Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി പഴയ കൊച്ചിയല്ല! നെടുമ്പശ്ശേരിയെ ഒഴിവാക്കാൻ കാരണം കടത്ത് മുതൽ തട്ടിയെടുക്കുമോ എന്ന ഭയം; കരിപ്പൂരും സുരക്ഷിതരല്ല; തലസ്ഥാനത്ത് എങ്കിൽ കാരിയറാകൻ ക്യൂ നിൽക്കുന്നവരിൽ എസ് ഐയും അഭിഭാഷകരും വരെ; സ്വർണ്ണക്കടത്തിന് തിരുവനന്തപുരത്തെ സുരക്ഷിത താവളമാക്കുന്നതിന് കാരണം കണ്ടെത്തി ഡിആർഎ; ബാലാഭാസ്‌കറിന്റെ കൂട്ടുകാരും കഴക്കൂട്ടത്തുകാരും ഹഫ്തയും മാസപ്പടിയും ഗുണ്ടാ തലവന്മാർക്ക് നൽകി ലക്ഷ്യം നേടിയിരുന്നത് ഇങ്ങനെ

കൊച്ചി പഴയ കൊച്ചിയല്ല! നെടുമ്പശ്ശേരിയെ ഒഴിവാക്കാൻ കാരണം കടത്ത് മുതൽ തട്ടിയെടുക്കുമോ എന്ന ഭയം; കരിപ്പൂരും സുരക്ഷിതരല്ല; തലസ്ഥാനത്ത് എങ്കിൽ കാരിയറാകൻ ക്യൂ നിൽക്കുന്നവരിൽ എസ് ഐയും അഭിഭാഷകരും വരെ; സ്വർണ്ണക്കടത്തിന് തിരുവനന്തപുരത്തെ സുരക്ഷിത താവളമാക്കുന്നതിന് കാരണം കണ്ടെത്തി ഡിആർഎ; ബാലാഭാസ്‌കറിന്റെ കൂട്ടുകാരും കഴക്കൂട്ടത്തുകാരും ഹഫ്തയും മാസപ്പടിയും ഗുണ്ടാ തലവന്മാർക്ക് നൽകി ലക്ഷ്യം നേടിയിരുന്നത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേരളത്തിലെ സ്വർണ്ണക്കടത്ത് കേന്ദ്രമായി മാറുന്നു. ഈ അടുത്ത കാലത്താണ് തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് സംഘങ്ങളുടെ ഇഷ്ടകേന്ദ്രമായി മാറിയത്. കൊച്ചി-കരിപ്പൂർ-കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് സുരക്ഷിതം തിരുവനന്തപുരം വിമാനത്താവളമാണ് എന്ന വിലയിരുത്തലാണ് സ്വർണക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത്.

തിരുവനന്തപുരം വിമാനത്താവളം നഗരത്തിനോട് ചേർന്നാണ് നില കൊള്ളുന്നത്. പൊലീസ് നിരീക്ഷണം സുശക്തവും. ഹവാല-സ്വർണക്കടത്ത് സംഘങ്ങൾ പൊലീസിന്റെ കൺമുന്നിൽ വെച്ച് കാരിയർമാരെ ഹൈജാക്ക് ചെയ്യാൻ മിനക്കെടുന്നില്ല എന്നതാണ് തിരുവനന്തപുരത്തെ സ്വർണക്കടത്തിനു അനുകൂല ഘടകമാക്കി മാറ്റുന്നത്. കുറച്ച് ഗുണ്ടാ സംഘങ്ങൾ മാത്രമേ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ളൂ. ഇവരെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഹിന്ദിയിൽ ഓമനപ്പേരിൽ വിളിക്കുന്ന ഹഫ്ത, മാസപ്പടി എന്നിങ്ങനെ വാങ്ങി സമ്പന്നരായ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമാണ് തിരുവനന്തപുരം എങ്കിലും കരിപ്പൂർ-കൊച്ചി വിമാനത്താവളങ്ങളെപ്പോലെ അതിശക്തമായ മാഫിയയായി തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങൾ മാറിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരം സുരക്ഷിത കേന്ദ്രമായി സ്വർണംകടത്ത്-ഹവാല സംഘങ്ങൾ കണക്കാക്കുന്നത്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അത്താണി-അങ്കമാലി താവളമാക്കിയ ഗുണ്ടാ സംഘങ്ങൾ സജീവമാണ്. തട്ടിക്കൊണ്ടുപോകലും കൊലപ്പെടുത്തലും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും കൊച്ചിയിലെ പതിവ് സംഭവമാണ്. ഈ ഗുണ്ടാ സംഘങ്ങളെ കൈകാര്യം ചെയ്യുന്നതും പ്രയാസമാണ്. കൊച്ചി പഴയ കൊച്ചിയില്ല. പണി കിട്ടും എന്ന മുന്നറിയിപ്പ് ഗുണ്ടാ സംഘങ്ങൾ തന്നെ പതിവായി നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ കബളിപ്പിച്ച് കൊച്ചിയിൽ സ്വർണം-ഹവാല ഇടപാടുകൾ പ്രയാസമാണ്. കോഴിക്കോട് കരിപ്പൂർ ആണെങ്കിൽ കോഴിക്കോട്-മലപ്പുറം കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങൾ അരങ്ങു വാഴുന്നയിടമാണ്. ഹവാല ഇടപാടുകളും സ്വർണം കടത്തും വർഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുകയുമാണ്.

ആരൊക്കെ എപ്പോഴൊക്കെ സ്വർണം കടത്തുന്നു എന്നുള്ള വിവരങ്ങൾ മലപ്പുറം മാഫിയയ്ക്ക് അറിയാം. എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ കരിയർമാരെ ഇവർ അകത്താകും. പിന്നീട് പതിവുള്ള വിലപേശൽ രീതിയാകും. ഈ മാഫിയയുടെ കണ്ണുവെട്ടിച്ചുള്ള പ്രവർത്തനങ്ങൾ കരിപ്പൂരും പ്രയാസമാണ്. കണ്ണൂർ വിമാനത്താവളം ഒറ്റപ്പെട്ട ഒരു തുരുത്ത്‌പോലെയാണ് നിലകൊള്ളുന്നത്. ഇപ്പോഴും സജീവമായിട്ടില്ല. വിമാനങ്ങളും കുറവ്. ഇത് തത്ക്കാലം കണ്ണൂരിനെ പിറകോട്ട് വലിക്കുകയാണ്. ഈ ഘട്ടത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഗുണങ്ങൾ സ്വർണം കടത്ത്-ഹവാലാ മാഫിയ തിരിച്ചറിയുന്നത്. പഴയ കസ്റ്റസ് സുപ്രണ്ട് രാധാകൃഷ്ണനെപ്പോലുള്ള ഉയർന്ന ചില ഉദ്യോഗസ്ഥരുടെ സഹായവും മുൻപ് ഇവർക്ക് ലോഭമില്ലാതെ ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്വർണം കടത്തുകാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിമുറുക്കുന്നത്.

തിരുവനന്തപുരത്ത് വന്നിറങ്ങുന്ന കാരിയർമാർ ഏതൊക്കെ ഇവർ എത്ര കിലോ സ്വർണം കടത്തുന്നു എന്ന വിവരങ്ങൾ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങൾക്ക് അറിയാം. വലുതായ സ്വർണക്കടത്ത് വരുമ്പോൾ അതിന്റെ വിഹിതം ഇവർക്ക് നൽകണം. ഇവരുടെ സുരക്ഷയിൽ സ്വർണം കടത്ത് സംഘങ്ങൾക്ക് സുരക്ഷിതമായി നഗരം വിടാം. അതിനായി പതിവ് സ്വർണം കടത്ത് സംഘങ്ങൾ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങൾക്ക് ഹഫ്തയും മാസപ്പടിയും നൽകുന്നുണ്ട്. പകരം ഇവർ കാരിയർമാർക്ക് സുരക്ഷയൊരുക്കും. ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും സ്വർണംകടത്ത്-ഹവാല സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്.

വഞ്ചിയൂർ പോലുള്ള നഗരഹൃദയത്തിലെ പൊലീസ് സ്റ്റേഷനിലെ യുവ എസ്‌ഐ സഫീർ പോലും സ്വയം സ്വർണ്ണക്കടത്തിന്റെ വാഹകനായി എന്നത് ഇതിന്നിടയിലെ പൊലീസ്-സ്വർണക്കടത്ത് മാഫിയ ബന്ധങ്ങൾക്ക് തെളിവായി മാറുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംഘങ്ങൾക്ക് തലവേദനയായത് ഇവിടുത്തെ ഗുണ്ടാ സംഘങ്ങൾ കാരിയർമാരെ ഹൈജാക്ക് ചെയ്യുന്നതായിരുന്നു. ഹൈജാക്ക് ചെയ്ത ശേഷം കാരിയർമാരെ വെച്ച് വിലപേശുന്നതായിരുന്നു ഇവരുടെ രീതി. പക്ഷെ പിന്നീട് സ്വർണം കടത്ത് സംഘങ്ങളും ഗുണ്ടാ സംഘങ്ങളും തമ്മിൽ ഒത്തുതീർപ്പിലെത്തി. ഹഫ്ത നൽകുക, മാസപ്പടി നൽകുക. ഇത് ഒരു ഫോർമുലയായി മാറിയതോടെ തിരുവനന്തപുരത്തെ പ്രശ്‌നങ്ങൾ അവസാനിച്ചു. സ്വർണം കടത്ത് സംഘങ്ങൾക്ക് ഇവർ നഗരത്തിൽ സുരക്ഷ ഒരുക്കി നൽകുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് സ്വർണം കടത്ത് തിരുവനന്തപുരം കേന്ദ്രീകരിച്ച് സജീവമായത്.

തിരുവനന്തപുരത്ത് തന്നെ കഴക്കൂട്ടം കേന്ദ്രീകരിച്ചുള്ള ഒരു മാഫിയ തന്നെയാണ് സ്വർണം കടത്തിന്റെ വാഹകരായത്. ഈയടുത്ത കാലത്ത് പിടിയിലായ കരിയർമാരും സ്വർണം കടത്ത് സംഘങ്ങളും കഴക്കൂട്ടം കേന്ദ്രമാക്കിയുള്ളതാണ്. ഈ അടുത്ത് 25 കിലോ സ്വർണം പിടിച്ചതിന്റെ ബെയ്‌സ് തന്നെ കഴക്കൂട്ടം ആയിരുന്നു. ദുബായിൽ സ്വർണം കടത്തുന്ന തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി അഭിഭാഷകനായ കഴക്കൂട്ടം സ്വദേശി ബിജുവായിരുന്നു. ഈ കടത്തിൽ പിടിയിലായ സെറീനാ ഷാജിയും കഴക്കൂട്ടം സ്വദേശിയാണ്.

എട്ടേ കാൽ കോടി രൂപ വില വരുന്ന 25 കിലോ സ്വർണം കടത്തിയത് പിടികൂടിയതിനെ തുടർന്നാണ് ബിജു ഡിആർഐയുടെ പിടിയിലായത്. ദുബായിൽ നിന്ന് വന്ന ഒമാൻ എയർവേയ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആലുവ പറവൂർക്കവല സ്വദേശിനി സറീനാ ഷാജിയെയും തിരുവനന്തപുരം മങ്ങാട്ട്കടവ് സ്വദേശി സുനിൽകുമാർ മോഹനകുമാരൻ തമ്പിയെയും വിമാനത്താവളത്തിൽ വച്ചാണ് രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ. ഐ പിടികൂടിയത്. തന്റെ ബന്ധുവായ പ്രകാശ് ആണ് സുഹൃത്ത് വിഷ്ണു മുഖേന തന്നെ സ്വർണകടത്തിലേക്ക് കൊണ്ടുവന്നതെന്ന് പിടിയിലായ സുനിൽകുമാർ ഡി.ആർ. ഐ യോട് പറഞ്ഞിരുന്നു.

പ്രകാശ് പറഞ്ഞിട്ടാണ് താൻ ദുബായിൽ പോയത്. വിഷ്ണു അവിടെ വച്ച് ജിത്തു എന്നയാളെ പരിചയപ്പെടുത്തി. മെയ് 12 ന് ദുബായ് വിമാനത്താവളത്തിൽ വച്ച് ജിത്തുവാണ് തനിക്ക് സറീനയെ പരിചയപ്പെടുത്തിയത്. കൂടെ പിടിയിലായ സറീനയുടെ കൈവശം സ്വർണമുണ്ടെന്നുംഅവർ അത് ദുബായ് വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജിത്തു പറഞ്ഞു. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് അവരുടെ കൂടെ വരാനാണ് പറഞ്ഞത്. വിമാനം തിരുവനന്തപുരത്തെത്തിയതോടെ സറീനയിൽ നിന്ന് സ്വർണം കൈവശം വാങ്ങാൻ ജിത്തു ഫോൺ ചെയ്ത് ആവശ്യപ്പെടുകയായിരുന്നു. സ്വർണം കൈവശമുണ്ടെന്ന് ദുബായ് വിമാനത്താവളത്തിൽ വച്ച് ഡിക്ലേർ ചെയ്തിട്ടുണ്ടെന്ന് സറീനയും പറയുന്നു. മാർച്ച് മാസത്തിൽ ദുബായിൽ വച്ചാണ് സറീന ജിത്തുവിനെ പരിചയപ്പെടുന്നത്. അഭിഭാഷകനായ ബിജുവാണ് ജിത്തുവിനെ തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും സറീന പറയുന്നു.

ഏഴെട്ട് തവണ സ്വർണംകടത്താൻ വിഷ്ണുവിനെ സഹായിച്ചിട്ടുണ്ടെന്നും സറീന പറഞ്ഞു. ആ അടുത്ത സമയത്ത് തന്നെ അഞ്ചു കിലോ സ്വർണം പിടിച്ച മുഹമ്മദ് അഷ്റഫും കഴക്കൂട്ടം സ്വദേശിയാണ്. സ്വർണം കടത്തിന് ഇപ്പോൾ ഡിആർഐ തിരയുന്ന ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന ജമീൽ ജബ്ബാറും കഴക്കൂട്ടം സ്വദേശിയാണ്. ബാലഭാസ്‌ക്കറിന്റെ മരണത്തിനു സ്വർണം കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്നു ആരോപണം ഉയർന്നിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു കാരണമായ വാഹനാപകടം നടന്നതും കഴക്കൂട്ടത്തിന്നടുത്ത പള്ളിപ്പുറത്താണ്. ഈ വാഹനാപകടം നടക്കുന്ന സമയത്ത് സ്വർണം കടത്തുമായി ബന്ധപ്പെട്ട ചിലർ അവിടെയുണ്ടായിരുന്നതായി ഡിആർഐയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകട സമയത്ത് ആ വഴി കടന്നുപോയ കലാഭവൻ സോബിനും സ്വർണം കടത്തുമായി ബന്ധമുള്ള ചിലർ അവിടെയുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് സംഘത്തിനു ഡിആർഐ സംഘത്തിനും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP