Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202227Monday

രക്താർബുദം മറച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ 'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകൾ ഇങ്ങനെ

രക്താർബുദം മറച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ 'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകൾ ഇങ്ങനെ

എം റിജു

കൊച്ചി: 'ഈ മനോഹര തീരത്ത് ഇനിയുമൊരു ജന്മം ചോദിച്ചുകൊണ്ട്' വയലാർ രാമവർമ്മ എഴുതിയ ചന്ദ്രകളഭം ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ്ങ്. തന്റെ സംസ്‌ക്കാര ചടങ്ങിൽ ഈ പാട്ട് പതിഞ്ഞ താളത്തിൽ വെക്കണമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ അന്ത്യാഭിലാഷം പുറത്തുവന്നതോടെയാണ് ഈ ഗാനം വീണ്ടും ചർച്ചയായത്. അതോടൊപ്പം വയലാർ രാമ വർമ്മ എപ്പോഴാണ് ഏത് സാഹചര്യത്തിലാണ് ഈ പാട്ട് എഴുതിയത് എന്ന ചർച്ചകളും പുരോഗമിക്കയാണ്.

കേരളത്തിലെ ഒരു കവിക്കും കലാകാരനും കിട്ടാത്ത രീതിയിൽ കൾട്ട് ആയി മാറിയ വ്യക്തിയാണ് വയലാർ. കുറച്ച് സത്യവും ഏറെ കെട്ടുകഥയും കൂടിച്ചേർന്ന ഒരുപാട് കാര്യങ്ങളാണ് വയലാറിന്റെ പേരിൽ പ്രചരിച്ചത്. ചാർമിനാർ സിഗരറ്റ് പാക്കറ്റിന്റെ പിറകിൽ പാട്ടെഴുതിക്കൊടുത്തും, തലേന്ന്രാത്രി മുഴവൻ മദ്യപിച്ച് മദോന്മത്തായ ശേഷം പുലർച്ചെ രണ്ടുമിനുട്ടുകൊണ്ട് എഴുതിയതും അടക്കമുള്ള അസംഖ്യം കഥകൾ. അത്തരത്തിലുള്ള ചില കഥകൾ ചന്ദ്രകളഭത്തിന്റെ പേരിലും ചലച്ചിത്രലോകത്ത് പ്രചരിച്ചിട്ടുണ്ട്.

സത്യന്റെ മരണത്തിന്റെ ആഘാതത്തിൽ എഴുതിയതോ?

കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമക്കുവേണ്ടി വയലാർ എഴുതിയ പാട്ടാണ് 'ചന്ദ്രകളഭം ചാർത്തിയൊരുങ്ങും' തീരും. പതിവുപോലെ ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു സംഗീതം. ഈ പാട്ട് ഉണ്ടായതിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥ ഇങ്ങനെയാണ്. നടൻ സത്യനും വയലാറും തമ്മിൽ അടുത്ത ആത്മബന്ധമായിരുന്നു.

രക്താർബുദം വന്ന് ചോര ഛർദിച്ചിട്ടും അതൊന്നും ആരെയും അറിയിക്കാതെ കൊണ്ടുനടന്ന സത്യന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. മലയാള സിനിമാലോകം നടുങ്ങിപ്പോയ നിമിഷം. ആ വിയോഗം തീർത്ത വേദനയുമായി സത്യന്റെ മൃതദേഹം കാണുവൻ മദിരാശിയിലേക്ക് പോകുമ്പോൾ, വയലാർ കാറിൽവെച്ച് എഴുതിയ കവിതയാണ് ചന്ദ്രകളഭം എന്നാണ് ചിലർ പറയുന്നത്.

'ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ, സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവഗീതമുണ്ടോ, വസുന്ധരേ...വസുന്ധരേ., കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ' ഈ വരികൾ എഴുതിയപ്പോൾ കവി സത്യനെ ഓർത്ത് വിതുമ്പിയെന്നും പറയുന്നുണ്ട്. പക്ഷേ കാലഗണന നോക്കുമ്പോൾ ഇത് അത്ര ശരിയാവുന്നില്ല. കാരണം സത്യൻ മരിക്കുന്നത് 1971 ജൂൺ 15നാണ്. ജഗതി എൻ.കെ ആചാരിയുടെ രചനയിൽ, കെ സുകു സംവിധാനം ചെയ്ത 'കൊട്ടാരം വിൽക്കാനുണ്ട്' എന്ന സിനിമ ഇറങ്ങുന്നത്

1975 മെയ് 23നും. പക്ഷേ ആരാധകർ ഈ കാലഗണനയിലെ വ്യത്യാസം ഒന്നും കണക്കിലെടുക്കുന്നില്ല. അന്ന് സത്യന്റെ മൃതദേഹം കാണാൻ പോവുമ്പോൾ എഴുതിയ കവിത അദ്ദേഹം നാലുവർഷത്തിനുശേഷം ഉപയോഗിക്കയായിരുന്നെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ സിനിമ ഇറങ്ങി അധികം കഴിയുന്നത് മുമ്പ് കൃത്യമായി പറഞ്ഞാൽ 1975 ഒക്ടോബർ 27 വയലാർ വെറും 47ാമത്തെ വയസ്സിൽ കലാകേരളത്തെ ഞെട്ടിച്ചുകൊണ്ട് വിടവാങ്ങി. അതോടെ തന്റെ മരണം മുൻകൂട്ടി കണ്ടുകൊണ്ടാണ് മഹാകവി ഈ വരികൾ എഴുതിയതെന്നും പ്രചാരണം ഉണ്ടായി.

നെയ്യാർഡാമിൽവെച്ച് എഴുതിയ ഗാനമോ?

തിരുവനന്തപുരം നെയ്യാർഡാമിനടുള്ള പ്രോജക്ട് ഹൗസിൽ വച്ചാണ് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന എക്കാലത്തെയും അനശ്വരമായ ഗാനം വയലാർ എഴുതുന്നത് എന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. അക്കാലത്ത് സിനിക്കാരുടെ പ്രധാന ലൊക്കേഷനായിരുന്നു ഗസ്റ്റ്ഹൗസായ അന്നത്തെ പ്രോജക്ട് ഹൗസ്. അവിടത്തെ പാചകക്കാരനായിരുന്ന സ്വാമിയുടെ ഇടിച്ചമ്മന്തിയും മറ്റും പ്രശസ്തമായിരുന്നു. നസീർ, ഷീല, വിൻസന്റ് ,ജയഭാരതി ഇവർക്കൊക്കെ സ്വാമിയുടെ ഭക്ഷണം പ്രിയമായിരുന്നു. ഡാമിലൂടെ ബോട്ടിൽ അക്കരെയത്തെിയാൽ അവിടെ ഒരു ഇൻസ്പെക്ഷൻ ഷെഡുണ്ട്. അവിടെയായിരുന്നു പാട്ടെഴുതാൻ വയലാറിന് ഇടമൊരുക്കിക്കൊടുത്തത്.

വയലാറിനെ പാട്ടെഴുതാനേൽപിച്ചിട്ട് നിർമ്മാതാവും സംഘവും സ്ഥലംവിട്ടു. പിറ്റേന്ന് അവരത്തെുമ്പോൾ കവി നല്ല ഉറക്കം. അദ്ദേഹം ഉണരുംവരെ കാത്തിരിക്കാനുമാവില്ല. പക്ഷേ പാട്ടില്ല. വിളിച്ചിട്ടും ഉണർന്നില്ല. അദ്ദേഹം ഉറക്കച്ചടവിലെന്തോ പറയുന്നു. പക്ഷേ മുറിയിൽ നിരവധി പേപ്പറുകൾ ചുരുട്ടിയിട്ടിരിക്കുന്നു. അവർ പരിശോധിക്കുമ്പാൾ പല പേപ്പറിലായി പല വരികൾ. അത് കൂട്ടി യോജിപ്പിച്ചപ്പോൾ അതി മനോഹരമായ ഒരു ഗാനം. കിട്ടിയ പേപ്പറുമായ അവർ സ്ഥലം വിട്ടു. ഈ ഗാനമാണത്രെ 'ചന്ദ്രകളഭം ചാർത്തയുറങ്ങും തീരം' എന്ന അനശ്വരമായ ഗാനം. ഇങ്ങനെയാണ് തിരുവനന്തപുരത്ത് പ്രചാരമുള്ള കഥ.

പ്രേം നസീറിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്

പ്രേംനസീർ എന്ന നിത്യഹരിത നായകനാണ് വയലാറിന്റെ ഏറ്റവും പ്രശസ്തമായ മിക്ക ഗാനങ്ങളും വെള്ളിത്തിരയിൽ പാടി അനശ്വരമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രിയഗാനം കൗതുകമുള്ളതാണ്. തന്റെ സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആരാധനയോടെ പറഞ്ഞിട്ടുള്ള ഗാനം 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്നതാണ്. അതെഴുതാൻ വയലാറിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നാണ് നസീർ പറഞ്ഞിട്ടുള്ളത്.

വയലാറിന്റെ പാട്ടെഴുതൽ അനുഭവങ്ങളെക്കുറിച്ച് കേരളത്തിലങ്ങോളമിങ്ങോളം ധാരാളം കഥകൾ പ്രചരിക്കുന്നുണ്ട്. പലതും ശരിയും പലതും പെരുപ്പിച്ച് കാണിച്ചവയുമെക്കെയാണ്. അദ്ദേഹം ഫോണിലൂടെ പാട്ട് പറഞ്ഞുകൊടുത്ത സംഭവങ്ങൾ പലരും വലിയ ഓർമ്മകളായി മനസിൽ സൂക്ഷിച്ചിട്ടുണ്ട്. പലപ്പോഴും വയലാറിനുവേണ്ടി ലോഡ്ജിൽ മുറിയെടുത്തിട്ട് പാട്ടിന് കാത്തിരുന്നു നിർമ്മാതാക്കൾ. രാത്രി സൽക്കാരങ്ങൾ കഴിഞ്ഞ് ഇയാളെപ്പോൾ പാട്ടെഴുതുമെന്ന് പലരും സംശയിക്കും. ക്ഷമകെടും. എന്നാൽ എല്ലാവരുമുറങ്ങിക്കഴിയുമ്പോൾ കിട്ടുന്ന പേപ്പറിൽ അനശ്വരങ്ങളായ ഗാനങ്ങൾ എഴുതിവെച്ചിട്ട് അദ്ദേഹം വെളുപ്പിനേ സ്ഥലം വിടും. ചാർമിനാർ സിഗററ്റ് കവറിന്റെ വെള്ളപേപ്പറിൽ എഴുതിയ ഗാനമാണത്രെ 'സ്വർണചാമരം വീശിയത്തെുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ..'

എന്തായാലും ചന്ദ്രകളഭം എഴുതിയത് നെയ്യാർഡാമിൽ വച്ചാണെന്നാണ് തിരുവനന്തപുരത്തെ വയലാർ ആരാധർ പറയുക. നെയ്യാർ ഡാമിൽ ഉണ്ടായിരുന്ന മനോഹരിയായ ഒരു സ്ത്രീയും വയലാറിന്റെ മനസിൽ അപ്പോഴുണ്ടായിരുന്നെന്ന് വ്യാഖ്യാനമുണ്ട്. ഒരിക്കൽ വയലാറിന് വിരുന്നുകൊടുക്കാൻ ക്ഷണിച്ച വീട്ടിലിരിക്കെ വീടിന് പിറകിൽ ഇലവെട്ടാൻ വന്ന സുന്ദരിയായ വേലക്കാരി ഇല വെട്ടി നടന്നുപോകുന്നതു കണ്ടപ്പോഴാണത്രെ അദ്ദേഹം 'സീമന്ദിനീ നിന്റെ ചൊടികളിലാരുടെ..' എന്ന പാട്ടിലെ 'വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺവിപഞ്ചികയീ ഭൂമി...'എന്ന വരികളെഴുതിയത്
.
മദ്രാസ് വാസം കഴിഞ്ഞ് വീട്ടിൽ ഇടക്കത്തെിയപ്പോൾ വീടിനടുത്ത് താമസിക്കുന്ന ചട്ടയും മുണ്ടും വലിയ കുണുക്കുമിട്ട പെമ്പളയെ കണ്ടിട്ടാണത്രെ 'കുണുക്കിട്ട കോഴി കുളക്കോഴി കുന്നിൻ ചരിവിലെ വയറ്റാട്ടീ..' എന്ന പാട്ടെഴുതിയത്. ഇങ്ങനെ നിരവധി കഥകൾ വയലാറിന്റെ ഓരോ പാട്ടിനെ കുറിച്ചും പറയാനുണ്ടാകും. മിത്തും യാർഥ്യവും ചേർന്ന ആ കഥകളിലെ യാഥാർഥ്യമെന്തന്ന് സാക്ഷാൽ വയലാറിന് മാത്രമേ പറയാൻ കഴിയൂ.

ചന്ദ്രകളഭം പാർട്ടിന്റെ പുർണ്ണരൂപം ഇങ്ങനെയാണ്

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
(ചന്ദ്രകളഭം..)

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ മതിയാകും വരെ
ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ
ആഹാ ആഹഹാ ആഹഹാഹഹാ ഹാ..
(ചന്ദ്രകളഭം..)

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ
ആഹാ ആഹഹാ ആഹഹാഹഹാ ഹാ..

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP