Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു വി ജോസ് ഐഎഎസിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ശിവശങ്കറിനേയും സ്വപ്‌നാ സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ എല്ലാം വിനയാകുക ഉദ്യോഗസ്ഥ നേതൃത്വത്തിന്; വടക്കാഞ്ചേരി അഴിമതിയിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ സിബിഐ

യു വി ജോസ് ഐഎഎസിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ശിവശങ്കറിനേയും സ്വപ്‌നാ സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ എല്ലാം വിനയാകുക ഉദ്യോഗസ്ഥ നേതൃത്വത്തിന്; വടക്കാഞ്ചേരി അഴിമതിയിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ യുവി ജോസിനെ സിബിഐ അറസ്റ്റ് ചെയ്യാൻ സാധ്യത. വിവിധ കേസുകളിൽ ജയിലിലുള്ള എം ശിവശങ്കറിനേയും സ്വപ്‌നാ സുരേഷിനും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്യും. കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ഇത്. ലൈഫ് മിഷനിൽ എന്താണ് സംഭവിച്ചതെന്ന സത്യം പുറത്തു വരാൻ യുവി ജോസിന്റെ അറസ്റ്റ് അനിവാര്യമാണ്. ഐഎഎസുകാരനെന്ന ഉത്തരവാദിത്തം യുവി ജോസ് നിർവ്വഹിച്ചില്ല. കുറ്റം എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം നിയമപരമായി നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിനു വേണ്ടി സ്വപ്നയും കൂട്ടാളികളും കോഴ വാങ്ങിയെന്ന ആരോപണത്തിലാണു വിജിലൻസ് കേസെടുത്തത്. എന്നാൽ, യുഎഇ കോൺസൽ ജനറലും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട വൻകിട തിരിമറി അന്വേഷിക്കാൻ വിജിലൻസിനു പരിമിതിയുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം സിബിഐയ്ക്ക് നടത്താം. എല്ലാ ലൈഫ് മിഷൻ പ്രോജക്ടുകളും സിബിഐ പരിശോധിക്കാനും സാധ്യതയുണ്ട്. വടക്കാഞ്ചേരിയിലാകും ആദ്യ അന്വേഷണം. റെഡ് ക്രസന്റ് ഉടമ സന്തോഷ് ഈപ്പനേയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. കേസിൽ സന്തോഷ് ഇപ്പനെ മാപ്പു സാക്ഷിയാക്കാനും സാധ്യത ഏറെയാണ്.

കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും സ്വപ്നയ്ക്കും പണവും പാരിതോഷികവും നൽകിയതിനെക്കുറിച്ചു യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മതിക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ധാരണാപത്രം മറികടന്ന് കരാറിൽ ഏർപ്പെട്ട് വിദേശ സഹായം തന്റെ കൈവശമെത്തിച്ചത് സന്തോഷ് ഈപ്പൻ അറിഞ്ഞു തന്നെയാണെന്നാണു വ്യക്തമാകുന്നത്. ഇടനിലക്കാരനായി, സ്വപ്നയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർക്കു പണം പ്രതിഫലമായി നൽകിയെന്ന സമ്മതവും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണം ശരിയാണെന്നു സൂചിപ്പിക്കുന്നതായി കോടതി പറഞ്ഞു. ഇതെല്ലാം സിബിഐയ്ക്ക് അതിശക്തമായ അന്വേഷണത്തിന് സാഹചര്യമൊരുക്കുന്നതാണ്. വൈകാതെ തന്നെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് സിബിഐ കടക്കും.

കേരളത്തിലെ പ്രളയ ബാധിതർക്കു വീടുകളും ആശുപത്രിയും പണിയാൻ വേണ്ടി റെഡ് ക്രോസ് സംഘടനയായ യുഎഇ റെഡ് ക്രസന്റ് സംസ്ഥാന സർക്കാരിനു നൽകിയ സംഭാവനയാണ് കള്ളക്കളികളിലൂടെ സന്തോഷ് ഈപ്പനിലേക്ക് എത്തിയത്. ഇത് എല്ലാവരും കൂടി പങ്കിട്ടു വാങ്ങുകയും ചെയ്തു. ലൈഫ് മിഷൻ ഉദ്യോഗസ്ഥരും കൂട്ടാളികളും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചു. കരാറിൽ നിന്നു സർക്കാർ ഏജൻസി മാറിനിന്നതോടെ, സർക്കാർ ഭൂമിയിൽ നടക്കുന്ന നിർമ്മാണത്തിന്റെ ചെലവും നടപടിക്രമങ്ങളും പോലും സിഎജി ഓഡിറ്റിനു പുറത്തായി. റെഡ് ക്രസന്റിൽ നിന്നുള്ള സംഭാവനാ കൈമാറ്റത്തിന് ഇടനില നിന്നതു വഴിയുള്ള കോഴ ഇടപാടിൽ തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലിന്റെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതി വിലയിരുത്തി.

റെഡ് ക്രസന്റും സംസ്ഥാന സർക്കാരും തമ്മിൽ തുടക്കത്തിൽ നടപ്പിലാക്കിയ ധാരണാപത്രം മുതൽ ഗൂഢാലോചനയുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥ അനുസരിച്ച് മൂന്നാമതൊരു കക്ഷിയുമായി കരാർ വയ്ക്കാൻ ഇരുകക്ഷികൾക്കും സ്വാതന്ത്ര്യമുണ്ട്. ഇതുതന്നെ ഇടപാടിൽ അപരിചിതരെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചനയാണ്. ധാരണാപത്രം അനുസരിച്ചുള്ള തുടർ കരാറുകളും ഒപ്പുവച്ചിട്ടില്ല. വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ ചട്ടപ്രകാരം ക്രിമിനൽ ബാധ്യതയുണ്ടാക്കുന്ന രീതിയിൽ സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ വിദേശ സഹായം വാങ്ങിയിട്ടുമില്ല. ഇതെല്ലാം ബുദ്ധിപരമായ ഇടപെടലുകളായിരുന്നു.

യൂണിടാക് ബിൽഡേഴ്‌സ് ആൻഡ് ഡവലപേഴ്‌സ്, സെയിൻ വെഞ്ചേഴ്‌സ് എൽഎൽപി എന്നിവർ തുടർകരാറുണ്ടാക്കിയത് യുഎഇ കോൺസുലേറ്റ് ജനറലുമായാണ്. ധാരണാപത്രമുണ്ടാക്കിയ യുഎഇ റെഡ് ക്രസന്റ്, സംസ്ഥാന സർക്കാർ, ലൈഫ് മിഷൻ എന്നിവർ കരാറിൽ ഇല്ല. ഇത്തരത്തിലുള്ള കരാറിനു സാധുതയില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കരാർ തന്നെ അപ്രസക്തമാകുകയാണ്.

വിദേശ സഹായം നൽകുന്നയാളെയും സ്വീകരിക്കുന്നയാളെയും ഉൾപ്പെടുത്താതെ, ലൈഫ് മിഷൻ സിഇഒ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും സഹായത്തോടെയും കരാറുകളിൽ കൃത്രിമം കാട്ടിയെന്നു ഹൈക്കോടതി. വിദേശസഹായം മൂന്നാമതൊരാളിലേക്കു വഴിമാറ്റിവിട്ടത് സംസ്ഥാന സർക്കാരിന്റെയോ സഹായം നൽകുന്നയാളുടെയോ ഇടപെടൽ ഇല്ലാതിരിക്കാനുള്ള വിദ്യയാണ്. കരാറുകൾ ലൈഫ് മിഷൻ സിഇഒ സ്വീകരിച്ച് നടപ്പാക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തതും ദൗർഭാഗ്യകരമാണ്. യൂണിടാക് എനർജി സൊല്യൂഷൻസ് തയാറാക്കിയ കെട്ടിട നിർമ്മാണ പ്ലാൻ, ധാരണാപത്രം അനുസരിച്ചുള്ള കരാറില്ലാതെ സ്വീകരിച്ചതും നടപടികൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനത്തിന് അനുവദിച്ചതും ഉൾപ്പെടെയുള്ള നടപടികളും വിചിത്രമാണെന്നു കോടതി പറഞ്ഞു.

നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ താരപദ്ധതികളിലൊന്നാണു ലൈഫ് മിഷനെന്നും തീരുമാനമെടുത്തു എന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാണ്. നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നിയമവിധേയമായി നടപ്പാക്കേണ്ടതു ഉദ്യോഗസ്ഥരുടെ കടമയാണ്. ക്രമക്കേടുകൾ പരിഹരിക്കുന്നതിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കു പിഴവുപറ്റിയാൽ ക്രിമിനൽ ബാധ്യത മുഖ്യമന്ത്രിയിലോ മന്ത്രിമാരിലോ നിയമസഭയിലോ ചുമത്താനാവില്ലെന്നും കോടതി പറയുന്നു.

പദ്ധതിക്കായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ച ക്രിയാത്മക നടപടികൾപോലും ക്രിമിനൽ ബാധ്യതയുണ്ടാക്കുന്നില്ലെന്നും കോടതി പറഞ്ഞു. നയതീരുമാനങ്ങൾ എടുക്കുമ്പോഴും നടപ്പാക്കുമ്പോഴും നിയമപരമായ എല്ലാ എതിർപ്പുകളും അനന്തരഫലങ്ങളും രേഖാമൂലം ശ്രദ്ധയിൽപെടുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP