Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്

'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്

വിനോദ് വി നായർ

കൊല്ലം: സമാനതകളിലാത്ത അഞ്ചൽ ഉത്ര കൊലപാതകക്കേസിൽ പ്രധാന പ്രതിയായ ഭർത്താവ് സൂരജും കൂട്ടാളി ചാവർകാവ് സുരേഷും പിടിയിലായത് കേരള പൊലിസിന് മറ്റൊരു പൊൻതൂവലായപ്പോഴും കേസന്വേഷണത്തിലെ നിർണ്ണായക വിവരങ്ങൾ കണ്ടെത്തിയ യഥാർത്ഥ 'സൂപ്പർ ഹീറോ' മാധ്യമ ശ്രദ്ധയിൽ നിന്നൊഴിഞ്ഞ് തന്റെ ജോലിയിൽ വ്യാപൃതനായി അഞ്ചൽ പൊലിസ് സ്റ്റേഷനിലുണ്ട്. ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാർഥ ഹീറോ.

ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. തൊട്ടടുത്ത ദിവസം ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് 'മറുനാടൻ മലയാളി' യിൽ വന്ന വാർത്ത ശ്രദ്ധിച്ചതോടെ തന്റെ സംശയങ്ങൾ മറ്റ് പലർക്കുമുണ്ടെന്ന് പുഷ്പകുമാറിന് മനസിലായി . ഈ വിവരങ്ങൾ സി ഐ സുധീറുമായി പങ്കുവച്ച പുഷ്പകുമാർ ഇതോടെ സംഭവദിവസം ഉത്രയുടെ വീട്ടിലുണ്ടായിരുന്ന സഹോദരൻ വിഷുവിനേയും ഭർത്താവ് സൂരജിനേയും ചോദ്യംചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സഹോദരിയെ നഷ്ടപ്പെട്ട വിഷുവിനോടും ഭാര്യ മരിച്ച ദുഃഖത്തിൽ കഴിയുന്ന സൂരജിനോടും വളരെ സൗമ്യമായാണ് പുഷ്പകുമാർ കാര്യങ്ങൾ ചോദിച്ചത്. എന്നാൽ തന്റെ ഒരൊറ്റ ചോദ്യത്തിൽ ഭർത്താവ് സൂരജ് പതറിയത് പുഷ്പകുമാർ മനസിലാക്കി. പൊലിസ് ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഒരു സ്വാഭാവിക ചോദ്യം കേട്ട സൂരജ് വിറയ്ക്കുന്നത് ശ്രദ്ധിച്ച പുഷ്പകുമാർ അന്നേ ഉറപ്പിച്ചു, ഉത്രയുടെ മരണം കൊലപാതകം തന്നെ! .

തുടർന്ന് സൂരജിന്റെ ഫോൺ പരിശോധിച്ച പുഷ്പകുമാർ ഒരു സൈബർ വിദഗ്ധന്റെ സാങ്കേതിക മികവോടെ രഹസ്യമായി സൂരജിന്റെ 'ഇന്റനെറ്റ്ബ്രൗസിങ്ങ് ഹിസ്റ്ററി' പരിശോധിച്ചു. ഇതോടെയാണ് വിഷപാമ്പുകളെക്കുറിച്ചുള്ള വിഡിയോകൾ പലതവണ സൂരജ് യൂട്യൂബിൽ കണ്ടതായി മനസിലാക്കിയത്. ഫോൺ തിരികെ നൽകി അൽപനേരത്തിനകം ഇരുവരേയും മടക്കിയയച്ച പുഷ്പകുമാർ ഈ വിവരം സി ഐ സുധീറുമായി പങ്കുവച്ചു. തുടർന്ന് സൈബർ സെല്ലിലേയ്ക്ക്. ഇതിനുശേഷം ഉത്രയുടെ മാതാപിതാക്കളുമായി സംസാരിക്കാൻ രണ്ടുമൂന്ന് തവണ ഏറത്തെ വീട്ടിലേയ്ക്ക് പോയിരുന്നു. മകൾ നഷ്ടപ്പെട്ടതിന്റെ മാനസിക വ്യഥയിൽ കഴിയുന്ന മാതാപിതാക്കളെ ഈ സമയത്ത് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന ചിന്തയിൽ ആ ശ്രമം ഉപേക്ഷിച്ച് പുഷ്പകുമാർ മടങ്ങി.

ഇതിനകം സൈബർ സെല്ലിൽനിന്ന് വിശദാംശങ്ങൾ ലഭിച്ചിരുന്നു. സൂരജ് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളുടേയും കോൾ ഡീറ്റയിൽസ് പരിശോധിച്ചപ്പോഴാണ് ചാവർകാവ് സുരേഷ് എന്ന പാമ്പുപിടിത്തക്കാരന്റെ നമ്പറിലേക്ക് മുപ്പതിലധികം തവണ സൂരജ് വിളിച്ചതായും ഇരുവരും രണ്ടുതവണ ഒരേ മൊബൈൽ ടവറിന് കീഴിൽ എത്തിയിരുന്നതായും പുഷ്പകുമാർ മനസിലാക്കിയത്. ഇതോടെ ചാവർകാവ് സുരേഷിനെയും നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തു. ഉത്രയുടെ മാതൃസഹോദരിയുടെ മകനായ ശ്യാമിന്റെ ഫോണിലേയ്ക്ക് സൂരജ് നിരന്തരം വിളിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട എസ് ഐ തുടർന്ന് ശ്യാമിനെ വിളിച്ചുവരുത്തി. ഉത്രയുടെയും സൂരജിന്റെയും ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെക്കുറിച്ച് ശ്യാമിൽനിന്നാണ് സൂചന ലഭിച്ചത്. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥനായി ശ്യാമിനെയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നതെന്നും സഹോദരിക്കുവേണ്ടി സൂരജിന്റെ വീട്ടുകാരോട് സംസാരിച്ചിരുന്നത് ശ്യാം ആണെന്നും പുഷ്പകുമാർ മനസിലാക്കി.

സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടാണ് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്ന് ശ്യാമിൽ നിന്ന് മനസിലാക്കിയ പുഷ്പകുമാറിന്റെ പൊലിസ് ബുദ്ധി വീണ്ടുമുണർന്നു. ആദ്യം ശ്യാമിനെയും കൂട്ടി രണ്ടു പൊലിസുകാരെ സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലേയ്ക്കയച്ചു. സൂരജും ഉത്രയും തമ്മിലുള്ളപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ പൊലിസ് തുടർന്നെത്തിയത് അടൂർ ഹോളിക്രോസ് ആശുപത്രിയിലേയ്ക്ക്. ഉത്രയെ ആദ്യം പാമ്പ് കടിച്ചതിന്റെ വിശദവിവരങ്ങൾ മനസിലാക്കിയ പൊലിസ് തുടർന്ന് അടൂർ താലൂക്ക് ആശുപത്രിയിൽ എത്തി. മാർച്ച് രണ്ടിന് പാമ്പ് കടിച്ച ശേഷം എത്ര മണിക്കാണ് ഉത്രയെ ആശുപത്രിയിൽഎത്തിച്ചതെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ച പൊലിസ് അതും പുഷ്പകുമാറിന് കൈമാറി. അടുത്ത ദിവസം രാവിലെ സൂരജിനെ വിളിച്ചുവരുത്തിയ പുഷ്പകുമാർ രണ്ട് പൊലിസുകാർക്കൊപ്പം അടൂരിലുള്ള ബാങ്കിലേയ്ക്ക് അയച്ചു. ഉത്ര മരിച്ചതിനാൽ യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ലോക്കർ തുറക്കാനാവില്ലെന്ന് ബാങ്ക്അധികൃതർ വ്യക്തമാക്കിയതോടെ ലോക്കർ രജിസ്റ്ററിന്റെ ചിത്രങ്ങളെടുത്ത ശേഷം പൊലിസ് മടങ്ങി.

രജിസ്റ്ററിന്റെ വിശദാംശങ്ങൾ പരിശോധിച്ച പുഷ്പകുമാർ ശ്രദ്ധിച്ചത് സൂരജ് അവസാനം ലോക്കർ തുറന്ന തീയതിയാണ്; മാർച്ച് 2. ഉത്രയെ ആദ്യം പാമ്പുകടിച്ചതിന്റെ അന്നേ ദിവസം പകൽ!. ഇതോടെ സൂരജാണ് ഉത്രയുടെ മരണത്തിന് ഉത്തരവാദിയെന്ന് പുഷ്പകുമാറിന് വ്യക്തമായി. വൈകിട്ട് നാലിന് അഞ്ചൽസ്റ്റേഷനിലെത്തണമെന്ന് സൂരജിനെ വിളിച്ചറിയിച്ചെങ്കിലും ഇയാൾ വരാതായതോടെ സംശയം ബലപ്പെട്ടു. വിവരങ്ങൾ മനസിലാക്കിയ സി ഐ സുധീർ സൂരജിനെ വീണ്ടും വിളിച്ചു. ഇനി തന്റെ വക്കീലുമായി മാത്രമേ പൊലിസ്സ്റ്റേഷനിലേയ്ക്കുള്ളൂ എന്ന മറുപടിയാണ് സൂരജ് നൽകിയത്.

ഇതിനിടയിൽ സൂരജിന്റെ വീട്ടുകാരും ഉത്രയുടെ മാതാപിതാക്കളും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ഇരു വീട്ടുകാരും പൊലിസിൽ പരാതി നൽകുകയും സ്ഥിതി വഷളാവുകയും ചെയ്തു. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ വാർത്താസമ്മേളനം വിളിച്ചു. തുടർന്നാണ് ജില്ലാ റൂറൽ പൊലിസ്മേധാവി ഹരിശങ്കറിന് ഇവർ പരാതി നൽകിയത്. എസ് പി ഇടപെട്ട് ക്രൈംബ്രാഞ്ച് എസിപി അശോകനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകി. പുഷ്പകുമാറിന്റെ കണ്ടെത്തലുകൾ പരിശോധിച്ച എസിപി അശോകൻ തുടർന്ന് ഉത്രയുടെ വീട് സന്ദർശിക്കുകയും എസ് ഐയുടെ കണ്ടെത്തലുകൾ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് എസ് പി ഹരിശങ്കറിനെ വിവരമറിയിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഔദ്യോഗികമായി ഏറ്റെടുക്കാൻ എസ് പി നിർദ്ദേശിച്ചു. അന്നു രാത്രി തന്നെ സൂരജിനെ 'ബുക്ക്' ചെയ്യാൻഇറങ്ങിത്തിരിച്ച ക്രൈംബ്രാഞ്ച് അടുത്ത ദിവസം വെളുപ്പിന് മൂന്നോടെ സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സൂരജിനെ പിടികൂടുകയായിരുന്നു.

കൊവിഡ് 19 കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് പുഷ്പകുമാർ എന്ന സബ് ഇൻസ്പെക്ടർ നടത്തിയ ബൗദ്ധിക അന്വേഷണമാണ് മലയാള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സഹോദരിയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം സബ് ഇൻസ്പെക്ടർ പുഷ്പകുമാർ തന്റെ മുന്നിൽ വച്ച് സൂരജിനോട് ചോദിച്ച ചോദ്യം ഉത്രയുടെ സഹോദരൻ വിഷ്ണു ഇന്നും ഞെട്ടലോടെ മറുനാടന് മുന്നിൽ ഓർത്തെടുത്തു, ആ ചോദ്യമിതായിരുന്നു, 'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെയൊളിപ്പിച്ചു' . പൊലിസ് ബുദ്ധിയിലുദിച്ച ആ ചോദ്യമാണ് സൂരജ് എന്ന ഘാതകന്റെ ചങ്ക് വിറപ്പിച്ചത്. ആ വിറയൽ കൊലപാതകിയുടെ കണ്ണുകളിൽ കണ്ടെത്തിയ സബ് ഇൻസ്പെക്ടർ പുഷ്പകുമാറിന്, കേരളം നന്ദി പറയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP