Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

രാവിലെയും വൈകീട്ടും ഫിസിയോ തെറാപ്പി ചികിത്സ; സഹായികൾക്ക് ഒപ്പം വീട്ടിനകത്ത് തന്നെയുള്ള പ്രഭാത നടത്തവും പതിവ്; മരുമകൻ തങ്കരാജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ഡോക്ടർമാരുടെ നിരന്തര നിരീക്ഷണവും; തലച്ചോറിലെ നേരിയ രക്തസ്രാവത്തെ തുടർന്നു വന്ന ശാരീരിക അവശതകൾ ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ മറികടക്കുന്നു; വി എസ് വീണ്ടും പിച്ചവെച്ച് തുടങ്ങുന്നത് ജീവിതത്തിലേക്ക് തന്നെ; പ്രതീക്ഷയോടെ അണികളും നേതാക്കളും; പ്രായം തളർത്താത്ത രാഷ്ട്രീയ പോരാളി വീണ്ടും സജീവമാകുന്നു

രാവിലെയും വൈകീട്ടും ഫിസിയോ തെറാപ്പി ചികിത്സ; സഹായികൾക്ക് ഒപ്പം വീട്ടിനകത്ത് തന്നെയുള്ള പ്രഭാത നടത്തവും പതിവ്; മരുമകൻ തങ്കരാജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ഡോക്ടർമാരുടെ നിരന്തര നിരീക്ഷണവും; തലച്ചോറിലെ നേരിയ രക്തസ്രാവത്തെ തുടർന്നു വന്ന ശാരീരിക അവശതകൾ ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ മറികടക്കുന്നു; വി എസ് വീണ്ടും പിച്ചവെച്ച് തുടങ്ങുന്നത് ജീവിതത്തിലേക്ക് തന്നെ; പ്രതീക്ഷയോടെ അണികളും നേതാക്കളും; പ്രായം തളർത്താത്ത രാഷ്ട്രീയ പോരാളി വീണ്ടും സജീവമാകുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: അണികളുടെ ആവേശമായ, ജനകീയതയ്ക്ക് ഇപ്പോഴും കോട്ടം തട്ടാത്ത മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനുമായ വി എസ്.അച്യുതാനന്ദൻ ആരോഗ്യം വീണ്ടെടുക്കുന്നു. തലച്ചോറിൽ വന്ന നേരിയ രക്തസ്രാവത്തെ തുടർന്നു ശ്രീചിത്രയിൽ ചികിത്സയിലായിരുന്ന വി എസ് ആറുമാസമായി കവടിയാറിലെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണ്. ഇപ്പോൾ തൊണ്ണൂറ്റാറാം വയസിലൂടെ സഞ്ചരിക്കുന്ന പ്രായം തളർത്താത്ത ഈ രാഷ്ട്രീയ പോരാളി കൊറോണ കാലത്ത് ഇപ്പോൾ പട പൊരുതുന്നത് സ്വന്തം ആരോഗ്യാവസ്ഥകൾക്ക് നേരെയാണ്. ഇത് തീർത്തും അപരിചിതമാണെങ്കിലും പ്രായം വിഎസും അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. ഡോക്ടർമാർ നിർദ്ദേശിച്ച ചികിത്സകൾ അക്ഷരം പ്രതി പാലിച്ചാണ് വിഎസിന്റെ ഓരോ ദിവസവും കടന്നു പോകുന്നത്. ചിട്ടയായ ജീവിതവും ചികിത്സയും പിന്തുടർന്ന് വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ച് നടക്കാനാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇന്ത്യയിലെ ഏറ്റവും തല മുതിർന്ന നേതാവിന്റെ ഇപ്പോഴത്തെ ശ്രമം.

മകൾ ഡോക്ടർ ആശയുടെ ഭർത്താവ് പ്രശസ്ത യൂറോളജിസ്റ്റ് തങ്കരാജാണ് ചികിത്സകളുടെ മേൽനോട്ടം വഹിക്കുന്നത്. ദിനം പ്രതി എത്തി തങ്കരാജ് വിഎസിന്റെ ആരോഗ്യാവസ്ഥകൾ ദിവസവും മനസിലാക്കുന്നു. പതിവ് മരുന്നുകളുടെ ഒപ്പം രാവിലെയും വൈകീട്ടും ഫിസിയോ തെറാപ്പി ചികിത്സയും വിഎസിന് നൽകുന്നുണ്ട്. . പ്രഭാത നടത്തത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങാതിരുന്ന വിഎസിന് ഇപ്പോൾ പ്രഭാത നടത്തം സാധ്യമാകുന്നില്ല. പ്രഭാതനടത്തത്തിനും കൈകാലുകൾക്കുള്ള ബലക്ഷയം പരിഹരിക്കാനുമാണ് ഫിസിയോ തെറാപ്പി വഴി ലക്ഷ്യമിടുന്നത്. ഒരു മെയിൽ നഴ്‌സിന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും പരിചരണം വിഎസിന് മുഴുവൻ സമയവും ലഭ്യമാക്കുന്നുണ്ട്. ഓർമ്മയുടെ പ്രശ്‌നങ്ങൾ വിഎസിനെ ചെറുതായി അലട്ടുന്നുണ്ട്. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്ന പ്രശ്‌നങ്ങളും നേരിടുന്നുണ്ട്.

വീൽ ചെയറാണ് പലപ്പോഴും വിഎസിന് അവലംബമാകുന്നത്. ഒപ്പമുള്ളവരുടെ സഹായത്തോടെ ചെറുതായി നടക്കാനും വി എസ് ശ്രമിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കുന്ന പതിവ് ശീലം പൂർണമായി വി എസ് ഒഴിവാക്കിയിട്ടില്ല. രാവിലെ കുറച്ച് നേരം വെയിൽ കൊള്ളുന്ന ശീലവും ഇപ്പോഴും തുടരുന്നുണ്ട്. ആറാകുമ്പൊഴേക്കും ഉറക്കമുണരും. പ്രഭാത കർമ്മങ്ങൾക്ക് ശേഷം ചില ചില്ലറ വ്യായാമങ്ങൾ. അതിനു ഫിസിയോ തെറാപ്പിസ്റ്റ് തന്നെ മേൽനോട്ടം വഹിക്കും. വീട്ടിനുള്ളിൽ തന്നെ പിടിച്ച് പിടിച്ച് കുറച്ച് നടക്കാൻ ശ്രമിക്കുന്നുണ്ട്. അതു കഴിഞ്ഞു ഒമ്പത് മണിയോടെ ലളിതമായ പ്രഭാത ഭക്ഷണത്തിനു ശേഷം പത്തുമണിയോടെ റീഡിങ് റൂമിലേക്ക്. എല്ലാ വർത്തമാന പത്രങ്ങളും വി എസ് വായിച്ചു കേൾക്കുന്നു. ടിവി വാർത്തകൾ കാണുന്നു. കൊറോണയുമായി ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം വി എസ് പൂർണമായും മനസിലാക്കുന്നു. അതിനു ശേഷം ഫിസിയോ തെറാപ്പി ട്രീറ്റ്‌മെന്റിലേക്ക്. അതിനു ശേഷം ഉച്ചയുറക്കം. വൈകീട്ട് വീണ്ടും ഫിസിയോ തെറാപ്പി ചികിത്സ. തുടർന്നു വിശ്രമവും രാത്രി ഒമ്പത് മണിയോടെ ഉറക്കവും. ഇതാണ് വിഎസിന്റെ ദിനചര്യകൾ.

വിലയിരുത്തുന്നതുകൊറോണ മുതൽ സ്പ്രിൻക്ലർ വരെ

രാഷ്ട്ട്രീയ സംഭവവികാസങ്ങൾ സ്പ്രിൻക്ലർ വിവാദം വരെ വി എസ് അതിന്റെതായ അർത്ഥത്തിൽ മനസിലാക്കിയിട്ടുണ്ട്. പക്ഷെ പൊതുരംഗത്ത് സജീവമാകാത്തതിനാൽ ഒരു പ്രതികരണവും വി എസ് നടത്തുന്നില്ല. ലോക്ക് ഡൗൺ ആയതിനാൽ വിഎസിന്റെ വീട്ടിലേക്ക് ആരും വരുന്നില്ല. കൊറോണയുമായ ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നതിനാൽ ആരെങ്കിലും വന്നാലും സന്ദർശകരെ വിഎസിന്റെ അടുത്തേക്ക് എത്തിക്കാറുമില്ല. വിഎസിന്റെ ഭാര്യ വസുമതിയും മകൻ അരുൺകുമാറും ഭാര്യയുമാണ് ഒപ്പമുള്ളത്. മകൾ ആശയും മരുമകൻ തങ്കരാജും നിത്യേന വന്നുപോകും. ഇതാണ് വിഎസിന്റെ ജീവിതത്തിൽ ദിനേന സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കടന്നു പോകുന്നത് തൊണ്ണൂറ്റിയാറിലൂടെ

വരുന്ന ഒക്ടോബറിൽ വിഎസിന് തൊണ്ണൂറ്റെഴ് പൂർത്തിയാകും. 1923 ഒക്ടോബർ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദൻ ജനിക്കുന്നത്. ആലപ്പുഴ ചാത്തനാട്ടെ വസതിയിൽ കേരളത്തിന്റെ വിപ്ലവ നക്ഷത്രമായ കെ.ആർ.ഗൗരിയമ്മ നൂറ്റിരണ്ടാം വയസിലേക്ക് കടക്കുമ്പോഴാണ് ജനനായകനായ വി എസ് തൊണ്ണൂറ്റാറാം വയസിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ ജൂലായിൽ ഇരുവരും ചാത്തനാട്ടെ വസതിയിൽ കണ്ടുമുട്ടുകയും ചെയ്തിരുന്നു. അന്നും ഗൗരിയമ്മയ്ക്ക് തന്നെയാണ് പ്രായക്കൂടുതൽ എന്ന് വി എസ് സമ്മതിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആലപ്പുഴയിൽ വി എസ് പങ്കെടുത്ത പാർട്ടി പരിപാടികൾ തന്നെയാണ് വിഎസിന് പ്രായാധിക്യത്തിന്റെ അവശതകൾ പൊടുന്നനെ വർദ്ധിപ്പിച്ചത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സമയത്ത് കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് ഇടത് സ്ഥാനാർത്ഥി പ്രശാന്തിന്റെ രണ്ടു പ്രചാരണ യോഗങ്ങളിൽ വി എസ് പ്രസംഗിച്ചിരുന്നു.

പതിവ് തെറ്റിച്ച് മുടക്കിയത് പുന്നപ്ര-വയലാർ ദീപശിഖ കൊളുത്തൽ

ഒക്ടോബർ ഇരുപത്തി മൂന്നിന് പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തി വി എസ് പുഷ്പാർച്ചന നടത്തിയിരുന്നു. അന്ന് വൈകീട്ട് പുന്നപ്ര പറവൂർ ജംഗ്ഷനിൽ പൊതുസമ്മേളനത്തിൽ വി എസ് പങ്കെടുത്തിരുന്നു. പുന്നപ്ര-വയലാർ സമാപനസമ്മേളനത്തിൽ ഇക്കുറി വി എസ് പതിവ് തെറ്റിച്ചു. അസുഖം കാരണം ഒക്ടോബർ 27നു വിഎസിന് എത്താൻ കഴിഞ്ഞില്ല. ആ ദിവസം അത് ലറ്റുകൾക്ക് ദീപശിഖ കൊളുത്തികൊടുക്കുന്നത് വിഎസായിരുന്നു. പക്ഷെ അസുഖം കാരണം ഇക്കുറി വിഎസിന് പതിവ് തെറ്റിക്കേണ്ടി വന്നു. വർഷങ്ങളായി വി എസ് ചെയ്തു കൊണ്ടിരിക്കുന്ന പതിവ് ചടങ്ങാണിത്. ഒക്ടോബർ ഇരുപത്തിയാറിനു രക്തസമ്മർദ്ദ വ്യതിയാനത്തെ തുടർന്നു വി എസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇരുപത്തിയാറിനു വൈകീട്ട് ആലപ്പുഴയ്ക്ക് തിരിക്കാനിരിക്കുമ്പോഴാണ് വിഎസിന് ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടത്. തുടർന്നു യാത്ര റദ്ദാക്കുകയായിരുന്നു. എസ് യുടി റോയലിൽ ഡോക്ടർ ഭരത് ചന്ദ്രനെയാണ് വി എസ് കണ്ടത്. പക്ഷെ പിന്നീട് വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച അദ്ദേഹം ശ്രീചിത്രയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും വിഎസിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ പ്രമുഖർ ഈ ഘട്ടത്തിൽ വിഎസിനെ കാണാൻ എത്തിയിരുന്നു.

വി എസ്. എന്ന രണ്ടക്ഷരങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ ഒട്ടുവളരെ പ്രാധാന്യമുണ്ട്. ഒരു നൂറ്റാണ്ടിൽ മലയാളി കടന്നുപോന്ന ഒട്ടുമിക്ക രാഷ്ട്രീയ സംഭവവികാസങ്ങളിലും വിവാദങ്ങളിലും വി.എസിന്റെ മുദ്രയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവാണ് വി എസ്. അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. സിപിഎം വിഭാഗീയതയുടെ കാലത്ത് വെട്ടിനിരത്തലും വെട്ടിപ്പിടിക്കലും നടത്തിയ വി എസ് പലപ്പോഴും രാഷ്ട്രീയ പതനങ്ങൾക്ക് ഇരയാവുകയും ചെയ്തു.

വിഎസിന്റെ ജീവിത ചിത്രം ഇങ്ങനെ:

1923 ഒക്ടോബർ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും നഷ്ടപ്പെട്ടിരുന്നു. പിന്നെ വളർത്തുന്നത് സഹോദരിയാണ്. പതിനൊന്നാമത്തെ വയസ്സിൽ അച്ഛനെ നഷ്ടമായതോടെ പഠനം നിർത്തേണ്ടിവന്നു. ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ ജോലി നോക്കി കുറേനാൾ. അതിനുശേഷം കയർ ഫാക്ടറിയിൽ ജോലിക്ക് കയറി. . ഒരു തൊഴിലാളി അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കണ്ടും കെട്ടും മനസിലാക്കി. നിവർത്തനപ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോൾ അതിൽ ആകൃഷ്ടനായ വി എസ് 1938 -ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി. എന്നാൽ, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായതോടെ 1940 -ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

1946 -ലാണ് പുന്നപ്ര-വയലാർ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. അന്നത്തെ സമരത്തിൽ പങ്കെടുത്തവരിൽ പ്രധാനിയായിരുന്നു വി എസ്. അന്ന് ഒളിവിൽ കഴിയേണ്ടിവന്നു. പുന്നപ്രയിലെ നിരവധി ക്യാമ്പുകൾക്ക് നേതൃത്വവും നൽകിയിരുന്നു. പിന്നീട് പൂഞ്ഞാറിൽനിന്ന് അറസ്റ്റിലായി. എന്നാൽ, പാർട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് കടുത്ത ക്രൂരതകളനുഭവിക്കേണ്ടിവന്നു വി എസിന്. അവസാനം ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്.

1965-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്ക് തോറ്റു. എന്നാൽ, 67-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽപിച്ച് നിയമസഭാംഗമായി. 70 -ൽ ആർ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോൽവിയേറ്റുവാങ്ങേണ്ടിവന്നു. ശേഷം 91-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്ക് തോൽപ്പിച്ചു. . 96 -ൽ മാർക്‌സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോൽക്കേണ്ടിവന്നു. സ്വന്തം പാർട്ടിയിലെത്തന്നെ ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ തോൽവിക്ക് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. അതോടെ വി എസ്സിന് ഒരു ശക്തമായ പിന്തുണ കിട്ടിത്തുടങ്ങി. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശൻ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ തോൽപ്പിച്ചു.

നിരന്തര രാഷ്ട്രീയ പോരാട്ടന്ങ്ങളിലാണ് വി എസ് ഏർപ്പെട്ടത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്‌നങ്ങളിലെല്ലാം വിഎസിന്റെ ഇടപെടലുണ്ടായി. ഇതെല്ലാം വിവാദ കൊടുങ്കാറ്റുകളുമായി മാറി. 1980-92 കാലഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി.

2006 -ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയത തന്നെയായിരുന്നു കാരണം. എന്നാൽ, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ തുറന്നടിച്ചതോടെ 2007 മെയ് 26 -ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയിൽ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തു. പാർട്ടിയിൽ നിന്ന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും വിഎസിന്റെ ജനകീയതയ്ക്ക് ഇപ്പോഴും കോട്ടം തട്ടുന്നില്ല. വിഎസിന്റെ നിശബ്ദത പോലും ഇപ്പോഴും സിപിഎം ഭയക്കുന്നുണ്ട് എന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP