Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിയോയുടെ അറ്റാദായം 2,331 കോടി കവിയുമ്പോഴും നേട്ടം അംബാനിക്കും അടുപ്പക്കാർക്കും മാത്രം; ടെലിക്കോം ഭീമന് വേണ്ടി പണിയെടുത്തിട്ടും ജീവിതം ദുരിതമെന്ന് ജീവനക്കാർ; ജോലി ചെയ്യുന്നത് ജിയോയ്ക്ക് വേണ്ടി എങ്കിലും ശമ്പളം നൽകുന്നത് വെരിമാക്‌സ്; ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ മൂന്നു വർഷം തോറും കമ്പനി മാറ്റം; ആനുകൂല്യങ്ങൾക്കായി വെരിമാക്‌സ് സിഇഒയ്ക്ക് യൂണിയനുകളുടെ കത്ത്

ജിയോയുടെ അറ്റാദായം 2,331 കോടി കവിയുമ്പോഴും നേട്ടം അംബാനിക്കും അടുപ്പക്കാർക്കും മാത്രം; ടെലിക്കോം ഭീമന് വേണ്ടി പണിയെടുത്തിട്ടും ജീവിതം ദുരിതമെന്ന് ജീവനക്കാർ; ജോലി ചെയ്യുന്നത്  ജിയോയ്ക്ക് വേണ്ടി എങ്കിലും  ശമ്പളം നൽകുന്നത് വെരിമാക്‌സ്;  ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ മൂന്നു വർഷം തോറും കമ്പനി മാറ്റം;  ആനുകൂല്യങ്ങൾക്കായി വെരിമാക്‌സ് സിഇഒയ്ക്ക് യൂണിയനുകളുടെ കത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ അറ്റാദായം ഈ ജനുവരി-മാർച്ച് പാദത്തിൽ കുതിച്ചുയർന്നത് 2,331 കോടി രൂപയായാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 177.5 ശതമാനം വളർച്ചയാണ് ജിയോ കൈവരിച്ചത്. വളർച്ചയുടെ, ഈ കുതിപ്പിന്റെ നേട്ടം മുകേഷ് അംബാനിക്കും അവരോടു ചേർന്ന് നിൽക്കുന്നവർക്കും മാത്രമാണ്. അംബാനിയെ ഈ നേട്ടത്തിലേക്ക് എത്തിക്കാൻ ചോര നീരാക്കി ജോലി ചെയ്ത ജിയോ ടെക്‌നീഷ്യന്മാർക്ക് ലഭിക്കുന്നത് അവഗണനയുടെ കയ്പ് നീരും കഷ്ടപ്പാടുകളും മാത്രമാണ്. ടെലികോം മേഖലയിൽ ശതകോടികളുടെ ലാഭമുണ്ടാക്കുന്ന തങ്ങളെ റിലയൻസ് അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത് ജിയോയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ടെക്‌നീഷ്യന്മാരാണ്.

ഇരുപത് വർഷത്തോളം റിലയൻസ് ടെലികോമിനു വേണ്ടി ജോലി ചെയ്തിട്ടും ഒരു നേട്ടവും ഉണ്ടാക്കാതെ ദുരിതക്കയത്തിലാണ് ഇവരുടെ ജീവിതം. ടെലികോം മേഖലയിൽ ജീവനക്കാർക്കുള്ള അവകാശങ്ങൾ റിലയൻസ് ജിയോ തുടർച്ചയായി നിഷേധിക്കുന്നതായാണ് ജീവനക്കാർ പരാതിപ്പെടുന്നത്. ആയിരത്തോളം പേരുള്ള ജിയോ ടവർ ടെക്‌നീഷ്യന്മാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കാടും മേടും ഉള്ള സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ നരകയാതന അനുഭവിച്ചാണ് ജോലി ചെയ്യുന്നത് എന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒന്നര വർഷമായി സമരം ചെയ്യുന്നു ശമ്പളം വാങ്ങാൻ സമരം ചെയ്യേണ്ട അവസ്ഥയാണ് ജീവനക്കാർ നേരിടുന്നത്. ഈ മാസവും ഇതേ തന്ത്രം പയറ്റിയാണ് മാസാവസാനമെങ്കിലും ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്.

വെരിമാക്‌സ് എന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയിലാണ് ഈ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ജിയോയ്ക്ക് കീഴിൽ തൊഴിലാളികൾ വന്നാൽ ആനുകൂല്യങ്ങൾ നൽകേണ്ടി വരും എന്ന പ്രശ്‌നം ഒഴിവാക്കാനാണ് വെരിമാക്‌സ് എന്ന കമ്പനിയിലേക്ക് ജീവനക്കാരെ മാറ്റിയത്. ജോലി ജിയോയിൽ ആണെങ്കിലും മുമ്മൂന്നു വർഷം കൂടുമ്പോൾ കമ്പനി മാറും. എന്നാൽ ജോലി മാറുന്നുമില്ല. ഇതോടെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. വെരിമാക്‌സ് കമ്പനി തൊഴിലാളികളുമായി ഒപ്പിട്ട കോൺട്രാക്റ്റ് 2017ൽ അവസാനിച്ചെങ്കിലും ഇതുവരെ പുതുക്കിയിട്ടില്ല. ഈ കരാർ ഉടൻ പുതുക്കാനും തൊഴിലാളികൾക്ക് മിനിമം 8000 രൂപയെങ്കിലും കൂട്ടി നല്കാനും അവശ്യപ്പെട്ടു എഐടിയുസി യൂണിയൻ വെരിമാക്‌സ് കമ്പനി സിഇഒയ്ക്ക് ഈയിടെ കത്ത് നൽകിയിട്ടുണ്ട്. കമ്പനി നടത്തുന്ന ചൂഷണങ്ങൾ എല്ലാം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലാളികളിൽ നിന്ന് പിഎഫ് പിടിക്കുന്നുണ്ടെങ്കിലും അത് എങ്ങോട്ട് പോവുകയാണെന്ന് ജീവനക്കാർക്ക് ഒരു പിടിയുമില്ല. പിടിച്ച പിഎഫ് തൊഴിലാളികൾക്ക് ലഭ്യമാക്കാനും യൂണിയൻ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുപത്തി നാല് മണിക്കൂറും ഡ്യൂട്ടി, വൈകിമാത്രം ശമ്പളം നൽകുക, പിഎഫ് തുക പിടിച്ചിട്ടും അത് ജീവനക്കാർക്ക് ലഭ്യമാക്കാതിരിക്കുക, ഇൻഷൂറൻസ് ഇല്ലാതെ ത്രീ ഫെയ്‌സ് ലൈനിലെ ജോലികൾ ചെയ്യേണ്ടി വരുന്നു എന്നൊക്കെയുള്ള പരാതികളാണ് ഇവർ ഉയർത്തുന്നത്. ശമ്പളം ലഭിക്കാതെ തൊഴിലാളികൾ ഫീൽഡിൽ ഇറങ്ങില്ലെന്ന് ജിയോയിലെ സിഐടിയു, ബിഎംഎസ്, എഐടിയുസി യൂണിയൻ അടക്കമുള്ള യൂണിയനുകൾ തീരുമാനം എടുത്തതോടെയാണ് വളരെ വൈകി ഇത്തവണ ഇത്തവണ ശമ്പളം ലഭിച്ചതെന്നു തൊഴിലാളികൾ പറയുന്നു. ജീവനക്കാർക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടില്ല. രാത്രികാലത്ത് കാട് മൂടിക്കിടക്കുന്ന ഒറ്റപ്പെട്ട ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ട്. നിറയെ പാമ്പുകൾ ഉള്ള സ്ഥലങ്ങളിലാകും ടവർ ഉള്ളത്. കോൾ വന്നാൽ പോകാതിരിക്കാൻ കഴിയില്ല. പക്ഷെ ഇൻഷൂറൻസ് കൂടി ഇല്ലാത്ത പ്രശ്‌നം ഉള്ളതുകൊണ്ട് ഇത്തരം ഇടങ്ങളിൽ ഇനി ജോലിക്ക് കയറേണ്ടതില്ലെന്ന് ജീവനക്കാരുടെ ഇടയിൽ നിന്നുള്ള തീരുമാനം.

ഇൻഷൂറൻസ് ഉൾപ്പെടെയുള്ള കാര്യത്തിൽ ഉൾപ്പെടെ തീരുമാനം വന്നാൽ മാത്രം രാത്രി ജോലി എന്നാണ് ജീവനക്കാരുടെ ഇടയിൽ ഉള്ള തീരുമാനം. തൊഴിലാളികളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ജിയോയിലെ ജോലി എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്. ജിയോയ്ക്ക് കീഴിലുള്ള കഷ്ടതകളെക്കുറിച്ച് തൊഴിലാളികൾ പറയുന്നത് ഇങ്ങനെ:

രണ്ടായിരത്തി രണ്ടു മുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ് ഞങ്ങളിൽ പലരും. മുൻപ് അനിൽ അംബാനിയായിരുന്നു. പിന്നീടിത് മുകേഷ് അംബാനിയായി. റിലയൻസ് ജിയോയായി. പല കമ്പനികളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നത്. കമ്പനി മാറ്റം പതിവാണ്. എന്നാൽ ജോലിയിൽ മാറ്റമില്ല. ഒരു ഡസൻ കമ്പനികളിലായാണ് ഇതുവരെ ജോലി ചെയ്തത്. അതിന്റെ ഭാഗമായി ഇപ്പോൾ ജോലി ചെയ്യുന്നത് വെരിമാക്‌സിലും. ഈ കമ്പനി വന്നതോടെ ഇപിഎഫ് പ്രശ്‌നങ്ങൾ തുടങ്ങി. ഇപിഎഫ് വിഹിതം പിടിക്കും. അത് അടയ്ക്കില്ല. അതുകൊണ്ട് തന്നെ ഇപിഎഫ് കൊണ്ട് തൊഴിലാളികൾക്ക് ഒരു ഗുണവും ലഭിക്കാത്ത അവസ്ഥയാണ്-തൊഴിലാളികൾ പറയുന്നു.

ഈ അവസ്ഥ മുന്നിൽ ഉള്ളതുകൊണ്ടാണ് കേരള സ്റ്റേറ്റ് മൊബൈൽ ടവർ വർക്കേഴ്‌സ് യൂണിയൻ(എഐടിയുസി) വെരിമാക്‌സ് സിഇഒയ്ക്ക് അവകാശങ്ങൾ ഉന്നയിച്ച് കത്ത് നൽകിയിരിക്കുന്നു. മൂന്നു വർഷം മുൻപുള്ള ഉടമ്പടിയുടെ കാലാവധി കഴിഞ്ഞതായി യൂണിയൻ ചൂണ്ടിക്കാട്ടുന്നു. പിഎഫ് പ്രശ്‌നം പരിഹരിക്കുക. ഇൻഷൂറൻസ് ഏർപ്പെടുത്തുക, ഡിഎ കൃത്യമായി നൽകുക. ശമ്പള വർധന നടപ്പിലാക്കുക, സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ എല്ലാം തന്നെ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജിയോയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭത്തിനു ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യൂണിയനുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP