Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർബൻ നിധി നിക്ഷേപതട്ടിപ്പു കേസിൽ ജീനയെ കുടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം; വീട്ടിൽ റെയ്ഡ് നടത്തിയത് നാടകം; പിടിച്ചെടുത്തത് പലചരക്കു കടയിലെ ബില്ലും പുസ്തകവുമെന്ന് ബന്ധുക്കൾ; ജീനയെ കുടുക്കാൻ ഒത്താശയുമായി ഭരണകക്ഷി നേതാക്കളും; ഡയറക്ടർമാർ ജാമ്യം നേടിയാൽ നിക്ഷേപകരുടെ പണം സെറ്റിൽ ചെയ്യാമെന്നും വാഗ്ദാനം

അർബൻ നിധി നിക്ഷേപതട്ടിപ്പു കേസിൽ ജീനയെ കുടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം; വീട്ടിൽ റെയ്ഡ് നടത്തിയത് നാടകം; പിടിച്ചെടുത്തത് പലചരക്കു കടയിലെ ബില്ലും പുസ്തകവുമെന്ന് ബന്ധുക്കൾ; ജീനയെ കുടുക്കാൻ ഒത്താശയുമായി ഭരണകക്ഷി നേതാക്കളും; ഡയറക്ടർമാർ ജാമ്യം നേടിയാൽ നിക്ഷേപകരുടെ പണം സെറ്റിൽ ചെയ്യാമെന്നും വാഗ്ദാനം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പുകേസിൽ പണം നഷ്ടപ്പെട്ടവരുടെ കോടികളുടെ ബാധ്യത കേസിലെ അഞ്ചാംപ്രതിയായ കണ്ണൂർ ആദികടലായി വട്ടക്കുളം സ്വദേശിനി സി.കെ ജീനയുടെ തലയിൽ കെട്ടിവയ്ക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതായി പരാതി. പുതുതായി പരാതി നൽകാൻ വരുന്നവരോട് ക്രൈംബ്രാഞ്ചും പൊലിസും ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം സ്വദേശി ഷൗക്കത്തിലി, ഗഫൂർ, ആന്റണി സണ്ണി എന്നിവർക്കെതിരെയല്ല പരാതി നൽകേണ്ടതെന്നും ജീനയാണ് മുഖ്യപ്രതിയായണെന്നുമാണ് ക്രൈംബ്രാഞ്ചും പൊലിസും പറയുന്നതെന്നാണ് ജീനയുടെ ഭർത്താവും ബന്ധുക്കളും ആരോപിക്കുന്നത്. കേസിൽ നിന്നും ഡയറക്ടർമാരെ ഒഴിവാക്കാനും കോടികളുടെ നിക്ഷേപതട്ടിപ്പിനു ഉത്തരവാദികൾ ജീനയും മറ്റുജീവനക്കാരുമാണെന്ന് വരുത്തി തീർക്കാനുള്ള ആസൂത്രിതമായമായ നീക്കമാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്മാർ ശ്രമിക്കുന്നതെന്നാണ് വിവരം.

ഒരാഴ്‌ച്ച മുൻപ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ജീനയുടെ ആദികടലായി വട്ടക്കുളത്തെ വീട്ടിൽ റെയ്ഡു നടത്തിയിരുന്നു. ഇവിടെ നിന്നും ചില രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നതെങ്കിലും പലചരക്ക് കടയിലെ പറ്റു പുസ്തകവും മറ്റു കടലാസുകളുമാണ് പിടിച്ചെടുത്തതെന്ന് കുടുംബാംഗങ്ങൾ പറയുന്നത്. മാത്രമല്ല അർബൻ നിധിയിൽ നിക്ഷേപിച്ച ജീനയുടെയും ഭർത്താവിന്റെയും ബന്ധുക്കളുടെ ഒന്നേകാൽ കോടിരൂപയാണ് നഷ്ടമായത്. ഇതിൽ വിദേശത്തുള്ള ജീനയുടെ അടുത്ത ബന്ധു പരാതി നൽകാനെത്തിയപ്പോൾ ജീനയ്ക്കെതിരെയാണ് പരാതി നൽകേണ്ടതെന്നും അവരാണ് നിങ്ങളോട് പണം വാങ്ങിയതെന്നുമായിരുന്നു പൊലിസിന്റെ ഉപദേശം.

ഷൗക്കത്തലിയെയും ആന്റണിയെയും ഗഫൂറിനെയും എങ്ങനെയെങ്കിലും ജാമ്യത്തിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് പൊലിസ് നടത്തുന്നതെന്ന ആരോപണമാണ് ജീനയുടെ ഭർത്താവ് ഷാജ് ഉന്നയിക്കുന്നത്. പരാതി നൽകാനെത്തുവന്നരോട് ഡയറക്ടർമാരിൽ നിന്നും വസൂലാക്കാൻ ഏകദേശം മൂന്നുകോടി രൂപയോളം സ്വത്തുക്കൾ മാത്രമേയുള്ളൂവെന്നും അതു വീതം വച്ചാൽ നിക്ഷേപകർക്ക് രണ്ടായിരം രൂപ പോലും ലഭിക്കില്ലെന്നാണ് പൊലിസ് പറയുന്നത്. ഒരുഭരണകക്ഷി അനുകൂല അഭിഭാഷകന്റെ നേതൃത്വത്തിൽ വൻരാഷ്ട്രീയ ഇടപെടലിലൂടെ പൊലിസ് ലക്ഷങ്ങൾ ഡയറക്ടർമാരിൽ നിന്നും വാങ്ങി കേസിലെ മുഖ്യപ്രതികളായ ഡയറക്ടർമാരെ ജാമ്യത്തിലിറക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഡയറക്ടർമാർ പുറത്തിറങ്ങിയാൽ നിങ്ങളുടെ പണം തിരിച്ചു നൽകുമെന്ന പൊള്ളയായ വാഗ്ദ്ധാനമാണ് പൊലിസ് നിക്ഷേപകരോട് പറയുന്നത്.

പുതുതായി പരാതി നൽകാൻ വരുന്നവരോട് ഭരണകക്ഷിയിലെ പ്രമുഖനായ അഭിഭാഷകനെ കാണാനും പുറത്തുനിന്നുള്ള സെറ്റിൽമെന്റ് വഴിതീർക്കാനുള്ള മാർഗം തേടാനുമാണ് പൊലിസ് പറയുന്നത്. ചില ഭരണകക്ഷി നേതാക്കൾ അർബൻനിധി തട്ടിപ്പുകേസിലെ ഡയറക്ടർമാർക്കായി ഇടപെടുന്നുണ്ടെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജീനയുടെ ഭർത്താവിന് പരമ്പരാഗതമായി ലഭിച്ചസ്വത്തും ഗൾഫിൽ വിയർപ്പൊഴുക്കി നിർമ്മിച്ച വീടുംകണ്ടുകെട്ടാനുള്ള നടപടികളുമായാണ് ക്രൈംബ്രാഞ്ച് സാമ്പത്തികകുറ്റാന്വേഷണവിഭാഗം ഇപ്പോൾ മുൻപോട്ടുപോകുന്നത്.ജീനയുടെ അക്കൗണ്ടുകളും മറ്റുസ്വത്തുവിവരങ്ങളും മൊബൈൽ ഫോണും പരിശോധിച്ചതിൽ അന്യായമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും നിക്ഷേപകർക്കു നൽകുന്നതായി മുപ്പതുലക്ഷം രൂപ വിലമതിക്കുന്ന സ്വന്തം സ്വർണം ഇവർ പണയം വെച്ചതായും നേരത്തെ അന്വേഷിച്ച പൊലിസ് സംഘം കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിവരങ്ങൾ പുറത്തുവിടണമെന്നുമാണ് ജീനയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

അർബൻനിധി തട്ടിപ്പുകേസിലെ ഇരയായ സി.കെ ജീനയെ മാത്രം വേട്ടയാടുന്ന പൊലിസ് നടപടിയിൽ പകച്ചു നിൽക്കുകയാണ് ജീനയുടെ കുടുംബം.തങ്ങൾക്ക് ആത്മഹത്യയല്ലാതെ മറ്റുവഴികളൊന്നുമില്ലെന്നാണ് ജീനയുടെ ഭർത്താവും അവരുടെ കുടുംബവും പറയുന്നത്. ഒരു മകൻ മാത്രമേ ജീനയ്ക്കുള്ളൂ. നിക്ഷേപകരുടെ ഭീഷണിയെ തുടർന്ന് നാടുവിടേണ്ടി വന്ന ഭർത്താവിനും മകനും അടുത്ത കാലത്താണ് വീണ്ടും വീട്ടിലെത്തിയത്. സിറ്റി പൊലിസ് സംരക്ഷണം നൽകുന്നതു കൊണ്ടു മാത്രമാണ് തങ്ങൾക്ക് ഇവിടെ താമസിക്കാൻ കഴിയുന്നതെന്നും ജീനയുടെ ഭർത്താവ് ഷാജ് പറഞ്ഞു.

താൻ ഭാര്യയ്ക്കു വേണ്ടി ഹൈക്കോടതിയിൽ കേസ് നടത്തുന്നില്ലെന്നും ജീന ജീവിതാവസാനംവരെ ജയിലിൽ കിടന്നാലും തങ്ങളെ ചതിച്ചു നാട്ടുകാരുടെ പണം തട്ടിയവരെ വെറുതെ വിടില്ലെന്നും ഷാജ്പറഞ്ഞു. ഇതിനിടെ അർബൻനിധി നിക്ഷേപതട്ടിപ്പുകേസിൽ ചില നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസിലെ മൂന്നാംപ്രതി മലപ്പുരം ചങ്ങരംകുളം സ്വദേശി ഷൗക്കത്തലിയുടെ അടയ്ക്കാകയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളികളായ മലപ്പുറം ജസീനയാണ് അർബൻനിധികമ്പിനിയുടെ മാനേജിങ് ഡയറക്റെന്ന് അന്വേഷണ സംഘംകണ്ടെത്തിയതായി സൂചനയുണ്ട്. ജസീനയുടെ മാതാവും അമ്മാവനും ഉൾപ്പെടെയുള്ള ബന്ധുക്കൾ കമ്പിനിയിലെ ഡയറക്ടർമാരാണ്.

അർബൻ നിധി സ്ഥാപനത്തിന്റെ നൂറിലധിക ചെക്കുകളിൽ ജസീന ഒപ്പിട്ടിരുന്നതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. കമ്പിനി പൊളിഞ്ഞാൽ കുറ്റം മുഴുവൻ മറ്റുള്ളവരുടെ മേൽ കെട്ടിവെച്ചുരക്ഷപ്പെടാൻ മാസങ്ങൾക്കു മുൻപെ തന്നെ ഷൗക്കത്തലി കരുക്കൾ നീക്കിയിരുന്നുവെന്നാണ് വിവരം. ഷൗക്കത്തലി ചങ്ങരം കുളത്ത് കോടികൾ ചെലവഴിച്ചു വീടുകൾ നിർമ്മിച്ചിരുന്നു. എന്നാൽ വീടുംസ്ഥലവും ബന്ധുക്കളുടെ പേരിലാണ് എഴുതിവെച്ചത്. ഭാര്യയുടെ സഹോദരിയുടെ പേരിലാണ് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ മാറ്റിയത്. ഈക്കാര്യവും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെയാണ് തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരൻ ഷൗക്കത്തലിയാണെന്ന സൂചന പുറത്തുവന്നത്.

ഷൗക്കത്തലിയാണ് അർബൻ നിധി തട്ടിപ്പിനു പിന്നിൽ ചരടുവലിച്ചതെന്നു പകൽ പോലെ വ്യക്തമായിട്ടും ഇയാളെ രക്ഷിക്കുന്നതിനായി ജീനയെയും മറ്റുള്ളവരെയും കുടുക്കാനുള്ള അണിയറ നീക്കമാണ് പൊലിസ് നടത്തുന്നത്. ഷൗക്കത്തലിയും ഗഫൂറും ആന്റണിയും ജാമ്യത്തിലിറങ്ങിയാൽ നിക്ഷേപകർക്ക് പണം ലഭിക്കുമെന്ന് പൊലിസ് പരാതിക്കാരായ നിക്ഷേപകരോട് രഹസ്യമായി പറയുന്നുണ്ടെങ്കിലും ഇവർ വിദേശത്തു മുങ്ങുകയും പിന്നെ പൊടിപോലും ലഭിക്കില്ലെന്നുമാണ് വിവരം. വിദേശത്ത് അത്രമാത്രം വേരുകളുണ്ട് പ്രതികൾക്ക്. നിക്ഷേപത്തിന്റെ ബഹുഭൂരിപക്ഷവും കടത്തിയത് വിദേശത്താണെങ്കിലും അതു ഇതുവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കഴിഞ്ഞിട്ടുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP