Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിദിനം അടിക്കുന്നത് നൂറിൽ താഴെ കോപ്പി മാത്രം; പിആർഡി കണക്ക് പ്രകാരം 10400 കോപ്പികൾ; സർക്കുലേഷൻ പെരുപ്പിച്ച് കാട്ടി ഖജനാവിൽ നിന്നും ഇതുവരെ അടിച്ചു മാറ്റിയത് കോടികളെന്ന് ആരോപണം; മീഡിയാ ലിസ്റ്റിൽ എ കാറ്റഗറിയിൽ നിന്ന് ബിയിലേക്ക് വരാൻ പിആർഡിയുടെ വഴിവിട്ട സഹായം; പരാതിയിൽ വിജിലൻസ് അന്വേഷണം അണിയറയിൽ; വേണാട് പത്രികയുടെ കെ.ജനാർദ്ദനൻ നായർ കുടുങ്ങുമോ?

പ്രതിദിനം അടിക്കുന്നത് നൂറിൽ താഴെ കോപ്പി മാത്രം; പിആർഡി കണക്ക് പ്രകാരം 10400 കോപ്പികൾ; സർക്കുലേഷൻ പെരുപ്പിച്ച് കാട്ടി ഖജനാവിൽ നിന്നും ഇതുവരെ അടിച്ചു മാറ്റിയത് കോടികളെന്ന് ആരോപണം; മീഡിയാ ലിസ്റ്റിൽ എ കാറ്റഗറിയിൽ നിന്ന് ബിയിലേക്ക് വരാൻ പിആർഡിയുടെ വഴിവിട്ട സഹായം; പരാതിയിൽ വിജിലൻസ് അന്വേഷണം അണിയറയിൽ; വേണാട് പത്രികയുടെ കെ.ജനാർദ്ദനൻ നായർ കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിനം പ്രതി നൂറിൽ താഴെ കോപ്പികൾ മാത്രം അച്ചടിക്കുന്ന വേണാട് പത്രികാ സായാഹ്ന ദിനപത്രം സർക്കുലേഷൻ പെരുപ്പിച്ച് കാട്ടി സർക്കാരിൽ നിന്നും കോടികൾ പരസ്യ ഇനത്തിൽ തട്ടിയെടുത്തതായി ആരോപണം. രേഖകളിൽ കൃത്രിമം നടത്തിയും പിആർഡിയുടെ ഒത്താശയോടെ സർക്കുലേഷൻ കണക്കുകൾ പെരുപ്പിച്ച് കാട്ടിയുമാണ് കൃത്രിമം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയും വന്നിട്ടുണ്ട്. വെങ്ങാനൂർ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ സുധീർ ഡാനിയേൽ ആണ് വേണാട് പത്രികയുടെ വെട്ടിപ്പിന്നെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പത്രം ആരംഭിച്ച് കഴിഞ്ഞ 28 വർഷങ്ങളായി തട്ടിപ്പോട് തട്ടിപ്പ് തന്നെയാണ് വേണാട് പത്രിക നടത്തുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പത്രത്തിന്റെ ചീഫ് എഡിറ്ററായ കെ.ജനാർദ്ദനൻ നായർക്കെതിരെയും മാനേജിങ് എഡിറ്ററും ജനാർദ്ദനന്റെ പത്‌നിയുമായ ബി.പങ്കജാബായിക്കെതിരെയുമാണ് സുധീർ ഡാനിയേൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. സർക്കുലേഷൻ പ്രകാരം എ കാറ്റഗറിയിൽ ഉൾപ്പെടുന്ന പത്രത്തെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് കോടികൾ സർക്കാരിൽ നിന്ന് പരസ്യ ഇനത്തിൽ തട്ടിയെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിദിനം 10001 മുതൽ 50000 വരെയുള്ള ബി കാറ്റഗറിയിൽ പത്രത്തെ ഉൾപ്പെടുത്തിയാണ് പിആർഡി വേണാട് പത്രികയെ വഴിവിട്ടു സഹായിച്ചത്. ഇതിനായി പിആർഡി ഉദ്യോഗസ്ഥർ വേണാട് പത്രികാ മാനേജ്‌മെന്റിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയതായി പരാതിയിൽ ആരോപിക്കുന്നു. പിആർഡി കണക്കുകൾ അനുസരിച്ച് പ്രതിദിനം 10400 പത്രമാണ് വേണാടിന്റെ സർക്കുലേഷൻ. ഇത് പെരുപ്പിച്ച് കാട്ടിയതാണ്.

എ കാറ്റഗറിയെ അപേക്ഷിച്ച് ബി കാറ്റഗറിയിലുള്ള ഉയർന്ന നിരക്കിലുള്ള പരസ്യത്തുക സ്വന്തമാക്കാനാണ് പിആർഡി വഴിവിട്ടു വേണാടിനെ സഹായിച്ചത്. ഈ സഹായം മുതലാക്കിയാണ് കോടികൾ പരസ്യ ഇനത്തിൽ പത്രം സർക്കാരിനെ കബളിപ്പിച്ച് സ്വന്തമാക്കിയത്. ഒരു തവണ ഈ കള്ളത്തരം മനസിലാക്കി പിആർഡി പത്രത്തെ എ കാറ്റഗറിയിലേക്ക് തരംതാഴ്‌ത്തിയെങ്കിലും 10400 കോപ്പികൾ എന്ന് റിപ്പോർട്ട് നൽകി വീണ്ടും പിആർഡി വേണാടിന് അവിഹിത സഹായം നല്കി വെട്ടിപ്പിനു കൂട്ടുനിന്നു. പരസ്യവെട്ടിപ്പ് കൂടാതെ അനധികൃതമായി പത്രത്തിനു അനുവദിച്ച് കിട്ടിയ പത്രപ്രവർത്തക പെൻഷനും അനുബന്ധ സഹായങ്ങളും റദ്ദാക്കണമെന്നും ഇതുവരെ വേണാട് പത്രികയുടെ പേരിൽ ജനാർദ്ദനൻ അടക്കമുള്ളവർ കൈപ്പറ്റിയ പെൻഷൻ തുക തിരികെ പിടിക്കണമെന്നും പരസ്യ ഇനത്തിൽ കൈപ്പറ്റിയ കോടികൾ തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ടുള്ള വിവിധ പരാതികളും വേണാട് പത്രികയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

പിആർഡിയുടെ വഴിവിട്ട സഹായം ലഭിച്ചത് ഇങ്ങിനെ

പതിനായിരത്തിൽ താഴെ കോപ്പികൾ പ്രതിദിനം അച്ചടിക്കുന്ന പത്രങ്ങൾ പിആർഡിയുടെ എ കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തുക. 10001 മുതൽ 50000 വരെയുള്ള ബി കാറ്റഗറിയിലും. 100 താഴെ കോപ്പികൾ മാത്രം അച്ചടിക്കുന്ന പത്രം ബി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ചീഫ് എഡിറ്റർ  കെ.ജനാർദ്ദനൻ നായർ പയറ്റിയത് സർവ തന്ത്രവും. ഇതിനു പിആർഡി കൂട്ടുനിന്നു. ഒരു ഘട്ടത്തിൽ ഈ കള്ളത്തരം മനസിലാക്കി പിആർഡി തന്നെ വേണാട് പത്രികയെ തരംതാഴ്‌ത്തി. മാനെജ്‌മെന്റ് നൽകിയ അപേക്ഷയെ തുടർന്ന് വീണ്ടും ബി കാറ്റഗറിയിലേക്ക് തന്നെ സ്ഥാനക്കയറ്റം നൽകി. 2015ലായിരുന്നു ഈ സ്ഥാനക്കയറ്റം വീണ്ടും നൽകിയത്.

10001എന്നതിന് പകരം 10400 കോപ്പികൾ സർക്കുലേഷൻ എന്നാണ് പിആർഡി റിപ്പോർട്ട് നൽകിയത്. പിആർഡി റിപ്പോർട്ട് ഇങ്ങിനെ റിപ്പോർട്ട് നൽകുമ്പോൾ അവർ അച്ചടിക്കുന്ന പ്രസിൽ പോയി കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഒപ്പം സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം, അറ്റൻഡസ് രജിസ്റ്റർ, ശമ്പളം നൽകിയതിന്റെ രേഖകൾ, പത്ര ഏജന്റുമാരുടെ എണ്ണം, അച്ചടിക്കാൻ വേണ്ടി വരുന്ന സമയം, മെഷീനിന്റെ സ്ഥാപിത ശേഷി, ഓരോ മണിക്കൂറിലും പ്രിന്റ് ചെയ്ത് പുറത്തു വരുന്ന പത്രങ്ങളുടെ എണ്ണം, ഓരോ മാസവും എത്ര ദിവസം പത്രം അച്ചടിച്ചു തുടങ്ങിയ സർവ വിവരങ്ങളും വേണം. ഇതെല്ലാം പിആർഡി വെരിഫൈ ചെയ്തിട്ടുണ്ടാകണം. എ കാറ്റഗറിയിലായ പത്രത്തെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി പരസ്യ വരുമാനം കുത്തനെ ഉയർത്താൻ സഹായിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ പിആർഡി പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ടാകണം.

പക്ഷെ ഇതെല്ലാം ബോധ്യപ്പെട്ട രീതിയിൽ തന്നെയാണ് പിആർഡിയുടെ 10400 കോപ്പി എന്ന സാക്ഷ്യപ്പെടുത്തൽ വന്നത്. ദിനപത്രങ്ങൾ എല്ലാ ദിവസവും പ്രസിദ്ധപ്പെടുത്തണം എന്നാണ് വെപ്പ്. സായാഹ്ന ദിനപത്രം ആണെങ്കിൽ ഞായർ എന്ന രീതിയിൽ ഒരു പരിഗണന ഒഴിവിനു നൽകും. പിആർഡി തന്നെ വിവരാവകാശ പ്രകാരം നൽകിയ രേഖ നോക്കിയാൽ വേണാടിന്റെ പ്രസിദ്ധീകരണ തീയതികൾ ദൃശ്യമാകും. 2014 മാർച്ച് മുതൽ 2016 മാർച്ച് വരെയുള്ള 25 മാസക്കാലം വേണാട് പത്രിക അച്ചടിച്ച ദിവസങ്ങൾ നോക്കിയാൽ പിആർഡി ഇങ്ങിനെ പറയും. 20, 13, 20, 21, 17, 17, 15, 21, 18, 13, 20, 15, 19, 22, 24, 23, 22, 19, 21, 15, 16, 19 ദിവസങ്ങളിൽ മാത്രം. എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ചാൽ ഒരു മറുപടിയും വരില്ല.

വിവരാവകാശം ചോദിച്ചാൽ അരിയെത്ര പയറഞ്ഞാഴി മറുപടി

പത്രം തുടങ്ങിയ 1989 മുതൽ കൃത്രിമവും വെട്ടിപ്പും മാത്രമാണ് പത്രത്തിന്റെ കൈമുതൽ. ഈ തട്ടിപ്പിലെക്ക് വെളിച്ചം വീശുന്ന വിവരാവാകാശം നൽകിയാൽ പിആർഡി പലപ്പോഴും ഒളിച്ചു കളിക്കും. തുല്യപങ്കു പത്രത്തിനും തുല്യ പങ്കു പിആർഡിക്കും ആയതിനാലാണ് ഈ കള്ളക്കളി. വിവരാവാകാശം ചോദിച്ചാൽ ഉത്തരങ്ങൾ വളച്ചൊടിക്കും. അപേക്ഷയുമായി ബന്ധമില്ലാത്ത, അവ്യക്തമായ മറുപടികൾ നൽകും. അരിയെത്ര എന്ന ചോദിച്ചാൽ പയറഞ്ഞാഴി എന്നരീതിയിൽ ആകും മറുപടി. എത്രപേർക്ക് വേണാട് പത്രികയുടെ പേരിൽ പത്രപ്രവർത്തക പെൻഷൻ അനുവദിച്ചിട്ടുണ്ട്, അവരുടെ പേരും വിവരങ്ങളും വിശദംശങ്ങൾ നൽകണം.

അതിനുള്ള മറുപടി ഇങ്ങിനെ വിവിധ വിഭാഗങ്ങളിലെ പത്രപെൻഷൻ കൈപ്പറ്റുന്നവരുടെ പട്ടിക ലഭ്യമാകണമെങ്കിൽ ഒരു പുറത്തിന് രണ്ടു രൂപ നിരക്കിൽ 48 രൂപ സർക്കാർ ട്രഷറിയിൽ അടച്ച് ചലാൻ ഹാജരാക്കണം എന്ന് മറുപടി. വേണാടിലെ കാര്യത്തിന് ചോദിച്ച മറുപടിയിൽ ഉള്ളത് പത്രപ്രവർത്തക പെൻഷൻ വാങ്ങുന്നവരുടെ പേര് വിവരങ്ങളും കൈപ്പറ്റുന്ന തുകയും ട്രഷറി വിശദാംശങ്ങൾ എന്നിവ മാത്രം. പിന്നീട് വേറെ അപേക്ഷ നൽകിയപ്പോൾ കള്ളത്തരം പിആർഡി തന്നെ സ്പഷ്ടമാക്കി. വേണാട് പത്രത്തെ സംബന്ധിച്ച രഹസ്യങ്ങൾ നൽകാൻ പാടില്ലെന്ന മാനേജ്‌മെന്റ് ആവശ്യം അതേപടി അംഗീകരിച്ച് മറുപടി.

സുപ്രീംകോടതിയുടെ ഉത്തരവാണ് കേരളത്തിലെ പിആർഡി തള്ളിക്കളയുന്നത്. സുപ്രീംകോടതി പറയുന്നത് ഇപ്രകാരമാണ്. സർക്കാർ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ പ്രകാരം മറുപടിയായി നൽകണം. ഇതാണ് വേണാടിന്റെ കാര്യത്തിൽ പിആർഡി ലംഘിക്കുന്നത്.

സ്റ്റാഫുകളുടെ കാര്യത്തിൽ കള്ളക്കളി, തൊഴിൽക്കരം അടയ്ക്കാറുമില്ല

10400 കോപ്പികൾ അടിക്കുന്ന പത്രത്തിൽ എടുത്ത് കാണിക്കാനുള്ളത് ഡിടിപി ഓപ്പറേറർ മാത്രമാണ് എന്നാണ് ലഭിക്കുന്ന വിവരം. രഹസ്യ രജിസ്റ്ററിൽ ഏഴുപേർ ഉണ്ടെന്നാണ് സൂചന. രജിസ്റ്ററിൽ ഉള്ള ആളുകൾക്ക് പത്രത്തിന്റെ ഓഫീസ് എവിടെയാണ് എന്നുകൂടി അറിയില്ലാ എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർക്ക് വേണ്ടി രജിസ്റ്ററിൽ ഒപ്പ് വയ്ക്കുന്നതും ചീഫ് എഡിറ്റർ തന്നെ. 28 വർഷമായി തൊഴിൽക്കരവും പത്രം അടച്ചിട്ടില്ലാ എന്നാണ് ലഭിക്കുന്ന വിവരം. വിവരാവകാശ പ്രകാരം കോർപ്പറേഷനിൽ ഈ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ചെറിയ തുക കെട്ടി സർക്കാരിനെ വീണ്ടും കബളിപ്പിച്ചു.

പിന്നീട് വീണ്ടും വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോൾ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലാ എന്നാണ് കോർപറേഷൻ നൽകിയ മറുപടി. വേണാട് പത്രികയുടെ തൊഴിൽക്കരകാര്യത്തിൽ അവധാനതയോടെ തിരുവനന്തപുരം കോർപ്പറേഷൻ പെരുമാറിയപ്പോൾ 1989 മുതൽ 2017 വരെ ലഭിക്കേണ്ടിയിരുന്ന വൻതുകയായ തൊഴിൽക്കരം തന്നെ കോർപ്പറേഷന് നഷ്ടമാവുകയും ചെയ്തു. ഒരു രൂപ അമ്പത് പൈസയാണ് വേണാട് പത്രികയുടെ വില. പത്രം അവകാശപ്പെടുന്നത് പോലെ 10400 സർക്കുലേഷൻ ഉണ്ടെങ്കിൽ പ്രതിദിന വിറ്റുവരവ് 15600 രൂപയാണ്. എങ്കിൽ പ്രതിമാസ വിറ്റുവരവ് 468000 രൂപയാകും. പ്രതിവർഷ വിറ്റുവരവ് 5616000രൂപയും. ഇതിനു പുറമെയാണ് പരസ്യങ്ങൾ വഴിയുള്ള ലക്ഷക്കണക്കിന് രൂപ വരുമാനവും.

ഇതിനെല്ലാം പത്രം ഇൻകം ടാക്‌സ് ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടി വരുന്നുണ്ട്. ഡിടിപി ഓപ്പറെറ്റർ ആയ യുവതിക്ക് സബ് എഡിറ്റർ പോസ്റ്റ് നല്കി പത്രപ്രവർത്തക പെൻഷൻ വാങ്ങി നൽകാനും ചീഫ് എഡിറ്റർ ശ്രമം നടത്തി.ഇത് പിന്നെ വിവാദങ്ങളിൽ കുരുങ്ങുകയും ചെയ്തിരുന്നു.

എന്നും കോൺഗ്രസ് കൂട്ട്

വേണാട് പത്രിക പത്രാധിപനായ കെ.ജനാർദ്ദനൻ കോൺഗ്രസുകാരനാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പത്രത്തിന്റെ സർക്കുലേഷൻ ഉയരും. കോൺഗ്രസിന്റെ വഴിവിട്ട സഹായങ്ങൾ എപ്പോഴും പത്രത്തിനു ഒപ്പം കാണുകയും ചെയ്യും. രണ്ടു തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ശാസ്തമംഗലം വാർഡിൽ മത്സരിച്ചു തോറ്റ പാരമ്പര്യം പത്രാധിപർക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശാസ്തമംഗലം തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ സ്ഥാനത്ത് ഇരിപ്പുറപ്പിക്കുകയും ചെയ്യും. കോൺഗ്രസ് ബന്ധമുള്ളതിനാൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ പത്രപ്രവർത്തക അക്രഡിറ്റെഷൻ കമ്മറ്റിയിൽ കെ.ജനാർദ്ദനൻ നായർ കൂടിയുണ്ടാകും. കെപിസിസി നേതൃത്വവുമായി ഉള്ള അടുത്ത ബന്ധമാണ് ഇതിനു സഹായമാകുന്നത്. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തിന്റെ രീതിയിൽ തന്നെയാണ് ഈ പ്രവേശനം.

ചെന്നൈയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇപ്പോൾ പ്രസിദ്ധീകരണം നിലച്ചിരിക്കുന്ന ന്യൂസ് ടുഡേയുടെ അക്രഡിറ്റെഷൻ കൈവശം വെച്ചുകൊണ്ടിരിക്കെയാണ് വേണാടിന്റെ ചീഫ് എഡിറ്റർ സ്ഥാനവും ഒരു സമയത്ത് കെ.ജനാർദ്ദനൻ നായർ കൈവശം വെച്ചിരുന്നത്. ഇത് നിയമലംഘനമായി ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും അന്നും അതിൽ നടപടികൾ വന്നിരുന്നില്ല. ഒട്ടനവധി കൃത്രിമങ്ങൾ ആണ് വേണാട് പത്രികയെപ്പോലുള്ള ഒരു സായാഹ്ന ദിനപത്രത്തിന്റെ മേൽ ആരോപിക്കപ്പെടുന്നത്. ഒരു ചെറിയ പത്രം ഈ രീതിയിൽ കൃത്രിമം കാണിക്കുമ്പോൾ വൻകിട പത്രങ്ങൾ കാണിക്കുന്ന കൃത്രിമങ്ങൾക്ക് കയ്യും കണക്കുമുണ്ടാകില്ല. ഈ രീതിയിൽ ഒട്ടനവധി ശ്രമങ്ങൾ അരങ്ങേറപ്പെട്ടിട്ടുമുണ്ട്. എംപി.വീരേന്ദ്രകുമാർ മുൻപ് കേന്ദ്ര സഹമന്ത്രിയായി മാറിയപ്പോൾ പൊലീസ് സ്റ്റോറികൾ വൺ സൈഡഡ് ആയി പ്രസിദ്ധീകരിക്കുന്ന ഒരു പ്രഭാത പത്രം അതിന്റെ ഓഫീസിൽ ഒരു സ്വീകരണം വീരേന്ദ്രകുമാറിന് നൽകി.

വീരന്റെ വകുപ്പിൽപ്പെടുന്ന പത്രത്തിന്റെ പിഎഫ് കേസുകളിലെ നടപടികൾ ഒന്ന് മരവിപ്പിക്കണം. ഇതായിരുന്നു സ്വീകരണത്തിന്റെ ഉദ്ദേശ്യം. തലയാട്ടിയെങ്കിലും ഈ കാര്യത്തിൽ ചെറുവിരൽ പോലും അനക്കാൻ വീരൻ തയ്യാറായില്ല. അതിനു വീരന് തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം. ഇപ്പോൾ വേണാട് പത്രിക കൃത്രിമങ്ങളുടെ പേരിൽ പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിക്ക് വിവിധ പരാതികളും പത്രത്തിന്നെതിരെ നൽകപ്പെട്ടിരിക്കുന്നു. പരാതികളുടെ പേരിൽ ഉടൻ തന്നെ വിജിലൻസ് അന്വേഷണം വേണാട് പത്രികയ്ക്ക് എതിരെ വരും എന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP