Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേഴ്‌സുമാരിൽ നിന്ന് പിരിച്ചെടുത്ത കോടികളുമായി ഉതുപ്പ് കുവൈറ്റിൽ നിന്ന് മുങ്ങി; അബുദാബിയിൽ ഭാര്യയുടെ അടുത്ത് തട്ടിപ്പ് കേസിലെ പ്രതിയെത്തിയെന്ന് സൂചന; അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഗൾഫ് മേഖലയിൽ നിന്ന് മാറും; അൽസറഫ ഉടമയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാൻ സിബിഐയുടെ തീരുമാനം

നേഴ്‌സുമാരിൽ നിന്ന് പിരിച്ചെടുത്ത കോടികളുമായി ഉതുപ്പ് കുവൈറ്റിൽ നിന്ന് മുങ്ങി; അബുദാബിയിൽ ഭാര്യയുടെ അടുത്ത് തട്ടിപ്പ് കേസിലെ പ്രതിയെത്തിയെന്ന് സൂചന; അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഗൾഫ് മേഖലയിൽ നിന്ന് മാറും; അൽസറഫ ഉടമയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാൻ സിബിഐയുടെ തീരുമാനം

കൊച്ചി: രാഷ്ട്രീയ ഉന്നതർ ഇടപെട്ടെന്ന് ആക്ഷേപം ഉയർന്ന കൊച്ചി നഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രതി കോട്ടയം സ്വദേശി വർഗീസ് ഉതുപ്പ് കുവൈത്തിൽനിന്നു മുങ്ങി. കഴിഞ്ഞ ദിവസം വരെ കുവൈത്തിലുണ്ടായിരുന്ന ഇയാൾ അവിടെയുണ്ടായ പ്രശ്‌നങ്ങളെത്തുടർന്നാണ് സ്ഥലം വിട്ടത്. ഇന്നലെ കുവൈറ്റ് പൊലീസ് ഉതുപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിബിഐയിൽ നിന്ന് ഉതുപ്പിന്റെ കേസിനെ കുറിച്ച് വിവരം ലഭിക്കാത്തതു കൊണ്ട് വിട്ടയ്ക്കുകയായിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് ഇത്തരമൊരു അറിയിപ്പ് കുവൈറ്റ് പൊലീസിന് എംബസി വഴി ഏത് സമയത്തും കിട്ടാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് ഉതുപ്പിന്റെ ഒളിച്ചോട്ടം. ഉതുപ്പ് കുവൈറ്റിലുണ്ടെന്ന് മറുനാടൻ മലയാളിയാണ് ഫോട്ടോ സഹിതം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് അന്വേഷണത്തിൽ നിർണ്ണായകമാകുകയും ചെയ്തു.

മറുനാടൻ പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിൽ കുവൈത്തിലെ മാദ്ധ്യമപ്രവർത്തകർ ഇയാൾക്ക് പിന്നാലെയായിരുന്നു. തട്ടിപ്പുവാർത്ത പുറത്തുവന്നിട്ടും യാതൊരു കൂസലുമില്ലാതെ നഴ്‌സുമാരിൽ നിന്നും ഇയാൾ കുടിശിക പണം പിരിച്ചെടുക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉതുപ്പിന്റെ ഫോട്ടോ എടുക്കാൻ തുനിഞ്ഞ പത്രപ്രവർത്തകനെ ഇയാളും ഒപ്പമുള്ളവരും ചേർന്ന് കയ്യേറ്റം ചെയ്തിരുന്നു. ഉതുപ്പ് കേരളത്തിൽ വൻതട്ടിപ്പ് നടത്തിയ ആളാണെന്നു മാദ്ധ്യമ പ്രവർത്തകർ അറിയിച്ചെങ്കിലും ഉതുപ്പിനെതിരായ കേസിന്റെ യാതൊരു വിശദാംശങ്ങളും സി ബി ഐ തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നായിരുന്നു കുവൈത്ത് പൊലീസിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഉതുപ്പിനെ ഒന്നും ചെയ്യാനാകില്ലെന്നും കുവൈറ്റ് പൊലീസ് വ്യക്തമാക്കിയിരുന്നു. കുവറ്റ് പൊലീസിലും ഉതുപ്പിന് ഉന്നതതല ബന്ധങ്ങളുണ്ടെന്നാണ് സൂചന.

ഇനി അവിടെനിന്നാൽ തന്റെ കള്ളി പുറത്താകുമെന്ന് ഉറപ്പായതോടെയാണ് ഉതുപ്പ് പൊടുന്നനെ കുവൈത്തിൽ നിന്നു മുങ്ങിയിരിക്കുന്നത്.അവിടെ ഇയാൾ താമസിക്കുന്ന ഫ്ളാറ്റിലും സുഹൃത്തുക്കളുടെ വീടുകളിലുമൊന്നും ഉതുപ്പ് പോയിട്ടില്ലെന്നാണ് സൂചന. ഇതിനിടെ സി ബി ഐ അന്വേഷണം കുവൈത്തിലേക്ക് നീങ്ങുന്നുന്നു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായി. ഇതോടെയാണ് ഉതുപ്പിന്റെ സ്ഥലം കാലിയാക്കിയത്. കുവൈത്തിൽ നിന്നു ലഭിക്കേണ്ട കുടിശ്ശിക പകുതിയിലധികം ഉതുപ്പ് പിരിച്ചെടുത്തു കഴിഞ്ഞു. ഇതുമായാണ് ഇയാൾ കടന്നിരിക്കുന്നത്. ഇതിന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതരും ഉതുപ്പിന് എല്ലാ വിധ ഒത്താശയും നൽകി.

വർഗീസ് ഉതുപ്പിന്റെ ഭാര്യയും മക്കളും ഇപ്പോഴും അബുദാബിയിൽ തന്നെയാണ് താമസിക്കുന്നത്. അവിടത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിൽ സീനിയർ നഴ്‌സിങ് ചീഫ് ആണ് നഴ്‌സിംഗിൽ ഡോക്ടറേറ്റുള്ള ഭാര്യ സൂസൻ ഉതുപ്പ്. മൂന്നു മക്കളും ഭാര്യയും താമസിക്കുന്ന അബുദാബിയിലേക്ക് ഇയാൾ കടന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. എന്തായാലും റിക്രൂട്‌മെന്റ് തട്ടിപ്പിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് കൊല്ലം സ്വദേശി അഡോൾഫസ് ലോറൻസിനെ ചോദ്യം ചെയ്തു ലഭിക്കുന്ന വിവരങ്ങളൂടെ അടിസ്ഥാനത്തിൽ ഉതുപ്പിനെ അറസ്റ്റ് ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇന്റർപോളിന്റെ സഹായം തേടും. അതിനുള്ള നടപടിക്രമങ്ങൾ സിബിഐ ഉടൻ പൂർത്തിയാക്കും.

ഗൾഫിൽ തന്നെ ഉതുപ്പ് തുടർന്നാൽ ഇയാളെ പിടികൂടാൻ അന്വേഷണസംഘത്തിന് കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടാകാനിടയില്ല. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ കുകുറ്റവാളികളെ കൈമാറുന്ന കാര്യത്തിൽ പരസ്പരധാരണയുണ്ട്. മറിച്ച് ഇയാൾ അവിടെനിന്നു മറ്റേതെങ്കിലും ഭാഗത്തേക്ക് മുങ്ങിയാൽ അറസ്റ്റു ദുഷ്‌കരമാകും.പാവപ്പെട്ട നേഴ്‌സുമാരെ പിഴിഞ്ഞ് മുഖ്യ മന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി അടുപ്പമുള്ള ഉതുപ്പ് വർഗീസ് ലക്ഷ്യമിട്ടത് 250 കോടി രൂപയുടെ വമ്പൻ തട്ടിപ്പെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേന്ദ്ര ഏജൻസിയുടെ വലയിൽ വീഴുന്നതിന് മുമ്പ് നേടിയത് 100 കോടി രൂപയും. കരുതലോടെ സിബിഐ നടത്തിയ റെയ്ഡ് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് പുറത്തുകൊണ്ടുവന്നത്. എന്നിട്ടും ഉതുപ്പിനെ കുടുക്കാൻ കാര്യമായൊന്നും ചെയ്തില്ലെന്ന ആക്ഷേപം സജീവമാണ്. ആദായ നികുതി വകുപ്പും ഉതുപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്‌സുമാർക്ക് ജോലി കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇതിനെ റിക്രൂട്ട്‌മെന്റ് തട്ടിപ്പായി കണക്കാക്കാൻ കഴിയില്ല. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂവൈറ്റിലെത്തിച്ച് പറ്റിച്ചിരുന്നുവെങ്കിൽ അതിനെ അങ്ങനെ വിളിക്കാം. ഇവിടെ വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നത്. 20,000 രൂപ വാങ്ങേണ്ടിടത്ത് 20 ലക്ഷം തട്ടിയെടുത്ത സാമ്പത്തിക തിരുമറി. 1200 നേഴ്‌സുമാരെ കുവൈറ്റിലെത്തിക്കുമ്പോൾ 250 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത്. എല്ലാ ഔദ്യോഗിക സംവിധാനങ്ങളേയും അനുകൂലമാക്കിയായിരുന്നു തട്ടിപ്പ്. 19.500 രൂപ സർവീസ് ചാർജ് എടുക്കേണ്ടിടത്ത് 19.5 ലക്ഷം ഈടാക്കുക വഴിയാണ് ഇത്ര വലിയ തുക നേടാൻ ഉതുപ്പും സംഘവും പദ്ധതി ഇട്ടത്. ഇതിനോടകം 500 പേരെ കുവൈറ്റിന് അയച്ചത് വഴി ഉതുപ്പും സംഘവും 100 കോടി രൂപയെങ്കിലും നേടി കഴിഞ്ഞിരുന്നെന്നാണ് ഏകദേശ നിഗമനം. ഈ പണം ഒന്നും കണക്കിൽ കാണിക്കാത്തതിനാൽ നികുതി അടയ്ക്കുന്നത് തുച്ഛം മാത്രം.

എന്തായാലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലൂടെ ഉതുപ്പും സംഘവും പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതുപ്പിനെതിരെ സിബിഐ കേസ് എടുക്കുക കൂടി ചെയ്തതോടെ മുഖ്യ മന്ത്രിയുടെ ഓഫീസ് വാദങ്ങളുമായി കൈയൊഴിയുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മണ്ഡലംകാരനായ ഉതുപ്പുമായി ഉമ്മൻ ചാണ്ടിക്ക് നല്ല അടുപ്പമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചിട്ടുണ്ട്.

കുവൈറ്റുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാൾ റിക്രൂട്ട് ചെയ്തവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ, ഓരോരുത്തരിൽനിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്.

ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോൾഫ്‌സ് ലോറൻസാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയാണ് അൽ സറാഫ് എന്ന സ്വകാര്യ റിക്രൂട്ടിങ് ഏജൻസിവഴി കോടികൾ തട്ടിച്ച ഉതുപ്പ് വർഗീസ്. കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് ഗൾഫിലാണ് താമസം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വർഗീസിന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്.

കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP