Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരഞ്ഞെടുപ്പുകളിൽ പിന്തുണ യുഡിഎഫിന്; ചർച്ച നടത്തിയത് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ളവരോട്; ധാരണ പ്രാദേശിക തലത്തിൽ മാത്രം; യുഡിഎഫ് ബന്ധം സ്ഥിരീകരിച്ച് വെൽഫയർ പാർട്ടി നേതാക്കൾ മറുനാടനോട്; വെൽഫെയറിനെ വർഗീയവാദികളാക്കുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചപ്പോഴെന്ന് എം.എം.ഹസനും; അണിയറയിൽ യുഡിഎഫ്-വെൽഫെയർ സഖ്യം റെഡി

തിരഞ്ഞെടുപ്പുകളിൽ പിന്തുണ യുഡിഎഫിന്; ചർച്ച നടത്തിയത് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ളവരോട്; ധാരണ പ്രാദേശിക തലത്തിൽ മാത്രം; യുഡിഎഫ് ബന്ധം സ്ഥിരീകരിച്ച് വെൽഫയർ പാർട്ടി നേതാക്കൾ മറുനാടനോട്; വെൽഫെയറിനെ വർഗീയവാദികളാക്കുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചപ്പോഴെന്ന് എം.എം.ഹസനും; അണിയറയിൽ യുഡിഎഫ്-വെൽഫെയർ സഖ്യം റെഡി

എം മനോജ് കുമാർ

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നുണ്ടെങ്കിലും വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തി. ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ ആയ സമയത്ത് ബെഹന്നാനുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തിയത്. ഈ ചർച്ചയാണ് യുഡിഎഫ് ഇപ്പോൾ നിഷേധിക്കുന്നത്. ചർച്ച നടത്തിയ കാര്യം യുഡിഎഫ് നേതാക്കൾ നിഷേധിക്കുന്നതിലുള്ള അമ്പരപ്പ് വെൽഫെയർ പാർട്ടി നേതാക്കൾ വെച്ചു പുലർത്തുന്നുണ്ട്.

ചെന്നിത്തലയും ബെന്നി ബഹന്നാനുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫുമായി സഹകരിക്കാൻ വെൽഫെയർ പാർട്ടി നേതാക്കൾ തീരുമാനിച്ചത്. യുഡിഎഫുമായി ചർച്ച നടന്ന കാര്യം വെൽഫെയർ പാർട്ടി വൃത്തങ്ങൾ മറുനാടനോട് സ്ഥിരീകരിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫുമായി സഹകരിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചത്. പരസ്യമായി പറയാൻ യുഡിഎഫ് നേതൃത്വം മടിക്കുന്നുണ്ടെങ്കിലും രഹസ്യ സഖ്യം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ഈ രഹസ്യ തീരുമാന പ്രകാരമാണ് വരുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ നൽകാൻ വെൽഫെയർ പാർട്ടി നേതാക്കൾ തീരുമാനിച്ചത്.

കേരളം മുഴുവൻ മുസ്ലിം ലീഗുമായി വെൽഫെയർ പാർട്ടി കൈകോർത്ത് പ്രവർത്തിക്കും. ഇതിനർത്ഥം യുഡിഎഫുമായി കൈകോർത്ത് പ്രവർത്തിക്കും എന്നത് തന്നെയാണ്. യുഡിഎഫിന് പിന്തുണ നൽകുന്ന കാര്യത്തിൽ സംസാരിക്കാൻ രമേശ് ചെന്നിത്തലയും ബെന്നി ബഹന്നാനും അടക്കമുള്ള യുഡിഎഫ് നേതാക്കളെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചിരുന്നു. യുഡിഎഫ് നേതാക്കൾ അറിഞ്ഞുള്ള തീരുമാനമാണ് വെൽഫെയർ പാർട്ടിയുമായുള്ള സഖ്യ തീരുമാനം. യുഡിഎഫിൽ നിന്നും വന്ന ഗ്രീൻ സിഗ്‌നൽ കാണിച്ചത് അനുസരിച്ചാണ് പരസ്പരം സഹകരിക്കാനുള്ള തീരുമാനമുണ്ടായത്. അതുകൊണ്ട് തന്നെ വെൽഫെയർ പാർട്ടി സഖ്യത്തെ യുഡിഎഫ് നേതാക്കൾക്ക് തള്ളിക്കളയാൻ കഴിയില്ല.

ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ ആയ സമയത്ത് തന്നെ ചർച്ച നടന്നു. സഖ്യ തീരുമാനം താഴെ ഘടകങ്ങളിലേക്ക് നൽകാം എന്നാണ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പറഞ്ഞത്. പക്ഷെ തീരുമാനം താഴെ തട്ടിലേക്ക് നൽകിയിട്ടില്ലെന്നാണ് വിവാദത്തിന്റെ സാഹചര്യത്തിൽ ഇപ്പോൾ മനസിലാകുന്നതെന്നു വെൽഫെയർ പാർട്ടി നേതാക്കൾ മറുനാടനോട് പറഞ്ഞു. കേരളം മുഴുവൻ പ്രാദേശിക തലത്തിൽ നീക്കുപോക്കുകൾ ഇത്തവണ യുഡിഎഫുമായി ഉണ്ടാകും. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രീതിയിലാണ് വെൽഫെയർ പാർട്ടി തീരുമാനം. മുസ്ലിം ലീഗുമായി സഹകരിക്കാൻ നേരിട്ട് തന്നെ തീരുമാനം എടുത്തിട്ടുണ്ട്. ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇത് പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് സഖ്യത്തിൽ ഒരു മാറ്റവുമില്ലെന്നും വെൽഫെയർ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വെൽഫെയർ പാർട്ടി സഖ്യത്തിനെ തള്ളിക്കളയാൻ യുഡിഎഫ് കൺവീനർ എം.എം.ഹസൻ തയ്യാറല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി അവർ സഹകരിച്ചു പ്രവർത്തിച്ചു.

എൽഡിഎഫുമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം ഉണ്ടാക്കിയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ നിലപാടെടുത്ത് മതേതരത്വം സംരക്ഷിക്കാൻ അവർ യുഡിഎഫിനെ സഹായിച്ചു. അതുവരെ അവർ സിപിഎമ്മുമായാണ് സഹകരിച്ചത്. മുക്കം പഞ്ചായത്തിൽ ഇപ്പോഴും ഭരണം തുടരുന്നത് സിപിഎം-ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. സിപിഎമ്മിനെ സഹായിച്ചപ്പോൾ അവർ വലതുപക്ഷ തീവ്രവാദികൾ ഒന്നുമല്ലായിരുന്നു. ഇപ്പോൾ യുഡിഎഫുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹകരിച്ചതോടെയാണ് അവർ വലതുപക്ഷ വർഗീയവാദികൾ ആയി അവർ മുദ്രകുത്തപ്പെടുന്നത്. വെൽഫയർ പാർട്ടി യുഡിഎഫ് സഖ്യകക്ഷിയല്ല. സഖ്യം വേണമെന്നും യുഡിഎഫ് സഖ്യ കക്ഷിയാക്കണമെന്നും വെൽഫയർ പാർട്ടി ആവശ്യപ്പെട്ടാൽ അത് ഞങ്ങൾ അപ്പോൾ തീരുമാനിക്കും. പക്ഷെ പ്രാദേശിക തലത്തിലെ നീക്കുപോക്കിന്റെ കാര്യം 23 നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ തീരുമാനിക്കും-യുഡിഎഫ് കൺവീനർ എം.എം.ഹസൻ മറുനാടനോട് പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി ഞങ്ങൾ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞത് മുൻപ് മുല്ലപ്പള്ളിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടിരുന്നു എന്നാണ്. എല്ലാ പാർട്ടിക്കാരും തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെ വന്നു കാണും. ഞങ്ങളുടെ നയം യുഡിഎഫിനു അകത്തുള്ള കക്ഷികൾ ആയല്ലാതെ സഖ്യം ആരുമായിട്ടും വേണ്ടെന്നാണ്. പുറത്തുള്ള ഒരു കക്ഷികളുമായും സഖ്യം തത്ക്കാലം ഇല്ല. എന്നാൽ സാമൂഹ്യ സംഘടനകൾ, സോഷ്യൽ ഗ്രൂപ്പുകൾ, മറ്റു സംഘടനകൾ എല്ലാം യുഡിഎഫിനെ സമീപിച്ചിട്ടുണ്ട്. അവരുമായി സഖ്യം വയ്ക്കും. സംഘടനകൾ മുന്നോട്ടു വന്നാൽ ഞങ്ങൾ ആലോചിക്കും. നീക്കുപോക്കിന്റെ കാര്യം യുഡിഎഫിൽ ആലോചിച്ച് തീരുമാനിക്കും.

ഞാൻ യുഡിഎഫ് കൺവീനർ ആയപ്പോൾ എല്ലാ മതനേതാക്കളെയും സാമൂഹ്യ സംഘടനകളെയും സന്ദർച്ചിരുന്നു. അതിന്റെ ഭാഗമായി ഞാൻ പലരെയും കണ്ടു. താമരശ്ശേരി ബിഷപ്പിനെ കണ്ടു. സൂസൈപാക്യത്തെ കണ്ടു. പാണക്കാട് തങ്ങളെ കണ്ടു. അതിനു ശേഷം സുന്നികളുടെ നേതാവ് കാന്തപുരത്തെ സന്ദർശിച്ചു. ആ ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ അമീറിനെയും കണ്ടു. അദ്ദേഹം വെൽഫെയർ പാർട്ടി ഭാരവാഹിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് വാർത്ത വന്നത്. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല. അവരുമായി ഐക്യം ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുമില്ല-ഹസൻ പറയുന്നു.

വെൽഫെയർ പാർട്ടി മറുനാടന് നൽകുന്ന വിശദീകരണം ഇങ്ങനെ: എം.എം.ഹസൻ സന്ദർശിച്ചത് ജമാഅത്തെ ഇസ്ലാമി അമീറിനെയാണ്. മുസ്ലിം വോട്ടുകൾ സമാഹരിക്കാൻ അവർ ഹസൻ മുസ്ലിം നേതാക്കളെ സന്ദർശിച്ചു. വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടിട്ടില്ല. പക്ഷെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ യുഡിഎഫിനാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയേയും മുല്ലപ്പള്ളിയെയെയും ബെന്നി ബഹന്നാനെയും പാർട്ടി നേതാക്കൾ സന്ദർച്ചിരുന്നു. യുഡിഎഫ് സഹകരണം തന്നെയാണ് ചർച്ചയാക്കിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ സഹകരണത്തെ തുടർന്ന് തുടർ സഹകരണ കാര്യത്തിൽ ചർച്ച ആകാമെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്.

കീഴ് ഘടകങ്ങൾക്ക് ഞങ്ങൾ അറിയിപ്പ് നൽകാം എന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. ചെന്നിത്തലയും പറഞ്ഞത് കീഴ്ഘടകങ്ങളിൽ അറിയിപ്പ് നൽകാം എന്നാണ്. പക്ഷെ അറിയിപ്പ് നൽകിയിട്ടില്ല. ചർച്ച നടന്ന കാര്യം ഞങ്ങളോട് അവർ നിഷേധിക്കുന്നില്ല. തീരുമാനം എടുത്തിട്ടില്ല എന്നാണ് യുഡിഎഫ് നേതാക്കൾ ഞങ്ങളോട് പറഞ്ഞത്. തീരുമാനം യുഡിഎഫിലാണ് വരുക. വരുന്ന 23 നു വരുന്ന യുഡിഎഫ് യോഗത്തിൽ ഇത് ചർച്ചയാകും. സംസ്ഥാന തലത്തിൽ ധാരണ പറഞ്ഞിട്ടില്ല. പ്രാദേശിക തലത്തിൽ നീക്കുപോക്കിനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഇടതുമുന്നണി ആണെങ്കിൽ ഇത്തവണ പിന്തുണ നൽകുന്നത് യുഡിഎഫിനാണ് -വെൽഫെയർ പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP