Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'18 വയസ്സ് എന്നത് കേവലം പ്ലസ്ടു വിദ്യഭ്യാസം പൂർത്തിയാക്കുന്ന സമയമാണ്; ദാരിദ്ര്യത്തിന്റെ പരിഹാരം വിദ്യാഭ്യാസം നൽകി ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണ്; ശൈശവ വിവാഹത്തിന്റെ എല്ലാം പോരായ്മകളും 18ാം വയസ്സിലെ വിവാഹത്തിലുമുണ്ടാകും'; വിവാഹപ്രായ വിവാദത്തിൽ പ്രതികരിച്ച് വി പി സുഹറ

'18 വയസ്സ് എന്നത് കേവലം പ്ലസ്ടു വിദ്യഭ്യാസം പൂർത്തിയാക്കുന്ന സമയമാണ്; ദാരിദ്ര്യത്തിന്റെ പരിഹാരം വിദ്യാഭ്യാസം നൽകി ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണ്; ശൈശവ വിവാഹത്തിന്റെ എല്ലാം പോരായ്മകളും 18ാം വയസ്സിലെ വിവാഹത്തിലുമുണ്ടാകും'; വിവാഹപ്രായ വിവാദത്തിൽ പ്രതികരിച്ച് വി പി സുഹറ

ജാസിം മൊയ്തീൻ

കോഴിക്കോട്: വീട്ടിലെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പരിഹാരം പെൺകുട്ടികളെ ചെറിയപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചയക്കലല്ല മറിച്ച് അവർക്ക് വിദ്യാഭ്യാസം നൽകി ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണെന്ന് സാമൂഹിക പ്രവർത്തക വിപി സുഹറ. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള സർക്കാർ നിർദ്ദേശത്തോട് പൂർണ്ണമായും യോജിക്കുന്നതായും വിപി സുഹറ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

വോട്ടവകാശം പോലെയല്ല വിവാഹ പ്രായം

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തോട് പൂർണ്ണമായും യോജിക്കുകയാണ്. വോട്ടവകാശത്തിന് 18 വയസ്സ് മതി എന്നതുപോലെയല്ല വിവാഹം. വോട്ടവകാശത്തിന് 18 വയസ്സ് മതിയെന്നത് മസ്തിഷ്‌ക വളർച്ചയുടെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ്. എന്നാൽ വിവാഹം അതുപോലെയല്ല. വിവാഹത്തിന് പെൺകുട്ടിക്ക് പക്വത വേണം. അത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയില്ല. അനുഭവങ്ങളാണ് പക്വതയുണ്ടാക്കുന്നത്. അതിന് ജീവിതാനുഭവങ്ങൾ വേണം. മാത്രവുമല്ല ഒരാളുടെ വിദ്യാഭ്യാസത്തിന്റെ തുടക്കം തന്നെ 18 മുതലാണ്.

അതുവരെ സാമ്പ്രദായിക സ്‌കൂൾ വിദ്യാഭ്യാസം മാത്രമാണ് ലഭിക്കുന്നത്. തന്റെ അഭിരുചിക്കനുസരിച്ച് ഒരാൾ ഇഷ്ടമേഖല തെരഞ്ഞെടുത്ത് വിദ്യാഭ്യാസം ആരംഭിക്കുന്നത് 18 വയസ്സിന് മുകളിലാണ്. അപ്പോഴേക്കും വിവാഹം കഴിക്കേണ്ടി വരുന്നത് അവരുടെ വിദ്യാഭ്യാസ അവകാശത്തെ പോലും റദ്ദ് ചെയ്യുന്നതാണ്. പെൺകുട്ടിയുടെ എല്ലാ വിധ അവകാശങ്ങളെയും റദ്ദ് ചെയ്തുകൊണ്ടാണ് 18 വയസ്സ് കഴിഞ്ഞ ഉടൻ തന്നെ വിവാഹം നടക്കുന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുകയാണ്.

ദാരിദ്ര്യത്തിന്റെ പരിഹാരം വിവാഹമല്ല

പല കുടുംബങ്ങളിലും പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിച്ചയക്കുന്നതിന് കാരണമായി പറയുന്നത് വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുമാണ്. ദാരിദ്ര്യത്തിന്റെ പരിഹാരം പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കലല്ല. മറിച്ച് അവൾക്ക് വിദ്യാഭ്യാസം നൽകി ഒരു ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കലാണ്. അതുവഴി കുടുംബത്തിന് മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാട് കൈവരിക്കുകയും ചെയ്യാം. എന്നാൽ അതൊന്നും ചെയ്യാതെ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച് 18 വയസ്സ് പൂർത്തിയാകുമ്പോഴേക്ക് വിവാഹം കഴിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. പുതിയ നിർദ്ദേശം അതിൽ നിന്നും പെൺകുട്ടികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമാണ്. പുതിയ കാലത്തെ പെൺകുട്ടികളെല്ലാം ഉയർന്ന വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹമുള്ളവരാണ്.

അതു കൊണ്ട് തന്നെ അവർ ഈ നിയമത്തെ അംഗീകരിക്കുന്നു. 18 വയസ്സ് എന്നത് കേവലം പ്ലസ്ടു വിദ്യഭ്യാസം പൂർത്തിയാക്കുന്ന സമയമാണ്.അതിന് ശേഷമാണ് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ആരംഭിക്കുന്നത്. 18 വയസ്സിൽ വിവാഹം കഴിയുന്നതോടു കൂടി കുട്ടികൾക്ക് തൊഴിലെടുക്കാനുള്ള അവകാശം കൂടി നിഷേധിക്കപ്പെടുകയാണ്. ശൈശവ വിവാഹത്തിന്റെ എല്ലാ പോരായ്മകളും 18 വയസ്സിൽ നടക്കുന്ന വിവാഹത്തിലുമുണ്ടാകും. 18 വയസ്സിൽ തന്നെ എല്ലാവർക്കും വിവാഹം കഴിക്കാനുള്ള മാനസിക വളർച്ച ഉണ്ടായിക്കോളണമെന്നില്ല. അത് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ 18ൽ നിന്നും 21ലേക്ക് വിവാഹ പ്രായം ഉയർത്തുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടം വരാൻ പോകുന്നില്ല. മാത്രവുമല്ല ഈ മൂന്ന് വർഷം കൊണ്ട് അവർക്ക് അവരുടേതായ ഒരു ജീവിത മാർഗ്ഗം കണ്ടെത്താനും സാധിക്കും.

മത സംഘടനകളുടെ എതിർപ്പുകൾ സ്വാഭാവികം

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള നിർദ്ദേശത്തിനെതിരെ മത സംഘനകളുടെ എതിർപ്പുകൾ പ്രതീക്ഷിച്ചതാണ്. വ്യക്തി നിയമങ്ങൾ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മത സംഘടനകളും. അവരിൽ നിന്ന് ഇക്കാര്യത്തിൽ എതിർപ്പുകളുണ്ടാകുക എന്നത് സ്വാഭാവികമാണ്. അവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ആർത്തവം തുടങ്ങിയാൽ വിവാഹം കഴിപ്പിച്ച് നൽകാമെന്നും, 18 വയസ്സിന് മുമ്പ് തന്നെ വിവാഹം നടത്താമെന്നും, പെൺകുട്ടികൾ പുറത്തിറങ്ങരുതെന്നും, ഭർത്താവിനെയും കുടുംബത്തെയും ശുശ്രൂശിച്ച് വീട്ടിലിരിക്കണമെന്നും എല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന മത സംഘനടകളിൽ നിന്ന് ഈ നിയമത്തിന് എതിർപ്പുകളുണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് എന്താണ് എന്നാണ് ഞാൻ നോക്കുന്നത്. അവർ ഈ നിയമത്തോട് യോജിക്കുന്നുണ്ടോ എന്നും അതല്ല മതസംഘനകളെ പ്രീതിപ്പെടുത്താനായി ഇതിനെ എതിർക്കുകയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

വിവാഹശേഷം പഠിക്കാം എന്ന് പറയുന്നതിൽ കാര്യമില്ല

ഈ നിയമത്തെ എതിർക്കുന്നവർ പറയുന്ന ഒരു കാരണം വിവാഹത്തിന് ശേഷവും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാമെന്നാണ്. അതൊരു കൃത്യമായ രാഷ്ട്രീയ നിലപാടല്ല. അതെല്ലാം സന്ദർഭങ്ങൾക്കനുസരിച്ച് സാധ്യമാകുന്നതോ അല്ലാത്തതോ ആണ്. വിവാഹം കഴിഞ്ഞെത്തുന്ന വീട്ടിലെ സാഹചര്യവും പെൺകുട്ടിയോട് ഭർത്താവിന്റെ വീട്ടുകാരുടെ സമീപനവുമെല്ലാം ആശ്രയിച്ചായിരിക്കും പിന്നീടുള്ള വിദ്യാഭ്യാസം. അതു കൊണ്ട് തന്നെ വിവാഹത്തിന് ശേഷമുള്ള വിദ്യാഭ്യാസമെന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. അനുഭവങ്ങളിൽ നിന്ന് അതിനെ വിലയിരുത്തുമ്പോൾ വിവാഹത്തിന് ശേഷം വിദ്യാഭ്യാസം നേടി മുന്നോട്ട് പോയവർ വിരളമാണ്.

എല്ലാത്തിന്റെയും അവസാന വാക്ക് വിവാഹമാണ് എന്ന് കരുതുന്നവരാണ് ഇത്തരം കാരണങ്ങൾ പറഞ്ഞ് ഈ നിയമത്തെ എതിർക്കുന്നത്. എല്ലാത്തിന്റെയും അവസാന വാക്കും പരിഹാരവും വിവാഹമല്ല. ഇത്തരം കാരണങ്ങൾക്ക് മതപരിവേശം നൽകുന്നതാണ് ഏറ്റവും വലിയ അപകടം. പുതിയ കാലത്തെ പെൺകുട്ടികൾ ഈ നിയമത്തോട് പൂർണ്ണമായും യോജിക്കുന്നവരാണ്. അവർ വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതു കൊണ്ട് തന്നെ വിവാഹ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനത്തെ അവർ പൂർണ്ണമായും പിന്തുണക്കുമെന്നാണ് ഞാൻ - വി പി സുഹറ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP