Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

ഗെലോട്ട് പിന്മാറിയതോടെ വാസ്‌നിക്കിനെ റെഡിയാക്കിയത് രണ്ട് കേരള നേതാക്കൾ; തിരുവനന്തപുരം എംപിയുടെ പത്രികയിൽ മലയാളി ആരും ഒപ്പിടരുതെന്ന 'രാജ ശാസന' വെറുതെയായി; നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത് 15 കേരളാ നേതാക്കൾ; ജി 23 ഗ്രൂപ്പിന് അപ്പുറത്തേക്ക് താൻ സ്വീകാര്യനെന്ന് തെളിയിച്ച് വിശ്വപൗരന്റെ മാസ്റ്റർ സ്‌ട്രോക്ക്; കോൺഗ്രസിൽ ത്രികോണ പോരിന്' ശശി തരൂർ കച്ച മുറുക്കുമ്പോൾ

ഗെലോട്ട് പിന്മാറിയതോടെ വാസ്‌നിക്കിനെ റെഡിയാക്കിയത് രണ്ട് കേരള നേതാക്കൾ; തിരുവനന്തപുരം എംപിയുടെ പത്രികയിൽ മലയാളി ആരും ഒപ്പിടരുതെന്ന 'രാജ ശാസന' വെറുതെയായി; നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത് 15 കേരളാ നേതാക്കൾ; ജി 23 ഗ്രൂപ്പിന് അപ്പുറത്തേക്ക് താൻ സ്വീകാര്യനെന്ന് തെളിയിച്ച് വിശ്വപൗരന്റെ മാസ്റ്റർ സ്‌ട്രോക്ക്; കോൺഗ്രസിൽ ത്രികോണ പോരിന്' ശശി തരൂർ കച്ച മുറുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ആരും ഒപ്പിടരുതെന്ന 'ഹൈക്കമാണ്ടിലെ മലയാളിയുടെ' നിർദ്ദേശം കേരളം തള്ളി. കേരളത്തിലെ 15 നേതാക്കളാണ് തരൂരിന്റെ പത്രികയിൽ ഒപ്പിട്ടത്. തരൂർ വെള്ളിയാഴ്ച പത്രിക നൽകും. കേരളത്തിലെ പല പ്രമുഖരും പത്രികയിൽ ഒപ്പിട്ടിട്ടുണ്ടെന്നാണ് സൂചന. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ അപ്രതീക്ഷിത പിന്തുണയാണ് തരൂരിന് കേരളത്തിൽ നിന്ന് കിട്ടുന്നത്. 20 പേർ നാമനിർദ്ദേശം ചെയ്താലേ തരൂരിന് മത്സരിക്കാനാകൂ. ജി 23 ഗ്രൂപ്പിന്റെ പിന്തുണയ്ക്ക് പുറത്തേക്ക് തരൂരിന് പിന്തുണ കിട്ടുമെന്ന് തെളിയിക്കുന്നതാണ് പട്ടികയിൽ ഒപ്പിട്ട കേരളത്തിലെ നേതാക്കളുടെ സാന്നിധ്യം.

സെപ്റ്റംബർ മുപ്പത്, വെള്ളിയാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മത്സര രംഗത്തുള്ളത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങും തിരുവനന്തപുരം എംപി. ശശി തരൂരും പിന്നെ മുകൾ വാസ്‌നികും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള രാജസ്ഥാൻ കലാപവും ഒച്ചപ്പാടും ഒടുവിൽ മാപ്പപേക്ഷയുമൊക്കെയായി അശോക് ഗലോട്ട് മത്സര രംഗത്തുനിന്ന് പിന്മാറിയതോടെയാണ് മത്സരം തരൂരിലേക്കും ദിഗ്‌വിജയിലേക്കും വാസ്‌നിക്കിലേക്കും മാറുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് തരൂർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട്് ദിഗ് വിജയ് സിങും തയ്യാറായി. അവസാനം മുകൾ വാസ്‌നികും എത്തി. ഇതോടെ നെഹ്‌റു കുടുംബത്തിന്റെ പിന്തുണ വാസ്‌നിക്കിനായിരിക്കുമെന്ന ചർച്ചയും സജീവമായി.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പരസ്യമായി ആരേയും പിന്തുണയ്ക്കില്ല. തരൂരിനോട് മത്സരിക്കാനും ഇവർ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാഹുലിനൊപ്പമുള്ള ചില വിശ്വസ്തർ തരൂരിന് എതിരാണ്. ഇവരാണ് ഗെലോട്ടിനെ മത്സരിപ്പിക്കാൻ ശ്രമിച്ചത്. ഇത് രാജസ്ഥാനിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ഗെലോട്ട് പിന്മാറിയത്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും എകെ ആന്റണിയും അടക്കമുള്ള കേരളത്തിലെ ഹൈക്കമാണ്ട് നേതാക്കൾ തരൂരിനെ അംഗീകരിക്കുന്നില്ലെന്നാണ് സൂചന. വാസ്‌നിക്കിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചതും ആന്റണിയുടെ നേതൃത്വത്തിലാണ്. ട്രക്ക് അഴിമതിക്കേസിൽ കോടതിയിൽ മൊഴി കൊടുക്കാനെത്തിയ ആന്റണി ചില നിർണ്ണായക ഇടപെടലുകൾ ഇക്കാര്യത്തിൽ നടത്തി.

അതുകൊണ്ട് തന്നെ കേരളത്തിലെ ആരും തരൂരിനെ നാമനിർദ്ദേശം ചെയ്യില്ലെന്നായിരുന്നു പ്രതീക്ഷ. ഇതു തെറ്റിച്ചാണ് 15 പേർ ഒപ്പിടാൻ സമ്മതിച്ചത്. ഒന്നിലധികം സെറ്റ് പത്രിക തരൂർ സമർപ്പിക്കുമെന്നാണ് സൂചന. ദിഗ് വിജയ് സിംഗും തരൂരും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വാസ്‌നിക് ഇനിയും പരസ്യമായി പറഞ്ഞിട്ടില്ല. എന്നാൽ മത്സരിക്കുമെന്ന് തന്നെയാണ് സൂചന. ഇതോടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ത്രികോണ പോര് ഉറപ്പായി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതിയാകുമ്പോഴേ യഥാർത്ഥ മത്സര ചിത്രം തെളിയൂവെന്നതാണ് മറ്റൊരു വസ്തുത. ഏതായാലും തരൂരും വാസ്‌നിക്കും മത്സരിക്കാനുണ്ടാകും.

കോൺഗ്രസ് പ്രവർത്തകരുടെ സ്ഥാനാർത്ഥിയായി തരൂരും ഹൈക്കമാണ്ട് സ്ഥാനാർത്ഥി ആയി ദിഗ് വിജയ് സിങ് മത്സരിക്കുമെന്ന തരത്തിൽ കേരളത്തിൽ തരൂരിനായി പ്രചരണവും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വാസ്‌നിക് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായത്. ഇതോടെയാണ് ത്രികോണ പോര് സാധ്യത ചർച്ചയായത്. മനീഷ് തിവാരി മത്സരിക്കില്ലെന്നും ഉറപ്പായി. തന്റെ പത്രികയിൽ ആരെല്ലാമാണ് ഒപ്പിട്ടതെന്ന വിവരം തരൂർ ക്യാമ്പ് രഹസ്യമായി സൂക്ഷിക്കുകയാണ്. പത്രിക സമർപ്പണത്തോടെ മാത്രമേ ഇത് പുറത്തെത്തൂ. നല്ല തയ്യാറെടുപ്പുമായി പ്രസിഡന്റായി മത്സരിക്കാനാണ് തരൂർ തയ്യാറെടുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. എല്ലാ സംസ്ഥാനത്തും തരംഗമായി മാറുന്ന തരത്തിൽ പോസിറ്റീവ് പ്രചരണമാകും തരൂർ നടത്തുക. ദിഗ് വിജയ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തരൂരും ദിഗ് വിജയും മത്സരിച്ചാൽ മലയാളി നേതാവിന് മുൻതൂക്കം കിട്ടുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് വാസ്‌നിക്കിനെ സ്ഥാനാർത്ഥിയാക്കി കളികൾ നടക്കുന്നത്. പാർട്ടിയിൽ സമൂലപരിഷ്‌കരണം വേണമെന്ന് നിരന്തര ആവശ്യം ഉന്നയിക്കുന്ന, അംഗങ്ങൾ കൊഴിഞ്ഞ പരിഷ്‌കരണവാദി സംഘത്തിലെ അംഗമാണ് തരൂർ. 2009-ലാണ് അദ്ദേഹം കോൺഗ്രസിൽ അംഗമാകുന്നത്. തരൂർ വിശ്വപൗരനാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും അദ്ദേഹം അധ്യക്ഷപദത്തിലേക്ക് മത്സരിക്കുന്നതിനോട് സ്വന്തം സംസ്ഥാനമായ കേരളത്തിൽനിന്നു പോലും എതിർപ്പുണ്ടെന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രചരണം നടത്തി. മന്ത്രിയും എംപിയും ആയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അണികൾക്കിടയിലെ സ്വീകാര്യതയെയാണ് അവർ ചോദ്യം ചെയ്യുന്നത്. തുടർച്ചയായി മൂന്നുവട്ടം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലെത്തിയ പരിഗണനയൊന്നും ഇക്കാര്യത്തിൽ തരൂരിന് ലഭിക്കുന്നില്ലെന്നായിരുന്നു അവരുടെ വാദം. ഇതാണ് 15 കേരള നേതാക്കളുടെ ഒപ്പ് വാങ്ങി തരൂർ പൊളിക്കുന്നത്.

സോണിയ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കത്തുകൾ അയച്ചതാണ് ശശി തരൂർ പാർട്ടിക്ക് നൽകിയ പ്രധാന സംഭാവന എന്നായിരുന്നു പാർട്ടി വക്താവ് ഗൗരവ് വല്ലഭ് പന്ത് പരിഹസിച്ചത്. രാഹുൽ അല്ലെങ്കിൽ ഗാന്ധികുടുംബത്തിന്റെ ആശീർവാദമുള്ള ഒരാൾ. അതിനപ്പുറത്തുനിൽക്കുന്ന ആരെയും അധ്യക്ഷപദത്തിൽ കാണാൻ താൽപര്യപ്പെടാത്തവരാണ് ഭൂരിപക്ഷവുമെന്നും വിശദീകരിച്ചു. തരൂരിനെ എതിർക്കില്ലെന്ന് സോണിയയും രാഹുലും പറഞ്ഞതിന് ശേഷമായിരുന്നു ഇത്തരം പ്രചരണം നടക്കുന്നത്. ഗെലോട്ടും തരൂരും തമ്മിലാകും മത്സരം എന്നു കരുതിയിടത്ത് രാജസ്ഥാൻ മുഖ്യമന്ത്രിക്കസേര സൃഷ്ടിച്ച കോലാഹലമാണ് എല്ലാം മാറ്റി മറിച്ചത്. ദിഗ് വിജയ് സിംഗിനൊപ്പം വാസ്‌നിക് മത്സരിക്കുമ്പോൾ രാഹുൽ ക്യാമ്പിന്റെ സ്ഥാനാർത്ഥി വാസ്‌നിക് ആകുമെന്ന് ഉറപ്പാണ്.

തുടർച്ചയായി രണ്ടുവട്ടം മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുള്ള ദിഗ് വിജയ് എന്ന 75-കാരനെ കോൺഗ്രസ് നേതൃത്വത്തിനൊപ്പം ചേർന്ന് നിന്ന നേതാവാണ്. 1993 മുതൽ 2003 വരെയാണ് ദിഗ് വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. സംഘടനാപരവും ഭരണപരവുമായ പ്രവൃത്തിപരിചയം ആവോളമുള്ളയാളാണ് ഇദ്ദേഹം. മറ്റാർക്കും വഴങ്ങുകയുമില്ല. ഇത് മനസ്സിലാക്കി കൂടിയാണ് എ.കെ. ആന്റണി കരുനീക്കം നടന്നത്. മുകുൾ വാസ്‌നിക്കിൽ സമ്മർദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ് ചെയ്തത്. മുകൾ വാസ്‌നിക് ജയിച്ചാൽ കോൺഗ്രസിലെ കിങ് മേക്കറായി വീണ്ടും ആന്റണി മാറും. ഇതിനിടെയാണ് തരൂരിന് കേരളത്തിൽ നിന്നും 15 നേതാക്കളുടെ പിന്തുണ കിട്ടുന്നത്. ഇത് ദേശീയ തലത്തിൽ വലിയ ചർച്ചയാകും.

പാർട്ടിയിൽ സമൂലപരിഷ്‌കരണം ആവശ്യപ്പെട്ട് ഒത്തുചേർന്ന നേതാക്കളുടെ കൂട്ടായ്മയായിരുന്നു ജി 23. ഉന്നയിച്ച ആവശ്യങ്ങൾ ആവർത്തിച്ച് നിരാകരിക്കപ്പെട്ടതോടെ പരിഷ്‌കരണവാദികളുടെ എണ്ണത്തിൽ പിൽക്കാലത്ത് കുറവുണ്ടായി. കപിൽ സിബലും ഗുലാം നബി ആസാദുമൊക്കെ കോൺഗ്രസിൽ നിന്ന് വഴിപിരിഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് ഗുലാം നബി സ്വന്തം പാർട്ടി രൂപവത്കരിച്ചത്. മത്സരിക്കുമെന്ന് തരൂർ വ്യക്തമാക്കിയതോടെ 22 കൊല്ലത്തിനിടെ ഇതാദ്യമായാണ് കോൺഗ്രസ് തലപ്പത്തേക്ക് മത്സരം നടക്കുന്നത്. ഇതിനു മുൻപ് 2000 നവംബറിലായിരുന്നു അധ്യക്ഷപദത്തിലേക്ക് മത്സരം നടന്നത്. അന്ന് സോണിയ ഗാന്ധി, ജിതേന്ദ്ര പ്രസാദിനെ പരാജയപ്പെടുത്തി. അതിനു മുൻപ് 1997-ലും അധ്യക്ഷപദത്തിലേക്ക് ത്രികോണ മത്സരം നടന്നിരുന്നു. അന്ന് സീതാറാം കേസരി രാജേഷ് പൈലറ്റിനെയും ശരദ് പവാറിനെയുമാണ് പരാജയപ്പെടുത്തിയത്.

രാജ്യത്തൊട്ടാകെ സാന്നിധ്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലോക്സഭയിലെ അംഗസംഖ്യ 53-ൽനിന്ന് ഉയർത്തി കോൺഗ്രസിന്റെ ജീവൻ വീണ്ടെടുക്കുക എന്ന ദൗത്യം പുതിയ അധ്യക്ഷനാണ് ഏറ്റെടുക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP