Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ കഴിഞ്ഞാൽ വ്യാപാരികളെ കാത്തിരിക്കുന്നത് വാറ്റിന്റെ പേരിലുള്ള പ്രഹരം; കൊറോണ ക്ഷീണം തീർക്കാൻ പിരിച്ചെടുക്കാൻ ഒരുങ്ങുന്നത് 5000 കോടി യുടെ കുടിശ്ശിക; ധനവകുപ്പ് ഇന്റേണൽ ഓഡിറ്റ് വിഭാഗം രഹസ്യമായി വീട്ടിലിരുന്ന് തയ്യാറാക്കുന്നത് വ്യാപാരികൾക്കുള്ള നോട്ടീസുകൾ; തകർന്നടിഞ്ഞ് വീട്ടിലിരിക്കുന്ന വ്യാപാരികൾക്ക് മേൽ വെള്ളിടിയായി തോമസ് ഐസക്കിന്റെ പ്രഹരം; വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തം ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മറുനാടനോട്

ലോക്ക് ഡൗൺ കഴിഞ്ഞാൽ വ്യാപാരികളെ കാത്തിരിക്കുന്നത് വാറ്റിന്റെ പേരിലുള്ള പ്രഹരം; കൊറോണ ക്ഷീണം തീർക്കാൻ പിരിച്ചെടുക്കാൻ ഒരുങ്ങുന്നത് 5000 കോടി യുടെ കുടിശ്ശിക; ധനവകുപ്പ് ഇന്റേണൽ ഓഡിറ്റ് വിഭാഗം രഹസ്യമായി വീട്ടിലിരുന്ന് തയ്യാറാക്കുന്നത് വ്യാപാരികൾക്കുള്ള നോട്ടീസുകൾ; തകർന്നടിഞ്ഞ് വീട്ടിലിരിക്കുന്ന വ്യാപാരികൾക്ക് മേൽ വെള്ളിടിയായി തോമസ് ഐസക്കിന്റെ പ്രഹരം; വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തം ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ തകർന്നടിഞ്ഞ വ്യാപാരികൾക്ക് മേൽ വെള്ളിടിയായി വാറ്റ് കുടിശിക കൂടി വന്നേക്കും. വാറ്റ് നികുതിയുടെ പഴയ കുടിശികയായ 5000 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. വാറ്റ് നികുതിയിൽ വീണ്ടും അസസ്‌മെന്റ് നടത്തി വ്യാപാരികളിൽ നിന്ന് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. സംസ്ഥാന ജി.എസ്. ടി വകുപ്പിന് കീഴിലുള്ള ഇന്റേണൽ ഓഡിറ്റ് വിഭാഗമാണ് പിരിച്ചെടുക്കൽ ശ്രമം തുടങ്ങിയത്. സാലറി ചാലഞ്ചിൽ അന്തിമ തീരുമാനം കൈക്കൊള്ളാതെ മന്ത്രിസഭാ യോഗം ഇന്നു പിരിഞ്ഞിരിക്കെയാണ് അണിയറയിൽ പഴയ വാറ്റ് നികുതി പിരിച്ചെടുക്കാനുള്ള നീക്കം സജീവമായിരിക്കുന്നത്.

2013-14ലെ വാറ്റ് നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിൽ ഉൾപ്പെട്ട കേസുകൾ പരിശോധിച്ച് നോട്ടീസ് അയക്കാനാണ് നീക്കം. ഇതിനായി 2014-15, 2015-2016, 2016-2017 വരെയുള്ള വർഷങ്ങളിലെ നികുതി നിർണയം വീണ്ടും നടത്താനാണ് ഒരുങ്ങുന്നത്. 2013-14 ലെ നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിനെക്കുറിച്ച് വ്യാപാരികളിൽ നിന്ന് ശക്തമായ എതിർപ്പ് വന്നിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്നുള്ള വ്യാപാരിയുടെ ആത്മഹത്യയും വ്യാപാരികളിൽ നിന്നുള്ള എതിർപ്പും വന്നപ്പോൾ നീക്കം അന്ന് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് പഴയ വാറ്റ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം ജീവനക്കാരാണ് വീട്ടിലിരുന്നു വരെ ജോലികൾ തീർക്കുന്നത്. നികുതി കുടിശിക പിരിക്കൽ എന്ന ഓമനപ്പേരാണ് ഇതിനു നൽകിയിരിക്കുന്നത്. സർക്കാർ ഖജനാവിന് ആശ്വാസം ലഭിക്കുന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങേണ്ടതില്ല എന്ന തീരുമാനമാണ് ഈ കാര്യത്തിൽ ധനവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.

സാലറി ചാലഞ്ച് വഴി 2500 കോടി പിരിച്ചെടുക്കാനുള്ള ധനവകുപ്പിന്റെ തീരുമാനത്തിനു പച്ചക്കൊടി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് പകരം 5000 കോടി രൂപ വ്യാപാരികളിൽ നിന്നും പിരിച്ചെടുക്കാൻ ധനവകുപ്പ് ഒരുങ്ങുന്നത്. ലോക്ക് ഡൗൺ കാരണം സർക്കാർ ഓഫീസുകൾ അവധിയാണെങ്കിലും ധനവകുപ്പിന്റെ ജീവനക്കാർക്ക് ഈ ജോലി നൽകിയിട്ടുണ്ട്. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സംഭവം നടന്നപ്പോൾ അതിനു പിന്നാലെ സർക്കാർ മരവിപ്പിച്ച നീക്കമാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി അന്ന് രംഗത്ത് വരുകയും ചെയ്തിരുന്നു. ധനവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കുടിശിക ലിസ്റ്റിൽ ഒട്ടനവധി തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് ഇടപെട്ടു നടപടികൾ മരവിപ്പിച്ചത്. നികുതി നിർണയ ഉത്തരവ് കിട്ടിയാൽ അപ്പീൽ പോകണമെങ്കിൽ പോലും നികുതിയുടെ 20 ശതമാനം ആദ്യം അടയ്ക്കണം. ഇത് വ്യാപാരികൾക്ക് കുരുക്കായി മാറും. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ ആശങ്കൾ കൂടുതൽ ശക്തമാകുന്നത്.

ലോക്ക് ഡൗണും കൊറോണയും സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ താറുമാറാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് പഴയ കണക്കുകൾ നോക്കി ഖജനാവ് നിറയ്ക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ഒരുങ്ങുന്നത്. ജിഎസ്ടി വന്ന ശേഷം വാറ്റ് നിലവിലില്ല. പക്ഷെ വാറ്റ് കുടിശിക വ്യാപാരികൾ നൽകാനുണ്ട്. ഈ തുക എങ്ങിനെയെങ്കിലും പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. സാലറി ചാലഞ്ച് പോലെ മന്ത്രിസഭാ യോഗം കൈക്കൊള്ളേണ്ട തീരുമാനമല്ല ഇത്. ധനവകുപ്പിന്റെ സ്വന്തം തീരുമാനമാണ്. ഈ കാര്യത്തിൽ ധനവകുപ്പിന് മുന്നോട്ട് പോകാനും കഴിയും. അതുകൊണ്ട് തന്നെ 5000 കോടി പിരിച്ചെടുക്കാനാണ് ധനവകുപ്പിന്റെ നീക്കം. ലോക്ക് ഡൗൺ കാരണം തകർന്നടിഞ്ഞ വ്യാപാരികൾക്ക് മരണക്കയർ നൽകുന്ന തീരുമാനമാണ് ഇതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാറ്റ് നികുതി അടയ്ക്കാൻ നോട്ടീസ് ലഭിച്ച വ്യാപാരി ഇതിനെ തുടർന്നു ആത്മഹത്യ ചെയ്തിരുന്നു. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തത്. ഇതോടെയാണ് വ്യാപാരികളിൽ നിന്നുള്ള എതിർപ്പ് ശക്തമായത്.

പഴയ വാറ്റിന്റെ പേരിൽ 5000 കോടിയോളമുള്ള കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തമാകുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാർ നീക്കമാണിത്. ജിഎസ്ടി വന്നപ്പോൾ വാറ്റിന്റെ ഇടപാടുകൾ ഒരു വർഷത്തിനകം തീർക്കണമെന്ന് പറഞ്ഞിരുന്നു. ഈ നിബന്ധന മറച്ചുവച്ചാണ് വാറ്റിന്റെ പേരിലുള്ള പിരിവ്. വയ്യാതിരിക്കുന്ന ഒരാൾ ഒരു കാറ്റാടിച്ചാൽ തീർന്നു പോകുന്ന അവസ്ഥയുണ്ട്. അത്തരം ഒരു അവസ്ഥയാണ് നിലവിൽ വ്യാപാരികളുടെത്. 5000 കോടി പിരിച്ചെടുക്കാനുള്ള നീക്കമുണ്ടെന്നു ഞങ്ങൾക്ക് അറിയാം. വലിയ പ്രക്ഷോഭം, അതായത് സ്വാഭാവിക പ്രക്ഷോഭം തന്നെ ഈ കാര്യത്തിൽ ഉയർന്നു വരും. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഒരു ടീമുണ്ടാക്കിയാണ് ഈ കാര്യത്തിൽ സർക്കാർ നീക്കം നടത്തുന്നത്.

52000 പേർക്ക് അയച്ചിട്ടുള്ള കത്തുകളും ഇടപാടുകളും നിരീക്ഷണത്തിലാക്കി വലിയ തുകകൾ പിഴ ഈടാക്കാനുള്ള നീക്കമാണിത്. ഒരു ലക്ഷം തൊണ്ണൂറു ലക്ഷമാക്കും. അതിന്റെ നാല്പത് ശതമാനം അടപ്പിക്കാൻ നോട്ടീസ് അയക്കും. ഇതാണ് സർക്കാർ പരിപാടി. ഇത് വലിയ ചതിക്കുഴിയാണ്. കുടിശിക നിവാരണ പദ്ധതിയെന്ന ഓമനപ്പേരിലാണ് ഇത് നടപ്പിലാക്കുന്നത്. കഴിഞ്ഞ തവണ നോട്ടീസ് അയച്ചപ്പോൾ തന്നെ ആത്മഹത്യ വന്നു. വ്യാപാരി ആത്മഹത്യ ചെയ്തു. ഇത് സർക്കാർ ഓർക്കണം. നോട്ടീസ് വരുമ്പോൾ പഴയ രേഖയില്ലാ എന്ന് വന്നാൽ വ്യാപാരികൾ പെടും. വർഷങ്ങൾക്ക് മുൻപുള്ള ബിൽ കോപ്പികൾ എങ്ങനെ സൂക്ഷിച്ച് വയ്ക്കും. അപ്പോൾ പിഴ മൂന്നു മടങ്ങാകും. കുടുംബവീട് പോലും വിറ്റാലും വീട്ടാൻ കഴിയാത്ത കുരുക്കാണ് സർക്കാർ മുറുക്കുന്നത്-എസ്.എസ്.മനോജ് പറയുന്നു.

കടകൾ ഇപ്പോൾ ഒരു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. വലിയ നഷ്ടമാണ് വ്യാപാരികൾക്ക് വന്നിരിക്കുന്നത്. അതിനു മുകളിലാണ് വാറ്റിന്റെ പേരിലുള്ള അധിക പിരിവ്. വ്യാപാരികളിൽ നിന്നും രോഷം പതഞ്ഞുയരുമ്പോൾ ഈ നീക്കം വന്നാൽ സർക്കാർ ഒരു ഭാഗത്തും വ്യാപാരികൾ മറുഭാഗത്തുമായി യുദ്ധ പ്രഖ്യാപനം തന്നെ നടക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നുള്ള പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. വാറ്റിന്റെ പേരിൽ തോമസ് ഐസക്ക് എടുത്ത് പ്രയോഗിക്കുന്ന മാന്ത്രിക വടി സർക്കാരിനു നേരെ തന്നെയുള്ള ആഞ്ഞുള്ള പ്രഹരമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP