമേറ്റ് ഒരു വർഷം പിന്നിടുമ്പോൾ വളരെ മികച്ച പ്രവർത്തനമാണ് കാഴ്‌ച്ചവെച്ചതെന്നാണ് സി.പി.എം അണികൾ പറയുന്നത്. അഴിമതി മുക്തമാണ് സർക്കാറെന്ന കാര്യവും ഇവർ അക്കമിട്ട് നിരക്കി കൊണ്ട് പറയുന്നു. എന്തായാലും അറിഞ്ഞു കൊണ്ട് അഴിമതിക്ക് കൂട്ടുനിൽക്കാൻ താനില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ സ്വീകരിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹം തന്റെ നിലപാടുകൾ മുറുക്കി പിടിക്കുകയും ചെയ്യുന്നു.

അഞ്ച് വിജിലൻസ് കേസുകളിൽ പ്രതിയായ മുൻ ചീഫ് എഞ്ചിനിയറെ റോഡ് ഇൻഫ്രാസെക്ടർ കമ്പിനി കേരള ലിമിറ്റഡിന്റെ എം ഡി യാക്കാനുള്ള നീക്കം മുഖ്യമന്ത്രി തടഞ്ഞതാണ് അഴിമതി തടയുന്ന കാര്യത്തിലെ ഏറ്റവും ഒടുവിലത്തെ ഇടപെടൽ. പാർട്ടി സെന്ററിന്റെ തീരുമാനം എന്ന നിലയിലാണ് കഴിഞ്ഞ മാസം 31 ന് വിരമിച്ച പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനിയർ ആയിരുന്ന പി കെ സതീശനെ റിക്കിന്റെ എം ഡി ആക്കാൻ ശുപാർശ വന്നത്. ശുപാർശയ്ക്ക് പുറകെ കോഴിക്കോട് നിന്നുള്ള സി.പി.എം സെക്രട്ടറിയേറ്റംഗം മന്ത്രിയുടെ ഓഫീസിൽ പലവട്ടം കയറി ഇറങ്ങി വടക്കൻ കേരളത്തിലെ ചില കരാറുകാരും നേതാവിന് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.

എന്തായാലും നേതാവിന്റെ സമ്മർദ്ദവും പാർട്ടി തീരുമാനവും കൂടി ആയതോടെ പി കെ സതീശനെ റിക്ക് എം ഡി യാക്കാൻ വകുപ്പ് മന്ത്രിയായ ജി സുധാകരൻ തന്നെ നിർദ്ദേശം നല്കി. പൊതുവിൽ അഴിമതി വിരുദ്ധനെന്ന് പേരു കേട്ട മന്ത്രി സുധാകരൻ കരാറുകാരനിൽ നിന്നും ഭരണ സിരാകേന്ദ്രത്തിന്റെ മുന്നിൽ വെച്ചു കൈക്കൂലി വാങ്ങിയ എഞ്ചിനീയറെ കയ്യോടെ പിടിച്ചിട്ട് ആറു മാസം തികഞ്ഞില്ല. ഇങ്ങനെ അഴിമതിക്കെതിരെ കുരുശുയുദ്ധം പ്രഖ്യാപിച്ചരിക്കുന്ന മന്ത്രിയാണ് അഞ്ച് വിജിലൻസ് കേസുകളിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ഉന്നതനെ റിക്ക് എം ഡി ആക്കാൻ ശുപാർശ ചെയ്തത്. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടലും വന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ റിക്ക് എം ഡിയാക്കണമെങ്കിൽ വിജിലൻസ് ക്‌ളിയറൻസ് വേണമെന്ന് ബന്ധപ്പെട്ട ഫയലിൽ തന്നെ മുഖ്യമന്ത്രി കുറിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതിനാൽ പി കെ സതീശന്റെ നിയമന കാര്യം കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയിരിക്കെയാണ്. ഇതിനിടെ പി കെ സതീശന് വിജിലൻസ് ക്‌ളിയറൻസ് ആവിശ്യപ്പെട്ട് പൊതുമരാമത്ത വകുപ്പ സെക്രട്ടറി ആശാ തോമസ് ഐഎഎസ് വിജിലൻസ് ആസ്ഥാനത്തേക്ക് കത്തയച്ചു.

പി കെ സതീശനെതിരയുള്ള അഞ്ച് അഴിമതി കേസുകളിൽ 3 എണ്ണത്തിന്റെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. രണ്ടെണ്ണം കോടതിയിലാണ്. രണ്ടു വർഷം മുൻപ് പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ 8 കോടിയുടെ കരാർ ടെൻഡർ വിളിക്കാതെ മലബാറിലെ ഒരു വൻകിട കരാറുകാരന് നൽകിയതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ ഇദ്ദേഹത്തെ സസ്‌പെൻഡു ചെയ്തതാണ്. ഈ കേസിൽ അന്നത്തെ പി ഡബ്‌ളിയൂഡി സെക്രട്ടറി ടി ഒ സൂരജും പ്രതിയാണ്. കേസിപ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. റിക്കിന്റെ തലപ്പത്ത് പി കെ സതീശനെ എത്തിക്കുന്നതിന്റെ ഭാഗമായി സർവ്വീസിന്റെ അവസാന നാളുകളിൽ ഇദ്ദേഹത്തിന് റിക്കിന്റെ എം ഡിയുടെ ചുമതല നൽകിയിരുന്നു.

വിരമിച്ചപ്പോൾ ചീഫ് എഞ്ചിനിയർ പെണ്ണമ്മക്കായി ചുമതല. പൊതുമരാമത്ത് വകുപ്പിന് കീഴിലെ വൻകിട പദ്ധതികളുടെ സ്ഥലം ഏറ്റെടുപ്പും നിർമ്മാണവും അടക്കം പ്രതിമാസം തന്നെ കോടികളുടെ കരാർ പണികളാണ് റിക്ക് വഴി നടക്കുന്നത്. ഈ കരാർ പണികളിൽ കണ്ണ് വച്ചാണ് മലബാറിലെ കരാറുകാർ പി കെ സതീശനെ റിക്കിന്റെ തലപ്പത്ത് എത്തിക്കാൻ നീക്കം തുടങ്ങിയത് . ഇതിന് മുന്മന്ത്രി കൂടിയായ സി പി എം നേതാവിന്റെ സഹായവും ഇവർക്ക് കിട്ടി എന്തായലും മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെ കേസുകൾ അവസാനിക്കാതെ സതീശന് റിക്ക് എം ഡി ആകാനാകില്ലന്ന് ഉറപ്പായിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP