Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ പ്രവാസി മലയാളിയെ കബളിപ്പിച്ചു മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു; സിപിഎം നേതാവ് കൂടിയായ അഭിഭാഷകൻ അരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി; പ്രവാസിയെ കബളിപ്പിച്ചു പണം തട്ടിയത് മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. റൂബിരാജ് കാമ്പിശ്ശേരി; വിശ്വസ വഞ്ചനക്കെതിരെ ഒരു പ്രവാസിയുടെ പോരാട്ടം വിജയം കാണുമ്പോൾ

ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ പ്രവാസി മലയാളിയെ കബളിപ്പിച്ചു മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു; സിപിഎം നേതാവ് കൂടിയായ അഭിഭാഷകൻ അരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി; പ്രവാസിയെ കബളിപ്പിച്ചു പണം തട്ടിയത് മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. റൂബിരാജ് കാമ്പിശ്ശേരി; വിശ്വസ വഞ്ചനക്കെതിരെ ഒരു പ്രവാസിയുടെ പോരാട്ടം വിജയം കാണുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: പ്രവാസികളെ കബളിപ്പിക്കാൻ തക്കം നോക്കിയിരിക്കുന്നവർക്ക ഇതൊരു പാഠമാകണം. അതാണ് പ്രസന്നൻ എന്ന പ്രവാസി തന്നെ കബളിപ്പിച്ച സിപിഎം നേതാവിനെതിരെ നിയമ പോരാട്ടം നടത്തി വിജയം നേടുമ്പോൾ മനസ്സിൽ കുറിച്ചിടുന്ന കാര്യം. കാരണം താൻ പ്രവാസി ആയതു കൊണ്ട് മാത്രമാണ് തന്നെ കബളിപ്പിക്കാൻ വിശ്വസിച്ചു കേസ് ഏൽപ്പിച്ച അഭിഭാഷകനും തയ്യാറായത്. തന്നെ കബളിപ്പിച്ച അഭിഭാഷകനെതിരെ കേസ് കൊടുത്തു കോടതിയിൽ നിന്നും അനുകൂല വിധി നേടി മാവേലിക്കര വള്ളികുന്നം കടുവിനാൽ കണ്ണംകോമത്ത് വീട്ടിൽ പ്രസന്നൻ. ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ റൂബിരാജ് കാമ്പിശ്ശേരി ചതിച്ചതോടെ നെഞ്ചു തകർന്നാണ് ഇദ്ദേഹം നിയമ പോരാട്ടത്തിന് ഇറങ്ങിയത്.

ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിതായിരുന്നു അഡ്വ. റൂബിരാജിനെ. എന്നാൽ, ഇയാൾ പ്രവാസി മലയാളിയായ സ്വന്തം കക്ഷിയെ കബളിപ്പിച്ച് മൂന്ന് ലക്ഷത്തോളം രൂപ കോർട്ട് ഫീസ് ഇനത്തിൽ തട്ടിയെടുക്കുകയാണ് ചെയ്തത്. ഇതോടെ പ്രസന്നൻ കേസ് ഫയൽ ചെയ്യുകയും കേസിൽ 48,36,800 രൂപയും പലിശയും നൽകാൻ കോടതി ഉത്തരവു നേടുകയുമായിരുന്നു. മാവേലിക്കര വള്ളികുന്നം കടുവിനാൽ കണ്ണംകോമത്ത് വീട്ടിൽ പ്രസന്നനെ, മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ മുൻസിപ്പൽ കൗൺസിലറും സിപിഎം മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ റൂബിരാജ് കാമ്പിശ്ശേരി കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് കോടതി വിധി.

റൂബി രാജിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസന്നൻ നല്കിയ കേസിൽ 48,36,800 രൂപയും കൂടാതെ 9% പലിശയും കോടതി ചെലവും അടക്കം നൽകാൻ മാവേലിക്കര സബ് ജഡ്ജ് പി.എം സുരേഷ് ആണ് ഉത്തരവായത്. പ്രസന്നൻ റിയാദിൽ ജോലി ചെയ്യവെ അവിടെ അയൽവാസികളായിരുന്ന കുണ്ടറ മുറിയിൽ അറപ്പുര വടക്കേതിൽ വീട്ടിൽ അലക്സും ഭാര്യ ബിൻസി അലക്സും ബന്ധു തോമസ് കുട്ടിയും ചേർന്ന് 36 ലക്ഷം രൂപ വാങ്ങിയിരുന്നു.

റിയാദിൽ ആശുപത്രി സംബന്ധമായ വ്യാപാരം ചെയ്യാനാണെന്ന് അറിയിച്ചാണ് പണം വാങ്ങിയത്. രണ്ടു മാസത്തെ അവധി പറഞ്ഞാണ് പണം കടം വാങ്ങിയത്. പ്രോമീസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലാണ് പണം നൽകിയത്. കാലവധി കഴിഞ്ഞിട്ടും പണം തിരികെ തരാൻ സുഹൃത്തുക്കൾ അമാന്തിച്ചപ്പോൾ പ്രസന്നൻ കോടതിയിൽ പോകാൻ തീരുമാനിച്ചു. ഇതിനായിട്ടാണ് പ്രസന്നൻ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെ സമീപിച്ചത്. പ്രസന്നൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റൂബി രാജ് കക്ഷികൾക്കെതിരെ മാവേലിക്കര കോടതിയിൽ മൂന്നു കേസുകൾ ഫയൽ ചെയ്തു.

കക്ഷികൾക്കെതിരെ സിവിൽ കേസ് കൊടുക്കാനായി കോർട്ട് ഫീസ് ഇനത്തിൽ മൂന്ന് ലക്ഷത്തോളം രൂപ റൂബിരാജ് വാങ്ങിയെടുത്തു. കേസുകൾ ഫയൽ ചെയ്യുന്നതിനായി പ്രസന്നനെക്കൊണ്ട് ഹർജികളിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മുഴുവൻ കോർട്ട് ഫീസും അടക്കുന്നെന്ന് കാട്ടിയുള്ള ഹർജികളിൽ പ്രസന്നനെക്കൊണ്ട് ഒപ്പിടീപ്പിച്ച ശേഷം അവ മാറ്റി പ്രസന്നന്റെ ഒപ്പ് വ്യാജമായി ഇട്ട് പത്തിലൊന്ന് മാത്രം കോർട്ട് ഫീസ് അടച്ചുകൊണ്ടുള്ള കൃത്രിമ അന്യായമാണ് റൂബിരാജ് കോടതിയിൽ ഫയൽ ചെയ്തത്.

ഒരു ക്രിമിനൽ കേസും, രണ്ട് സിവിൽ കേസുകളും. ഇതിൽ സിവിൽ കേസുകൾ ഫയൽ ചെയ്യാനാണ് ലക്ഷങ്ങൾ ഫീസ് ഇനത്തിൽ വാങ്ങിയത്. രണ്ട് സിവിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ 2,29,000 രൂപയും മറ്റ് ക്രിമിനൽ കേസ് നടത്തിപ്പിനും ഫീസിനത്തിലുമായി ആകെ 3,13,200 രൂപ വാങ്ങിയിരുന്നു. സിവിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ലഭിക്കാനുള്ള തുകയുടെ നിശ്ചിത തുക കോടതിയിൽ കെട്ടിവെക്കണമെന്നാണ്. ഇക്കാര്യം അറിയിച്ചാണ് വക്കീൽ പ്രസന്നനിൽനിന്നും പണം തട്ടിയത്. ഇതുപ്രകാരം അന്യായം എഴുതി വായിച്ച് കോടതയിൽ ഒടുക്കേണ്ട തുകയും രേഖപ്പെടുത്തിയശേഷമാണ് പ്രസന്നനെ കൊണ്ട് അന്യായത്തിൽ റൂബി രാജ് ഒപ്പ് ഇടുവിച്ചത്.

ഫീസ് അടച്ച് മടങ്ങിയ പ്രസന്നന്റെ കൈയിൽ അന്യായത്തിന്റെ കോപ്പികൾ ഒന്നുംതന്നെ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ശരിയായ പരാതി ഏതെന്നും തിരിച്ചറിയാൻ പ്രയാസമായി. എന്നാൽ കോടതിയിൽ റൂബിരാജ് ഒറിജിനൽ പരാതി മാറ്റി പകരം മറ്റൊരു അന്യായം തയാറാക്കി വ്യാജ ഒപ്പിട്ട് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. കോടതിയിൽ പോകാതെയും കേസിന് നിശ്ചിത സമയത്ത് ഹാജരാകാതെയും വന്നപ്പോൾ കേസുകൾ എല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു.

ഇതറിഞ്ഞെത്തിയ പ്രസന്നൻ ക്രിമിനൽ കേസ് മറ്റൊരു വക്കീലിനെ ഏർപ്പെടുത്തി സ്റ്റേ വാങ്ങി ഹൈക്കോടതിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു അഭിഭാഷകൻ മുഖേന തന്റെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് താൻ നൽകി പണം കോടതിയിൽ കെട്ടിയിട്ടില്ലെന്ന് മനസിലായത്. കോടയിൽ വെറും 13000 രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. നിശ്ചിത ഫീസ് ഒടുക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് കോടതി കേസ് തള്ളിയത്. മാത്രമല്ല കോടതിയിൽ റൂബി രാജ് നൽകിയ മൂന്നു കേസുകളും തന്റെ പേരിൽ വ്യാജമായി തയാറാക്കിയതാണെന്ന് മനസിലായത്.

വിവരങ്ങൾ അറിഞ്ഞ പ്രസന്നൻ റൂബി രാജിനെ ഓഫിസിൽ സന്ദർശിച്ച് കാര്യങ്ങൾ ആരാഞ്ഞപ്പോൾ ഗുമസ്ഥൻ ശ്രീകുമാറുമായി ചേർന്ന് അപമാനിച്ച് വിട്ടെന്ന് പ്രസന്നൻ പറഞ്ഞു. പണം നൽകിയതായോ കൈപറ്റിയതായോ തനിക്ക് അറിവില്ലെന്നാണ് റൂബി രാജ് പറയുന്നത്. തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രസന്നൻ പറയുന്നു. ഇത് റൂബി രാജിൽ നിന്നും ഈടാക്കാൻ താൻ നിയമ സഹായം തേടുകയായിരുന്നു പ്രസന്നൻ.

തുടർന്ന് പ്രസന്നൻ മാവേലിക്കര പൊലീസ് മുമ്പാകെ റൂബി രാജിനെതിരെ കൃത്രിമ രേഖ ചമച്ച് കബളിപ്പിച്ചതിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയിൽ എത്തുകയും ചെയ്തു. റൂബി രാജിനെതിരെ പ്രസന്നൻ ബാർ കൗൺസിലിൽ നല്കിയ പരാതി റൂബിയുടെ സഹോദരനും ബാർ കൗൺസിൽ എത്തിക്സ് കമ്മറ്റി അംഗമായിരുന്ന അഡ്വ. റാഫി രാജിന്റെ സ്വാധീനത്താൽ തള്ളിപ്പോയതായും അതിനെതിരെ പ്രസന്നൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ നൽകിയ അപ്പീൽ നിലവിലുള്ളതായും പ്രസന്നൻ പറയുന്നു

പ്രസന്നന് വേണ്ടി അഡ്വ. ശൂരനാട് പി.ആർ രവീന്ദ്രൻ പിള്ള, അഡ്വ. ആർ മനോജ് എന്നിവർ ഹാജരായി. കഴിഞ്ഞ 20 വർഷമായി വിദേശത്ത് ജോലിനോക്കിയിരുന്ന പ്രസന്നൻ ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന ജോലി ചെയ്തുവരികയാണ്. സൗദി ആറേബ്യയിലെ റിയാദിൽ ജോലിചെയ്യുമ്പോൾ അവിടെ അയൽവാസികളായുണ്ടായിരുന്ന കുണ്ടറ മുറിയിൽ അറപ്പുരവടക്കേതിൽ വീട്ടിൽ അലക്സാണ്ടർ ജോർജും, അയ്യാളുടെ ഭാര്യ ബിൻസി അലക്സും ബന്ധുവായ തോമസ് കുട്ടിയും ചേർന്ന് പ്രസന്നനിൽനിന്നും 36 ലക്ഷം രൂപ വായ്പയായി വാങ്ങിയിരൂന്നു. ഈ കേസ് നടത്തിപ്പിനായാണ് റൂബിരാജ് കബളിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP