Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിദ്യാ വിജയന് കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്‌മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്

വിദ്യാ വിജയന് കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്‌മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം;  മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആർ പീയൂഷ്

കൊച്ചി: മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുത്ത വിദ്യാ വിജയന് കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ അനധികൃതമായി ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി അഡ്‌മിഷൻ നേടിക്കൊടുത്തത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഇരുവരും. അടുത്തിടെ നടന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സ്പീക്കറുമായിരുന്നു വിദ്യാ വിജയൻ.

വിദ്യാ വിജയൻ നിലവിൽ കാലടി സംസ്‌കൃത സർവ്വകലാശാലയിലെ മലയാളം ഗവേഷക വിദ്യാർത്ഥിയാണ്. ഇവിടെ പ്രവേശനം ലഭിക്കാനായി ആർഷോയുടെ ഇടപെടലുണ്ടായി. 2019-ൽ കാലടി സംസ്‌കൃത സർവകലാശാലയിൽ നടന്ന പി.എച്ച്.ഡി എൻട്രൻസ് പരീക്ഷയിൽ വിദ്യയ്ക്കായിരുന്നു ഒന്നാം റാങ്ക്. എന്നാൽ പി.എച്ച്.ഡി അഡ്‌മിഷന് എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിക്കില്ല. റിസർച്ച് കമ്മിറ്റിക്ക് മുൻപിൽ പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള അവസരമാണ് എൻട്രൻസ് പരീക്ഷയിലൂടെ ലഭിക്കുന്നത്. ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ 50% മാർക്കും എസ്.സി-എസ്ടി കുട്ടികൾ 45% മാർക്കും വാങ്ങിയാൽ റിസർച്ച് കമ്മിറ്റിക്ക് മുൻപാകെ പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള യോഗ്യതയാകും. നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ റിസർച്ച് പ്രൊപ്പോസൽ ഡിപ്പാർട്ട്മെന്റിൽ സമർപ്പിക്കണം. തുടർന്ന് റിസർച്ച് കമ്മിറ്റി ചേരുന്ന ദിവസം ഈ പ്രൊപ്പോസൽ അവതരിപ്പിക്കണം. റിസർച്ച് കമ്മിറ്റി പ്രൊപ്പോസൽ അംഗീകരിച്ചാൽ വിദ്യാർത്ഥിക്ക് പി.എച്ച്.ഡി അഡ്‌മിഷൻ ലഭിക്കും. ഇതാണ് പാലിച്ചു വരുന്ന രീതി.

സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഡിപ്പാർട്ടുമെന്റിലെ വിവിധ സെന്ററുകളിലെ അദ്ധ്യാപകരും പുറമെയുള്ള ഡിപ്പാർട്ട്മെന്റിലെ രണ്ട് അദ്ധ്യാപകരും ചേർന്ന ഒരു ഔദ്യോഗിക ബോഡിയാണ് റിസർച്ച് കമ്മിറ്റി. പി.എച്ച്.ഡി പ്രവേശനത്തിലെ അന്തിമ തീരുമാനം എടുക്കുന്നത് ഈ ബോഡിയാണ്. 2019 -ൽ മലയാള വിഭാഗത്തിൽ പി.എച്ച്.ഡിക്കായി 10 സീറ്റാണ് നോട്ടിഫൈ ചെയ്തത്. പ്രവേശന പരീക്ഷയും പ്രൊപ്പോസൽ അവതരണവും കഴിഞ്ഞ് 10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സൂപ്പർ ന്യൂമററിയായി 5 പേരെ കൂടി എടുക്കാൻ റിസർച്ച് കമ്മിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഉള്ള 3 വിദ്യാർത്ഥികളെയും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഇല്ലാത്ത 2 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി. അങ്ങനെ നോട്ടിഫൈ ചെയ്ത 10 സീറ്റിന് പുറമെ 5 പേരെക്കൂടി ഉൾപ്പെടുത്തി സർവകലാശാലയ്ക്ക് ലിസ്റ്റ് കൈമാറി. എന്നാൽ ഈ ലിസ്റ്റ് സർവകലാശാല അംഗീകരിച്ചില്ല. സർവകലാശാല ഡിപ്പാർട്ട്മെന്റിനോട് അനധികൃതമായി ഉൾപ്പെടുത്തിയ സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടു.

നോട്ടിഫൈ ചെയ്ത സീറ്റുകൾക് പുറമെ നല്ല പ്രൊപ്പോസലുകൾ വന്നാൽ ആ വിദ്യാർത്ഥിക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് സ്‌കോളർഷിപ്പ് ഉണ്ടെങ്കിൽ ആ വിദ്യാർത്ഥിയെ സൂപ്പർ ന്യൂമററിയായി ഒഴിവുള്ള അദ്ധ്യാപകന് എടുക്കാം. സർവ്വകലാശാലയ്ക്ക് ഡിപ്പാർട്ട്മെന്റ് ഇത്തരത്തിലാണ് മറുപടി നൽകിയത്. എന്നാൽ സർവകലാശാല ഈ മറുപടി അംഗീകരിച്ചില്ല പകരം ആദ്യം തിരഞ്ഞെടുത്ത 10 പേർക്കും പിന്നീട് സൂപ്പർ ന്യൂമററിയായി എടുത്ത 3 പേർക്കും അഡ്‌മിഷൻ കൊടുക്കാൻ സർവകലാശാല പറഞ്ഞു. ഇതോടെ വിദ്യാവിജയൻ കോടതിയെ സമീപിച്ചു. കോടതി വിദ്യാവിജയന് കഴിയുമെങ്കിൽ അഡ്‌മിഷൻ കൊടുക്കണമെന്നും വിധിച്ചു. ഈ കോടതി വിധിയുമായി എത്തിയപ്പോൾ സെക്ഷൻ ഓഫീസർ നിയമപരമായ തടസ്സങ്ങൾ സൂചിപ്പിച്ച് മടക്കി അയച്ചു. ശേഷം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും അന്നത്തെ ജില്ലാ നേതാവുമായിരുന്ന പി.എംആർഷോയും അന്നത്തെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ സി.എസ് ന്റെയും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസിലറിന് അഡ്‌മിഷൻ നൽകാൻ നിർദ്ദേശം നൽകി. വിദ്യക്ക് നേരത്തെ അഡ്‌മിഷൻ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ സെക്ഷൻ ഒഫീസർ ലീവ് ആയ ദിവസം നോക്കിയാണ് അനധികൃതമായി അഡ്‌മിഷൻ നൽകിയത്.

5 വിദ്യാർത്ഥികളെ എടുക്കുമ്പോൾ ഒരു എസ്.സി-എസ്.ടി വിദ്യാർത്ഥിയെ നിർബന്ധമായും എടുക്കണം എന്നാണ് നിയമം. ആദ്യത്തെ 10 വിദ്യാർത്ഥികളെ എടുത്തപ്പോൾ 2 പേർ എസ്.സി വിദ്യാർത്ഥികളുണ്ടായിരുന്നു. എന്നാൽ അവസാന 5-ൽ എസ്.സി-എസ്.ടി വിദ്യാർത്ഥികൾ ഇല്ല. എസ്.സി.-എസ്.ടി വിദ്യാർത്ഥിയെ എടുത്താൽ പതിനഞ്ചാം റാങ്ക് കാരിയായ വിദ്യ വീണ്ടും പുറത്ത് പോകും എന്നതിനാലാണ് ഈ ക്രമക്കേട് നടത്തിയത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ആർഷോ തന്നെയായിരുന്നു എന്നാണ് ആരോപണം. ഇത്തരത്തിൽ പാർട്ടി സംവിധാനം ഉപയോഗിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാ വിജയനെ ഗവേഷക വിദ്യാർത്ഥിയാക്കിയ സംഭവത്തിൽ ഇപ്പോൾ പാർട്ടിയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.

കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർത്ഥിനി വിദ്യ, എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. എന്നാൽ, 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം വേണ്ടി വന്നിട്ടില്ല. സർട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യാജമാണ്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. ഇത്തവണ വൈപ്പിനിലെ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അദ്ധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജരേഖ ഹാജരാക്കിയില്ല. ഇതിനുശേഷമാണ് അട്ടപ്പാടി ഗവ. കോളേജിൽ അഭിമുഖത്തിന് ചെല്ലുന്നത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അദ്ധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.

മഹാരാജാസിൽനിന്ന് 2018-ൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ കാലടി സർവകലാശാലയിൽ എം.ഫിൽ ചെയ്തിരുന്നു. അതേ വർഷം തന്നെയാണ് മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നാണ് സൂചന.

ആരോപണവുമായി കെഎസ് യു

കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്. എഫ്. ഐ വനിതാനേതാവ് പി. എച്ച്.ഡി പ്രവേശനം നേടിയത് അനധികൃത മാർഗങ്ങളിലൂടെയാണെന്ന് കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂർ ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മറ്റെല്ലാ നിയമനങ്ങൾ പോലെ ഇതും അടിമുടി ക്രമക്കേടുകൾ നിറഞ്ഞതാണ്. പയ്യന്നൂർ കോളേജ് യൂനിയൻ മുൻ ഭാരവാഹിയായിരുന്ന എസ്. എഫ്. ഐ വനിതാ നേതാവ് വിദ്യയാണ് വളഞ്ഞ വഴിയിലൂടെ 2019-ൽ യോഗ്യതകൾ മറികടന്നുകൊണ്ടു അനധികൃത നിയമനം നേടിയത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവാണ് യോഗ്യതയില്ലാത്ത വിദ്യയ്ക്കായി ഇടപെട്ടത്.

വൈസ് ചാൻസലർ അടക്കമുള്ളവരെ ഇതിനായി സി.പി. എം നേതാക്കൾ സ്വാധീനിച്ചു. സംവരണവും യോഗ്യതാ മാനദണ്ഡങ്ങളും അട്ടിമറിച്ചു കൊണ്ടാണ് വിദ്യയ്ക്ക് കാലടി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല .വിദ്യയ്ക്കായി അഞ്ചു പേരെക്കൂടി അധികമായി ഉൾപ്പെടുത്തുകയായിരുന്നു. നഗ്നമായക്രമക്കേടാണ് ഇതുസംബന്ധിച്ചു നടന്നത്. ഇതിന്റെ എല്ലാരേഖകളും കൈവശമുണ്ട്.

വിദ്യയുടെ പി. എച്ച്. ഡി പ്രവേശനത്തിനെതിരെ കെ. എസ്.യു നിയമനടപടി സ്വീകരിക്കുമെന്നും ഷമ്മാസ് പറഞ്ഞു. എസ്. എഫ്. ഐയുടെ സംസ്ഥാനസെക്രട്ടറി പി. എം ആർഷയോയും വിദ്യയ്ക്കായി ഇടപെട്ടിട്ടുണ്ട്. ഇവർ തമ്മിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഷമ്മാസ് പറഞ്ഞു. മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പങ്ക് ഇതിനകം വ്യക്തമായതാണ്. കാലടി സർവകലാശാലയിലേക്ക് വ്യാജരേഖ ചമയ്ക്കുന്നതിനായി വിദ്യയെ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി സഹായിച്ചിട്ടുണ്ട്. മന്ത്രി പി.രാജീവിന്റെ അറിവോടെയാണ് ഈക്കാര്യം നടന്നതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP