Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം

ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം

ആർ പീയൂഷ്

കൊല്ലം: ഭർത്താവിനൊപ്പം കിടന്നുറങ്ങവേ പാമ്പു കടിയേറ്റു മരിച്ച അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25)യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയത് ഭർത്താവ് സൂരജിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത മൂലമാണ്. മരിക്കുന്ന ദിവസം പതിവില്ലാതെ സൂരജ് രാവിലെ ആറു മണിക്ക് എഴുന്നേറ്റിരുന്നു എന്ന് ഉത്രയുടെ പിതാവ് രാജസേനൻ പറഞ്ഞു. എപ്പോൾ വന്നാലും എട്ടു മണിക്ക് ശേഷമേ ഉണരാറുള്ളൂ. ആദ്യമായാണ് ആറു മണിക്ക് എഴുന്നേൽക്കുന്നത്. ഇത് മരണവുമായി ബന്ധപ്പെടുത്തുമ്പോൾ ദുരൂഹത വർദ്ധിപ്പിക്കുന്നു എന്നും പിതാവ് പറയുന്നു. കൂടാതെ പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും വിജയസേനൻ വെളിപ്പെടുത്തി. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ മകളുടെ മരണം സൂരജിന്റെ അറിവോടെയാണ് എന്ന് തറപ്പിച്ചു പറയുന്നു.

വിവാഹത്തിന് നൂറ് പവനാണ് സ്ത്രീധനമായി നൽകിയിരുന്നത്. രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും സ്വർണം മുഴുവൻ ഇയാൾ വിറ്റഴിച്ചു. പലപ്പോഴായി മകളെ നിർബന്ധിപ്പിച്ച് ലക്ഷങ്ങൾ വാങ്ങിയിരുന്നു എന്നും മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയിരുന്നു. പെരുമാറ്റങ്ങളിൽ ഒരു അസ്വഭാവികത എല്ലാവർക്കും തോന്നിയിരുന്നു. ഇതൊക്കെയാണ് പരാതി നൽകാൻ ഇടയായതെന്ന് മാതാപിതാക്കളായ വിജയ സേനനും മണിമേഖലയും മറുനാടൻ മലയാളിയോട് പറഞ്ഞു.

പാമ്പു കടിക്കുമ്പോൾ മകൾ നിലവിളിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടാകം. ഒപ്പം കിടക്കുന്ന ഭർത്താവ് അറിഞ്ഞില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണെന്ന് മാതാവ് മണിമേഖല പറയുന്നു. എന്നും രാവിലെ മകളെ വിളിച്ചിുണർത്തി ചായ നൽകുന്നത് മണിമേഖലയായിരുന്നു. സംഭവ ദിവസം വിളിച്ചുണർത്താൻ ചെല്ലുമ്പോൾ ഉത്രയുടെ കിടപ്പ് കണ്ട് പന്തികേട് തോന്നി. ഏറെ നേരം കുലുക്കി വിളിച്ചിട്ടും അനക്കമില്ലാതായതോടെയാണ് വേഗം തന്നെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ ഏഴിനാണ് ഉത്ര പാമ്പ് കടിയേറ്റു മരിച്ചത്. മൂന്ന് മാസം മുൻപ് ഉത്രയുടെ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വച്ച് അണലിയുടെ കടിയേറ്റിരുന്നു. ഈ രണ്ട് സംഭവങ്ങളും കോർത്തിണക്കി നാട്ടുകാർ സംഭവത്തിൽ ദുരൂഹത ഉയർത്തിയിരുന്നു. എന്നാൽ പൊലീസിന് ഇത് സംബന്ധിച്ച് അന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലാത്തതിനാലും പ്രഥമിക അന്വേഷണത്തിൽ ജനാല വഴി പാമ്പ് അകത്ത് കയറിയതാണ് എന്ന നിഗമനത്തിൽ എത്തിയതിനാലും ദുരൂഹത ഇല്ല എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതോടെ സംഭവത്തിൽ കേസെടുക്കുകയായിരുന്നു.

മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തിൽ തന്നെയായതിനാൽ കടിയേറ്റതറിഞ്ഞില്ല. തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാർ അറിഞ്ഞത്. മരണം പാമ്പ് കടിയേറ്റാണെന്ന് ആശുപത്രി അധികൃതർ മാതാപിതാക്കളോട് പറഞ്ഞു.

പക്ഷെ പാമ്പ് കടിച്ചത് മൂന്നു മാസം മുൻപാണെന്നും അതിനുള്ള ചികിത്സയിൽ തുടരുകയായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു. ഇതോടെ വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതർ മരണം പാമ്പ് കടിയേ തുടർന്നു തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു. ഉത്രയുടെ കയ്യിൽ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു എത്തിച്ചപ്പോഴും മരണം പാമ്പ് കടിയേറ്റതു മൂലമാണെന്ന് മെഡിക്കൽ കോളേജ് അധികൃതരും വ്യക്തമാക്കി. തുടർന്നു വീട്ടിൽ വന്നു പരിശോധിച്ചപ്പോൾ ഉത്ര കിടന്നിരുന്ന മുറിയിൽ കരിമൂർഖനെ കണ്ടെത്തുകയായിരുന്നു.

മാർച്ച് രണ്ടിനാണ് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ ആദ്യമായി പാമ്പ് കടിക്കുന്നത്. വീടിന് പുറത്ത് വച്ച് രാത്രിയിൽ അണലി കടിക്കുകയായിരുന്നു. ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയതിനാൽ രക്ഷപെടുകയായിരുന്നു. അന്ന് അണലിയാമെന്ന് തിരിച്ചറിഞ്ഞതിനാലാണ് വേഗം തന്നെ മറുമരുന്ന് നൽകി സുഖപ്പെടുത്താൻ കഴിഞ്ഞത്. സാധാരണ അണലി കടിച്ചാൽ ജീവൻ തിരികെ കിട്ടില്ലാ എന്നിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത്. ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു.

ചികിത്സയ്ക്ക് ശേഷം ഒരു വയസുള്ള മകൻ ധ്രുവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്. ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബുധനാഴ്ച ഭർത്താവ് സൂരജും എത്തി. വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്. കിടപ്പു മുറിയിൽ കണ്ടെത്തിയ പാമ്പിനെ നാട്ടുകാർ തല്ലികൊല്ലുകയും ചെയ്തു. രണ്ടു വർഷം മുൻപാണ് എച്ച്ഡിബി ഫിനാൻസിങ് കമ്പനി ജീവനക്കാരനായ സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. ഒരു വയസുള്ള ധ്രുവ് ആണ് മകൻ.

സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഉത്രയെ മനഃപൂർവ്വം പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്നാണ് മാതാപിതാക്കൾ സംശയമുണർത്തുന്നത്. ഇവർ കിടന്നിരുന്ന ശീതീകരിച്ച മുറിയുടെ ജനാല അടച്ചിടാറാണ് പതിവ്. എന്നാൽ മരണം സംഭവിച്ച ദിവസം ജനാല തുറന്ന് കിടക്കുകായിരുന്നു. അന്നത്തെ ദിവസം ജനാല താൻ തന്നെ അടച്ചിരുന്നു എന്ന് മാതാവ് പറയുന്നുമുണ്ട്. പാമ്പുപിടുത്തക്കാരുമായം ചില പ്രത്യേക സംഘവുമായുള്ള ബന്ധവും മാതാപിതാക്കൾ പറയുമ്പോൾ അന്ധവിശ്വസത്തിന്റെ ഇരയാണോ ഉത്ര എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ചൽ സിഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP