Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല; ചാനൽ ജോലിക്ക് അരുൺകുമാറിന് നൽകിയ വിവാദ അനുമതി അടിയന്തര സിൻഡിക്കേറ്റ് പിൻവലിച്ചു; അനുമതി നീട്ടി ചോദിച്ചുള്ള അപേക്ഷ നിഷ്‌ക്കരുണം തള്ളി; തെറ്റ് തിരുത്താനുള്ള കാരണം മന്ത്രി ജലീലിന്റെ ഉറച്ച നിലപാട്; ഇനി ട്വന്റി ഫോറിന്റെ ഫ്‌ളോറിലെ വാർത്ത വായനയ്ക്ക് ഖജനാവിൽ നിന്ന് വേതനം കിട്ടില്ല; ഇനി 'മൊട്ട' അരുണിനെതിരെ വിജിലൻസ് അന്വേഷണവും

ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല; ചാനൽ ജോലിക്ക് അരുൺകുമാറിന് നൽകിയ വിവാദ അനുമതി അടിയന്തര സിൻഡിക്കേറ്റ് പിൻവലിച്ചു; അനുമതി നീട്ടി ചോദിച്ചുള്ള അപേക്ഷ നിഷ്‌ക്കരുണം തള്ളി; തെറ്റ് തിരുത്താനുള്ള കാരണം മന്ത്രി ജലീലിന്റെ ഉറച്ച നിലപാട്; ഇനി ട്വന്റി ഫോറിന്റെ ഫ്‌ളോറിലെ വാർത്ത വായനയ്ക്ക് ഖജനാവിൽ നിന്ന് വേതനം കിട്ടില്ല; ഇനി 'മൊട്ട' അരുണിനെതിരെ വിജിലൻസ് അന്വേഷണവും

എം മനോജ് കുമാർ

തിരുവനന്തപുരം: ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ്. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതി കേരള യൂണിവേഴ്‌സിറ്റി പിൻവലിച്ചു. അരുൺകുമാറിന്റെ വാർത്ത വായന വിവാദമായി തുടരവേ ഇന്നലെ വൈകീട്ട് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് അരുൺകുമാറിന് നൽകിയ അനുമതി പിൻവലിച്ചത്. സോഷ്യൽ മീഡയയിൽ ഏറെ ചർച്ചയായ വ്യക്തിയാണ് 'മൊട്ട' എന്ന് അറിയപ്പെടുന്ന അരുൺകുമാർ. ഇതോടെ യൂണിവേഴ്‌സിറ്റിയിൽ നിന്നും 24 ന്യൂസ് ചാനലിൽ ജോലി ചെയ്തതിന് ശമ്പളം വാങ്ങിച്ച വിഷയത്തിൽ അരുണിനെതിരെ വിജിലൻസ് അന്വേഷണം എന്ന ആവശ്യവും ശക്തമാകുകയാണ്.

കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്‌റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ കഴിഞ്ഞ ദിവസങ്ങളിൽ തുടരൻ വാർത്തകൾ നൽകിയിരുന്നു. പ്രശ്‌നത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തിൽ നിന്നും വന്നത്. മന്ത്രിയിൽ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നും എതിർ പ്രതികരണങ്ങൾ വന്നതോടെയാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് ഇന്നലത്തെ സിൻഡിക്കേറ്റ് യോഗം തിരുത്തിയത്. അരുൺകുമാറിന് നൽകിയ വിവാദ അനുമതി റദ്ദ് ചെയ്‌തേക്കും എന്ന് വാർത്തകളിൽ മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു. മറുനാടൻ വാർത്തയും വിരൽ ചൂണ്ടലും ശരി തന്നെയാണ് ഇന്നലത്തെ സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനവും തെളിയിക്കുന്നത്.

മറുനാടന് ലഭിക്കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ ഈ ജൂലൈ 31വരെയാണ് ചാനൽ പ്രോജക്റ്റ് എന്ന പേരിൽ പ്രതിഫലമില്ലാതെ ചാനലിൽ ജോലി ചെയ്യാനുള്ള ഉത്തരവ് സർവ്വകലാശാല ഇറക്കി നൽകിയത്. അത് വാർത്താവായനയ്ക്കുള്ള അനുമതിയില്ല നൽകിയത്. ഈ ഉത്തരവ് വളച്ചോടിച്ചാണ് വാർത്താവായനയിൽ അരുൺ കുമാർ ഏർപ്പെട്ടത്. വാർത്താ വായന വിവാദമായപ്പോൾ, ജൂലൈയിൽ ഈ അനുമതി അവസാനിക്കും എന്നുള്ളതുകൊണ്ട് തിടുക്കപ്പെട്ടു തന്നെ അരുൺകുമാർ സിൻഡിക്കേറ്റിനു മുന്നിൽ വീണ്ടും അപേക്ഷയുമായി എത്തുകയായിരുന്നു. വിസി തന്നെയാണ് അരുൺകുമാറിന് നൽകിയ അനുമതി റദ്ദ് ചെയ്തതായി സിൻഡിക്കേറ്റ് യോഗത്തിൽ പ്രഖ്യാപിച്ചത്. തീരുമാനം ഇന്നലത്തെ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായതോടെ ഇന്നു മുതൽ അരുൺകുമാറിന് ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ വാർത്താവായനയിൽ ഏർപ്പെടാൻ കഴിയില്ലെന്നാണ് ലഭിക്കുന്ന സൂചന.

സർവ്വകലാശാലയിൽ നിലനിൽക്കുന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് അരുൺകുമാറിന് വേണ്ടി ഇത്തരം ഒരു വിചിത്ര ഓർഡർ മാർച്ചിൽ സർവ്വകലാശാല ഇറക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിൽ പ്രൊബേഷനിൽ തുടരവേ ഇത്തരം ഒരു ഓർഡർ സർവ്വകലാശാല തന്നെ ഇറക്കിയത് അകത്തും പുറത്തും വിവാദമായി തുടരുകയായിരുന്നു. കേരള സർവ്വകലാശാല വിസിക്ക് പറ്റിയ തെറ്റായാണ് ഈ ഓർഡർ വിലയിരുത്തപ്പെട്ടത്. അരുൺകുമാറിന് സർവ്വകലാശാല നൽകിയ അനുമതി നൽകിയ രീതിയും അതിനു അവലംബിച്ച മാർഗവും ഉന്നത വിദ്യാഭ്യാസരംഗത്ത് കോളിളക്കമുണ്ടാക്കിയിരുന്നു. ചാനൽ പ്രോജക്റ്റ് എന്ന പേരിൽ അരുൺകുമാറിന് നൽകിയ ഉത്തരവ് പിൻവലിച്ചതായി സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ സി.ആർ.പ്രസാദ് മറുനാടനോട് സ്ഥിരീകരിച്ചു. ചാനൽ പ്രോജക്ടിന്റെ പേരിൽ നൽകിയ അനുമതി നീട്ടി കിട്ടാനായി അരുൺ കുമാർ അപേക്ഷ നൽകി. എക്സ്റ്റൻഷൻ വേണ്ടെന്നാണ് സിൻഡിക്കേറ്റ് തീരുമാനം വന്നത്. വാർത്ത വായിക്കാനുള്ള അനുമതിയല്ല അരുൺകുമാറിന് നൽകിയത്. കോവിഡ് കാലത്ത് ചാനലിൽ പ്രോജക്റ്റ് ചെയ്യാനുള്ള അനുമതിയാണ് നൽകിയത്-രജിസ്ട്രാർ പറയുന്നു.

സർവ്വകലാശാല നൽകിയ ഉത്തരവ് വളച്ചോടിച്ച് അത് വാർത്ത വായിക്കാനുള്ള അനുമതിയായി അരുൺകുമാർ മാറ്റുകയായിരുന്നു എന്നതാണ് കള്ളത്തരം. ഇത് വെളിയിൽ വന്നതോടെ കോവിഡ് കാലത്ത് ലഭിച്ച അനുമതി നീട്ടാനായി അരുൺകുമാർ വീണ്ടും സർവ്വകലാശാലയെ സമീപിക്കുകയായിരുന്നു. എന്നാൽ തങ്ങൾ മുൻപ് ചെയ്ത തെറ്റിനെക്കുറിച്ച് ധാരണയുണ്ടായിരുന്ന സിൻഡിക്കേറ്റ് യോഗം അരുൺകുമാറിന്റെ അപേക്ഷ തള്ളിക്കളയുകയും കോവിഡ് പ്രോജക്ടിന്റെ പേരിൽ നൽകിയ അനുമതി റദ്ദ് ചെയ്യുകയുമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുൺകുമാർ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി മാറിയത്.

കേരള സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ അരുൺ കുമാർ ജോലി ചെയ്യുന്ന പ്രശ്‌നത്തിൽ കേരള വിസി ഒറ്റപ്പെട്ടിരുന്നു. സർവ്വകലാശാല ഭരിക്കുന്ന ഇടത് സിൻഡിക്കേറ്റിനെ ഭയന്ന് അരുൺകുമാറിന്റെ ചട്ടലംഘനം വിസി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചട്ടലംഘനം മറുനാടൻ വാർത്തയാക്കിയപ്പോൾ വിസിയെ പിന്തുണയ്ക്കാൻ ആരും രംഗത്തെത്തിയില്ലെന്ന് ശ്രദ്ധേയവുമായിരുന്നു. സംഭവം സർവകലാശാലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയതാണ് വിലയിരുത്തൽ. അരുൺകുമാർ നടത്തിയ ഗുരുതരമായ ചട്ടലംഘനം മനസിലാക്കിയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് അരുൺ കുമാർ ചട്ടലംഘനം നടത്തിയെന്ന് മറുനാടനോട് പ്രതികരിച്ചത്. പ്രതിക്കൂട്ടിൽ അരുൺ കുമാർ മാത്രമല്ല കേരള വിസിയും കൂടിയുണ്ട് എന്ന ധ്വനി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നിരുന്നു.

കേരള വിസിക്ക് എതിരെ നിശിതമായ കുറ്റപ്പെടുത്തലാണ് ഉഷാ ടൈറ്റസിന്റെ ഭാഗത്ത് നിന്നും വന്നത്. സർക്കാർ റൂൾ തന്നെയാണ് യൂണിവേഴ്സിറ്റിയിലുമുള്ളത്. വാർത്താവതാരകനാകാൻ സർവ്വകലാശാലയുടെ അനുമതി തേടേണ്ടതുണ്ട്. അങ്ങനെ ഒരു അനുമതി തേടിയില്ലാത്ത പശ്ചാത്തലത്തിൽ ഇത് ചട്ടലംഘനം തന്നെയാണ്. സർവ്വകലാശാലയിൽ നിന്ന് അനുമതി തേടാതെ എങ്ങനെയാണ് അരുൺകുമാർ വാർത്താവതാരകനായി മാറിയത് എന്ന് മനസിലാകുന്നില്ല എന്നാണ് ഉഷാ ടൈറ്റസ് പറഞ്ഞത്. അരുൺകുമാർ പ്രശ്‌നത്തിൽ പ്രതികരണവുമായി പിന്നീട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും രംഗത്തെത്തിയിരുന്നു. വിസിക്ക് ആണ് പ്രശ്‌നത്തിലെ ഉത്തരവാദിത്തം എന്നാണ് മന്ത്രി മറുനാടനോട് പറഞ്ഞത്. പ്രശ്‌നത്തിൽ വിസിയാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പറഞ്ഞത് ഉത്തരം പറയേണ്ടത് കേരള വിസിയാണ് എന്ന ഒരൊറ്റ മറുപടിയാണ്.

പ്രശ്‌നത്തിൽ വിസി ഒറ്റപ്പെടുന്ന സൂചനകൾ തന്നെയാണ് മറുനാടൻ വാർത്തകളെ തുടർന്ന് വന്നത്. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാണ്. ഒരാൾ ചട്ടലംഘനം നടത്തുമ്പോൾ മറ്റു പലർക്കും ഇതേ പോലുള്ള ലംഘനങ്ങൾ നടത്താൻ പ്രേരണകൾ വരും. മറ്റുള്ളവരും ഈ രീതിയിലുള്ള സംരംഭങ്ങളുമായി വന്നാൽ അവർക്കും അരുൺ കുമാർ സ്‌റ്റൈലിൽ അനുവാദം നൽകേണ്ടി വരും. അതുകൊണ്ട് തന്നെ അരുൺ കുമാറിന്റെ കാര്യത്തിൽ ഗൗരവകരമായ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ ആലോചന വന്നിരുന്നു. ഇതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

സർവ്വകലാശാല തലത്തിൽ വന്ന ഗുരുതരമായ ചട്ടലംഘനം വൈസ് ചാൻസലർ കണ്ടില്ലെന്നു നടിച്ചതോടെയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബെഷനിൽ തുടരവേ തന്നെ ചാനലിൽ വാർത്താവതാരകനാകാൻ കൂടി അരുൺകുമാറിന് കഴിഞ്ഞത്. ചാനലിൽ നിന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നു പറഞ്ഞു സർവ്വകലാശാലയിൽ നിന്നാണ് അരുൺകുമാർ ശമ്പളം വാങ്ങുന്നത്. ഇത് കേരള വൈസ് ചാൻസലർ മഹാദേവൻ പിള്ള മറുനാടനോട് സമ്മതിക്കുകയും ചെയ്തിരുന്നു. അരുൺ കുമാറിന്റെ നടപടികളിൽ സർവീസ് ചട്ടലംഘനത്തിന്റെ ശക്തമായ സൂചനകളാണുള്ളത്. പ്രൊബേഷൻ സമയത്ത് സർവ്വകലാശാലയിൽ തുടരേണ്ട സമയത്താണ് അരുൺകുമാർ ചാനൽ സ്റ്റുഡിയോയിലും എത്തിയത്.

കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. നാലു മാസം മുൻപാണ് നിയമനം ലഭിച്ചത്. ഈ പോസ്റ്റിൽ പ്രൊബേഷനിൽ തുടരവേ തന്നെയാണ് ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ അരുൺകുമാർ വാർത്താവതാരകനായത്. യുജിസി നിരക്കിലുള്ള ശമ്പളം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ കൂടിയാകുന്നത്. കർശന നിബന്ധനകൾ നിലനിൽക്കുന്ന ഈ പ്രൊബേഷൻ സമയത്ത് തന്നെയാണ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് വാർത്താവതാരകാൻ കൂടിയായി അരുൺ കുമാർ ജോലി ചെയ്യുന്നത്. സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയതായി മനസിലാക്കിയതിനെ തുടർന്ന് അരുൺകുമാറിനെതിരെ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ തന്നെ ആലോചന തുടങ്ങിയിരുന്നു.

ജോലി പോലും നഷ്ടമായെക്കാവുന്ന തലത്തിലുള്ള ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് സ്വകാര്യ വാർത്താ ചാനലിൽ അവതാരകനാവുക വഴി അരുൺകുമാർ അനുവർത്തിച്ചിരിക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ലീവ് എടുക്കുക തന്നെ പ്രയാസമായിരിക്കുന്ന അവസ്ഥയിലാണ് സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഫലമില്ലാതെയുള്ള ജോലി എന്ന രീതിയിൽ അസിസ്റ്റന്റ്റ് പ്രൊഫസർ വാർത്താവതാരകനായി ജോലി നോക്കുന്നത്. മുൻ അസോസിയേറ്റ് എക്സിക്യുട്ടീവ് എഡിറ്റർ എന്നാണ് അരുൺ കുമാർ ഫെയ്സ് ബുക്ക് പേജിൽ വിശേഷിപ്പിക്കുന്നത്. ഇതേ ചാനലിൽ തന്നെയാണ് വാർത്താവതാരകനായി അരുൺകുമാർ ജോലി ചെയ്യുന്നത്. സർവ്വകലാശാലയിൽ യുജിസി സ്‌കെയിലിൽ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കെ ചാനലിൽ നിന്ന് താൻ പ്രതിഫലം കൈപ്പറ്റുന്നില്ല എന്ന അരുൺകുമാറിന്റെ വാദം സർവ്വകലാശാലയിൽ പോലും ആരും മുഖവിലക്ക് എടുത്തിരുന്നില്ല. 24 ന്യൂസ് ചാനൽ തുടങ്ങിയത് മുതൽ അരുൺ കുമാർ ചാനലിലെ വാർത്താവതാരകനായി രംഗത്തുണ്ട്.

പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് നാല് മാസം മുൻപ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്റ് പ്രൊഫസറായി ജോലി ലഭിക്കുന്നത്. സർവകലാശാലയിൽ നിന്ന് ശമ്പളം പറ്റുന്ന അരുൺകുമാർ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ലെന്നാണ് സർവ്വകലാശാല അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. വാർത്താവതാരകനായി ജോലി ചെയ്യവേ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ല എന്ന വിശദീകരണം സർവ്വകലാശാല അധികൃതർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അസിസ്റ്റന്റ് പ്രൊഫസർ പ്രൊബേഷൻ സമയത്ത് ചാനലിൽ വാർത്താവതാരകനായി മാറിയ സംഭവം ഗൗരവത്തോടെ സർവകലാശാല വീക്ഷിച്ചത്.

കോവിഡ് കാലത്ത് പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ സർക്കാർ ഒരു അനുകൂല ഉത്തരവ് അരുൺകുമാറിന് നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് മാത്രം ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത് എന്നാണ് കേരള സർവ്വകലാശാല വൈസ് ചാൻസലർ മഹാദേവൻ പിള്ള മറുനാടനോട് പ്രതികരിച്ചത്. ചാനലിൽ പ്രതിഫലമില്ലാതെ ജോലി ചെയ്യുകയാണ് എന്നാണ് അരുൺകുമാർ വിശദീകരണം നൽകിയിരിക്കുന്നത്. സ്വകാര്യ ചാനലിൽ വാർത്താവതാരകനാണോ എന്നൊന്നും അറിയില്ല. യൂണിവേഴ്സിറ്റി ചട്ടങ്ങളുടെ ലംഘനമാണോ അരുൺകുമാറിന്റെ നടപടി എന്ന് പരിശോധിക്കും. യൂണിവേഴ്സിറ്റി അദ്ധ്യാപകൻ ആയിരിക്കെ വാർത്തയിൽ വരണമെങ്കിൽ തന്നെ യൂണിവേഴ്സിറ്റിയുടെ അനുമതി തേടണം. എന്തായാലും നിലവിലെ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ അരുൺ കുമാറിന്റെ നടപടി പരിശോധിക്കുമെന്നും വൈസ് ചാൻസലർ പ്രതികരിച്ചിരുന്നു.

ശക്തമായ ഒത്താശകളാണ് ചാനലിൽ ജോലി ചെയ്യാൻ വേണ്ടി സർവ്വകലാശാല തലത്തിൽ നടന്നിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ ഇടത് വിംഗാണ് അരുൺകുമാറിന് സഹായവുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഈ ഒത്താശയുടെ പിൻബലത്തിലാണ് കൈരളി ചാനലിനെ നിലംപരിശാക്കി ആ സ്ഥാനം ഏറ്റെടുത്ത 24 ചാനലിൽ ജോലി ചെയ്യാൻ അരുൺകുമാറിന് സഹായകരമായത്. വാർത്താവതാരകനാകാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വിചിത്രമായ ഓർഡർ ആണ് അരുൺകുമാർ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ പ്രതിഫലമില്ലാതെ തന്നെ മറ്റു ജോലി ചെയ്യാൻ അനുവദിക്കണം എന്ന അപേക്ഷയാണ് അരുൺകുമാർ സർവ്വകലാശാലയ്ക്ക് നൽകിയത്.

പ്രതിഫലം വാങ്ങരുത് ജോലി ചെയ്യാം എന്ന് അരുൺകുമാറിനു വേണ്ടി അനുകൂല ഓർഡറാണ് രജിസ്ട്രാർ ഇറക്കിക്കൊടുത്തത്. അരുൺകുമാർ എടുക്കുന്ന ജോലി പ്രതിഫലമില്ലാത്ത ജോലി തന്നെയായിരിക്കണം എന്ന് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് ഉറപ്പുവരുത്താൻ സർവ്വകലാശാലയ്ക്ക് മുന്നിൽ ഒരു വഴികളുമില്ല എന്നാണു ഇതു സംബന്ധമായി അന്വേഷണം നടത്തിയപ്പോൾ സർവ്വകലാശാല വൃത്തങ്ങൾ തന്നെ മറുനാടനോട് പറഞ്ഞത്. ഇതുവരെ ഒരു യൂണിവേഴ്സിറ്റിയും ഇറക്കിക്കൊടുക്കാത്ത ഒരു ഓർഡറാണ് ഒരു പ്രൊബേഷൻകാരന് വേണ്ടി സർവ്വകലാശാല ഇറക്കിയത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു ഓർഡർ സർവ്വകലാശാല തലത്തിൽ നിന്ന് ഇറക്കാൻ പാടില്ലായിരുന്നു എന്നാണ് സർവ്വകലാശാല ഉന്നതർ വിരൽ ചൂണ്ടുന്നത്. സർവീസ് ചട്ടലംഘനങ്ങൾക്ക് സർവ്വകലാശാല തന്നെ കുടപിടിക്കുന്ന അവസ്ഥ ഈ ഓർഡർകൊണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ഓർഡർ സർവ്വകലാശാല തലത്തിൽ തന്നെ വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP